YouVersion Logo
Search Icon

സദൃശവാക്യങ്ങൾ 22

22
1അനവധി സമ്പത്തിലും സൽകീർത്തിയും
വെള്ളിയിലും പൊന്നിലും കൃപയും നല്ലത്.
2ധനവാനും ദരിദ്രനും തമ്മിൽ കാണുന്നു;
അവരെയൊക്കെയും ഉണ്ടാക്കിയവൻ യഹോവ തന്നെ.
3വിവേകമുള്ളവൻ അനർഥം കണ്ട് ഒളിച്ചുകൊള്ളുന്നു;
അല്പബുദ്ധികളോ നേരേ ചെന്നു ചേതപ്പെടുന്നു.
4താഴ്മയ്ക്കും യഹോവാഭക്തിക്കും ഉള്ള പ്രതിഫലം
ധനവും മാനവും ജീവനും ആകുന്നു.
5വക്രന്റെ വഴിയിൽ മുള്ളും കുടുക്കും ഉണ്ട്;
തന്റെ പ്രാണനെ സൂക്ഷിക്കുന്നവൻ അവയോട് അകന്നിരിക്കട്ടെ.
6ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക;
അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല.
7ധനവാൻ ദരിദ്രന്മാരെ ഭരിക്കുന്നു;
കടം മേടിക്കുന്നവൻ
കടം കൊടുക്കുന്നവനു ദാസൻ.
8നീതികേടു വിതയ്ക്കുന്നവൻ ആപത്തു കൊയ്യും;
അവന്റെ കോപത്തിന്റെ വടി ഇല്ലാതെയാകും.
9ദയാകടാക്ഷമുള്ളവൻ അനുഗ്രഹിക്കപ്പെടും;
അവൻ തന്റെ ആഹാരത്തിൽനിന്ന് അഗതിക്കു കൊടുക്കുന്നുവല്ലോ.
10പരിഹാസിയെ നീക്കിക്കളക;
അപ്പോൾ പിണക്കം പൊയ്ക്കൊള്ളും;
കലഹവും നിന്ദയും നിന്നുപോകും.
11ഹൃദയശുദ്ധി ഇഷ്ടപ്പെടുന്നവന് അധരലാവണ്യം ഉണ്ട്;
രാജാവ് അവന്റെ സ്നേഹിതൻ.
12യഹോവയുടെ കണ്ണ് പരിജ്ഞാനമുള്ളവനെ കാക്കുന്നു;
ദ്രോഹികളുടെ വാക്കോ അവൻ മറിച്ചുകളയുന്നു.
13വെളിയിൽ സിംഹം ഉണ്ട്,
വീഥിയിൽ എനിക്കു ജീവഹാനി വരും എന്നു മടിയൻ പറയുന്നു.
14പരസ്ത്രീയുടെ വായ് ആഴമുള്ള കുഴി ആകുന്നു;
യഹോവയാൽ ത്യജിക്കപ്പെട്ടവൻ അതിൽ വീഴും.
15ബാലന്റെ ഹൃദയത്തോടു ഭോഷത്തം പറ്റിയിരിക്കുന്നു;
ശിക്ഷയ്ക്കുള്ള വടി അതിനെ അവനിൽനിന്ന് അകറ്റിക്കളയും.
16ആദായം ഉണ്ടാക്കേണ്ടതിന് എളിയവനെ പീഡിപ്പിക്കുന്നവനും
ധനവാന് കൊടുക്കുന്നവനും മുട്ടുള്ളവനായിത്തീരും.
17ജ്ഞാനികളുടെ വചനങ്ങളെ ചെവി ചായിച്ചു കേൾക്കുക;
എന്റെ പരിജ്ഞാനത്തിനു മനസ്സുവയ്ക്കുക.
18അവയെ നിന്റെ ഉള്ളിൽ സൂക്ഷിക്കുന്നതും
നിന്റെ അധരങ്ങളിൽ അവയൊക്കെയും ഉറച്ചിരിക്കുന്നതും മനോഹരം.
19നിന്റെ ആശ്രയം യഹോവയിൽ ആയിരിക്കേണ്ടതിന്
ഞാൻ ഇന്നു നിന്നോട്, നിന്നോടു തന്നെ, ഉപദേശിച്ചിരിക്കുന്നു.
20നിന്നെ അയച്ചവർക്കു നീ നേരുള്ള മറുപടി കൊണ്ടുപോകേണ്ടതിന്
നിനക്കു നേരുള്ള മറുപടിയുടെ നിശ്ചയം അറിയിച്ചുതരുവാൻ
21ആലോചനയും പരിജ്ഞാനവും അടങ്ങിയ സാരസംഗതികളെ
ഞാൻ നിനക്ക് എഴുതിയിട്ടുണ്ടല്ലോ.
22എളിയവനോട് അവൻ എളിയവനാക കൊണ്ടു കവർച്ച ചെയ്യരുത്;
അരിഷ്ടനെ പടിവാതിൽക്കൽവച്ചു പീഡിപ്പിക്കയും അരുത്.
23യഹോവ അവരുടെ വ്യവഹാരം നടത്തും;
അവരെ കൊള്ളയിട്ടവരുടെ ജീവനെ കൊള്ളയിടും.
24കോപശീലനോടു സഖിത്വമരുത്;
ക്രോധമുള്ള മനുഷ്യനോടുകൂടെ നടക്കയും അരുത്.
25നീ അവന്റെ വഴികളെ പഠിപ്പാനും നിന്റെ പ്രാണൻ കെണിയിൽ അകപ്പെടുവാനും സംഗതി വരരുത്.
26നീ കൈയടിക്കുന്നവരുടെ കൂട്ടത്തിലും കടത്തിനു ജാമ്യം നില്ക്കുന്നവരുടെ കൂട്ടത്തിലും ആയിപ്പോകരുത്.
27വീട്ടുവാൻ നിനക്കു വകയില്ലാതെ വന്നിട്ടു നിന്റെ കീഴിൽനിന്നു നിന്റെ മെത്ത എടുത്തുകളവാൻ ഇടവരുത്തുന്നത് എന്തിന്?
28നിന്റെ പിതാക്കന്മാർ ഇട്ടിരിക്കുന്ന പണ്ടത്തെ അതിർ നീ മാറ്റരുത്.
29പ്രവൃത്തിയിൽ സാമർഥ്യമുള്ള പുരുഷനെ നീ കാണുന്നുവോ?
അവൻ രാജാക്കന്മാരുടെ മുമ്പിൽ നില്ക്കും;
നീചന്മാരുടെ മുമ്പിൽ അവൻ നില്ക്കയില്ല.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Videos for സദൃശവാക്യങ്ങൾ 22