YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 33

33
1നീതിമാന്മാരേ, യഹോവയിൽ ഘോഷിച്ചുല്ലസിപ്പിൻ;
സ്തുതിക്കുന്നതു നേരുള്ളവർക്ക് ഉചിതമല്ലോ.
2കിന്നരംകൊണ്ട് യഹോവയ്ക്കു സ്തോത്രം ചെയ്‍വിൻ;
പത്തു കമ്പിയുള്ള വീണകൊണ്ട് അവനു സ്തുതി പാടുവിൻ.
3അവനു പുതിയ പാട്ടു പാടുവിൻ;
ഘോഷസ്വരത്തോടെ നന്നായി വാദ്യം വായിപ്പിൻ.
4യഹോവയുടെ വചനം നേരുള്ളത്;
അവന്റെ സകല പ്രവൃത്തിയും വിശ്വസ്തതയുള്ളത്.
5അവൻ നീതിയും ന്യായവും ഇഷ്ടപ്പെടുന്നു;
യഹോവയുടെ ദയകൊണ്ട് ഭൂമി നിറഞ്ഞിരിക്കുന്നു.
6യഹോവയുടെ വചനത്താൽ ആകാശവും
അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകല സൈന്യവും ഉളവായി;
7അവൻ സമുദ്രത്തിലെ വെള്ളത്തെ കൂമ്പാരമായി കൂട്ടുന്നു;
അവൻ ആഴികളെ ഭണ്ഡാരഗൃഹങ്ങളിൽ സംഗ്രഹിക്കുന്നു.
8സകല ഭൂവാസികളും യഹോവയെ ഭയപ്പെടട്ടെ;
ഭൂതലത്തിൽ പാർക്കുന്നവരൊക്കെയും അവനെ ശങ്കിക്കട്ടെ.
9അവൻ അരുളിച്ചെയ്തു; അങ്ങനെ സംഭവിച്ചു;
അവൻ കല്പിച്ചു; അങ്ങനെ സ്ഥാപിതമായി.
10യഹോവ ജാതികളുടെ ആലോചനയെ വ്യർഥമാക്കുന്നു;
വംശങ്ങളുടെ നിരൂപണങ്ങളെ നിഷ്ഫലമാക്കുന്നു.
11യഹോവയുടെ ആലോചന ശാശ്വതമായും
അവന്റെ ഹൃദയവിചാരങ്ങൾ തലമുറതലമുറയായും നില്ക്കുന്നു.
12യഹോവ ദൈവമായിരിക്കുന്ന ജാതിയും
അവൻ തനിക്ക് അവകാശമായി തിരഞ്ഞെടുത്ത ജനവും ഭാഗ്യമുള്ളത്.
13യഹോവ സ്വർഗത്തിൽനിന്നു നോക്കുന്നു;
മനുഷ്യപുത്രന്മാരെയൊക്കെയും കാണുന്നു.
14അവൻ തന്റെ വാസസ്ഥലത്തുനിന്നു
സർവഭൂവാസികളെയും നോക്കുന്നു.
15അവൻ അവരുടെ ഹൃദയങ്ങളെ ഒരുപോലെ മനഞ്ഞിരിക്കുന്നു;
അവരുടെ പ്രവൃത്തികളെയൊക്കെയും അവൻ ഗ്രഹിക്കുന്നു.
16സൈന്യബഹുത്വത്താൽ രാജാവ് ജയം പ്രാപിക്കുന്നില്ല;
ബലാധിക്യംകൊണ്ട് വീരൻ രക്ഷപെടുന്നതുമില്ല.
17ജയത്തിനു കുതിര വ്യർഥമാകുന്നു;
തന്റെ ബലാധിക്യംകൊണ്ട് അതു വിടുവിക്കുന്നതുമില്ല.
18യഹോവയുടെ ദൃഷ്‍ടി തന്റെ
ഭക്തന്മാരുടെമേലും തന്റെ ദയയ്ക്കായി
പ്രത്യാശിക്കുന്നവരുടെമേലും ഇരിക്കുന്നു;
19അവരുടെ പ്രാണനെ മരണത്തിൽനിന്നു വിടുവിപ്പാനും
ക്ഷാമത്തിൽ അവരെ ജീവനോടെ രക്ഷിപ്പാനും തന്നെ.
20നമ്മുടെ ഉള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു;
അവൻ നമ്മുടെ സഹായവും പരിചയും ആകുന്നു.
21അവന്റെ വിശുദ്ധനാമത്തിൽ നാം ആശ്രയിക്കയാൽ
നമ്മുടെ ഹൃദയം അവനിൽ സന്തോഷിക്കും.
22യഹോവേ, ഞങ്ങൾ നിങ്കൽ പ്രത്യാശവയ്ക്കുന്നതുപോലെ
നിന്റെ ദയ ഞങ്ങളുടെമേൽ ഉണ്ടാകുമാറാകട്ടെ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Videos for സങ്കീർത്തനങ്ങൾ 33