1 പത്രൊ. 4
4
ജഡിക താല്പര്യങ്ങൾ നിവർത്തിച്ചുകൊണ്ട് സമയം പാഴാക്കിയത് മതി
1അതുകൊണ്ട് ക്രിസ്തു ജഡത്തിൽ കഷ്ടമനുഭവിച്ചതുകൊണ്ട് നിങ്ങളും ആ മനോഭാവം തന്നെ ആയുധമായി ധരിപ്പിൻ. ജഡത്തിൽ കഷ്ടമനുഭവിച്ചവൻ പാപം വിട്ടൊഴിഞ്ഞിരിക്കുന്നു. 2ജഡത്തിൽ ശേഷിച്ചിരിക്കുംകാലം ഇനി മനുഷ്യരുടെ മോഹങ്ങൾക്കല്ല, ദൈവത്തിന്‍റെ ഇഷ്ടത്തിനത്രേ ജീവിക്കുന്നത്. 3ഭോഗേച്ഛകളിലും, കാമവികാരങ്ങളിലും, മദ്യപാനത്തിലും, മദോന്മത്തതയിലും, അറപ്പുളവാക്കുന്ന വിഗ്രഹാരാധനയിലും നടന്ന് മറ്റ് ജനതകളുടെ ഇഷ്ടം പ്രവർത്തിച്ചുകൊണ്ട് സമയം പാഴാക്കിയത് മതി. 4ഈ വക കാര്യങ്ങൾ അവരോടൊപ്പം ചേർന്ന് നിങ്ങൾ ചെയ്യാത്തത് അപൂർവകാര്യം എന്നുചിന്തിച്ച് അവർ നിങ്ങൾക്ക് എതിരെ ദൂഷണം പറയുന്നു. 5ജീവനുള്ളവരെയും മരിച്ചവരേയും ന്യായം വിധിപ്പാൻ ഒരുങ്ങിയിരിക്കുന്ന ദൈവത്തിന് അവർ കണക്ക് ബോധിപ്പിക്കേണ്ടിവരും. 6ഈ ലക്ഷ്യത്തോടെയല്ലോ മരിച്ചവരോടും സുവിശേഷം അറിയിച്ചത്. അവർ ജഡസംബന്ധമായി മനുഷ്യരേപ്പോലെ വിധിക്കപ്പെടുകയും ആത്മാവ് സംബന്ധമായി ദൈവത്തിനൊത്തവണ്ണം ജീവിക്കയും ചെയ്യേണ്ടതിന് തന്നെ.
ശുശ്രൂഷ ദൈവം യേശുക്രിസ്തു മൂലം മഹത്വപ്പെടുവാൻ
7എന്നാൽ എല്ലാറ്റിന്റേയും അവസാനം സമീപിച്ചിരിക്കുന്നു; അതുകൊണ്ട് പ്രാർത്ഥനയ്ക്കുവേണ്ടി സുബോധമുള്ളവരും ആത്മനിയന്ത്രണമുള്ളവരും ആയിരിപ്പിൻ. 8സകലത്തിനും മുമ്പെ തമ്മിൽ ഉറ്റസ്നേഹം ഉള്ളവരായിരിക്കുവിൻ. സ്നേഹം പാപങ്ങളുടെ ബഹുത്വത്തെ മറയ്ക്കുന്നു. 9പരാതിപ്പെടാതെ പരസ്പരം അതിഥിസൽക്കാരം ആചരിപ്പിൻ. 10ഓരോരുത്തർക്കും വരം ലഭിച്ചതുപോലെ വിവിധമായുള്ള ദൈവകൃപാവരങ്ങളുടെ നല്ല ഗൃഹവിചാരകന്മാരായി അവയെക്കൊണ്ട് അന്യോന്യം ശുശ്രൂഷിപ്പിൻ. 11ഒരുവൻ പ്രസംഗിക്കുന്നു എങ്കിൽ ദൈവത്തിന്‍റെ അരുളപ്പാടു പ്രസ്താവിക്കുന്നു എന്നപോലെയും ഒരുവൻ ശുശ്രൂഷിക്കുന്നു എങ്കിൽ ദൈവം നല്കുന്ന പ്രാപ്തിയ്ക്ക് ഒത്തവണ്ണവും ആകട്ടെ. എല്ലാറ്റിലും ദൈവം യേശുക്രിസ്തു മൂലം മഹത്വപ്പെടുവാൻ ഇടവരട്ടെ. മഹത്വവും ബലവും എന്നെന്നേക്കും അവനുള്ളത് ആമേൻ.
