YouVersion Logo
Search Icon

വെളിപ്പാട് 8

8
1അവൻ ഏഴാം മുദ്ര പൊട്ടിച്ചപ്പോൾ സ്വർഗത്തിൽ ഏകദേശം അര മണിക്കൂറോളം മൗനത ഉണ്ടായി. 2അപ്പോൾ ദൈവസന്നിധിയിൽ ഏഴു ദൂതന്മാർ നില്ക്കുന്നത് ഞാൻ കണ്ടു; അവർക്ക് ഏഴു കാഹളം ലഭിച്ചു.
3മറ്റൊരു ദൂതൻ ഒരു സ്വർണധൂപകലശവുമായി വന്നു യാഗപീഠത്തിനരികെ നിന്നു. സിംഹാസനത്തിൻ മുമ്പിലുള്ള സ്വർണപീഠത്തിന്മേൽ സകല വിശുദ്ധന്മാരുടെയും പ്രാർഥനയോടു ചേർക്കേണ്ടതിനു വളരെ ധൂപവർഗം അവനു കൊടുത്തു. 4ധൂപവർഗത്തിന്റെ പുക വിശുദ്ധന്മാരുടെ പ്രാർഥനയോടുകൂടെ ദൂതന്റെ കൈയിൽനിന്നു ദൈവസന്നിധിയിലേക്കു കയറി. 5ദൂതൻ ധൂപകലശം എടുത്തു യാഗപീഠത്തിലെ കനൽ നിറച്ചു ഭൂമിയിലേക്ക് എറിഞ്ഞു; ഉടനെ ഇടിമുഴക്കവും നാദവും മിന്നലും ഭൂകമ്പവും ഉണ്ടായി.
6ഏഴു കാഹളമുള്ള ദൂതന്മാർ എഴുവരും കാഹളം ഊതുവാൻ ഒരുങ്ങിനിന്നു.
7ഒന്നാമത്തവൻ ഊതി; അപ്പോൾ രക്തം കലർന്ന കന്മഴയും തീയും ഭൂമിമേൽ ചൊരിഞ്ഞിട്ടു ഭൂമിയിൽ മൂന്നിലൊന്നു വെന്തുപോയി; വൃക്ഷങ്ങളിൽ മൂന്നിലൊന്ന് വെന്തുപോയി; എല്ലാ പച്ചപ്പുല്ലും വെന്തുപോയി.
8രണ്ടാമത്തെ ദൂതൻ ഊതി; അപ്പോൾ തീ കത്തുന്ന വൻമലപോലെയൊന്നു സമുദ്രത്തിലേക്ക് എറിഞ്ഞിട്ടു കടലിൽ മൂന്നിലൊന്നു രക്തമായിത്തീർന്നു. 9സമുദ്രത്തിൽ പ്രാണനുള്ള സൃഷ്ടികളിൽ മൂന്നിലൊന്നു ചത്തുപോയി; കപ്പലുകളിലും മൂന്നിലൊന്ന് ചേതം വന്നു.
10മൂന്നാമത്തെ ദൂതൻ ഊതി; അപ്പോൾ ദീപംപോലെ ജ്വലിക്കുന്ന ഒരു മഹാനക്ഷത്രം ആകാശത്തുനിന്നു വീണു; നദികളിൽ മൂന്നിലൊന്നിന്മേലും നീരുറവുകളിന്മേലും ആയിരുന്നു വീണത്. 11ആ നക്ഷത്രത്തിനു കാഞ്ഞിരം എന്നു പേർ; വെള്ളത്തിൽ മൂന്നിലൊന്നു കാഞ്ഞിരംപോലെ ആയി; വെള്ളം കയ്പായതിനാൽ മനുഷ്യരിൽ പലരും മരിച്ചുപോയി.
12നാലാമത്തെ ദൂതൻ ഊതി; അപ്പോൾ സൂര്യനിൽ മൂന്നിലൊന്നിനും ചന്ദ്രനിൽ മൂന്നിലൊന്നിനും നക്ഷത്രങ്ങളിൽ മൂന്നിലൊന്നിനും ബാധ തട്ടി; അവയിൽ മൂന്നിലൊന്ന് ഇരുണ്ടുപോയി, രാവും പകലും മൂന്നിലൊന്നു വെളിച്ചമില്ലാതെയായി.
13അനന്തരം ഒരു കഴുക്: ഇനി കാഹളം ഊതുവാനുള്ള മൂന്നു ദൂതന്മാരുടെ കാഹളനാദം ഹേതുവായി ഭൂവാസികൾക്കു കഷ്ടം, കഷ്ടം, കഷ്ടം എന്നു ഉറക്കെ പറഞ്ഞുകൊണ്ട് ആകാശമധ്യേ പറക്കുന്നത് ഞാൻ കാൺകയും കേൾക്കയും ചെയ്തു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in