YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 42

42
രണ്ടാം പുസ്തകം
സംഗീതപ്രമാണിക്ക്; കോരഹ്പുത്രന്മാരുടെ ഒരു ധ്യാനം.
1മാൻ നീർത്തോടുകളിലേക്കു ചെല്ലുവാൻ കാംക്ഷിക്കുന്നതുപോലെ
ദൈവമേ, എന്റെ ആത്മാവ് നിന്നോടു ചേരുവാൻ കാംക്ഷിക്കുന്നു.
2എന്റെ ആത്മാവ് ദൈവത്തിനായി, ജീവനുള്ള ദൈവത്തിനായി തന്നെ, ദാഹിക്കുന്നു;
ഞാൻ എപ്പോൾ ദൈവസന്നിധിയിൽ ചെല്ലുവാനിടയാകും.
3നിന്റെ ദൈവം എവിടെ എന്ന് അവർ എന്നോടു നിത്യം പറയുന്നതുകൊണ്ട്
എന്റെ കണ്ണുനീർ രാവും പകലും എന്റെ ആഹാരമായിത്തീർന്നിരിക്കുന്നു.
4ഉത്സവം ആചരിക്കുന്ന പുരുഷാരത്തിന്റെ
സന്തോഷവും സ്തോത്രവുമായ സ്വരത്തോടുകൂടെ
സമൂഹമധ്യേ ഞാൻ ദൈവാലയത്തിലേക്കു ചെന്നത് ഓർത്ത്
എന്റെ ഉള്ളം എന്നിൽ പകരുന്നു.
5എന്റെ ആത്മാവേ, നീ വിഷാദിച്ച് ഉള്ളിൽ ഞരങ്ങുന്നതെന്ത്?
ദൈവത്തിൽ പ്രത്യാശ വയ്ക്കുക;
അവൻ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു
എന്നിങ്ങനെ ഞാൻ ഇനിയും അവനെ സ്തുതിക്കും.
6എന്റെ ദൈവമേ, എന്റെ ആത്മാവ് എന്നിൽ വിഷാദിച്ചിരിക്കുന്നു;
അതുകൊണ്ട് യോർദ്ദാൻപ്രദേശത്തും ഹെർമ്മോൻപർവതങ്ങളിലും
മിസാർമലയിലുംവച്ച് ഞാൻ നിന്നെ ഓർക്കുന്നു;
7നിന്റെ നീർച്ചാട്ടങ്ങളുടെ ഇരച്ചിലാൽ ആഴി ആഴിയെ വിളിക്കുന്നു;
നിന്റെ ഓളങ്ങളും തിരമാലകളുമെല്ലാം
എന്റെ മീതെ കടന്നുപോകുന്നു.
8യഹോവ പകൽനേരത്ത് തന്റെ ദയ കല്പിക്കും;
രാത്രിസമയത്ത് ഞാൻ അവനു പാട്ടു പാടിക്കൊണ്ടിരിക്കും;
എന്റെ ജീവന്റെ ദൈവത്തോടുള്ള പ്രാർഥന തന്നെ.
9നീ എന്നെ മറന്നത് എന്ത്? ശത്രുവിന്റെ ഉപദ്രവം ഹേതുവായി
ഞാൻ ദുഃഖിച്ചുനടക്കേണ്ടിവന്നതുമെന്ത്?
എന്നു ഞാൻ എന്റെ പാറയായ ദൈവത്തോടു പറയും.
10നിന്റെ ദൈവം എവിടെ എന്ന്
എന്റെ ശത്രുക്കൾ ഇടവിടാതെ എന്നോടു പറഞ്ഞുകൊണ്ട്
എന്റെ അസ്ഥികളെ തകർക്കുംവണ്ണം എന്നെ നിന്ദിക്കുന്നു.
11എന്റെ ആത്മാവേ, നീ വിഷാദിച്ച് ഉള്ളിൽ ഞരങ്ങുന്നത് എന്ത്?
ദൈവത്തിൽ പ്രത്യാശവയ്ക്കുക;
അവൻ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു
എന്നിങ്ങനെ ഞാൻ ഇനിയും അവനെ സ്തുതിക്കും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Videos for സങ്കീർത്തനങ്ങൾ 42