ക്രിസ്തുവിന്‍റെ കഷ്ടങ്ങളിൽ പങ്കാളികൾ
12പ്രിയമുള്ളവരേ, നിങ്ങൾക്ക് പരീക്ഷയ്ക്കായി സംഭവിച്ചിരിക്കുന്ന അഗ്നിശോധനയിങ്കൽ ഒരു അപൂർവകാര്യം സംഭവിച്ചു എന്നതിനാൽ അതിശയിച്ചുപോകരുത്. 13ക്രിസ്തുവിന്‍റെ കഷ്ടങ്ങളിൽ എത്രത്തോളം പങ്കുള്ളവരാകുമോ അത്രത്തോളം സന്തോഷിച്ചു കൊൾവിൻ. അങ്ങനെ നിങ്ങൾ അവന്‍റെ തേജസ്സിൻ്റെ പ്രത്യക്ഷതയിൽ ഉല്ലസിച്ചാനന്ദിക്കുവാൻ ഇടവരും. 14ക്രിസ്തുവിന്‍റെ നാമം ഹേതുവായി നിന്ദ സഹിക്കേണ്ടിവന്നാൽ നിങ്ങൾ ഭാഗ്യവാന്മാർ; മഹത്വത്തിന്‍റെ ആത്മാവായ ദൈവാത്മാവ് നിങ്ങളുടെമേൽ ആവസിക്കുന്നുവല്ലോ. 15നിങ്ങളിൽ ആരും കൊലപാതകനോ കള്ളനോ ദുഷ്പ്രവൃത്തിക്കാരനോ ആയിട്ടല്ല കഷ്ടം സഹിക്കേണ്ടത്; അനാവശ്യകാര്യങ്ങളിൽ ഇടപെടുന്നവനായിട്ടുമല്ല; 16ക്രിസ്ത്യാനിയായിട്ട് കഷ്ടം സഹക്കേണ്ടിവന്നാലോ ലജ്ജിക്കരുത്; ഈ നാമം ധരിച്ചിട്ട് ദൈവത്തെ മഹത്വപ്പെടുത്തുകയത്രേ വേണ്ടത്. 17ന്യായവിധി ആദ്യമായി ദൈവഗൃഹമായ അവന്‍റെ ജനത്തിൽ ആരംഭിപ്പാൻ സമയമായല്ലോ. അത് നമ്മിൽ തുടങ്ങിയാൽ ദൈവത്തിന്‍റെ സുവിശേഷം അനുസരിക്കാത്തവരുടെ അവസാനം എന്താകും?
18നീതിമാൻ പ്രയാസത്തോടെ രക്ഷപ്രാപിക്കുന്നു എങ്കിൽ
അഭക്തൻ്റെയും പാപിയുടെയും ഗതി എന്തായിത്തീരും?
19അതുകൊണ്ട് ദൈവേഷ്ടപ്രകാരം കഷ്ടം സഹിക്കുന്നവർ നന്മ ചെയ്തുകൊണ്ട് തങ്ങളുടെ പ്രാണനെ വിശ്വസ്തനായ സ്രഷ്ടാവിൽ ഭരമേല്പിക്കട്ടെ.
Currently Selected:
1 പത്രൊ. 4: IRVMAL
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.