YouVersion Logo
Search Icon

സംഖ്യാപുസ്തകം 28

28
1യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: 2എനിക്കു സൗരഭ്യവാസനയായ ദഹനയാഗങ്ങൾക്കുള്ള എന്റെ ഭോജനമായ വഴിപാട് തക്കസമയത്ത് എനിക്ക് അർപ്പിക്കേണ്ടതിനു ജാഗ്രതയായിരിപ്പാൻ യിസ്രായേൽമക്കളോടു കല്പിക്കേണം. 3നീ അവരോടു പറയേണ്ടത്: നിങ്ങൾ യഹോവയ്ക്ക് അർപ്പിക്കേണ്ടുന്ന ദഹനയാഗം എന്തെന്നാൽ: നാൾതോറും നിരന്തരഹോമയാഗത്തിനായി ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത രണ്ടു കുഞ്ഞാട്. 4ഒരു കുഞ്ഞാടിനെ രാവിലെയും മറ്റേ കുഞ്ഞാടിനെ വൈകുന്നേരത്തും യാഗം കഴിക്കേണം. 5ഇടിച്ചെടുത്ത എണ്ണ കാൽ ഹീൻ ചേർത്ത ഒരിടങ്ങഴി മാവ് ഭോജനയാഗമായും അർപ്പിക്കേണം. 6ഇതു യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗമായി സീനായിപർവതത്തിൽവച്ചു നിയമിക്കപ്പെട്ട നിരന്തരഹോമയാഗം. 7അതിന്റെ പാനീയയാഗം കുഞ്ഞാടൊന്നിനു കാൽ ഹീൻ മദ്യം ആയിരിക്കേണം; അതു യഹോവയ്ക്കു പാനീയയാഗമായി വിശുദ്ധമന്ദിരത്തിൽ ഒഴിക്കേണം. 8മറ്റേ കുഞ്ഞാടിനെ വൈകുന്നേരത്തു യാഗം കഴിക്കേണം; അതിനെ രാവിലത്തെ ഭോജനയാഗവും അതിന്റെ പാനീയയാഗവുംപോലെ യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗമായി അർപ്പിക്കേണം.
9ശബ്ബത്തുനാളിലോ ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത രണ്ടു കുഞ്ഞാടിനെയും ഭോജനയാഗത്തിനായി എണ്ണ ചേർത്ത രണ്ടിടങ്ങഴി മാവും അതിന്റെ പാനീയയാഗവും അർപ്പിക്കേണം. 10നിരന്തരഹോമയാഗത്തിനും അതിന്റെ പാനീയയാഗത്തിനും പുറമേ ഇതു ശബ്ബത്തുതോറുമുള്ള ഹോമയാഗം.
11നിങ്ങളുടെ മാസാരംഭങ്ങളിൽ നിങ്ങൾ യഹോവയ്ക്കു ഹോമയാഗത്തിനായി രണ്ടു കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഏഴു കുഞ്ഞാടിനെയും 12കാള ഒന്നിനു ഭോജനയാഗമായി എണ്ണചേർത്ത മൂന്നിടങ്ങഴി മാവും ആട്ടുകൊറ്റനു ഭോജനയാഗമായി എണ്ണ ചേർത്ത രണ്ടിടങ്ങഴി മാവും 13കുഞ്ഞാടൊന്നിനു ഭോജനയാഗമായി എണ്ണചേർത്ത ഒരിടങ്ങഴി മാവും അർപ്പിക്കേണം. അതു ഹോമയാഗം; യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗംതന്നെ. 14അവയുടെ പാനീയയാഗം കാളയൊന്നിന് അര ഹീൻ വീഞ്ഞും ആട്ടുകൊറ്റന് ഹീനിന്റെ മൂന്നിൽ ഒന്നും കുഞ്ഞാടൊന്നിനു കാൽ ഹീനും ആയിരിക്കേണം; ഇതു മാസാന്തരം അമാവാസിതോറുമുള്ള ഹോമയാഗം. 15നിരന്തരഹോമയാഗത്തിനും അതിന്റെ പാനീയയാഗത്തിനും പുറമേ പാപയാഗമായി യഹോവയ്ക്ക് ഒരു കോലാട്ടുകൊറ്റനെയും അർപ്പിക്കേണം.
