YouVersion Logo
Search Icon

വെളിപ്പാട് 1

1
1യേശുക്രിസ്തുവിന്റെ വെളിപ്പാട്: വേഗത്തിൽ സംഭവിപ്പാനുള്ളത് തന്റെ ദാസന്മാരെ കാണിക്കേണ്ടതിനു ദൈവം അത് അവനു കൊടുത്തു. അവൻ അത് തന്റെ ദൂതൻ മുഖാന്തരം അയച്ച് തന്റെ ദാസനായ യോഹന്നാനു പ്രദർശിപ്പിച്ചു. 2അവൻ ദൈവത്തിന്റെ വചനവും യേശുക്രിസ്തുവിന്റെ സാക്ഷ്യവുമായി താൻ കണ്ടതൊക്കെയും സാക്ഷീകരിച്ചു. 3ഈ പ്രവചനത്തിന്റെ വാക്കുകളെ വായിച്ചു കേൾപ്പിക്കുന്നവനും കേൾക്കുന്നവരും അതിൽ എഴുതിയിരിക്കുന്നതു പ്രമാണിക്കുന്നവരും ഭാഗ്യവാന്മാർ; സമയം അടുത്തിരിക്കുന്നു.
4യോഹന്നാൻ ആസ്യയിലെ ഏഴു സഭകൾക്കും എഴുതുന്നത്: ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായവങ്കൽനിന്നും അവന്റെ സിംഹാസനത്തിന്മുമ്പിലുള്ള ഏഴ് ആത്മാക്കളുടെ പക്കൽനിന്നും 5വിശ്വസ്തസാക്ഷിയും മരിച്ചവരിൽ ആദ്യജാതനും ഭൂരാജാക്കന്മാർക്ക് അധിപതിയും ആയ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. 6നമ്മെ സ്നേഹിക്കുന്നവനും നമ്മുടെ പാപം പോക്കി നമ്മെ തന്റെ രക്തത്താൽ വിടുവിച്ചു തന്റെ പിതാവായ ദൈവത്തിനു നമ്മെ രാജ്യവും പുരോഹിതന്മാരും ആക്കിത്തീർത്തവനുമായവന് എന്നെന്നേക്കും മഹത്ത്വവും ബലവും; ആമേൻ. 7ഇതാ, അവൻ മേഘാരൂഢനായി വരുന്നു; ഏതു കണ്ണും, അവനെ കുത്തിത്തുളച്ചവരും അവനെ കാണും; ഭൂമിയിലെ ഗോത്രങ്ങളൊക്കെയും അവനെച്ചൊല്ലി വിലപിക്കും. ഉവ്വ്, ആമേൻ.
8ഞാൻ അല്ഫയും ഓമേഗയും ആകുന്നു എന്ന് ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവശക്തിയുള്ള ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു.
9നിങ്ങളുടെ സഹോദരനും യേശുവിന്റെ കഷ്ടതയിലും രാജ്യത്തിലും സഹിഷ്ണുതയിലും കൂട്ടാളിയുമായ യോഹന്നാൻ എന്ന ഞാൻ ദൈവവചനവും യേശുവിന്റെ സാക്ഷ്യവും നിമിത്തം പത്മൊസ് എന്ന ദ്വീപിൽ ആയിരുന്നു. 10കർത്തൃദിവസത്തിൽ ഞാൻ ആത്മവിവശനായി: 11നീ കാണുന്നത് ഒരു പുസ്തകത്തിൽ എഴുതി എഫെസൊസ്, സ്മുർന്നാ, പെർഗ്ഗമൊസ്, തുയഥൈര, സർദ്ദിസ്സ്, ഫിലദെൽഫ്യ, ലവൊദിക്യ എന്ന ഏഴു സഭകൾക്കും അയയ്ക്കുക എന്നിങ്ങനെ കാഹളത്തിനൊത്ത ഒരു മഹാനാദം എന്റെ പുറകിൽ കേട്ടു. 12എന്നോടു സംസാരിച്ച നാദം എന്ത് എന്നു കാൺമാൻ ഞാൻ തിരിഞ്ഞു. 13തിരിഞ്ഞപ്പോൾ ഏഴു പൊൻനിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കി ധരിച്ചു മാറത്തു പൊൻകച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു. 14അവന്റെ തലയും തലമുടിയും വെളുത്ത പഞ്ഞിപോലെ ഹിമത്തോളം വെള്ളയും കണ്ണ് അഗ്നിജ്വാലയ്ക്ക് ഒത്തതും 15കാൽ ഉലയിൽ ചുട്ടു പഴുപ്പിച്ച വെള്ളോട്ടിനു സദൃശവും അവന്റെ ശബ്ദം പെരുവെള്ളത്തിന്റെ ഇരച്ചിൽപോലെയും ആയിരുന്നു. 16അവന്റെ വലംകൈയിൽ ഏഴു നക്ഷത്രം ഉണ്ട്; അവന്റെ വായിൽനിന്നു മൂർച്ചയേറിയ ഇരുവായ്ത്തലയുള്ള വാൾ പുറപ്പെടുന്നു; അവന്റെ മുഖം സൂര്യൻ ശക്തിയോടെ പ്രകാശിക്കുന്നതുപോലെ ആയിരുന്നു. 17അവനെ കണ്ടിട്ടു ഞാൻ മരിച്ചവനെപ്പോലെ അവന്റെ കാല്ക്കൽ വീണു. അവൻ വലംകൈ എന്റെമേൽ വച്ചു: ഭയപ്പെടേണ്ടാ, ഞാൻ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു. 18ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ട്. 19നീ കണ്ടതും ഇപ്പോൾ ഉള്ളതും ഇനി സംഭവിപ്പാനിരിക്കുന്നതും 20എന്റെ വലംകൈയിൽ കണ്ട ഏഴു നക്ഷത്രത്തിന്റെ മർമവും ഏഴു പൊൻനിലവിളക്കിന്റെ വിവരവും എഴുതുക. ഏഴു നക്ഷത്രം ഏഴു സഭകളുടെ ദൂതന്മാരാകുന്നു; ഏഴു നിലവിളക്ക് ഏഴു സഭകൾ ആകുന്നു എന്നു കല്പിച്ചു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in