YouVersion Logo
Search Icon

സദൃശവാക്യങ്ങൾ 19

19
1വികടാധരം ഉള്ള മൂഢനെക്കാൾ പരമാർഥതയിൽ നടക്കുന്ന ദരിദ്രൻ ഉത്തമൻ.
2പരിജ്ഞാനമില്ലാത്ത മനസ്സ് നന്നല്ല;
തത്രപ്പെട്ടു കാൽ വയ്ക്കുന്നവനോ പിഴച്ചുപോകുന്നു.
3മനുഷ്യന്റെ ഭോഷത്തം അവന്റെ വഴിയെ മറിച്ചുകളയുന്നു;
അവന്റെ ഹൃദയമോ യഹോവയോടു മുഷിഞ്ഞുപോകുന്നു.
4സമ്പത്ത് സ്നേഹിതന്മാരെ വർധിപ്പിക്കുന്നു;
എളിയവനോ കൂട്ടുകാരനോട് അകന്നിരിക്കുന്നു.
5കള്ളസ്സാക്ഷിക്കു ശിക്ഷ വരാതിരിക്കയില്ല;
ഭോഷ്കു നിശ്വസിക്കുന്നവൻ ഒഴിഞ്ഞുപോകയുമില്ല.
6പ്രഭുവിന്റെ പ്രീതി സമ്പാദിപ്പാൻ പലരും നോക്കുന്നു;
ദാനം ചെയ്യുന്നവന് ഏവനും സ്നേഹിതൻ.
7ദരിദ്രന്റെ സഹോദരന്മാരെല്ലാം അവനെ പകയ്ക്കുന്നു;
അവന്റെ സ്നേഹിതന്മാർ എത്ര അധികം അകന്നുനില്ക്കും?
അവൻ വാക്ക് തിരയുമ്പോഴേക്ക് അവരെ കാൺമാനില്ല.
8ബുദ്ധി സമ്പാദിക്കുന്നവൻ തന്റെ പ്രാണനെ സ്നേഹിക്കുന്നു;
ബോധം കാത്തുകൊള്ളുന്നവൻ നന്മ പ്രാപിക്കും.
9കള്ളസ്സാക്ഷിക്കു ശിക്ഷ വരാതിരിക്കയില്ല;
ഭോഷ്കു നിശ്വസിക്കുന്നവൻ നശിച്ചുപോകും.
10സുഖജീവനം ഭോഷനു യോഗ്യമല്ല;
പ്രഭുക്കന്മാരുടെമേൽ കർത്തൃത്വം നടത്തുന്നതോ ദാസന് എങ്ങനെ?
11വിവേകബുദ്ധിയാൽ മനുഷ്യനു ദീർഘക്ഷമ വരുന്നു;
ലംഘനം ക്ഷമിക്കുന്നത് അവനു ഭൂഷണം.
12രാജാവിന്റെ ക്രോധം സിംഹഗർജനത്തിനു തുല്യം;
അവന്റെ പ്രസാദമോ പുല്ലിന്മേലുള്ള മഞ്ഞുപോലെ.
13മൂഢനായ മകൻ അപ്പനു നിർഭാഗ്യം;
ഭാര്യയുടെ കലമ്പൽ തീരാത്ത ചോർച്ചപോലെ.
14ഭവനവും സമ്പത്തും പിതാക്കന്മാർ വച്ചേക്കുന്ന അവകാശം;
ബുദ്ധിയുള്ള ഭാര്യയോ യഹോവയുടെ ദാനം.
15മടി ഗാഢനിദ്രയിൽ വീഴിക്കുന്നു;
അലസചിത്തൻ പട്ടിണികിടക്കും.
16കല്പന പ്രമാണിക്കുന്നവൻ പ്രാണനെ കാക്കുന്നു;
നടപ്പു സൂക്ഷിക്കാത്തവനോ മരണശിക്ഷ അനുഭവിക്കും.
17എളിയവനോടു കൃപ കാട്ടുന്നവൻ
യഹോവയ്ക്കു വായ്പ കൊടുക്കുന്നു;
അവൻ ചെയ്ത നന്മയ്ക്ക് അവൻ പകരം കൊടുക്കും.
18പ്രത്യാശയുള്ളേടത്തോളം നിന്റെ മകനെ ശിക്ഷിക്ക;
എങ്കിലും അവനെ കൊല്ലുവാൻ തക്കവണ്ണം ഭാവിക്കരുത്.
19മുൻകോപി പിഴ കൊടുക്കേണ്ടിവരും;
നീ അവനെ വിടുവിച്ചാൽ അതു പിന്നെയും ചെയ്യേണ്ടിവരും.
20പിന്നത്തേതിൽ നീ ജ്ഞാനിയാകേണ്ടതിന്
ആലോചന കേട്ടു പ്രബോധനം കൈക്കൊൾക.
21മനുഷ്യന്റെ ഹൃദയത്തിൽ പല വിചാരങ്ങളും ഉണ്ട്;
യഹോവയുടെ ആലോചനയോ നിവൃത്തിയാകും.
22മനുഷ്യൻ തന്റെ മനസ്സുപോലെ ദയ കാണിക്കും;
ഭോഷ്കു പറയുന്നവനെക്കാൾ ദരിദ്രൻ ഉത്തമൻ.
23യഹോവാഭക്തി ജീവഹേതുകമാകുന്നു;
അതുള്ളവൻ തൃപ്തനായി വസിക്കും;
അനർഥം അവനു നേരിടുകയില്ല.
24മടിയൻ തന്റെ കൈ തളികയിൽ പൂത്തുന്നു;
വായിലേക്കു തിരികെ കൊണ്ടുവരികയില്ല.
25പരിഹാസിയെ അടിച്ചാൽ അല്പബുദ്ധി വിവേകം പഠിക്കും;
ബുദ്ധിമാനെ ശാസിച്ചാൽ അവൻ പരിജ്ഞാനം പ്രാപിക്കും.
26അപ്പനെ ഹേമിക്കയും അമ്മയെ ഓടിച്ചുകളകയും ചെയ്യുന്നവൻ
ലജ്ജയും അപമാനവും വരുത്തുന്ന മകനാകുന്നു.
27മകനേ, പരിജ്ഞാനത്തിന്റെ വചനങ്ങളെ
വിട്ടുമാറേണ്ടതിനുള്ള ഉപദേശം കേൾക്കുന്നതു മതിയാക്കുക.
28നിസ്സാരസാക്ഷി ന്യായത്തെ പരിഹസിക്കുന്നു;
ദുഷ്ടന്മാരുടെ വായ് അകൃത്യത്തെ വിഴുങ്ങുന്നു.
29പരിഹാസികൾക്കായി ശിക്ഷാവിധിയും
മൂഢന്മാരുടെ മുതുകിനു തല്ലും ഒരുങ്ങിയിരിക്കുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Videos for സദൃശവാക്യങ്ങൾ 19