റോമർ 15
15
1എന്നാൽ ശക്തരായ നാം അശക്തരുടെ ബലഹീനതകളെ ചുമക്കുകയും നമ്മിൽതന്നെ പ്രസാദിക്കാതിരിക്കയും വേണം. 2നമ്മിൽ ഓരോരുത്തൻ കൂട്ടുകാരനെ നന്മയ്ക്കായിട്ട് ആത്മികവർധനയ്ക്കുവേണ്ടി പ്രസാദിപ്പിക്കേണം.
3“നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെമേൽ വീണു”
എന്ന് എഴുതിയിരിക്കുന്നതുപോലെ ക്രിസ്തുവും തന്നിൽത്തന്നെ പ്രസാദിച്ചില്ല. 4എന്നാൽ മുൻ എഴുതിയിരിക്കുന്നതൊക്കെയും നമ്മുടെ ഉപദേശത്തിനായിട്ടു, നമുക്കു തിരുവെഴുത്തുകളാൽ ഉളവാകുന്ന സ്ഥിരതയാലും ആശ്വാസത്താലും പ്രത്യാശ ഉണ്ടാകേണ്ടതിനുതന്നെ എഴുതിയിരിക്കുന്നു. 5എന്നാൽ നിങ്ങൾ ഐകമത്യപ്പെട്ട്, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തെ ഏകമനസ്സോടെ ഒരു വായിനാൽ മഹത്ത്വീകരിക്കേണ്ടതിന് 6സ്ഥിരതയും ആശ്വാസവും നല്കുന്ന ദൈവം നിങ്ങൾക്കു ക്രിസ്തുയേശുവിന് അനുരൂപമായി തമ്മിൽ ഏകചിന്തയോടിരിപ്പാൻ കൃപ നല്കുമാറാകട്ടെ. 7അതുകൊണ്ടു ക്രിസ്തു ദൈവത്തിന്റെ മഹത്ത്വത്തിനായി നിങ്ങളെ കൈക്കൊണ്ടതുപോലെ നിങ്ങളും അന്യോന്യം കൈക്കൊൾവിൻ.
8പിതാക്കന്മാർക്കു ലഭിച്ച വാഗ്ദത്തങ്ങളെ ഉറപ്പിക്കേണ്ടതിന് 9ക്രിസ്തു ദൈവത്തിന്റെ സത്യം നിമിത്തം പരിച്ഛേദനയ്ക്കു ശുശ്രൂഷക്കാരനായിത്തീർന്നു എന്നും ജാതികൾ ദൈവത്തെ അവന്റെ കരുണനിമിത്തം മഹത്ത്വീകരിക്കേണം എന്നും ഞാൻ പറയുന്നു.
10“അതുകൊണ്ട് ഞാൻ ജാതികളുടെ ഇടയിൽ നിന്നെ വാഴ്ത്തി നിന്റെ നാമത്തിനു സ്തുതി പാടും”
എന്ന് എഴുതിയിരിക്കുന്നുവല്ലോ. 11മറ്റൊരേടത്തു: “ജാതികളേ, അവന്റെ ജനത്തോട് ഒന്നിച്ച് ആനന്ദിപ്പിൻ”
എന്നും പറയുന്നു.
“സകല ജാതികളുമായുള്ളോരേ, കർത്താവിനെ സ്തുതിപ്പിൻ, സകല വംശങ്ങളും അവനെ സ്തുതിക്കട്ടെ“
എന്നും പറയുന്നു.
12“യിശ്ശായിയുടെ വേരും ജാതികളെ ഭരിപ്പാൻ എഴുന്നേല്ക്കുന്നവനുമായവൻ ഉണ്ടാകും; അവനിൽ ജാതികൾ പ്രത്യാശവയ്ക്കും”
എന്നു യെശയ്യാവ് പറയുന്നു. 13എന്നാൽ പ്രത്യാശ നല്കുന്ന ദൈവം പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നിങ്ങൾ പ്രത്യാശയിൽ സമൃദ്ധിയുള്ളവരായി വിശ്വസിക്കുന്നതിലുള്ള സകല സന്തോഷവും സമാധാനവുംകൊണ്ടു നിങ്ങളെ നിറയ്ക്കുമാറാകട്ടെ.
