YouVersion Logo
Search Icon

ഉത്തമഗീതം 2

2
1ഞാൻ ശാരോനിലെ പനിനീർ പുഷ്പവും
താഴ്വരകളിലെ താമരപ്പൂവും ആകുന്നു.
2മുള്ളുകളുടെ ഇടയിൽ താമരപോലെ
കന്യകമാരുടെ ഇടയിൽ എന്റെ പ്രിയ ഇരിക്കുന്നു.
3കാട്ടുമരങ്ങളുടെ ഇടയിൽ ഒരു നാരകംപോലെ
യൗവനക്കാരുടെ ഇടയിൽ എന്റെ പ്രിയൻ ഇരിക്കുന്നു;
അതിന്റെ നിഴലിൽ ഞാൻ അതിമോദത്തോടെ ഇരുന്നു;
അതിന്റെ പഴം എന്റെ രുചിക്കു മധുരമായിരുന്നു.
4അവൻ എന്നെ വീഞ്ഞുവീട്ടിലേക്കു കൂട്ടിക്കൊണ്ടുചെന്നു;
എന്റെ മീതെ അവൻ പിടിച്ചിരുന്ന കൊടി സ്നേഹമായിരുന്നു.
5ഞാൻ പ്രേമപരവശയായിരിക്കയാൽ മുന്തിരിയട തന്ന് എന്നെ ശക്തീകരിപ്പിൻ;
നാരങ്ങാ തന്ന് എന്നെ തണുപ്പിപ്പിൻ.
6അവന്റെ ഇടംകൈ എന്റെ തലയിൻകീഴെ ഇരിക്കട്ടെ;
അവന്റെ വലംകൈ എന്നെ ആശ്ലേഷിക്കട്ടെ.
7യെരൂശലേംപുത്രിമാരേ, വയലിലെ ചെറുമാനുകളാണ, പേടമാനുകളാണ,
പ്രേമത്തിന് ഇഷ്ടമാകുവോളം അതിനെ ഇളക്കരുത്, ഉണർത്തുകയുമരുത്.
8അതാ, എന്റെ പ്രിയന്റെ സ്വരം!
അവൻ മലകളിന്മേൽ ചാടിയും കുന്നുകളിന്മേൽ കുതിച്ചുംകൊണ്ടു വരുന്നു.
9എന്റെ പ്രിയൻ ചെറുമാനിനും കലക്കുട്ടിക്കും തുല്യൻ;
ഇതാ, അവൻ നമ്മുടെ മതില്ക്കു പുറമേ നില്ക്കുന്നു;
അവൻ കിളിവാതിലൂടെ നോക്കുന്നു;
അഴിക്കിടയിൽക്കൂടി ഉളിഞ്ഞു നോക്കുന്നു.
10എന്റെ പ്രിയൻ എന്നോടു പറഞ്ഞത്:
എന്റെ പ്രിയേ, എഴുന്നേല്ക്ക; എന്റെ സുന്ദരീ, വരിക.
11ശീതകാലം കഴിഞ്ഞു; മഴയും മാറിപ്പോയല്ലോ.
12പുഷ്പങ്ങൾ ഭൂമിയിൽ കാണായ്‍വരുന്നു;
വള്ളിത്തല മുറിക്കുംകാലം വന്നിരിക്കുന്നു;
കുറുപ്രാവിന്റെ ശബ്ദവും നമ്മുടെ നാട്ടിൽ കേൾക്കുന്നു.
13അത്തിക്കായ്കൾ പഴുക്കുന്നു;
മുന്തിരിവള്ളി പൂത്തു സുഗന്ധം വീശുന്നു;
എന്റെ പ്രിയേ, എഴുന്നേല്ക്ക;
എന്റെ സുന്ദരീ, വരിക.
14പാറയുടെ പിളർപ്പിലും കടുന്തൂക്കിന്റെ
മറവിലും ഇരിക്കുന്ന എന്റെ പ്രാവേ,
ഞാൻ നിന്റെ മുഖം ഒന്നു കാണട്ടെ;
നിന്റെ സ്വരം ഒന്നു കേൾക്കട്ടെ;
നിന്റെ സ്വരം ഇമ്പമുള്ളതും മുഖം സൗന്ദര്യമുള്ളതും ആകുന്നു.
15ഞങ്ങളുടെ മുന്തിരിത്തോട്ടങ്ങൾ പൂത്തിരിക്കയാൽ
മുന്തിരിവള്ളി നശിപ്പിക്കുന്ന കുറുക്കന്മാരെ,
ചെറുകുറുക്കന്മാരെത്തന്നെ പിടിച്ചുതരുവിൻ.
16എന്റെ പ്രിയൻ എനിക്കുള്ളവൻ; ഞാൻ അവനുള്ളവൾ;
അവൻ താമരകളുടെ ഇടയിൽ ആടുമേയ്ക്കുന്നു.
17വെയിലാറി, നിഴൽ കാണാതെയാകുവോളം,
എന്റെ പ്രിയനേ, നീ മടങ്ങി ദുർഘടപർവതങ്ങളിലെ
ചെറുമാനിനും കലക്കുട്ടിക്കും തുല്യനായിരിക്ക.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy