YouVersion Logo
Search Icon

വെളിപ്പാട് 19

19
1അനന്തരം ഞാൻ സ്വർഗത്തിൽ വലിയോരു പുരുഷാരത്തിന്റെ മഹാഘോഷംപോലെ കേട്ടത്: ഹല്ലേലൂയ്യാ! രക്ഷയും മഹത്ത്വവും ശക്തിയും നമ്മുടെ ദൈവത്തിനുള്ളത്. 2വേശ്യാവൃത്തികൊണ്ടു ഭൂമിയെ വഷളാക്കിയ മഹാവേശ്യക്ക് അവൻ ശിക്ഷ വിധിച്ചു. തന്റെ ദാസന്മാരുടെ രക്തം അവളുടെ കൈയിൽനിന്നു ചോദിച്ച് പ്രതികാരം ചെയ്കകൊണ്ട് അവന്റെ ന്യായവിധികൾ സത്യവും നീതിയുമുള്ളവ. 3അവർ പിന്നെയും: ഹല്ലേലൂയ്യാ! അവളുടെ പുക എന്നെന്നേക്കും പൊങ്ങുന്നു എന്നു പറഞ്ഞു. 4ഇരുപത്തിനാലു മൂപ്പന്മാരും നാലു ജീവികളും: ആമേൻ, ഹല്ലേലൂയ്യാ! എന്നു പറഞ്ഞ് സിംഹാസനത്തിലിരിക്കുന്ന ദൈവത്തെ വീണു നമസ്കരിച്ചു. 5നമ്മുടെ ദൈവത്തിന്റെ സകല ദാസന്മാരും ഭക്തന്മാരുമായി ചെറിയവരും വലിയവരും ആയുള്ളോരേ, അവനെ വാഴ്ത്തുവിൻ എന്നു പറയുന്നൊരു ശബ്ദം സിംഹാസനത്തിൽനിന്നു പുറപ്പെട്ടു. 6അപ്പോൾ വലിയ പുരുഷാരത്തിന്റെ ഘോഷംപോലെയും പെരുവെള്ളത്തിന്റെ ഇരച്ചിൽപോലെയും തകർത്ത ഇടിമുഴക്കംപോലെയും ഞാൻ കേട്ടത്: ഹല്ലേലൂയ്യാ! സർവശക്തിയുള്ള നമ്മുടെ ദൈവമായ കർത്താവ് രാജത്വം ഏറ്റിരിക്കുന്നു. 7നാം സന്തോഷിച്ച് ഉല്ലസിച്ച് അവനു മഹത്ത്വം കൊടുക്കുക; കുഞ്ഞാടിന്റെ കല്യാണം വന്നുവല്ലോ; അവന്റെ കാന്തയും തന്നെത്താൻ ഒരുക്കിയിരിക്കുന്നു. 8അവൾക്കു ശുദ്ധവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിപ്പാൻ കൃപ ലഭിച്ചിരിക്കുന്നു; ആ വിശേഷവസ്ത്രം വിശുദ്ധന്മാരുടെ നീതിപ്രവൃത്തികൾ തന്നെ. 9പിന്നെ അവൻ എന്നോട്: കുഞ്ഞാടിന്റെ കല്യാണസദ്യക്കു ക്ഷണിക്കപ്പെട്ടവർ ഭാഗ്യവാന്മാർ എന്ന് എഴുതുക എന്നു പറഞ്ഞു. ഇതു ദൈവത്തിന്റെ സത്യവചനം എന്നും എന്നോടു പറഞ്ഞു. 10ഞാൻ അവനെ നമസ്കരിക്കേണ്ടതിന് അവന്റെ കാല്ക്കൽ വീണു; അപ്പോൾ അവൻ എന്നോട്: അതരുത്: ഞാൻ നിനക്കും യേശുവിന്റെ സാക്ഷ്യമുള്ള നിന്റെ സഹോദരന്മാർക്കും സഹഭൃത്യനത്രേ; ദൈവത്തെ നമസ്കരിക്ക; യേശുവിന്റെ സാക്ഷ്യമോ പ്രവചനത്തിന്റെ ആത്മാവു തന്നെ എന്നു പറഞ്ഞു.
