വെളിപ്പാട് 11
11
1പിന്നെ ദണ്ഡുപോലെയുള്ള ഒരു കോൽ എന്റെ കൈയിൽ കിട്ടി കല്പന ലഭിച്ചത്: നീ എഴുന്നേറ്റു ദൈവത്തിന്റെ ആലയത്തെയും യാഗപീഠത്തെയും അതിൽ നമസ്കരിക്കുന്നവരെയും അളക്കുക. 2ആലയത്തിനു പുറത്തുള്ള പ്രാകാരം അളക്കാതെ വിട്ടേക്ക; അത് ജാതികൾക്കു കൊടുത്തിരിക്കുന്നു; അവർ വിശുദ്ധനഗരത്തെ നാല്പത്തിരണ്ടു മാസം ചവിട്ടും. 3അന്നു ഞാൻ എന്റെ രണ്ടു സാക്ഷികൾക്കും വരം നല്കും; അവർ രട്ട് ഉടുത്തുംകൊണ്ട് ആയിരത്തിരുനൂറ്ററുപതു ദിവസം പ്രവചിക്കും. 4അവർ ഭൂമിയുടെ കർത്താവിന്റെ സന്നിധിയിൽ നില്ക്കുന്ന രണ്ട് ഒലിവ് വൃക്ഷവും രണ്ടു നിലവിളക്കും ആകുന്നു. 5ആരെങ്കിലും അവർക്കു ദോഷം ചെയ്‍വാൻ ഇച്ഛിച്ചാൽ അവരുടെ വായിൽനിന്നു തീ പുറപ്പെട്ട് അവരുടെ ശത്രുക്കളെ ദഹിപ്പിച്ചുകളയും; അവർക്കു ദോഷം വരുത്തുവാൻ ഇച്ഛിക്കുന്നവൻ ഇങ്ങനെ മരിക്കേണ്ടിവരും. 6അവരുടെ പ്രവചനകാലത്തു മഴ പെയ്യാതവണ്ണം ആകാശം അടച്ചുകളവാൻ അവർക്ക് അധികാരം ഉണ്ട്. വെള്ളത്തെ രക്തമാക്കുവാനും ഇച്ഛിക്കുമ്പോഴൊക്കെയും സകല ബാധകൊണ്ടും ഭൂമിയെ ദണ്ഡിപ്പിപ്പാനും അധികാരം ഉണ്ട്. 7അവർ തങ്ങളുടെ സാക്ഷ്യം തികച്ചശേഷം ആഴത്തിൽനിന്നു കയറിവരുന്ന മൃഗം അവരോടു പടവെട്ടി അവരെ ജയിച്ചു കൊന്നുകളയും. 8അവരുടെ കർത്താവ് ക്രൂശിക്കപ്പെട്ടതും ആത്മികമായി സൊദോം എന്നും മിസ്രയീം എന്നും പേരുള്ളതുമായ മഹാനഗരത്തിന്റെ വീഥിയിൽ അവരുടെ ശവം കിടക്കും. 9സകല വംശക്കാരും ഗോത്രക്കാരും ഭാഷക്കാരും ജാതിക്കാരും അവരുടെ ശവം മൂന്നര ദിവസം കാണും; അവരുടെ ശവം കല്ലറയിൽ വയ്പാൻ സമ്മതിക്കയില്ല. 10ഈ പ്രവാചകന്മാർ ഇരുവരും ഭൂമിയിൽ വസിക്കുന്നവരെ ദണ്ഡിപ്പിച്ചതുകൊണ്ടു ഭൂവാസികൾ അവർ നിമിത്തം സന്തോഷിച്ച് ആനന്ദിക്കയും അന്യോന്യം സമ്മാനം കൊടുത്തയയ്ക്കയും ചെയ്യും. 11മൂന്നര ദിവസം കഴിഞ്ഞശേഷം ദൈവത്തിൽനിന്നു ജീവശ്വാസം അവരിൽ വന്ന് അവർ കാൽ ഊന്നിനിന്നു -അവരെ കണ്ടവർ ഭയപരവശരായിത്തീർന്നു- 12ഇവിടെ കയറിവരുവിൻ എന്ന് സ്വർഗത്തിൽനിന്ന് ഒരു മഹാശബ്ദം പറയുന്നതു കേട്ടു, അവർ മേഘത്തിൽ സ്വർഗത്തിലേക്കു കയറി; അവരുടെ ശത്രുക്കൾ അവരെ നോക്കിക്കൊണ്ടിരുന്നു. 13ആ നാഴികയിൽ വലിയോരു ഭൂകമ്പം ഉണ്ടായി; നഗരത്തിൽ പത്തിലൊന്ന് ഇടിഞ്ഞുവീണു; ഭൂകമ്പത്തിൽ ഏഴായിരം പേർ മരിച്ചുപോയി; ശേഷിച്ചവർ ഭയപരവശരായി സ്വർഗത്തിലെ ദൈവത്തിനു മഹത്ത്വം കൊടുത്തു.
14രണ്ടാമത്തെ കഷ്ടം കഴിഞ്ഞു; മൂന്നാമത്തെ കഷ്ടം വേഗം വരുന്നു.
15ഏഴാമത്തെ ദൂതൻ ഊതിയപ്പോൾ: ലോകരാജത്വം നമ്മുടെ കർത്താവിനും അവന്റെ ക്രിസ്തുവിനും ആയിത്തീർന്നിരിക്കുന്നു; അവൻ എന്നെന്നേക്കും വാഴും എന്ന് സ്വർഗത്തിൽ ഒരു മഹാഘോഷം ഉണ്ടായി. 16ദൈവസന്നിധിയിൽ സിംഹാസനങ്ങളിൽ ഇരിക്കുന്ന ഇരുപത്തിനാല് മൂപ്പന്മാരും കവിണ്ണുവീണു ദൈവത്തെ നമസ്കരിച്ചു പറഞ്ഞത്: 17സർവശക്തിയുള്ള കർത്താവായ ദൈവമേ, ഇരിക്കുന്നവനും ഇരുന്നവനുമായുള്ളോവേ, നീ മഹാശക്തി ധരിച്ചു വാഴുകയാൽ ഞങ്ങൾ നിന്നെ സ്തുതിക്കുന്നു. 18ജാതികൾ കോപിച്ചു, നിന്റെ കോപവും വന്നു; മരിച്ചവരെ ന്യായം വിധിപ്പാനും നിന്റെ ദാസന്മാരായ പ്രവാചകന്മാർക്കും വിശുദ്ധന്മാർക്കും ചെറിയവരും വലിയവരുമായി നിന്റെ ഭക്തന്മാർക്കും പ്രതിഫലം കൊടുപ്പാനും ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിപ്പാനും ഉള്ള കാലവും വന്നു.
19അപ്പോൾ സ്വർഗത്തിലെ ദൈവാലയം തുറന്നു, അവന്റെ നിയമപെട്ടകം അവന്റെ ആലയത്തിൽ പ്രത്യക്ഷമായി; മിന്നലും നാദവും ഇടിമുഴക്കവും ഭൂകമ്പവും വലിയ കന്മഴയും ഉണ്ടായി.
Currently Selected:
വെളിപ്പാട് 11: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.