14സഹോദരന്മാരേ, നിങ്ങൾതന്നെ ദയാപൂർണരും സകല ജ്ഞാനവും നിറഞ്ഞവരും അന്യോന്യം പ്രബോധിപ്പിപ്പാൻ പ്രാപ്തരും ആകുന്നു എന്നു ഞാൻ നിങ്ങളെക്കുറിച്ച് ഉറച്ചിരിക്കുന്നു. 15എങ്കിലും ജാതികൾ എന്ന വഴിപാട് പരിശുദ്ധാത്മാവിനാൽ വിശുദ്ധീകരിക്കപ്പെട്ടു പ്രസാദകരമായിത്തീരുവാൻ ഞാൻ ദൈവത്തിന്റെ സുവിശേഷഘോഷണം പുരോഹിതനായി അനുഷ്ഠിച്ചുകൊണ്ട് ജാതികളിൽ ക്രിസ്തുയേശുവിന്റെ ശുശ്രൂഷകനായിരിക്കേണ്ടതിന് 16ദൈവം എനിക്കു നല്കിയ കൃപ നിമിത്തം നിങ്ങളെ ഓർമപ്പെടുത്തുംവണ്ണം ഞാൻ ചിലേടത്ത് അതിധൈര്യമായി നിങ്ങൾക്ക് എഴുതിയിരിക്കുന്നു. 17ക്രിസ്തുയേശുവിൽ എനിക്കു ദൈവസംബന്ധമായി പ്രശംസ ഉണ്ട്. 18ക്രിസ്തു ഞാൻ മുഖാന്തരം ജാതികളുടെ അനുസരണത്തിനായിട്ടു വചനത്താലും പ്രവൃത്തിയാലും അടയാളങ്ങളുടെയും അദ്ഭുതങ്ങളുടെയും ശക്തികൊണ്ടും പരിശുദ്ധാത്മാവിന്റെ ശക്തികൊണ്ടും പ്രവർത്തിച്ചത് അല്ലാതെ മറ്റൊന്നും മിണ്ടുവാൻ ഞാൻ തുനിയുകയില്ല. 19അങ്ങനെ ഞാൻ യെരൂശലേംമുതൽ ഇല്ലുര്യദേശത്തോളം ചുറ്റിസഞ്ചരിച്ചു ക്രിസ്തുവിന്റെ സുവിശേഷഘോഷണം പൂരിപ്പിച്ചിരിക്കുന്നു. 20ഞാൻ മറ്റൊരുവന്റെ അടിസ്ഥാനത്തിന്മേൽ പണിയാതിരിക്കേണ്ടതിനു ക്രിസ്തുവിന്റെ നാമം അറിഞ്ഞിട്ടുള്ള ഇടത്തിലല്ല,
21“അവനെക്കുറിച്ച് അറിവു കിട്ടിയിട്ടില്ലാത്തവർ കാണും; കേട്ടിട്ടില്ലാത്തവർ ഗ്രഹിക്കും”
എന്ന് എഴുതിയിരിക്കുന്നതുപോലെ അത്രേ, സുവിശേഷം അറിയിപ്പാൻ അഭിമാനിക്കുന്നത്.
22അതുകൊണ്ടുതന്നെ ഞാൻ നിങ്ങളുടെ അടുക്കൽ വരുന്നതിനു പലപ്പോഴും മുടക്കം വന്നു. 23ഇപ്പോഴോ എനിക്ക് ഈ ദിക്കുകളിൽ ഇനി സ്ഥലമില്ലായ്കയാലും അങ്ങോട്ടു വരുവാൻ അനേകസംവത്സരമായി വാഞ്ഛ ഉണ്ടാകകൊണ്ടും, 24ഞാൻ സ്പാന്യയിലേക്കു യാത്ര ചെയ്യുമ്പോൾ പോകുന്ന വഴിക്കു നിങ്ങളെ കാൺമാനും ആദ്യം നിങ്ങളെ കണ്ടു സന്തോഷിച്ചശേഷം നിങ്ങളാൽ യാത്ര അയയ്ക്കപ്പെടുവാനും ആശിക്കുന്നു. 25ഇപ്പോഴോ ഞാൻ വിശുദ്ധന്മാർക്കു ശുശ്രൂഷ ചെയ്‍വാൻ യെരൂശലേമിലേക്കു യാത്രയാകുന്നു. 26യെരൂശലേമിലെ വിശുദ്ധന്മാരിൽ ദരിദ്രരായവർക്ക് ഏതാനും ധർമോപകാരം ചെയ്‍വാൻ മക്കെദോന്യയിലും അഖായയിലും ഉള്ളവർക്ക് ഇഷ്ടം തോന്നി. 27അവർക്ക് ഇഷ്ടം തോന്നി എന്നു മാത്രമല്ല, അത് അവർക്കു കടവും ആകുന്നു; ജാതികൾ അവരുടെ ആത്മികനന്മകളിൽ കൂട്ടാളികൾ ആയെങ്കിൽ ഐഹികനന്മകളിൽ അവർക്കു ശുശ്രൂഷ ചെയ്‍വാൻ കടമ്പെട്ടിരിക്കുന്നുവല്ലോ. 28ഞാൻ അതു നിവർത്തിച്ച് ഈ ഫലം അവർക്ക് ഏല്പിച്ചു ബോധ്യം വരുത്തിയശേഷം നിങ്ങളുടെ വഴിയായി സ്പാന്യയിലേക്കു പോകും. 29ഞാൻ നിങ്ങളുടെ അടുക്കൽ വരുമ്പോൾ ക്രിസ്തുവിന്റെ അനുഗ്രഹപൂർത്തിയോടെ വരും എന്നു ഞാൻ അറിയുന്നു.
30എന്നാൽ സഹോദരന്മാരേ, യെഹൂദ്യയിലെ അവിശ്വാസികളുടെ കൈയിൽനിന്ന് എന്നെ രക്ഷിക്കേണ്ടതിനും യെരൂശലേമിലേക്കു ഞാൻ കൊണ്ടുപോകുന്ന സഹായം വിശുദ്ധന്മാർക്കു പ്രസാദമായിത്തീരേണ്ടതിനും 31ഇങ്ങനെ ഞാൻ ദൈവേഷ്ടത്താൽ സന്തോഷത്തോടെ നിങ്ങളുടെ അടുക്കൽ വന്നു നിങ്ങളോടുകൂടെ മനം തണുക്കേണ്ടതിനും നിങ്ങൾ എനിക്കുവേണ്ടി ദൈവത്തോടുള്ള പ്രാർഥനയിൽ എന്നോടുകൂടെ പോരാടേണം എന്ന് 32നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെയും ആത്മാവിന്റെ സ്നേഹത്തെയും ഓർപ്പിച്ചു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു. 33സമാധാനത്തിന്റെ ദൈവം നിങ്ങളെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ. ആമേൻ.
Currently Selected:
റോമർ 15: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.