സെഖര്യാവ് 8
8
1സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: 2സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ മഹാതീക്ഷ്ണതയോടെ സീയോനുവേണ്ടി എരിയുന്നു; ഞാൻ അതിനുവേണ്ടി മഹാക്രോധത്തോടെ എരിയുന്നു. 3യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ സീയോനിലേക്കു മടങ്ങിവന്നു യെരൂശലേമിന്റെ മധ്യേ വസിക്കും; യെരൂശലേമിനു സത്യനഗരം എന്നും സൈന്യങ്ങളുടെ യഹോവയുടെ പർവതത്തിനു വിശുദ്ധപർവതം എന്നും പേർ പറയും. 4സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇനിയും യെരൂശലേമിന്റെ വീഥികളിൽ വൃദ്ധന്മാരും വൃദ്ധമാരും ഇരിക്കും; വാർദ്ധക്യം നിമിത്തം ഓരോരുത്തൻ കൈയിൽ വടി പിടിക്കും. 5നഗരത്തിന്റെ വീഥികൾ ആൺകുട്ടികളെയും പെൺകുട്ടികളെയും കൊണ്ട് നിറഞ്ഞിരിക്കും; അവർ അതിന്റെ വീഥികളിൽ കളിച്ചുകൊണ്ടിരിക്കും. 6സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അത് ഈ കാലത്തിൽ ഈ ജനത്തിന്റെ ശേഷിപ്പുള്ളവർക്ക് അതിശയമായി തോന്നുന്നു എങ്കിൽ എനിക്കും അതിശയമായി തോന്നുമോ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്. 7സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ എന്റെ ജനത്തെ ഉദയദേശത്തുനിന്നും അസ്തമയദേശത്തുനിന്നും രക്ഷിക്കും. 8ഞാൻ അവരെ കൊണ്ടുവരും; അവർ യെരൂശലേമിൽ പാർക്കും; സത്യത്തിലും നീതിയിലും അവർ എനിക്കു ജനമായും ഞാൻ അവർക്കു ദൈവമായും ഇരിക്കും. 9സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: സൈന്യങ്ങളുടെ യഹോവയുടെ ആലയമായ മന്ദിരം പണിയേണ്ടതിന് അടിസ്ഥാനം ഇട്ട നാളിൽ ഉണ്ടായിരുന്ന പ്രവാചകന്മാരുടെ വായിൽനിന്ന് ഈ വചനങ്ങളെ ഈ കാലത്തു കേൾക്കുന്നവരേ, ധൈര്യപ്പെടുവിൻ. 10ഈ കാലത്തിനു മുമ്പേ മനുഷ്യനു കൂലിയില്ല, മൃഗത്തിനു കൂലിയില്ല; പോക്കുവരത്തു ചെയ്യുന്നവനു വൈരി നിമിത്തം സമാധാനവുമില്ല; ഞാൻ സകല മനുഷ്യരെയും തമ്മിൽ തമ്മിൽ വിരോധമാക്കിയിരുന്നു. 11ഇപ്പോഴോ ഞാൻ ഈ ജനത്തിന്റെ ശേഷിപ്പുള്ളവരോടു മുമ്പിലത്തെ കാലത്ത് എന്നപോലെയല്ല എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്. 12വിത സമാധാനത്തോടെ ആയിരിക്കും; മുന്തിരിവള്ളി ഫലം കായ്ക്കും; ഭൂമി അനുഭവം നല്കും; ആകാശം മഞ്ഞു പെയ്യിക്കും; ഈ ജനത്തിന്റെ ശേഷിപ്പുള്ളവർക്കു ഞാൻ ഇവയൊക്കെയും അവകാശമായി കൊടുക്കും. 