YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 10

10
1യഹോവേ, നീ ദൂരത്തു നില്ക്കുന്നതെന്ത്?
കഷ്ടകാലത്തു നീ മറഞ്ഞുകളയുന്നതുമെന്ത്?
2ദുഷ്ടന്റെ അഹങ്കാരത്താൽ എളിയവൻ തപിക്കുന്നു;
അവർ നിരൂപിച്ച ഉപായങ്ങളിൽ അവർ തന്നെ പിടിപെടട്ടെ.
3ദുഷ്ടൻ തന്റെ മനോരഥത്തിൽ പ്രശംസിക്കുന്നു;
ദുരാഗ്രഹി യഹോവയെ ത്യജിച്ചു നിന്ദിക്കുന്നു.
4ദുഷ്ടൻ ഉന്നതഭാവത്തോടെ: അവൻ ചോദിക്കയില്ല എന്നു പറയുന്നു;
ദൈവം ഇല്ല എന്നാകുന്നു അവന്റെ നിരൂപണമൊക്കെയും.
5അവന്റെ വഴികൾ എല്ലായ്പോഴും സഫലമാകുന്നു;
നിന്റെ ന്യായവിധികൾ അവൻ കാണാതവണ്ണം ഉയരമുള്ളവ;
തന്റെ സകല ശത്രുക്കളോടും അവൻ ചീറുന്നു.
6ഞാൻ കുലുങ്ങുകയില്ല, ഒരുനാളും അനർഥത്തിൽ വീഴുകയുമില്ല
എന്ന് അവൻ തന്റെ ഹൃദയത്തിൽ പറയുന്നു.
7അവന്റെ വായിൽ ശാപവും വ്യാജവും സാഹസവും നിറഞ്ഞിരിക്കുന്നു;
അവന്റെ നാവിൻകീഴിൽ ദോഷവും അതിക്രമവും ഇരിക്കുന്നു.
8അവൻ ഗ്രാമങ്ങളുടെ ഒളിവുകളിൽ പതിയിരിക്കുന്നു;
മറവിടങ്ങളിൽവച്ച് അവൻ കുറ്റമില്ലാത്തവനെ കൊല്ലുന്നു;
അവൻ രഹസ്യമായി അഗതിയുടെമേൽ കണ്ണുവച്ചിരിക്കുന്നു.
9സിംഹം മുറ്റുകാട്ടിൽ എന്നപോലെ അവൻ മറവിടത്തിൽ പതുങ്ങുന്നു;
എളിയവനെ പിടിപ്പാൻ അവൻ പതിയിരിക്കുന്നു;
എളിയവനെ തന്റെ വലയിൽ ചാടിച്ചു പിടിക്കുന്നു.
10അവൻ കുനിഞ്ഞ് പതുങ്ങിക്കിടക്കുന്നു;
അഗതികൾ അവന്റെ ബലത്താൽ വീണുപോകുന്നു.
11ദൈവം മറന്നിരിക്കുന്നു, അവൻ തന്റെ മുഖം മറച്ചിരിക്കുന്നു;
അവൻ ഒരുനാളും കാണുകയില്ല എന്ന് അവൻ ഹൃദയത്തിൽ പറയുന്നു.
12യഹോവേ, എഴുന്നേല്ക്കേണമേ,
ദൈവമേ, തൃക്കൈ ഉയർത്തേണമേ; എളിയവരെ മറക്കരുതേ.
13ദുഷ്ടൻ ദൈവത്തെ നിന്ദിക്കുന്നതും
നീ ചോദിക്കയില്ല എന്ന് തന്റെ ഉള്ളിൽ പറയുന്നതും എന്തിന്?
14നീ അതു കണ്ടിരിക്കുന്നു, തൃക്കൈകൊണ്ട് പകരം ചെയ്‍വാൻ
ദോഷത്തെയും പകയെയും നീ നോക്കിക്കണ്ടിരിക്കുന്നു;
അഗതി തന്നെത്താൻ നിങ്കൽ ഏല്പിക്കുന്നു;
അനാഥനു നീ സഹായി ആകുന്നു.
15ദുഷ്ടന്റെ ഭുജത്തെ നീ ഒടിക്കേണമേ;
ദോഷിയുടെ ദുഷ്ടത ഇല്ലാതെയാകുവോളം
അതിനു പ്രതികാരം ചെയ്യേണമേ.
16യഹോവ എന്നെന്നേക്കും രാജാവാകുന്നു;
ജാതികൾ അവന്റെ ദേശത്തുനിന്നു നശിച്ചുപോയിരിക്കുന്നു.
17ഭൂമിയിൽനിന്നുള്ള മർത്യൻ ഇനി ഭയപ്പെടുത്താതിരിപ്പാൻ
നീ അനാഥനും പീഡിതനും ന്യായപാലനം ചെയ്യേണ്ടതിനു
18യഹോവേ, നീ സാധുക്കളുടെ അപേക്ഷ കേട്ടിരിക്കുന്നു;
അവരുടെ ഹൃദയത്തെ നീ ഉറപ്പിക്കയും
നിന്റെ ചെവി ചായിച്ചു കേൾക്കയും ചെയ്യുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Videos for സങ്കീർത്തനങ്ങൾ 10