11അനന്തരം സ്വർഗം തുറന്നിരിക്കുന്നതു ഞാൻ കണ്ടു; ഒരു വെള്ളക്കുതിര പ്രത്യക്ഷമായി; അതിന്മേൽ ഇരിക്കുന്നവനു വിശ്വസ്തനും സത്യവാനും എന്നു പേർ. അവൻ നീതിയോടെ വിധിക്കയും പോരാടുകയും ചെയ്യുന്നു. 12അവന്റെ കണ്ണ് അഗ്നിജ്വാല, തലയിൽ അനേകം രാജമുടികൾ; എഴുതീട്ടുള്ള ഒരു നാമവും അവനുണ്ട്; അത് അവനല്ലാതെ ആർക്കും അറിഞ്ഞുകൂടാ. 13അവൻ രക്തം തളിച്ച ഉടുപ്പു ധരിച്ചിരിക്കുന്നു; അവനു ദൈവവചനം എന്നു പേർ പറയുന്നു. 14സ്വർഗത്തിലെ സൈന്യം നിർമ്മലവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിച്ച് വെള്ളക്കുതിരപ്പുറത്തു കയറി അവനെ അനുഗമിച്ചു. 15ജാതികളെ വെട്ടുവാൻ അവന്റെ വായിൽനിന്നു മൂർച്ചയുള്ള വാൾ പുറപ്പെടുന്നു; അവൻ ഇരുമ്പുകോൽകൊണ്ട് അവരെ മേയിക്കും; സർവശക്തിയുള്ള ദൈവത്തിന്റെ കോപവും ക്രോധവുമായ മദ്യത്തിന്റെ ചക്ക് അവൻ മെതിക്കുന്നു. 16രാജാധിരാജാവും കർത്താധികർത്താവും എന്ന നാമം അവന്റെ ഉടുപ്പിന്മേലും തുടമേലും എഴുതിയിരിക്കുന്നു.
17ഒരു ദൂതൻ സൂര്യനിൽ നില്ക്കുന്നത് ഞാൻ കണ്ടു; അവൻ ആകാശമധ്യേ പറക്കുന്ന സകലപക്ഷികളോടും; 18രാജാക്കന്മാരുടെ മാംസവും സഹസ്രാധിപന്മാരുടെ മാംസവും വീരന്മാരുടെ മാംസവും കുതിരകളുടെയും കുതിരപ്പുറത്തിരിക്കുന്നവരുടെയും മാംസവും സ്വതന്ത്രന്മാരും ദാസന്മാരും ചെറിയവരും വലിയവരുമായ എല്ലാവരുടെയും മാംസവും തിന്മാൻ മഹാദൈവത്തിന്റെ അത്താഴത്തിനു വന്നുകൂടുവിൻ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു.
19കുതിരപ്പുറത്തിരിക്കുന്നവനോടും അവന്റെ സൈന്യത്തോടും യുദ്ധം ചെയ്‍വാൻ മൃഗവും ഭൂരാജാക്കന്മാരും അവരുടെ സൈന്യങ്ങളും ഒന്നിച്ചു വന്നുകൂടിയതു ഞാൻ കണ്ടു. 20മൃഗത്തെയും അതിന്റെ മുമ്പാകെ താൻ ചെയ്ത അടയാളങ്ങളാൽ മനുഷ്യരെ ചതിച്ചു മൃഗത്തിന്റെ മുദ്ര ഏല്പിക്കയും അതിന്റെ പ്രതിമയെ നമസ്കരിപ്പിക്കയും ചെയ്ത കള്ളപ്രവാചകനെയും പിടിച്ചുകെട്ടി ഇരുവരെയും ഗന്ധകം കത്തുന്ന തീപ്പൊയ്കയിൽ ജീവനോടെ തള്ളിക്കളഞ്ഞു. 21ശേഷിച്ചവരെ കുതിരപ്പുറത്തിരിക്കുന്നവന്റെ വായിൽനിന്നു പുറപ്പെടുന്ന വാൾകൊണ്ടു കൊന്നു. അവരുടെ മാംസം തിന്നു സകല പക്ഷികൾക്കും തൃപ്തിവന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in