YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 16

16
ദാവീദിന്റെ സ്വർണഗീതം.
1ദൈവമേ, ഞാൻ നിന്നെ ശരണം ആക്കിയിരിക്കയാൽ
എന്നെ കാത്തുകൊള്ളേണമേ.
2ഞാൻ യഹോവയോടു പറഞ്ഞത്: നീ എന്റെ കർത്താവാകുന്നു;
നീ ഒഴികെ എനിക്ക് ഒരു നന്മയും ഇല്ല.
3ഭൂമിയിലെ വിശുദ്ധന്മാരോ അവർ എനിക്കു പ്രസാദമുള്ള ശ്രേഷ്ഠന്മാർ തന്നെ.
4അന്യദേവനെ കൈക്കൊള്ളുന്നവരുടെ വേദനകൾ വർധിക്കും;
അവരുടെ രക്തപാനീയബലികളെ ഞാൻ അർപ്പിക്കയില്ല;
അവരുടെ നാമങ്ങളെ എന്റെ നാവിന്മേൽ എടുക്കയുമില്ല.
5എന്റെ അവകാശത്തിന്റെയും
പാനപാത്രത്തിന്റെയും പങ്ക് യഹോവ ആകുന്നു;
നീ എനിക്കുള്ള ഓഹരിയെ പരിപാലിക്കുന്നു.
6അളവുനൂൽ എനിക്കു മനോഹരദേശത്തു വീണിരിക്കുന്നു;
അതേ, എനിക്കു നല്ലോരവകാശം ലഭിച്ചിരിക്കുന്നു.
7എനിക്കു ബുദ്ധി ഉപദേശിച്ചുതന്ന യഹോവയെ ഞാൻ വാഴ്ത്തും;
രാത്രികാലങ്ങളിലും എന്റെ അന്തഃരംഗം എന്നെ ഉപദേശിക്കുന്നു.
8ഞാൻ യഹോവയെ എപ്പോഴും എന്റെ മുമ്പിൽ വച്ചിരിക്കുന്നു.
അവൻ എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ട്
ഞാൻ കുലുങ്ങിപ്പോകയില്ല.
9അതുകൊണ്ട് എന്റെ ഹൃദയം സന്തോഷിച്ച് എന്റെ മനസ്സ് ആനന്ദിക്കുന്നു;
എന്റെ ജഡവും നിർഭയമായി വസിക്കും.
10നീ എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല;
നിന്റെ പരിശുദ്ധനെ ദ്രവത്വം കാൺമാൻ സമ്മതിക്കയുമില്ല.
11ജീവന്റെ വഴി നീ എനിക്കു കാണിച്ചുതരും;
നിന്റെ സന്നിധിയിൽ സന്തോഷപരിപൂർണതയും നിന്റെ വലത്തുഭാഗത്ത് എന്നും പ്രമോദങ്ങളും ഉണ്ട്.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy