YouVersion Logo
Search Icon

സദൃശവാക്യങ്ങൾ 11

11
1കള്ളത്തുലാസ്സ് യഹോവയ്ക്കു വെറുപ്പ്;
ഒത്ത പടിയോ അവനു പ്രസാദം.
2അഹങ്കാരം വരുമ്പോൾ ലജ്ജയും വരുന്നു;
താഴ്മയുള്ളവരുടെ പക്കലോ ജ്ഞാനമുണ്ട്.
3നേരുള്ളവരുടെ നിഷ്കളങ്കത്വം അവരെ വഴി നടത്തും;
ദ്രോഹികളുടെ വികടമോ അവരെ നശിപ്പിക്കും.
4ക്രോധദിവസത്തിൽ സമ്പത്ത് ഉപകരിക്കുന്നില്ല;
നീതിയോ മരണത്തിൽനിന്നു വിടുവിക്കുന്നു.
5നിഷ്കളങ്കന്റെ നീതി അവന്റെ വഴിയെ ചൊവ്വാക്കും;
ദുഷ്ടനോ തന്റെ ദുഷ്ടതകൊണ്ടു വീണുപോകും.
6നേരുള്ളവരുടെ നീതി അവരെ വിടുവിക്കും;
ദ്രോഹികളോ തങ്ങളുടെ ദ്രോഹത്താൽ പിടിപെടും.
7ദുഷ്ടൻ മരിക്കുമ്പോൾ അവന്റെ പ്രതീക്ഷ നശിക്കുന്നു;
നീതികെട്ടവരുടെ ആശയ്ക്കു ഭംഗം വരുന്നു.
8നീതിമാൻ കഷ്ടത്തിൽനിന്നു രക്ഷപെടുന്നു;
ദുഷ്ടൻ അവനു പകരം അകപ്പെടുന്നു.
9വഷളൻ വായ്കൊണ്ടു കൂട്ടുകാരനെ നശിപ്പിക്കുന്നു;
നീതിമാന്മാരോ പരിജ്ഞാനത്താൽ വിടുവിക്കപ്പെടുന്നു.
10നീതിമാന്മാർ ശുഭമായിരിക്കുമ്പോൾ പട്ടണം സന്തോഷിക്കുന്നു;
ദുഷ്ടന്മാർ നശിക്കുമ്പോൾ ആർപ്പുവിളി ഉണ്ടാകുന്നു.
11നേരുള്ളവരുടെ അനുഗ്രഹംകൊണ്ടു പട്ടണം അഭ്യുദയം പ്രാപിക്കുന്നു;
ദുഷ്ടന്മാരുടെ വായ്കൊണ്ടോ അത് ഇടിഞ്ഞുപോകുന്നു.
12കൂട്ടുകാരനെ നിന്ദിക്കുന്നവൻ ബുദ്ധിഹീനൻ;
വിവേകമുള്ളവനോ മിണ്ടാതിരിക്കുന്നു.
13ഏഷണിക്കാരനായി നടക്കുന്നവൻ രഹസ്യം വെളിപ്പെടുത്തുന്നു;
വിശ്വസ്തമാനസനോ കാര്യം മറച്ചു വയ്ക്കുന്നു.
14പരിപാലനം ഇല്ലാത്തേടത്തു ജനം അധോഗതി പ്രാപിക്കുന്നു;
മന്ത്രിമാരുടെ ബഹുത്വത്തിലോ രക്ഷയുണ്ട്.
15അന്യനുവേണ്ടി ജാമ്യം നില്ക്കുന്നവൻ അത്യന്തം വ്യസനിക്കും!
ജാമ്യം നില്പാൻ പോകാത്തവനോ നിർഭയനായിരിക്കും.
16ലാവണ്യമുള്ള സ്ത്രീ മാനം രക്ഷിക്കുന്നു;
വിക്രമന്മാർ സമ്പത്തു സൂക്ഷിക്കുന്നു.
17ദയാലുവായവൻ സ്വന്തപ്രാണന് നന്മ ചെയ്യുന്നു;
ക്രൂരനോ സ്വന്തജഡത്തെ ഉപദ്രവിക്കുന്നു.
18ദുഷ്ടൻ വൃഥാലാഭം ഉണ്ടാക്കുന്നു;
നീതി വിതയ്ക്കുന്നവനോ വാസ്തവമായ പ്രതിഫലം കിട്ടും.
19നീതിയിൽ സ്ഥിരപ്പെട്ടിരിക്കുന്നവൻ ജീവനെ പ്രാപിക്കുന്നു;
ദോഷത്തെ പിന്തുടരുന്നവനോ തന്റെ മരണത്തിനായി പ്രവർത്തിക്കുന്നു.
20വക്രബുദ്ധികൾ യഹോവയ്ക്കു വെറുപ്പ്;
നിഷ്കളങ്കമാർഗികളോ അവനു പ്രസാദം.
21ദുഷ്ടനു ശിക്ഷ വരാതിരിക്കയില്ല എന്നതിനു ഞാൻ കൈയടിക്കാം;
നീതിമാന്മാരുടെ സന്തതിയോ രക്ഷിക്കപ്പെടും.
22വിവേകമില്ലാത്ത ഒരു സുന്ദരി പന്നിയുടെ
മൂക്കിൽ പൊൻമൂക്കുത്തിപോലെ.
23നീതിമാന്മാരുടെ ആഗ്രഹം നന്മ തന്നെ;
ദുഷ്ടന്മാരുടെ പ്രതീക്ഷയോ ക്രോധമത്രേ.
24ഒരുത്തൻ വാരിവിതറിയിട്ടും വർധിച്ചുവരുന്നു;
മറ്റൊരുത്തൻ ന്യായവിരുദ്ധമായി ലോഭിച്ചിട്ടും ഞെരുക്കമേയുള്ളൂ.
25ഔദാര്യമാനസൻ പുഷ്‍ടി പ്രാപിക്കും;
തണുപ്പിക്കുന്നവന് തണുപ്പു കിട്ടും.
26ധാന്യം പൂട്ടിയിട്ടുകൊണ്ടിരിക്കുന്നവനെ ജനങ്ങൾ ശപിക്കും;
അതു വില്ക്കുന്നവന്റെ തലമേലോ അനുഗ്രഹം വരും;
27നന്മയ്ക്കായി ഉത്സാഹിക്കുന്നവൻ രഞ്ജന സമ്പാദിക്കുന്നു;
തിന്മയെ തിരയുന്നവനോ അതുതന്നെ കിട്ടും.
28തന്റെ സമ്പത്തിൽ ആശ്രയിക്കുന്നവൻ വീഴും;
നീതിമാന്മാരോ പച്ചയിലപോലെ തഴയ്ക്കും.
29സ്വഭവനത്തെ വലയ്ക്കുന്നവന്റെ അനുഭവം വായുവത്രേ;
ഭോഷൻ ജ്ഞാനഹൃദയനു ദാസനായിത്തീരും.
30നീതിമാന് ജീവവൃക്ഷം പ്രതിഫലം;
ജ്ഞാനിയായവൻ ഹൃദയങ്ങളെ നേടുന്നു.
31നീതിമാന് ഭൂമിയിൽ പ്രതിഫലം കിട്ടുന്നു എങ്കിൽ
ദുഷ്ടനും പാപിക്കും എത്ര അധികം?

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in