YouVersion Logo
Search Icon

സംഖ്യാപുസ്തകം 31

31
1അനന്തരം യഹോവ മോശെയോട് അരുളിച്ചെയ്തത്: 2യിസ്രായേൽമക്കൾക്കുവേണ്ടി മിദ്യാന്യരോടു പ്രതികാരം നടത്തുക; അതിന്റെശേഷം നീ നിന്റെ ജനത്തോടു ചേരും. 3അപ്പോൾ മോശെ ജനത്തോടു സംസാരിച്ചു: മിദ്യാന്യരുടെ നേരേ പുറപ്പെട്ടു യഹോവയ്ക്കുവേണ്ടി മിദ്യാനോടു പ്രതികാരം നടത്തേണ്ടതിനു നിങ്ങളിൽനിന്ന് ആളുകളെ യുദ്ധത്തിന് ഒരുക്കുവിൻ. 4നിങ്ങൾ യിസ്രായേലിന്റെ സകല ഗോത്രങ്ങളിലും ഓരോന്നിൽനിന്ന് ആയിരം പേരെ വീതം യുദ്ധത്തിന് അയയ്ക്കേണം എന്നു പറഞ്ഞു. 5അങ്ങനെ യിസ്രായേല്യസഹസ്രങ്ങളിൽനിന്ന് ഓരോ ഗോത്രത്തിൽ ആയിരം പേർ വീതം പന്തീരായിരം പേരെ യുദ്ധസന്നദ്ധരായി വേർതിരിച്ചു. 6മോശെ ഓരോ ഗോത്രത്തിൽനിന്ന് ആയിരം പേർ വീതമുള്ള അവരെയും പുരോഹിതനായ എലെയാസാരിന്റെ മകൻ ഫീനെഹാസിനെയും യുദ്ധത്തിനയച്ചു; അവന്റെ കൈവശം വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങളും ഗംഭീരനാദകാഹളങ്ങളും ഉണ്ടായിരുന്നു. 7യഹോവ മോശെയോടു കല്പിച്ചതുപോലെ അവർ മിദ്യാന്യരോടു യുദ്ധം ചെയ്ത് ആണുങ്ങളെയൊക്കെയും കൊന്നു. 8നിഹതന്മാരുടെ കൂട്ടത്തിൽ അവർ മിദ്യാന്യരാജാക്കന്മാരായ ഏവി, രേക്കെം, സൂർ, ഹൂർ, രേബാ എന്നീ അഞ്ചു രാജാക്കന്മാരെയും കൊന്നു; ബെയോരിന്റെ മകനായ ബിലെയാമിനെയും അവർ വാളുകൊണ്ടു കൊന്നു. 9യിസ്രായേൽമക്കൾ മിദ്യാന്യസ്ത്രീകളെയും അവരുടെ കുഞ്ഞുങ്ങളെയും ബദ്ധരാക്കി; അവരുടെ സകല വാഹനമൃഗങ്ങളെയും ആടുമാടുകളെയും അവരുടെ സമ്പത്തൊക്കെയും കൊള്ളയിട്ടു. 10അവർ പാർത്തിരുന്ന എല്ലാ പട്ടണങ്ങളും എല്ലാ പാളയങ്ങളും തീയിട്ടു ചുട്ടുകളഞ്ഞു. 11അവർ എല്ലാ കൊള്ളയും മനുഷ്യരും മൃഗങ്ങളുമായുള്ള അപഹൃതമൊക്കെയും എടുത്തു; 12ബദ്ധന്മാരെ അപഹൃതത്തോടും കൊള്ളയോടുംകൂടെ യെരീഹോവിന്റെ സമീപത്തു യോർദ്ദാനരികെയുള്ള മോവാബ്സമഭൂമിയിൽ പാളയത്തിലേക്കു മോശെയുടെയും പുരോഹിതനായ എലെയാസാരിന്റെയും യിസ്രായേൽസഭയുടെയും അടുക്കൽ കൊണ്ടുവന്നു.
