YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 139

139
സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം.
1യഹോവേ, നീ എന്നെ ശോധന ചെയ്ത് അറിഞ്ഞിരിക്കുന്നു;
2ഞാൻ ഇരിക്കുന്നതും എഴുന്നേല്ക്കുന്നതും നീ അറിയുന്നു.
എന്റെ നിരൂപണം നീ ദൂരത്തുനിന്നു ഗ്രഹിക്കുന്നു.
3എന്റെ നടപ്പും കിടപ്പും നീ ശോധന ചെയ്യുന്നു;
എന്റെ വഴികളൊക്കെയും നിനക്കു മനസ്സിലായിരിക്കുന്നു.
4യഹോവേ, നീ മുഴുവനും അറിയാതെ ഒരു വാക്കും എന്റെ നാവിന്മേൽ ഇല്ല.
5നീ മുമ്പും പിമ്പും എന്നെ അടച്ചു നിന്റെ കൈ എന്റെമേൽ വച്ചിരിക്കുന്നു.
6ഈ പരിജ്ഞാനം എനിക്കു അത്യദ്ഭുതമാകുന്നു;
അത് എനിക്കു ഗ്രഹിച്ചുകൂടാതവണ്ണം ഉന്നതമായിരിക്കുന്നു.
7നിന്റെ ആത്മാവിനെ ഒളിച്ചു ഞാൻ എവിടേക്കു പോകും?
തിരുസന്നിധിവിട്ടു ഞാൻ എവിടേക്ക് ഓടും?
8ഞാൻ സ്വർഗത്തിൽ കയറിയാൽ നീ അവിടെ ഉണ്ട്;
പാതാളത്തിൽ എന്റെ കിടക്ക വിരിച്ചാൽ നീ അവിടെ ഉണ്ട്.
9ഞാൻ ഉഷസ്സിൻചിറകു ധരിച്ച്,
സമുദ്രത്തിന്റെ അറ്റത്തുചെന്നു പാർത്താൽ
10അവിടെയും നിന്റെ കൈ എന്നെ നടത്തും; നിന്റെ വലംകൈ എന്നെ പിടിക്കും.
11ഇരുട്ട് എന്നെ മൂടിക്കളയട്ടെ;
വെളിച്ചം എന്റെ ചുറ്റും രാത്രിയായിത്തീരട്ടെ എന്നു ഞാൻ പറഞ്ഞാൽ
12ഇരുട്ടുപോലും നിനക്കു മറവായിരിക്കയില്ല;
രാത്രി പകൽപോലെ പ്രകാശിക്കും;
ഇരുട്ടും വെളിച്ചവും നിനക്ക് ഒരുപോലെ തന്നെ.
13നീയല്ലോ എന്റെ അന്തരംഗങ്ങളെ നിർമ്മിച്ചത്,
എന്റെ അമ്മയുടെ ഉദരത്തിൽ നീ എന്നെ മെടഞ്ഞു.
14ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്‍ടിച്ചിരിക്കയാൽ
ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു;
നിന്റെ പ്രവൃത്തികൾ അദ്ഭുതകരമാകുന്നു;
അത് എന്റെ ഉള്ളം നല്ലവണ്ണം അറിയുന്നു.
15ഞാൻ രഹസ്യത്തിൽ ഉണ്ടാക്കപ്പെടുകയും ഭൂമിയുടെ അധോഭാഗങ്ങളിൽ
നിർമ്മിക്കപ്പെടുകയും ചെയ്തപ്പോൾ
എന്റെ അസ്ഥികൂടം നിനക്കു മറവായിരുന്നില്ല.
16ഞാൻ പിണ്ഡാകാരമായിരുന്നപ്പോൾ നിന്റെ കണ്ണ് എന്നെ കണ്ടു;
നിയമിക്കപ്പെട്ട നാളുകളിൽ ഒന്നും ഇല്ലാതിരുന്നപ്പോൾ
അവയെല്ലാം നിന്റെ പുസ്തകത്തിൽ എഴുതിയിരുന്നു;
17ദൈവമേ, നിന്റെ വിചാരങ്ങൾ എനിക്കു എത്ര ഘനമായവ!
അവയുടെ ആകത്തുകയും എത്ര വലിയത്!
18അവയെ എണ്ണിയാൽ മണലിനെക്കാൾ അധികം;
ഞാൻ ഉണരുമ്പോൾ ഇനിയും ഞാൻ നിന്റെ അടുക്കൽ ഇരിക്കുന്നു.
19ദൈവമേ, നീ ദുഷ്ടനെ നിഗ്രഹിച്ചെങ്കിൽ കൊള്ളായിരുന്നു;
രക്തപാതകന്മാരേ, എന്നെ വിട്ടുപോകുവിൻ.
20അവർ ദ്രോഹമായി നിന്നെക്കുറിച്ചു സംസാരിക്കുന്നു;
നിന്റെ ശത്രുക്കൾ നിന്റെ നാമം വൃഥാ എടുക്കുന്നു.
21യഹോവേ, നിന്നെ പകയ്ക്കുന്നവരെ ഞാൻ പകയ്ക്കേണ്ടതല്ലയോ?
നിന്നോട് എതിർത്തുനില്ക്കുന്നവരെ ഞാൻ വെറുക്കേണ്ടതല്ലയോ?
22ഞാൻ പൂർണദ്വേഷത്തോടെ അവരെ ദ്വേഷിക്കുന്നു;
അവരെ എന്റെ ശത്രുക്കളായി എണ്ണുന്നു.
23ദൈവമേ, എന്നെ ശോധനചെയ്ത് എന്റെ ഹൃദയത്തെ അറിയേണമേ;
എന്നെ പരീക്ഷിച്ച് എന്റെ നിനവുകളെ അറിയേണമേ.
24വ്യസനത്തിനുള്ള മാർഗം എന്നിൽ ഉണ്ടോ എന്നു നോക്കി,
ശാശ്വതമാർഗത്തിൽ എന്നെ നടത്തേണമേ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in