YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 48

48
ഒരു ഗീതം. കോരഹ്പുത്രന്മാരുടെ ഒരു സങ്കീർത്തനം.
1നമ്മുടെ ദൈവത്തിന്റെ നഗരത്തിൽ, അവന്റെ വിശുദ്ധപർവതത്തിൽ
യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു.
2മഹാരാജാവിന്റെ നഗരമായി ഉത്തരഗിരിയായ സീയോൻപർവതം
ഉയരംകൊണ്ടു മനോഹരവും
സർവഭൂമിയുടെയും ആനന്ദവുമാകുന്നു.
3അതിന്റെ അരമനകളിൽ ദൈവം
ഒരു ദുർഗമായി വെളിപ്പെട്ടുവന്നിരിക്കുന്നു.
4ഇതാ, രാജാക്കന്മാർ കൂട്ടംകൂടി;
അവർ ഒന്നിച്ചു കടന്നുപോയി.
5അവർ അതുകണ്ട് അമ്പരന്നു,
അവർ പരിഭ്രമിച്ച് ഓടിപ്പോയി.
6അവർക്ക് അവിടെ വിറയൽ പിടിച്ചു;
നോവു കിട്ടിയവൾക്കെന്നപോലെ വേദന പിടിച്ചു.
7നീ കിഴക്കൻകാറ്റുകൊണ്ട് തർശ്ശീശ്കപ്പലുകളെ ഉടച്ചുകളയുന്നു.
നാം കേട്ടതുപോലെ തന്നെ
സൈന്യങ്ങളുടെ യഹോവയുടെ നഗരത്തിൽ,
8നമ്മുടെ ദൈവത്തിന്റെ നഗരത്തിൽ കണ്ടിരിക്കുന്നു;
ദൈവം അതിനെ സദാകാലത്തേക്കും സ്ഥിരമാക്കുന്നു. സേലാ.
9ദൈവമേ, നിന്റെ മന്ദിരത്തിന്റെ മധ്യേ
ഞങ്ങൾ നിന്റെ ദയയെക്കുറിച്ച് ചിന്തിക്കുന്നു.
10ദൈവമേ, നിന്റെ നാമംപോലെ തന്നെ
നിന്റെ സ്തുതിയും ഭൂമിയുടെ അറ്റങ്ങളോളം എത്തുന്നു;
നിന്റെ വലംകൈയിൽ നീതി നിറഞ്ഞിരിക്കുന്നു.
11നിന്റെ ന്യായവിധികൾനിമിത്തം സീയോൻ പർവതം സന്തോഷിക്കയും
യെഹൂദാപുത്രിമാർ ആനന്ദിക്കയും ചെയ്യുന്നു.
12സീയോനെ ചുറ്റിനടന്നു പ്രദക്ഷിണം ചെയ്‍വിൻ;
അതിന്റെ ഗോപുരങ്ങളെ എണ്ണുവിൻ.
13വരുവാനുള്ള തലമുറയോട് അറിയിക്കേണ്ടതിന്
അതിന്റെ കൊത്തളങ്ങളെ സൂക്ഷിച്ച് അരമനകളെ നടന്നു നോക്കുവിൻ.
14ഈ ദൈവം എന്നും എന്നേക്കും നമ്മുടെ ദൈവമാകുന്നു;
അവൻ നമ്മെ ജീവപര്യന്തം വഴിനടത്തും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Videos for സങ്കീർത്തനങ്ങൾ 48