13മോശെയും പുരോഹിതൻ എലെയാസാരും സഭയുടെ സകല പ്രഭുക്കന്മാരും പാളയത്തിനു പുറത്ത് അവരെ എതിരേറ്റു ചെന്നു. 14എന്നാൽ മോശെ യുദ്ധത്തിൽനിന്നു വന്നിട്ടുള്ള സഹസ്രാധിപന്മാരും ശതാധിപന്മാരുമായ സൈന്യനായകന്മാരോടു കോപിച്ചു പറഞ്ഞതെന്തെന്നാൽ: 15നിങ്ങൾ സ്ത്രീകളെയെല്ലാം ജീവനോടെ വച്ചിരിക്കുന്നു. 16ഇവരത്രേ പെയോരിന്റെ സംഗതിയിൽ ബിലെയാമിന്റെ ഉപദേശത്താൽ യിസ്രായേൽമക്കൾ യഹോവയോടു ദ്രോഹം ചെയ്‍വാനും യഹോവയുടെ സഭയിൽ ബാധ ഉണ്ടാവാനും ഹേതുവായത്. 17ആകയാൽ ഇപ്പോൾ കുഞ്ഞുങ്ങളിലുള്ള ആണിനെയൊക്കെയും പുരുഷനോടുകൂടെ ശയിച്ചിട്ടുള്ള സകല സ്ത്രീകളെയും കൊന്നുകളവിൻ. 18പുരുഷനോടുകൂടെ ശയിക്കാത്ത പെൺകുഞ്ഞുങ്ങളെ ജീവനോടെ വച്ചുകൊൾവിൻ. 19നിങ്ങൾ ഏഴു ദിവസം പാളയത്തിനു പുറത്തു പാർക്കേണം; ഒരുത്തനെ കൊന്നവനും കൊല്ലപ്പെട്ടവനെ തൊട്ടവനുമെല്ലാം മൂന്നാം ദിവസവും ഏഴാം ദിവസവും തങ്ങളെയും തങ്ങളുടെ ബദ്ധന്മാരെയും ശുദ്ധീകരിക്കേണം. 20സകല വസ്ത്രവും തോൽകൊണ്ടുള്ള എല്ലാ കോപ്പും കോലാട്ടുരോമം കൊണ്ടുണ്ടാക്കിയതൊക്കെയും മരംകൊണ്ടുള്ള സകല സാധനവും ശുദ്ധീകരിപ്പിൻ. 21പുരോഹിതനായ എലെയാസാർ യുദ്ധത്തിനു പോയിരുന്ന യോദ്ധാക്കളോടു പറഞ്ഞത്: യഹോവ മോശെയോട് കല്പിച്ചിട്ടുള്ള ന്യായപ്രമാണമാവിത്: 22പൊന്ന്, വെള്ളി, ചെമ്പ്, ഇരുമ്പ്, വെള്ളീയം, കാരീയം മുതലായ 23തീയിൽ നശിച്ചുപോകാത്ത സാധനമൊക്കെയും തീയിൽ ഇട്ടെടുക്കേണം; എന്നാൽ അതു ശുദ്ധമാകും; എങ്കിലും ശുദ്ധീകരണജലത്താലും അതു ശുദ്ധീകരിക്കേണം. തീയിൽ നശിച്ചുപോകുന്നതെല്ലാം നിങ്ങൾ വെള്ളത്തിൽ മുക്കിയെടുക്കേണം. 24ഏഴാം ദിവസം വസ്ത്രം അലക്കി ശുദ്ധിയുള്ളവരായശേഷം നിങ്ങൾക്കു പാളയത്തിലേക്കു വരാം.
25പിന്നെ യഹോവ മോശെയോട് അരുളിച്ചെയ്തത്: 26നീയും പുരോഹിതനായ എലെയാസാരും സഭയിലെ ഗോത്രപ്രധാനികളും കൊള്ളയായി പിടിക്കപ്പെട്ട മനുഷ്യരുടെയും മൃഗങ്ങളുടെയും തുക നോക്കി 27പടയ്ക്കു പോയ യോദ്ധാക്കൾക്കും സഭയ്ക്കും ഇങ്ങനെ രണ്ട് ഓഹരിയായി കൊള്ള വിഭാഗിപ്പിൻ. 28യുദ്ധത്തിനു പോയ യോദ്ധാക്കളോടു മനുഷ്യരിലും മാട്, കഴുത, ആട് എന്നിവയിലും അഞ്ഞൂറിൽ ഒന്ന് യഹോവയുടെ ഓഹരിയായി വാങ്ങേണം. 29അവർക്കുള്ള പാതിയിൽനിന്ന് അത് എടുത്തു യഹോവയ്ക്ക് ഉദർച്ചാർപ്പണമായി പുരോഹിതനായ എലെയാസാരിനു കൊടുക്കേണം. 30എന്നാൽ യിസ്രായേൽമക്കൾക്കുള്ള പാതിയിൽനിന്നു മനുഷ്യരിലും മാട്, കഴുത, ആട് മുതലായ സകലവിധ മൃഗത്തിലും അമ്പതിൽ ഒന്ന് എടുത്തു യഹോവയുടെ തിരുനിവാസത്തിലെ വേല ചെയ്യുന്ന ലേവ്യർക്കു കൊടുക്കേണം. 31യഹോവ മോശെയോടു കല്പിച്ചതുപോലെ മോശെയും എലെയാസാരും ചെയ്തു. 