റോമർ 2
2
1അതുകൊണ്ട് വിധിക്കുന്ന ഏതു മനുഷ്യനുമായുള്ളോവേ, നിനക്കു പ്രതിവാദം പറവാൻ ഇല്ല; അന്യനെ വിധിക്കുന്നതിൽ നീ നിന്നെത്തന്നെ കുറ്റം വിധിക്കുന്നു; വിധിക്കുന്ന നീ അതുതന്നെ പ്രവർത്തിക്കുന്നുവല്ലോ. 2എന്നാൽ ആ വക പ്രവർത്തിക്കുന്നവരുടെ നേരേ ദൈവത്തിന്റെ വിധി സത്യാനുസരണയായിരിക്കുന്നു എന്നു നാം അറിയുന്നു. 3ആ വക പ്രവർത്തിക്കുന്നവരെ വിധിക്കയും അതുതന്നെ പ്രവർത്തിക്കയും ചെയ്യുന്ന മനുഷ്യാ, നീ ദൈവത്തിന്റെ വിധിയിൽനിന്നു തെറ്റി ഒഴിയും എന്നു നിനയ്ക്കുന്നുവോ? 4അല്ല, ദൈവത്തിന്റെ ദയ നിന്നെ മാനസാന്തരത്തിലേക്കു നടത്തുന്നു എന്ന് അറിയാതെ നീ അവന്റെ ദയ, ക്ഷമ, ദീർഘക്ഷാന്തി എന്നിവയുടെ ഐശ്വര്യം നിരസിക്കുന്നുവോ? 5എന്നാൽ നിന്റെ കാഠിന്യത്താലും അനുതാപമില്ലാത്ത ഹൃദയത്താലും നീ ദൈവത്തിന്റെ നീതിയുള്ള വിധി വെളിപ്പെടുന്ന കോപദിവസത്തേക്കു നിനക്കുതന്നെ കോപം ചരതിച്ചുവയ്ക്കുന്നു. 6അവൻ ഓരോരുത്തന് അവനവന്റെ പ്രവൃത്തിക്കു തക്ക പകരം ചെയ്യും. 7നല്ല പ്രവൃത്തിക്കു വേണ്ടുന്ന സ്ഥിരതപൂണ്ടു തേജസ്സും മാനവും അക്ഷയതയും അന്വേഷിക്കുന്നവർക്കു 8നിത്യജീവനും ശാഠ്യം പൂണ്ടു സത്യം അനുസരിക്കാതെ അനീതി അനുസരിക്കുന്നവർക്കു കോപവും ക്രോധവും കൊടുക്കും. 9തിന്മ പ്രവർത്തിക്കുന്ന ഏതു മനുഷ്യാത്മാവിനും കഷ്ടവും സങ്കടവും ആദ്യം യെഹൂദനും പിന്നെ യവനനും വരും. 10നന്മ പ്രവർത്തിക്കുന്ന ഏവനും മഹത്ത്വവും മാനവും സമാധാനവും ആദ്യം യെഹൂദനും പിന്നെ യവനനും ലഭിക്കും. 11ദൈവത്തിന്റെ പക്കൽ മുഖപക്ഷം ഇല്ലല്ലോ. 12ന്യായപ്രമാണം ഇല്ലാതെ പാപം ചെയ്തവരൊക്കെയും ന്യായപ്രമാണം കൂടാതെ നശിച്ചുപോകും; ന്യായപ്രമാണം ഉണ്ടായിട്ടു പാപം ചെയ്തവരൊക്കെയും ന്യായപ്രമാണത്താൽ വിധിക്കപ്പെടും. 13ന്യായപ്രമാണം കേൾക്കുന്നവരല്ല ദൈവസന്നിധിയിൽ നീതിമാന്മാർ; ന്യായപ്രമാണം ആചരിക്കുന്നവരത്രേ നീതീകരിക്കപ്പെടുന്നത്. 14ന്യായപ്രമാണമില്ലാത്ത ജാതികൾ ന്യായപ്രമാണത്തിലുള്ളതു സ്വഭാവത്താൽ ചെയ്യുമ്പോൾ ന്യായപ്രമാണമില്ലാത്ത അവർ തങ്ങൾക്കുതന്നെ ഒരു ന്യായപ്രമാണം ആകുന്നു. 15അവരുടെ മനസ്സാക്ഷികൂടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങൾ തമ്മിൽ കുറ്റം ചുമത്തുകയോ പ്രതിവാദിക്കയോ ചെയ്തുംകൊണ്ട് അവർ ന്യായപ്രമാണത്തിന്റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തിൽ എഴുതിയിരിക്കുന്നതായി കാണിക്കുന്നു; 16ദൈവം യേശുക്രിസ്തു മുഖാന്തരം മനുഷ്യരുടെ രഹസ്യങ്ങളെ എന്റെ സുവിശേഷപ്രകാരം ന്യായം വിധിക്കുന്ന നാളിൽതന്നെ.
