YouVersion Logo
Search Icon

സംഖ്യാപുസ്തകം 4

4
1യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത്: 2ലേവ്യരിൽവച്ചു കെഹാത്യരിൽ മുപ്പതു വയസ്സുമുതൽ അമ്പതു വയസ്സുവരെ ഉള്ളവരായി സമാഗമനകൂടാരത്തിൽ വേല ചെയ്‍വാൻ 3സേവയിൽ പ്രവേശിക്കുന്ന എല്ലാവരെയും കുടുംബംകുടുംബമായും കുലംകുലമായും എണ്ണി തുക എടുപ്പിൻ. 4സമാഗമനകൂടാരത്തിൽ അതിവിശുദ്ധകാര്യങ്ങളെ സംബന്ധിച്ചു കെഹാത്യരുടെ വേല എന്തെന്നാൽ: 5പാളയം യാത്ര പുറപ്പെടുമ്പോൾ അഹരോനും പുത്രന്മാരും വന്നു തിരശ്ശീല ഇറക്കി അതുകൊണ്ട് സാക്ഷ്യപെട്ടകം മൂടേണം. 6തഹശുതോൽകൊണ്ടുള്ള മൂടി അതിന്മേൽ ഇട്ട് അതിനു മീതെ നീലശ്ശീല വിരിച്ചു തണ്ടു ചെലുത്തേണം. 7കാഴ്ചയപ്പത്തിന്റെ മേശമേലും ഒരു നീലശ്ശീല വിരിച്ച് അതിന്മേൽ തളികകളും കരണ്ടികളും കിണ്ടികളും പകരുന്നതിനുള്ള കുടങ്ങളും വയ്ക്കേണം; നിരന്തരമായ അപ്പവും അതിന്മേൽ ഇരിക്കേണം. 8അവയുടെമേൽ ഒരു ചുവപ്പുശീല വിരിച്ചു തഹശുതോൽകൊണ്ടുള്ള മൂടുവിരിയാൽ അതു മൂടുകയും തണ്ടു ചെലുത്തുകയും വേണം. 9ഒരു നീലശ്ശീല എടുത്തു വെളിച്ചത്തിനുള്ള നിലവിളക്കും അതിന്റെ ദീപങ്ങളും ചവണകളും കരിന്തിരി മുറിച്ചിടുന്ന പാത്രങ്ങളും അതിന്റെ ഉപയോഗത്തിനുള്ള എല്ലാ എണ്ണക്കുടങ്ങളും മൂടേണം. 10അതും അതിന്റെ പാത്രങ്ങളൊക്കെയും തഹശുതോൽകൊണ്ടുള്ള ഒരു വിരിയിൽ പൊതിഞ്ഞ് ഒരു തണ്ടിന്മേൽ വച്ചു കെട്ടേണം. 11സ്വർണപീഠത്തിന്മേൽ അവർ ഒരു നീലശ്ശീല വിരിച്ചു തഹശുതോൽകൊണ്ടുള്ള ഒരു വിരിയാൽ മൂടുകയും തണ്ടു ചെലുത്തുകയും വേണം. 12വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങളൊക്കെയും അവർ എടുത്ത് ഒരു നീലശ്ശീലയിൽ പൊതിഞ്ഞു തഹശുതോൽകൊണ്ടുള്ള ഒരു വിരിയാൽ മൂടുകയും ഒരു തണ്ടിന്മേൽ വച്ചു കെട്ടുകയും വേണം. 13അവർ യാഗപീഠത്തിൽനിന്നു വെണ്ണീർ നീക്കി അതിന്മേൽ ഒരു ധൂമ്രശീല വിരിക്കേണം. 14അവർ അതിന്മേൽ ശുശ്രൂഷ ചെയ്യേണ്ടതിനുള്ള ഉപകരണങ്ങളായ കലശം, മുൾക്കൊളുത്ത്, ചട്ടുകം, കലം എന്നിങ്ങനെ യാഗപീഠത്തിന്റെ ഉപകരണങ്ങളൊക്കെയും അതിന്മേൽ വയ്ക്കേണം; തഹശുതോൽകൊണ്ടുള്ള ഒരു വിരി അതിന്മേൽ വിരിക്കയും തണ്ടു ചെലുത്തുകയും വേണം. 15പാളയം യാത്ര പുറപ്പെടുമ്പോൾ അഹരോനും പുത്രന്മാരും വിശുദ്ധമന്ദിരവും വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങളൊക്കെയും മൂടിത്തീർന്നശേഷം കെഹാത്യർ ചുമപ്പാൻ വരേണം; എന്നാൽ അവർ മരിക്കാതിരിക്കേണ്ടതിനു വിശുദ്ധമായതൊന്നും തൊടരുത്; സമാഗമനകൂടാരത്തിൽ കെഹാത്യരുടെ ചുമട് ഇവതന്നെ. 16പുരോഹിതനായ അഹരോന്റെ മകൻ എലെയാസാർ നോക്കേണ്ടത്: വെളിച്ചത്തിനുള്ള എണ്ണ, സുഗന്ധധൂപവർഗം, നിരന്തരഭോജനയാഗം, അഭിഷേകതൈലം എന്നിവയും തിരുനിവാസം മുഴുവനും അതിലുള്ളതൊക്കെയും വിശുദ്ധമന്ദിരവും അതിന്റെ ഉപകരണങ്ങളും തന്നെ.
17യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത്: 18നിങ്ങൾ കെഹാത്യകുടുംബങ്ങളുടെ ഗോത്രത്തെ ലേവ്യരിൽനിന്നു ഛേദിച്ചുകളയരുത്. 19അവർ അതിവിശുദ്ധവസ്തുക്കളോട് അടുക്കുമ്പോൾ മരിക്കാതെ ജീവനോടിരിക്കേണ്ടതിന് ഇങ്ങനെ ചെയ്‍വിൻ: അഹരോനും പുത്രന്മാരും അകത്തു കടന്ന് അവരിൽ ഓരോരുത്തനെ അവനവന്റെ വേലയ്ക്കും അവനവന്റെ ചുമട്ടിനും ആക്കേണം. 20എന്നാൽ അവർ വിശുദ്ധമന്ദിരം കണ്ടിട്ടു മരിച്ചുപോകാതിരിക്കേണ്ടതിന് ക്ഷണനേരംപോലും അകത്തു കടക്കരുത്.
21യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: 22ഗേർശോന്യരെയും കുലംകുലമായും കുടുംബംകുടുംബമായും എണ്ണി തുക എടുക്കുക. 23മുപ്പതു വയസ്സുമുതൽ അമ്പതു വയസ്സുവരെ സമാഗമനകൂടാരത്തിൽ വേല ചെയ്‍വാൻ സേവയിൽ പ്രവേശിക്കുന്ന എല്ലാവരെയും എണ്ണേണം. 24സേവ ചെയ്യുന്നതിലും ചുമടെടുക്കുന്നതിലും ഗേർശോന്യകുടുംബങ്ങൾക്കുള്ള വേല എന്തെന്നാൽ: 25തിരുനിവാസത്തിന്റെ തിരശ്ശീല, സമാഗമനകൂടാരം, അതിന്റെ മൂടുവിരി, തഹശുതോൽകൊണ്ട് അതിന്മേലുള്ള പുറമൂടി, സമാഗമനകൂടാരത്തിന്റെ വാതിലിനുള്ള മറശ്ശീല, 26പ്രാകാരത്തിന്റെ മറശ്ശീല, തിരുനിവാസത്തിനും യാഗപീഠത്തിനും ചുറ്റുമുള്ള പ്രാകാരത്തിന്റെ വാതിലിനുള്ള മറശ്ശീല, അവയുടെ കയറ് എന്നിവയും അവയുടെ ഉപയോഗത്തിനുള്ള ഉപകരണങ്ങളൊക്കെയും അവർ ചുമക്കേണം; അവയെ സംബന്ധിച്ചു ചെയ്‍വാനുള്ള വേലയൊക്കെയും അവർ ചെയ്യേണം. 27ഗേർശോന്യരുടെ എല്ലാ ചുമടുകളും എല്ലാ വേലയും സംബന്ധിച്ചുള്ളതൊക്കെയും അഹരോന്റെയും പുത്രന്മാരുടെയും കല്പനപ്രകാരം ആയിരിക്കേണം; അവരുടെ എല്ലാ ചുമടും നിങ്ങൾ അവരുടെ വിചാരണയിൽ ഏല്പിക്കേണം. 28സമാഗമനകൂടാരത്തിൽ ഗേർശോന്യരുടെ കുടുംബങ്ങൾക്കുള്ള വേല ഇതുതന്നെ; അവരുടെ സേവ പുരോഹിതനായ അഹരോന്റെ മകൻ ഈഥാമാരിന്റെ കൈക്കീഴായിരിക്കേണം.
