YouVersion Logo
Search Icon

1 ശമു. 15

15
അമാലേക്യരുമായുള്ള യുദ്ധം
1അതുകഴിഞ്ഞ് ശമൂവേൽ ശൗലിനോട് പറഞ്ഞത്: “യഹോവ നിന്നെ തന്‍റെ ജനമായ യിസ്രായേലിനു രാജാവായി അഭിഷേകം ചെയ്യുവാൻ എന്നെ നിയോഗിച്ചുവല്ലോ; അതുകൊണ്ട് ഇപ്പോൾ യഹോവയുടെ വചനങ്ങളെ കേട്ടുകൊള്ളുക.” 2സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “യിസ്രായേൽ മിസ്രയീമിൽനിന്ന് പുറപ്പെട്ടു വരുമ്പോൾ വഴിയിൽവച്ച് അവരെ ആക്രമിച്ചതിന് അമാലേക്യരെ ഞാൻ ശിക്ഷിക്കും. 3അതുകൊണ്ട് നീ ചെന്നു അമാലേക്യരെ തോല്പിച്ച് അവർക്കുള്ളതൊക്കെയും നശിപ്പിച്ചുകളയുക; അവരോട് കനിവ് തോന്നരുത്; പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും മുലകുടിക്കുന്നവരെയും കാള, ആട്, ഒട്ടകം, കഴുത എന്നിവയെയും സംഹരിച്ചുകളയുക.”
4അതുകൊണ്ട് ശൗല്‍ ജനത്തെ ഒന്നിച്ചുകൂട്ടി തെലായീമിൽവച്ചു അവരെ എണ്ണി; യെഹൂദാഗോത്രക്കാരായ പതിനായിരം പേരും യിസ്രായേൽ ഗോത്രക്കാരായ രണ്ടുലക്ഷം കാലാളുകളും#15:4 കാലാൾ - നിലത്ത് നിന്ന് യുദ്ധം ചെയ്യുന്ന സൈന്യം ഉണ്ടായിരുന്നു. 5പിന്നെ ശൗല്‍ അമാലേക്യരുടെ പ്രധാന നഗരംവരെ ചെന്നു ഒരു താഴ്വരയിൽ പതുങ്ങിയിരുന്നു. 6എന്നാൽ ശൗല്‍ കേന്യരോട്: “ഞാൻ നിങ്ങളെ അമാലേക്യരോടുകൂടെ നശിപ്പിക്കാതിരിക്കേണ്ടതിന് അവരുടെ ഇടയിൽനിന്ന് മാറിപോകുവിൻ; യിസ്രായേൽ മക്കൾ മിസ്രയീമിൽനിന്ന് വന്നപ്പോൾ നിങ്ങൾ അവർക്ക് ദയചെയ്തുവല്ലോ” എന്നു പറഞ്ഞു. അങ്ങനെ കേന്യർ അമാലേക്യരുടെ ഇടയിൽനിന്ന് മാറിപ്പോയി.
7പിന്നെ ശൗല്‍ ഹവീലാ മുതൽ മിസ്രയീമിന് കിഴക്കുള്ള ശൂർവരെ അമാലേക്യരെ സംഹരിച്ചു. 8അമാലേക്യരുടെ രാജാവായ ആഗാഗിനെ ജീവനോടെ പിടിച്ച്, എല്ലാ ജനങ്ങളെയും വാൾകൊണ്ട് നശിപ്പിച്ചു. 9എന്നാൽ ശൗലും ജനവും ആഗാഗിനെയും ആട്, കാള, തടിച്ചമൃഗം, കുഞ്ഞാട് എന്നിവയിൽ ഏറ്റവും നല്ലവയെയും ഒഴിവാക്കി. നല്ല ഇനങ്ങളെ ഒക്കെയും നശിപ്പിക്കുവാൻ മനസ്സില്ലാതെ ജീവനോടെ സൂക്ഷിച്ചു; വെറുക്കപ്പെട്ടതും നിസ്സാരവുമായവയെ ഒക്കെയും അവർ നശിപ്പിച്ചുകളഞ്ഞു.
10അപ്പോൾ യഹോവയുടെ അരുളപ്പാട് ശമൂവേലിന് ഉണ്ടായത് എന്തെന്നാൽ: 11“ഞാൻ ശൗലിനെ രാജാവായി വാഴിച്ചതിനാൽ എനിക്ക് മനോവ്യസനം ഉണ്ടായിരിക്കുന്നു; അവൻ എന്നെ അനുസരിക്കുന്നില്ല; എന്‍റെ കല്പനകളെ പാലിക്കുന്നതുമില്ല.” ഇത് കേട്ടപ്പോൾ ശമൂവേലിന് വ്യസനമായി; അവൻ രാത്രിമുഴുവനും യഹോവയോട് നിലവിളിച്ചു.
12ശമൂവേൽ ശൗലിനെ കാണുവാൻ അതികാലത്ത് എഴുന്നേറ്റു. അപ്പോൾ ശൗല്‍ കർമ്മേലിൽ എത്തിയെന്നും അവിടെ തനിക്കായി ഒരു ജ്ഞാപകസ്തംഭം#15:12 ജ്ഞാപകസ്തംഭം - ഓർമ്മയ്ക്കായി പണിയുന്ന ഒരു തൂൺ നാട്ടി ഘോഷയാത്ര കഴിഞ്ഞ് തിരിച്ച് ഗില്ഗാലിലേക്കു പോയി എന്നും ശമൂവേലിന് അറിവുകിട്ടി. 13പിന്നെ ശമൂവേൽ ശൗലിന്‍റെ അടുക്കൽ എത്തിയപ്പോൾ ശൗല്‍ അവനോട്: “യഹോവയാൽ നീ അനുഗ്രഹിക്കപ്പെട്ടവൻ; ഞാൻ യഹോവയുടെ കല്പന നിവർത്തിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
14അതിന് ശമൂവേൽ: “എന്‍റെ ചെവിയിൽ എത്തുന്ന ആടുകളുടെ ഈ കരച്ചിലും ഞാൻ കേൾക്കുന്ന കാളകളുടെ മുക്കുറയും#15:14 മുക്കുറ - ക‍ാളകളുടെ മൂക്കിൽകൂടി ശബ്ദം പുറപ്പെടുവിച്ചുള്ള അമറൽ എന്ത്?” എന്നു ചോദിച്ചു.
15“അവയെ അമാലേക്യരുടെ അടുക്കൽനിന്ന് അവർ കൊണ്ടുവന്നതാകുന്നു; ജനം ആടുകളിലും കാളകളിലും നല്ല ഇനങ്ങളെ നിന്‍റെ ദൈവമായ യഹോവയ്ക്ക് യാഗം കഴിക്കുവാൻ ജീവനോടെ സൂക്ഷിച്ചു; ശേഷമുള്ളവയെ ഞങ്ങൾ നശിപ്പിച്ചുകളഞ്ഞു” എന്നു ശൗല്‍ പറഞ്ഞു.
16ശമൂവേൽ ശൗലിനോട്: “നീ അല്പസമയം മൗനമായിരിക്കുക; യഹോവ കഴിഞ്ഞ രാത്രി എന്നോട് അരുളിച്ചെയ്തത് ഞാൻ നിന്നെ അറിയിക്കും” എന്നു പറഞ്ഞു.
അവൻ അവനോട്: “പറഞ്ഞാലും” എന്നു പറഞ്ഞു.
17അപ്പോൾ ശമൂവേൽ പറഞ്ഞത്: “നിന്‍റെ സ്വന്തകാഴ്ചയിൽ നീ ചെറിയവനായിരുന്നിട്ടും യഹോവ നിന്നെ യിസ്രായേൽ ഗോത്രങ്ങൾക്ക് തലവനാക്കുകയും യിസ്രായേലിന്‍റെ രാജാവായി നിന്നെ അഭിഷേകം കഴിക്കുകയും ചെയ്തില്ലയോ? 18പിന്നെ യഹോവ നിന്നെ ഒരു ദൗത്യം ഏൽപ്പിച്ചു: നീ ചെന്നു അമാലേക്യരായ പാപികളെ നിർമ്മൂലമാക്കുകയും അവർ നശിക്കുംവരെ അവരോട് പൊരുതുകയും ചെയ്യുക എന്നു കല്പിച്ചു. 19അങ്ങനെയിരിക്കെ നീ യഹോവയുടെ കല്പന അനുസരിക്കാതിരുന്നതെന്തുകൊണ്ട്? നീ കവർച്ച വസ്തുക്കളുടെ മേൽ ചാടിവീണ് യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തതെന്ത്?”
20ശൗല്‍ ശമൂവേലിനോട്: “ഞാൻ യഹോവയുടെ കല്പന അനുസരിച്ച് യഹോവ എന്നെ അയച്ച വഴിക്കുപോയി. അമാലേക് രാജാവായ ആഗാഗിനെ കൊണ്ടുവന്ന് അമാലേക്യരെ നിർമ്മൂലമാക്കിക്കളഞ്ഞു. 21എന്നാൽ ജനം കൊള്ളവസ്തുക്കളിൽ വിശേഷമായ ആടുമാടുകളെ എടുത്ത് ഗില്ഗാലിൽ നിന്‍റെ ദൈവമായ യഹോവയ്ക്ക് യാഗംകഴിപ്പാൻ കൊണ്ടുവന്നിരിക്കുന്നു” എന്നു പറഞ്ഞു.
22ശമൂവേൽ പറഞ്ഞത്:
“യഹോവയുടെ കല്പന അനുസരിക്കുന്നതുപോലെ
ഹോമയാഗങ്ങളും ഹനനയാഗങ്ങളും യഹോവയ്ക്കു പ്രസാദമാകുമോ?
ഇതാ, അനുസരിക്കുന്നത് യാഗത്തെക്കാളും
ശ്രദ്ധിക്കുന്നത് മുട്ടാടുകളുടെ#15:22 മുട്ടാടുകൾ - ആണാടുകൾ തടിച്ചു കൊഴുത്ത മാംസത്തെക്കാളും നല്ലത്.