17നീയോ യെഹൂദൻ എന്നു പേർകൊണ്ടും ന്യായപ്രമാണത്തിൽ ആശ്രയിച്ചും 18ദൈവത്തിൽ പ്രശംസിച്ചും ന്യായപ്രമാണത്തിൽനിന്നു പഠിക്കയാൽ അവന്റെ ഇഷ്ടം അറിഞ്ഞും 19ഭേദാഭേദങ്ങൾ വിവേചിച്ചും ജ്ഞാനത്തിന്റെയും സത്യത്തിന്റെയും സ്വരൂപം ന്യായപ്രമാണത്തിൽനിന്നു നിനക്കു ലഭിച്ചതുകൊണ്ടു നീ കുരുടർക്കു വഴി കാട്ടുന്നവൻ, 20ഇരുട്ടിലുള്ളവർക്കു വെളിച്ചം, മൂഢരെ പഠിപ്പിക്കുന്നവൻ, ശിശുക്കൾക്ക് ഉപദേഷ്ടാവ് എന്ന് ഉറച്ചുമിരിക്കുന്നെങ്കിൽ- 21ഹേ, അന്യനെ ഉപദേശിക്കുന്നവനേ, നീ നിന്നെത്തന്നെ ഉപദേശിക്കാത്തത് എന്ത്? മോഷ്ടിക്കരുത് എന്നു പ്രസംഗിക്കുന്ന നീ മോഷ്ടിക്കുന്നുവോ? 22വ്യഭിചാരം ചെയ്യരുത് എന്നു പറയുന്ന നീ വ്യഭിചാരം ചെയ്യുന്നുവോ? വിഗ്രഹങ്ങളെ വെറുക്കുന്ന നീ ക്ഷേത്രം കവർച്ച ചെയ്യുന്നുവോ? 23ന്യായപ്രമാണത്തിൽ പ്രശംസിക്കുന്ന നീ ന്യായപ്രമാണലംഘനത്താൽ ദൈവത്തെ അപമാനിക്കുന്നുവോ? 24“നിങ്ങൾ നിമിത്തം ദൈവത്തിന്റെ നാമം ജാതികളുടെ ഇടയിൽ ദുഷിക്കപ്പെടുന്നു” എന്ന് എഴുതിയിരിക്കുന്നുവല്ലോ. 25നീ ന്യായപ്രമാണം ആചരിച്ചാൽ പരിച്ഛേദന പ്രയോജനമുള്ളത് സത്യം; ന്യായപ്രമാണലംഘിയായാലോ നിന്റെ പരിച്ഛേദന അഗ്രചർമമായിത്തീർന്നു. 26അഗ്രചർമി ന്യായപ്രമാണത്തിന്റെ നിയമങ്ങളെ പ്രമാണിച്ചാൽ അവന്റെ അഗ്രചർമം പരിച്ഛേദന എന്ന് എണ്ണുകയില്ലയോ? 27സ്വഭാവത്താൽ അഗ്രചർമിയായവൻ ന്യായപ്രമാണം അനുഷ്ഠിക്കുന്നു എങ്കിൽ അക്ഷരവും പരിച്ഛേദനയുമുള്ള ന്യായപ്രമാണലംഘിയായ നിന്നെ അവൻ വിധിക്കയില്ലയോ? 28പുറമേ യെഹൂദനായവൻ യെഹൂദനല്ല; പുറമേ ജഡത്തിലുള്ളതു പരിച്ഛേദനയുമല്ല; 29അകമേ യെഹൂദനായവനത്രേ യെഹൂദൻ; അക്ഷരത്തിലല്ല ആത്മാവിലുള്ള ഹൃദയപരിച്ഛേദനയത്രേ പരിച്ഛേദന; അവനു മനുഷ്യരാലല്ല ദൈവത്താൽതന്നെ പുകഴ്ച ലഭിക്കും.
Currently Selected:
റോമർ 2: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.