തീത്തൊസിന് 2:1-10
തീത്തൊസിന് 2:1-10 MALOVBSI
നീയോ പഥ്യോപദേശത്തിനു ചേരുന്നതു പ്രസ്താവിക്ക. വൃദ്ധന്മാർ നിർമദവും ഗൗരവവും സുബോധവും ഉള്ളവരും വിശ്വാസത്തിലും സ്നേഹത്തിലും സഹിഷ്ണുതയിലും ആരോഗ്യമുള്ളവരും ആയിരിക്കേണം എന്നും വൃദ്ധമാരും അങ്ങനെതന്നെ നടപ്പിൽ പവിത്രയോഗ്യമാരും ഏഷണി പറയാത്തവരും വീഞ്ഞിന് അടിമപ്പെടാത്തവരുമായിരിക്കേണം എന്നും ദൈവവചനം ദുഷിക്കപ്പെടാതിരിക്കേണ്ടതിനു യൗവനക്കാരത്തികളെ ഭർത്തൃപ്രിയമാരും പുത്രപ്രിയമാരും സുബോധവും പാതിവ്രത്യവുമുള്ളവരും വീട്ടുകാര്യം നോക്കുന്നവരും ദയയുള്ളവരും ഭർത്താക്കന്മാർക്കു കീഴ്പെടുന്നവരും ആയിരിപ്പാൻ ശീലിപ്പിക്കേണ്ടതിന് നന്മ ഉപദേശിക്കുന്നവരായിരിക്കേണം എന്നും പ്രബോധിപ്പിക്ക. അവ്വണ്ണം യൗവനക്കാരെയും സുബോധമുള്ളവരായിരിപ്പാൻ പ്രബോധിപ്പിക്ക. വിരോധി നമ്മെക്കൊണ്ട് ഒരു തിന്മയും പറവാൻ വകയില്ലാതെ ലജ്ജിക്കേണ്ടതിനു സകലത്തിലും നിന്നെത്തന്നെ സൽപ്രവൃത്തികൾക്കു മാതൃകയാക്കി കാണിക്ക. ഉപദേശത്തിൽ നിർമ്മലതയും ഗൗരവവും ആക്ഷേപിച്ചുകൂടാത്ത പഥ്യവചനവും ഉള്ളവൻ ആയിരിക്ക. ദാസന്മാർ നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ഉപദേശത്തെ സകലത്തിലും അലങ്കരിക്കേണ്ടതിന് യജമാനന്മാർക്കു കീഴടങ്ങി സകലവിധത്തിലും പ്രസാദം വരുത്തുന്നവരും എതിർ പറകയോ വഞ്ചിച്ചെടുക്കയോ ചെയ്യാതെ സകലത്തിലും നല്ല വിശ്വസ്തത കാണിക്കുന്നവരുമായി ഇരിപ്പാൻ (കല്പിക്ക).