32യോദ്ധാക്കൾ കൈവശമാക്കിയതിനു പുറമേയുള്ള കൊള്ള ആറുലക്ഷത്തി എഴുപത്തയ്യായിരം ആടും 33എഴുപത്തീരായിരം മാടും 34അറുപത്തോരായിരം കഴുതയും 35പുരുഷനോടുകൂടെ ശയിക്കാത്ത പെണ്ണുങ്ങൾ എല്ലാംകൂടി മുപ്പത്തീരായിരം പേരും ആയിരുന്നു. 36യുദ്ധത്തിനു പോയവരുടെ ഓഹരിക്കുള്ള പാതിയിൽ ആട് മൂന്നുലക്ഷത്തി മുപ്പത്തേഴായിരത്തഞ്ഞൂറ്; 37ആടിൽ യഹോവയ്ക്കുള്ള ഓഹരി അറുനൂറ്റി എഴുപത്തഞ്ച്; 38കന്നുകാലി മുപ്പത്താറായിരം; അതിൽ യഹോവയ്ക്കുള്ള ഓഹരി എഴുപത്തിരണ്ട്; 39കഴുത മുപ്പതിനായിരത്തി അഞ്ഞൂറ്; അതിൽ യഹോവയ്ക്കുള്ള ഓഹരി അറുപത്തൊന്ന്; 40ആൾ പതിനാറായിരം; അവരിൽ യഹോവയ്ക്കുള്ള ഓഹരി മുപ്പത്തിരണ്ട്. 41യഹോവയ്ക്ക് ഉദർച്ചാർപ്പണമായിരുന്ന ഓഹരി യഹോവ മോശെയോടു കല്പിച്ചതുപോലെ മോശെ പുരോഹിതനായ എലെയാസാരിനു കൊടുത്തു. 42മോശെ പടയാളികളുടെ പക്കൽനിന്നു യിസ്രായേൽമക്കൾക്കു വിഭാഗിച്ചുകൊടുത്ത പാതിയിൽനിന്ന്- 43സഭയ്ക്കുള്ള പാതി മൂന്നുലക്ഷത്തി മുപ്പത്തേഴായിരത്തഞ്ഞൂറ് ആടും 44മുപ്പത്താറായിരം മാടും 45മുപ്പതിനായിരത്തഞ്ഞൂറു കഴുതയും 46പതിനാറായിരം ആളും ആയിരുന്നു - 47യിസ്രായേൽമക്കളുടെ പാതിയിൽനിന്ന് മോശെ മനുഷ്യരിലും മൃഗങ്ങളിലും അമ്പതിൽ ഒന്ന് എടുത്തു യഹോവ മോശെയോടു കല്പിച്ചതുപോലെ യഹോവയുടെ തിരുനിവാസത്തിലെ വേലചെയ്യുന്ന ലേവ്യർക്കു കൊടുത്തു. 48പിന്നെ സൈന്യസഹസ്രങ്ങൾക്കു നായകന്മാരായ സഹസ്രാധിപന്മാരും ശതാധിപന്മാരും മോശെയുടെ അടുക്കൽ വന്നു മോശെയോട്: 49അടിയങ്ങൾ അടിയങ്ങളുടെ കീഴുള്ള യോദ്ധാക്കളുടെ തുക നോക്കി, ഒരുത്തനും കുറഞ്ഞുപോയിട്ടില്ല. 50അതുകൊണ്ട് ഞങ്ങൾക്ക് ഓരോരുത്തനു കിട്ടിയ പൊന്നാഭരണങ്ങളായ മാല, കൈവള, മോതിരം, കുണുക്ക്, കടകം എന്നിവ യഹോവയുടെ സന്നിധിയിൽ ഞങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന് ഞങ്ങൾ യഹോവയ്ക്കു വഴിപാടായി കൊണ്ടുവന്നിരിക്കുന്നു എന്നു പറഞ്ഞു. 51മോശെയും പുരോഹിതനായ എലെയാസാരും വിചിത്രപ്പണിയുള്ള ആഭരണങ്ങളായ പൊന്ന് അവരോടു വാങ്ങി. 52സഹസ്രാധിപന്മാരും ശതാധിപന്മാരും യഹോവയ്ക്ക് ഉദർച്ചാർപ്പണം ചെയ്ത പൊന്ന് എല്ലാംകൂടെ പതിനാറായിരത്തി എഴുനൂറ്റമ്പതു ശേക്കെൽ ആയിരുന്നു. 53യോദ്ധാക്കളിൽ ഓരോരുത്തനും താന്താനുവേണ്ടി കൊള്ളയിട്ട് എടുത്തിട്ടുണ്ടായിരുന്നു. 54മോശെയും പുരോഹിതനായ എലെയാസാരും സഹസ്രാധിപന്മാരോടും ശതാധിപന്മാരോടും ആ പൊന്നു വാങ്ങി യഹോവയുടെ സന്നിധിയിൽ യിസ്രായേൽമക്കളുടെ ഓർമയ്ക്കായി സമാഗമനകൂടാരത്തിൽ കൊണ്ടുപോയി.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy