സെഫന്യാവ് 1
1
1യെഹൂദാരാജാവായി ആമോന്റെ മകനായ യോശീയാവിന്റെ കാലത്ത്, ഹിസ്കീയാവിന്റെ മകനായ അമര്യാവിന്റെ മകനായ ഗെദല്യാവിന്റെ മകനായ കൂശിയുടെ മകനായ സെഫന്യാവിനുണ്ടായ യഹോവയുടെ അരുളപ്പാട്. 2ഞാൻ ഭൂതലത്തിൽനിന്നു സകലത്തെയും സംഹരിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാട്. 3ഞാൻ മനുഷ്യരെയും മൃഗങ്ങളെയും സംഹരിക്കും; ഞാൻ ആകാശത്തിലെ പറവജാതിയെയും സമുദ്രത്തിലെ മത്സ്യങ്ങളെയും ദുഷ്ടന്മാരോടുകൂടെ ഇടർച്ചകളെയും സംഹരിക്കും; ഞാൻ ഭൂതലത്തിൽനിന്നു മനുഷ്യനെ ഛേദിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാട്. 4ഞാൻ യെഹൂദായുടെമേലും യെരൂശലേമിലെ സകല നിവാസികളുടെമേലും കൈ നീട്ടും; ഞാൻ ഈ സ്ഥലത്തുനിന്നു ബാലിന്റെ ശേഷിപ്പിനെയും പുരോഹിതന്മാരോടുകൂടെ പൂജാരികളുടെ പേരിനെയും 5മേൽപ്പുരകളിൽ ആകാശത്തിലെ സൈന്യത്തെ നമസ്കരിക്കുന്നവരെയും യഹോവയെച്ചൊല്ലിയും മല്ക്കാമിനെച്ചൊല്ലിയും സത്യം ചെയ്തു നമസ്കരിക്കുന്നവരെയും 6യഹോവയെ വിട്ടു പിന്മാറിയവരെയും യഹോവയെ അന്വേഷിക്കയോ അവനെക്കുറിച്ചു ചോദിക്കയോ ചെയ്യാത്തവരെയും ഛേദിച്ചുകളയും. 7യഹോവയായ കർത്താവിന്റെ സന്നിധിയിൽ മിണ്ടാതിരിക്ക; യഹോവയുടെ ദിവസം അടുത്തിരിക്കുന്നു; യഹോവ ഒരു യാഗസദ്യ ഒരുക്കി താൻ ക്ഷണിച്ചവരെ വിശുദ്ധീകരിച്ചുമിരിക്കുന്നു. 8എന്നാൽ യഹോവയുടെ യാഗസദ്യയുള്ള ദിവസത്തിൽ ഞാൻ പ്രഭുക്കന്മാരെയും രാജകുമാരന്മാരെയും അന്യദേശവസ്ത്രം ധരിച്ചിരിക്കുന്ന ഏവരെയും സന്ദർശിക്കും. 9അന്നാളിൽ ഞാൻ ഉമ്മരപ്പടി ചാടിക്കടക്കുന്ന ഏവരെയും സാഹസവും വഞ്ചനയുംകൊണ്ടു തങ്ങളുടെ യജമാനന്മാരുടെ വീടുകളെ നിറയ്ക്കുന്നവരെയും സന്ദർശിക്കും. 10അന്നാളിൽ മത്സ്യഗോപുരത്തിൽനിന്ന് ഉറക്കെയുള്ളൊരു നിലവിളിയും രണ്ടാമത്തെ നഗരാംശത്തിൽനിന്ന് ഒരു മുറവിളിയും കുന്നുകളിൽനിന്ന് ഒരു ത്ധടത്ധടനാദവും ഉണ്ടാകും എന്നു യഹോവയുടെ അരുളപ്പാട്. 11മക്തേശ്നിവാസികളേ, മുറയിടുവിൻ; വ്യാപാരിജനമൊക്കെയും നശിച്ചു പോയല്ലോ; സകല ദ്രവ്യവാഹകന്മാരും ഛേദിക്കപ്പെട്ടിരിക്കുന്നു. 12ആ കാലത്ത് ഞാൻ യെരൂശലേമിനെ വിളക്കു കത്തിച്ചു ശോധന കഴിക്കയും മട്ടിന്മേൽ ഉറച്ചുകിടന്ന്: യഹോവ ഗുണമോ ദോഷമോ ചെയ്കയില്ല എന്നു ഹൃദയത്തിൽ പറയുന്ന പുരുഷന്മാരെ സന്ദർശിക്കയും ചെയ്യും. 13അങ്ങനെ അവരുടെ സമ്പത്ത് കവർച്ചയും അവരുടെ വീടുകൾ ശൂന്യവും ആയിത്തീരും; അവർ വീടു പണിയും, പാർക്കയില്ലതാനും; അവർ മുന്തിരിത്തോട്ടം ഉണ്ടാക്കും വീഞ്ഞു കുടിക്കയില്ലതാനും. 14യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു; അത് അടുത്ത് അത്യന്തം ബദ്ധപ്പെട്ടു വരുന്നു; കേട്ടോ, യഹോവയുടെ ദിവസം! വീരൻ അവിടെ കഠിനമായി നിലവിളിക്കുന്നു. 15ആ ദിവസം ക്രോധദിവസം, കഷ്ടവും സങ്കടവും ഉള്ള ദിവസം, ശൂന്യതയും നാശവും ഉള്ള ദിവസം, ഇരുട്ടും അന്ധകാരവും ഉള്ള ദിവസം, മേഘവും മൂടലും ഉള്ള ദിവസം, 16ഉറപ്പുള്ള പട്ടണങ്ങൾക്കും ഉയരമുള്ള കൊത്തളങ്ങൾക്കും വിരോധമായി കാഹളനാദവും ആരവവും ഉള്ള ദിവസം തന്നെ. 17മനുഷ്യർ കുരുടന്മാരെപ്പോലെ നടക്കത്തക്കവണ്ണം ഞാൻ അവർക്കു കഷ്ടത വരുത്തും; അവർ യഹോവയോടു പാപം ചെയ്തുവല്ലോ; അവരുടെ രക്തം പൊടിപോലെയും അവരുടെ മാംസം കാഷ്ഠംപോലെയും ചൊരിയും. 18യഹോവയുടെ ക്രോധദിവസത്തിൽ അവരുടെ വെള്ളിക്കും പൊന്നിനും അവരെ രക്ഷിപ്പാൻ കഴികയില്ല; സർവഭൂമിയും അവന്റെ തീക്ഷ്ണതാഗ്നിക്ക് ഇരയായിത്തീരും; സകല ഭൂവാസികൾക്കും അവൻ ശീഘ്രസംഹാരം വരുത്തും.
Currently Selected:
സെഫന്യാവ് 1: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.