16ഒന്നാം മാസം പതിന്നാലാം തീയതി യഹോവയുടെ പെസഹ ആകുന്നു. 17ആ മാസം പതിനഞ്ചാം തീയതി പെരുന്നാൾ ആയിരിക്കേണം. ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നേണം. 18ഒന്നാം ദിവസം വിശുദ്ധസഭായോഗം കൂടേണം; അന്നു സാമാന്യവേലയൊന്നും ചെയ്യരുത്. 19എന്നാൽ നിങ്ങൾ യഹോവയ്ക്ക് ഹോമയാഗത്തിനായി രണ്ടു കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഏഴു കുഞ്ഞാടിനെയും ദഹനയാഗമായി അർപ്പിക്കേണം; അവ ഊനമില്ലാത്തവ ആയിരിക്കേണം. 20അവയുടെ ഭോജനയാഗം എണ്ണ ചേർത്ത മാവ് ആയിരിക്കേണം; കാള ഒന്നിനു മൂന്നിടങ്ങഴിയും ആട്ടുകൊറ്റന് രണ്ടിടങ്ങഴിയും 21ഏഴു കുഞ്ഞാട്ടിൽ ഓരോന്നിന് ഓരോ ഇടങ്ങഴിയും അർപ്പിക്കേണം. 22നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാൻ പാപയാഗത്തിനായി ഒരു കോലാട്ടിനെയും അർപ്പിക്കേണം. 23നിരന്തരഹോമയാഗമായ രാവിലത്തെ ഹോമയാഗത്തിനു പുറമേ ഇവ അർപ്പിക്കേണം. 24ഇങ്ങനെ ഏഴു നാളും യഹോവയ്ക്ക് സൗരഭ്യവാസനയായി ദഹനയാഗത്തിന്റെ ഭോജനം ദിവസംപ്രതി അർപ്പിക്കേണം. നിരന്തരഹോമയാഗത്തിനും അതിന്റെ പാനീയയാഗത്തിനും പുറമേ ഇത് അർപ്പിക്കേണം. 25ഏഴാം ദിവസം വിശുദ്ധസഭായോഗം കൂടേണം; അന്നു സാമാന്യവേലയൊന്നും ചെയ്യരുത്.
26വാരോത്സവമായ ആദ്യഫലദിവസത്തിൽ പുതിയ ധാന്യംകൊണ്ട് ഒരു ഭോജനയാഗം കൊണ്ടുവരുമ്പോഴും വിശുദ്ധസഭായോഗം കൂടേണം. അന്നു സാമാന്യവേലയൊന്നും ചെയ്യരുത്. 27എന്നാൽ നിങ്ങൾ യഹോവയ്ക്ക് സൗരഭ്യവാസനയായ ഹോമയാഗത്തിനായി രണ്ടു കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഏഴു കുഞ്ഞാടിനെയും അർപ്പിക്കേണം. 28അവയുടെ ഭോജനയാഗമായി എണ്ണ ചേർത്ത മാവ്, കാള ഒന്നിന് ഇടങ്ങഴി മൂന്നും ആട്ടുകൊറ്റന് ഇടങ്ങഴി രണ്ടും 29ഏഴ് കുഞ്ഞാട്ടിൽ ഓരോന്നിന് ഇടങ്ങഴി ഓരോന്നും 30നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാൻ ഒരു കോലാട്ടുകൊറ്റനും വേണം. 31നിരന്തരഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും അവയുടെ പാനീയയാഗത്തിനും പുറമേ നിങ്ങൾ ഇവ അർപ്പിക്കേണം; അവ ഊനമില്ലാത്തവ ആയിരിക്കേണം.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Video for സംഖ്യാപുസ്തകം 28