YouVersion Logo
Search Icon

ഫിലിപ്പിയർ 3

3
1ഒടുവിൽ എന്റെ സഹോദരന്മാരേ, കർത്താവിൽ സന്തോഷിപ്പിൻ. അതേ കാര്യം നിങ്ങൾക്കു പിന്നെയും എഴുതുന്നതിൽ എനിക്കു മടുപ്പില്ല; നിങ്ങൾക്ക് അത് ഉറപ്പുമാകുന്നു. 2നായ്ക്കളെ സൂക്ഷിപ്പിൻ; ആകാത്ത വേലക്കാരെ സൂക്ഷിപ്പിൻ; വിച്ഛേദനക്കാരെ സൂക്ഷിപ്പിൻ. 3നാമല്ലോ പരിച്ഛേദനക്കാർ; ദൈവത്തിന്റെ ആത്മാവുകൊണ്ട് ആരാധിക്കയും ക്രിസ്തുയേശുവിൽ പ്രശംസിക്കയും ജഡത്തിൽ ആശ്രയിക്കാതിരിക്കയും ചെയ്യുന്ന നാംതന്നെ. 4പക്ഷേ എനിക്കു ജഡത്തിലും ആശ്രയിപ്പാൻ വകയുണ്ട്; മറ്റാർക്കാനും ജഡത്തിൽ ആശ്രയിക്കാം എന്ന് തോന്നിയാൽ എനിക്ക് അധികം; 5എട്ടാം നാളിൽ പരിച്ഛേദന ഏറ്റവൻ; യിസ്രായേൽജാതിക്കാരൻ; ബെന്യാമീൻഗോത്രക്കാരൻ; എബ്രായരിൽനിന്നു ജനിച്ച എബ്രായൻ; ന്യായപ്രമാണം സംബന്ധിച്ചു പരീശൻ; 6ശുഷ്കാന്തി സംബന്ധിച്ചു സഭയെ ഉപദ്രവിച്ചവൻ; ന്യായപ്രമാണത്തിലെ നീതി സംബന്ധിച്ച് അനിന്ദ്യൻ. 7എങ്കിലും എനിക്കു ലാഭമായിരുന്നതൊക്കെയും ഞാൻ ക്രിസ്തുനിമിത്തം ചേതം എന്ന് എണ്ണിയിരിക്കുന്നു. 8അത്രയുമല്ല, എന്റെ കർത്താവായ ക്രിസ്തുയേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ ശ്രേഷ്ഠത നിമിത്തം ഞാൻ ഇപ്പോഴും എല്ലാം ചേതം എന്ന് എണ്ണുന്നു. 9ഞാൻ ക്രിസ്തുവിനെ നേടേണ്ടതിനും ന്യായപ്രമാണത്തിൽനിന്നുള്ള എന്റെ സ്വന്ത നീതിയല്ല, ക്രിസ്തുവിങ്കലുള്ള വിശ്വാസംമൂലം ദൈവം വിശ്വസിക്കുന്നവർക്കു നല്കുന്ന നീതിതന്നെ ലഭിച്ച് അവനിൽ ഇരിക്കേണ്ടതിനും 10അവന്റെ മരണത്തോട് അനുരൂപപ്പെട്ടിട്ട് അവനെയും അവന്റെ പുനരുത്ഥാനത്തിന്റെ ശക്തിയെയും 11അവന്റെ കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മയെയും അനുഭവിച്ചറിയേണ്ടതിനും ഇങ്ങനെ വല്ല വിധേനയും മരിച്ചവരുടെ ഇടയിൽനിന്നുള്ള പുനരുത്ഥാനം പ്രാപിക്കേണം എന്നു വച്ചും ഞാൻ അവന്റെ നിമിത്തം എല്ലാം ഉപേക്ഷിച്ചു ചവറ് എന്ന് എണ്ണുന്നു. 12ലഭിച്ചുകഴിഞ്ഞു എന്നോ, തികഞ്ഞവനായി എന്നോ അല്ല, ഞാൻ ക്രിസ്തുയേശുവിനാൽ പിടിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് എനിക്കും അത് പിടിക്കാമോ എന്നുവച്ച് പിന്തുടരുന്നതേയുള്ളൂ. 13സഹോദരന്മാരേ, ഞാൻ പിടിച്ചിരിക്കുന്നു എന്ന് നിരൂപിക്കുന്നില്ല. 14ഒന്നു ഞാൻ ചെയ്യുന്നു: പിമ്പിലുള്ളത് മറന്നും മുമ്പിലുള്ളതിന് ആഞ്ഞുംകൊണ്ടു ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിനായി ലാക്കിലേക്ക് ഓടുന്നു. 15നമ്മിൽ തികഞ്ഞവരൊക്കെയും ഇങ്ങനെതന്നെ ചിന്തിച്ചുകൊൾക; വല്ലതിലും നിങ്ങൾ വേറേ വിധമായി ചിന്തിച്ചാൽ ദൈവം അതും നിങ്ങൾക്കു വെളിപ്പെടുത്തിത്തരും. 16എന്നാൽ നാം പ്രാപിച്ചിരിക്കുന്ന പരിജ്ഞാനം തന്നെ അനുസരിച്ചു നടക്കുക.
17സഹോദരന്മാരേ, നിങ്ങൾ എല്ലാവരും എന്നെ അനുകരിപ്പിൻ; ഞങ്ങൾ നിങ്ങൾക്കു കാണിച്ച മാതൃകപ്രകാരം നടക്കുന്നവരെയും കുറിക്കൊൾവിൻ. 18ഞാൻ പലപ്പോഴും നിങ്ങളോടു പറഞ്ഞതുപോലെ അനേകർ ക്രിസ്തുവിന്റെ ക്രൂശിനു ശത്രുക്കളായി നടക്കുന്നു എന്ന് ഇപ്പോൾ കരഞ്ഞുംകൊണ്ട് പറയുന്നു. 19അവരുടെ അവസാനം നാശം; അവരുടെ ദൈവം വയറ്; ലജ്ജയായതിൽ അവർക്കു മാനം തോന്നുന്നു; അവർ ഭൂമിയിലുള്ളത് ചിന്തിക്കുന്നു. 20നമ്മുടെ പൗരത്വമോ സ്വർഗത്തിൽ ആകുന്നു; അവിടെനിന്നു കർത്താവായ യേശുക്രിസ്തു രക്ഷിതാവായി വരും എന്ന് നാം കാത്തിരിക്കുന്നു. 21അവൻ സകലവും തനിക്കു കീഴ്പെടുത്തുവാൻ കഴിയുന്ന തന്റെ വ്യാപാരശക്തികൊണ്ട് നമ്മുടെ താഴ്ചയുള്ള ശരീരത്തെ തന്റെ മഹത്ത്വമുള്ള ശരീരത്തോട് അനുരൂപമായി രൂപാന്തരപ്പെടുത്തും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in