29മെരാര്യരെയും കുലംകുലമായും കുടുംബംകുടുംബമായും എണ്ണേണം. 30മുപ്പതു വയസ്സുമുതൽ അമ്പതു വയസ്സുവരെ സമാഗമനകൂടാരത്തിലെ വേല ചെയ്‍വാൻ സേവയിൽ പ്രവേശിക്കുന്ന എല്ലാവരെയും നീ എണ്ണേണം. 31സമാഗമനകൂടാരത്തിൽ അവർക്കുള്ള എല്ലാ വേലയുടെയും മുറയ്ക്ക് അവർ എടുക്കേണ്ടുന്ന ചുമട് എന്തെന്നാൽ: തിരുനിവാസത്തിന്റെ പലക, അന്താഴം, തൂൺ, ചുവട്, 32ചുറ്റുമുള്ള പ്രാകാരത്തിന്റെ തൂൺ, ചുവട്, കുറ്റി, കയറ് എന്നിവയും അവയുടെ ഉപകരണങ്ങളൊക്കെയും അവ സംബന്ധിച്ചുള്ള എല്ലാ വേലയുംതന്നെ; അവർ എടുക്കേണ്ടുന്ന ഉപകരണങ്ങൾ നിങ്ങൾ പേർ വിവരമായി അവരെ ഏല്പിക്കേണം. 33പുരോഹിതനായ അഹരോന്റെ മകൻ ഈഥാമാരിന്റെ കൈക്കീഴെ സമാഗമനകൂടാരത്തിൽ മെരാര്യരുടെ കുടുംബങ്ങൾക്കുള്ള സകല സേവയുടെയും മുറയ്ക്ക് അവർ ചെയ്യേണ്ടുന്ന വേല ഇതുതന്നെ.
34മോശെയും അഹരോനും സഭയിലെ പ്രഭുക്കന്മാരും കെഹാത്യരിൽ മുപ്പതു വയസ്സുമുതൽ അമ്പതു വയസ്സുവരെ 35സമാഗമനകൂടാരത്തിൽ വേല ചെയ്‍വാൻ സേവയിൽ പ്രവേശിക്കുന്ന എല്ലാവരെയും കുടുംബംകുടുംബമായും കുലംകുലമായും എണ്ണി. 36അവരിൽ കുടുംബംകുടുംബമായി എണ്ണപ്പെട്ടവർ രണ്ടായിരത്തി എഴുനൂറ്റമ്പതു പേർ. 37മോശെ മുഖാന്തരം യഹോവ കല്പിച്ചതുപോലെ മോശെയും അഹരോനും കെഹാത്യകുടുംബങ്ങളിൽ എണ്ണിയവരായി സമാഗമനകൂടാരത്തിൽ വേല ചെയ്‍വാനുള്ളവർ എല്ലാം ഇവർതന്നെ.
38ഗേർശോന്യരിൽ കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവരോ 39മുപ്പതു വയസ്സുമുതൽ അമ്പതു വയസ്സുവരെ സമാഗമനകൂടാരത്തിൽ വേല ചെയ്‍വാൻ സേവയിൽ പ്രവേശിക്കുന്നവരായി 40കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവർ രണ്ടായിരത്തി അറുനൂറ്റിമുപ്പതു പേർ. 41യഹോവ കല്പിച്ചതുപോലെ മോശെയും അഹരോനും ഗേർശോന്യകുടുംബങ്ങളിൽ എണ്ണിയവരായി സമാഗമനകൂടാരത്തിൽ വേല ചെയ്‍വാനുള്ളവർ എല്ലാം ഇവർതന്നെ. 42മെരാര്യകുടുംബങ്ങളിൽ കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവരോ 43മുപ്പതു വയസ്സുമുതൽ അമ്പതു വയസ്സുവരെ സമാഗമനകൂടാരത്തിൽ വേല ചെയ്‍വാൻ സേവയിൽ പ്രവേശിക്കുന്നവരായി 44അവരിൽ കുടുംബംകുടുംബമായി എണ്ണപ്പെട്ടവർ ആകെ മൂവായിരത്തിരുനൂറു പേർ. 45യഹോവ മോശെ മുഖാന്തരം കല്പിച്ചതുപോലെ മോശെയും അഹരോനും മെരാര്യകുടുംബങ്ങളിൽ എണ്ണിയവർ ഇവർതന്നെ.
46മോശെയും അഹരോനും യിസ്രായേൽ പ്രഭുക്കന്മാരും ലേവ്യരിൽ കുടുംബംകുടുംബമായും കുലംകുലമായും എണ്ണിയവരായി മുപ്പതു വയസ്സുമുതൽ അമ്പതു വയസ്സുവരെ 47സമാഗമനകൂടാരത്തിലെ സേവയും ചുമട്ടുവേലയും ചെയ്‍വാൻ പ്രവേശിച്ചവർ 48ആകെ എണ്ണായിരത്തഞ്ഞൂറ്റെൺപതു പേർ ആയിരുന്നു. 49യഹോവയുടെ കല്പനപ്രകാരം അവർ മോശെ മുഖാന്തരം ഓരോരുത്തൻ താന്താന്റെ വേലയ്ക്കും താന്താന്റെ ചുമട്ടിനും തക്കവണ്ണം എണ്ണപ്പെട്ടു; യഹോവ മോശെയോടു കല്പിച്ചതുപോലെ അവൻ അവരെ എണ്ണി.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Video for സംഖ്യാപുസ്തകം 4