13യെഹൂദാഗൃഹവും യിസ്രായേൽഗൃഹവുമായുള്ളോരേ, നിങ്ങൾ ജാതികളുടെ ഇടയിൽ ശാപമായിരുന്നതുപോലെ ഞാൻ നിങ്ങളെ രക്ഷിച്ചിട്ടു നിങ്ങൾ അനുഗ്രഹമായിത്തീരും; നിങ്ങൾ ഭയപ്പെടാതെ ധൈര്യമായിരിപ്പിൻ. 14സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; നിങ്ങളുടെ പിതാക്കന്മാർ എന്നെ കോപിപ്പിച്ചപ്പോൾ ഞാൻ നിങ്ങൾക്കു തിന്മ വരുത്തുവാൻ വിചാരിക്കയും അനുതപിക്കാതിരിക്കയും ചെയ്തതുപോലെ 15ഞാൻ ഈ കാലത്തു യെരൂശലേമിനും യെഹൂദാഗൃഹത്തിനും വീണ്ടും നന്മ വരുത്തുവാൻ വിചാരിക്കുന്നു; നിങ്ങൾ ഭയപ്പെടേണ്ടാ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. 16നിങ്ങൾ ചെയ്യേണ്ടുന്ന കാര്യങ്ങൾ ഇവയാകുന്നു: ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു സത്യം പറവിൻ; നിങ്ങളുടെ ഗോപുരങ്ങളിൽ നേരോടും സമാധാനത്തോടുംകൂടെ ന്യായപാലനം ചെയ്വിൻ. 17നിങ്ങളിൽ ആരും തന്റെ കൂട്ടുകാരന്റെ നേരേ ഹൃദയത്തിൽ ദോഷം നിരൂപിക്കരുത്; കള്ളസ്സത്യത്തിൽ ഇഷ്ടം തോന്നുകയും അരുത്; ഇതെല്ലാം ഞാൻ വെറുക്കുന്നതല്ലോ എന്നു യഹോവയുടെ അരുളപ്പാട്.
18സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: 19സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നാലാം മാസത്തെ ഉപവാസവും അഞ്ചാം മാസത്തെ ഉപവാസവും ഏഴാം മാസത്തെ ഉപവാസവും പത്താം മാസത്തെ ഉപവാസവും യെഹൂദാഗൃഹത്തിന് ആനന്ദവും സന്തോഷവും പ്രമോദമായുള്ള ഉത്സവങ്ങളും ആയിരിക്കേണം; അതുകൊണ്ടു സത്യവും സമാധാനവും ഇഷ്ടപ്പെടുവിൻ. 20സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇനി ജാതികളും അനേക പട്ടണങ്ങളിലെ നിവാസികളും വരുവാൻ ഇടയാകും. 21ഒരു പട്ടണത്തിലെ നിവാസികൾ മറ്റൊന്നിലേക്കു ചെന്ന്: വരുവിൻ, നമുക്കു യഹോവയെ പ്രസാദിപ്പിക്കേണ്ടതിനും സൈന്യങ്ങളുടെ യഹോവയെ അന്വേഷിക്കേണ്ടതിനും പോകാം; ഞാനും പോരുന്നു എന്നു പറയും. 22അങ്ങനെ അനേകജാതികളും ബഹുവംശങ്ങളും യെരൂശലേമിൽ സൈന്യങ്ങളുടെ യഹോവയെ അന്വേഷിപ്പാനും യഹോവയെ പ്രസാദിപ്പിപ്പാനും വരും. 23സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ആ കാലത്തു ജാതികളുടെ സകല ഭാഷകളിലുംനിന്ന് പത്തു പേർ ഒരു യെഹൂദന്റെ വസ്ത്രാഗ്രം പിടിച്ചു; ദൈവം നിങ്ങളോടുകൂടെ ഉണ്ടെന്നു ഞങ്ങൾ കേട്ടിരിക്കയാൽ ഞങ്ങൾ നിങ്ങളോടുകൂടെ പോരുന്നു എന്നു പറയും.
Currently Selected:
സെഖര്യാവ് 8: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.