23മത്സരം ആഭിചാരം ദോഷം പോലെയും
ശാഠ്യം മിഥ്യാപൂജയും വിഗ്രഹാരാധനയും പോലെയും ആകുന്നു;
നീ യഹോവയുടെ വചനത്തെ തള്ളിക്കളഞ്ഞതുകൊണ്ട്
അവിടുന്ന് നിന്നെയും രാജസ്ഥാനത്ത് നിന്ന് തള്ളിക്കളഞ്ഞിരിക്കുന്നു.”
24ശൗല്‍ ശമൂവേലിനോട്: “ഞാൻ ജനത്തെ ഭയപ്പെട്ട് അവരുടെ വാക്ക് അനുസരിച്ചതിനാൽ യഹോവയുടെ കല്പനയും നിന്‍റെ വാക്കും ലംഘിച്ച് പാപം ചെയ്തിരിക്കുന്നു. 25എങ്കിലും എന്‍റെ പാപം ക്ഷമിച്ച് ഞാൻ യഹോവയെ ആരാധിക്കുവാൻ എന്നോടൊപ്പം വരേണമേ” എന്നു പറഞ്ഞു.
26ശമൂവേൽ ശൗലിനോട്: “ഞാൻ വരില്ല; നീ യഹോവയുടെ വചനത്തെ തള്ളിക്കളഞ്ഞതുകൊണ്ട് യഹോവ നിന്നെയും യിസ്രായേലിലെ രാജസ്ഥാനത്തുനിന്ന് തള്ളിക്കളഞ്ഞിരിക്കുന്നു.”
27പിന്നെ ശമൂവേൽ പോകുവാൻ തിരിഞ്ഞപ്പോൾ ശൗല്‍ അവന്‍റെ നിലയങ്കിയുടെ അറ്റം പിടിച്ച് വലിച്ചു; അത് കീറിപ്പോയി. 28ശമൂവേൽ അവനോട്: “യഹോവ ഇന്ന് യിസ്രായേലിന്‍റെ രാജത്വം നിന്നിൽനിന്ന് കീറി നിന്നെക്കാൾ ഉത്തമനായ നിന്‍റെ കൂട്ടുകാരന് കൊടുത്തിരിക്കുന്നു. 29യിസ്രായേലിന്‍റെ മഹത്വമായവൻ കള്ളം പറയുകയില്ല. അനുതപിക്കുകയുമില്ല; അനുതപിക്കുവാൻ അവൻ മനുഷ്യനല്ല” എന്നു പറഞ്ഞു.
30അപ്പോൾ അവൻ: “ഞാൻ പാപം ചെയ്തിരിക്കുന്നു; എങ്കിലും ജനത്തിന്‍റെ മൂപ്പന്മാരുടെയും യിസ്രായേലിന്‍റെയും മുമ്പിൽ ഇപ്പോൾ എന്നെ മാനിച്ച്, ഞാൻ നിന്‍റെ ദൈവമായ യഹോവയെ ആരാധിക്കേണ്ടതിന് എന്നോടുകൂടെ വരേണമേ” എന്നു അപേക്ഷിച്ചു. 31അങ്ങനെ ശമൂവേൽ ശൗലിന്‍റെ പിന്നാലെ ചെന്നു; ശൗല്‍ യഹോവയെ ആരാധിച്ചു.
32അപ്പോൾ ശമൂവേൽ: “അമാലേക് രാജാവായ ആഗാഗിനെ ഇവിടെ എന്‍റെ അടുക്കൽ കൊണ്ടുവരുവിൻ” എന്നു കല്പിച്ചു. ആഗാഗ് സന്തോഷത്തോടെ അവന്‍റെ അടുക്കൽ വന്നു: “മരണഭീതി നീങ്ങിപ്പോയി” എന്നു ആഗാഗ് പറഞ്ഞു. 33“നിന്‍റെ വാൾ സ്ത്രീകളെ മക്കളില്ലാത്തവരാക്കി. അതുപോലെ നിന്‍റെ അമ്മയും സ്ത്രീകളുടെ ഇടയിൽ മക്കളില്ലാത്തവളാകും” എന്നു ശമൂവേൽ പറഞ്ഞു. ഗില്ഗാലിൽവച്ച് യഹോവയുടെ സന്നിധിയിൽ ആഗാഗിനെ കഷണങ്ങളായി വെട്ടിക്കളഞ്ഞു.
34പിന്നെ ശമൂവേൽ രാമയിലേക്ക് പോയി; ശൗലും ശൗലിന്‍റെ ഗിബെയയിൽ ഉള്ള അരമനയിലേക്കു പോയി. 35ശമൂവേൽ പിന്നെ ജീവിതകാലത്ത് ഒരിക്കൽ പോലും ശൗലിനെ കണ്ടില്ല; എങ്കിലും ശമൂവേൽ ശൗലിനെക്കുറിച്ച് ദുഃഖിച്ചു; യഹോവയും താൻ ശൗലിനെ യിസ്രായേലിനു രാജാവാക്കിയതുകൊണ്ട് അനുതപിച്ചു.

Currently Selected:

1 ശമു. 15: IRVMAL

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in