YouVersion Logo
Search Icon

സംഖ്യാപുസ്തകം 22

22
1യിസ്രായേൽമക്കൾ യാത്ര പുറപ്പെട്ട് യെരീഹോവിന്റെ സമീപത്തു യോർദ്ദാനക്കരെ മോവാബ്സമഭൂമിയിൽ പാളയമിറങ്ങി. 2യിസ്രായേൽ അമോര്യരോടു ചെയ്തതൊക്കെയും സിപ്പോരിന്റെ മകനായ ബാലാക് അറിഞ്ഞു. 3ജനം വളരെയായിരുന്നതുകൊണ്ടു മോവാബ് ഏറ്റവും ഭയപ്പെട്ടു; യിസ്രായേൽമക്കളെക്കുറിച്ചു മോവാബ് പരിഭ്രമിച്ചു. 4മോവാബ് മിദ്യാന്യമൂപ്പന്മാരോട്: കാള വയലിലെ പുല്ലു നക്കിക്കളയുന്നതുപോലെ ഈ കൂട്ടം നമ്മുടെ ചുറ്റുമുള്ള എല്ലാവരെയും നക്കിക്കളയും എന്നു പറഞ്ഞു. അക്കാലത്തു മോവാബ്‍രാജാവ് സിപ്പോരിന്റെ മകനായ ബാലാക് ആയിരുന്നു. 5അവൻ ബെയോരിന്റെ മകനായ ബിലെയാമിനെ വിളിപ്പാൻ അവന്റെ സ്വജാതിക്കാരുടെ ദേശത്തു നദീതീരത്തുള്ള പെഥോരിലേക്കു ദൂതന്മാരെ അയച്ചു: ഒരു ജനം മിസ്രയീമിൽനിന്നു പുറപ്പെട്ടുവന്നു ഭൂതലത്തെ മൂടിയിരിക്കുന്നു; അവർ എനിക്കെതിരേ പാർക്കുന്നു. 6നീ വന്ന് എനിക്കുവേണ്ടി ഈ ജനത്തെ ശപിക്കേണമേ; അവർ എന്നെക്കാൾ ഏറ്റവും ബലവാന്മാർ ആയിരിക്കകൊണ്ടു പക്ഷേ അവരെ തോല്പിച്ചു ദേശത്തുനിന്ന് ഓടിച്ചുകളവാൻ എനിക്കു കഴിവുണ്ടാകുമായിരിക്കും; നീ അനുഗ്രഹിക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ, നീ ശപിക്കുന്നവൻ ശപിക്കപ്പെട്ടവൻ എന്നു ഞാൻ അറിയുന്നു എന്നു പറയിച്ചു. 7മോവാബ്യമൂപ്പന്മാരും മിദ്യാന്യമൂപ്പന്മാരുംകൂടി കൈയിൽ പ്രശ്നദക്ഷിണയുമായി ബിലെയാമിന്റെ അടുക്കൽ ചെന്നു ബാലാക്കിന്റെ വാക്കുകളെ അവനോടു പറഞ്ഞു. 8അവൻ അവരോട്: ഇന്നു രാത്രി ഇവിടെ പാർപ്പിൻ; യഹോവ എന്നോട് അരുളിച്ചെയ്യുന്നതുപോലെ ഞാൻ നിങ്ങളോട് ഉത്തരം പറയാം എന്നു പറഞ്ഞു. മോവാബ്യപ്രഭുക്കന്മാർ ബിലെയാമിനോടുകൂടെ പാർത്തു. 9ദൈവം ബിലെയാമിന്റെ അടുക്കൽ വന്നു: നിന്നോടുകൂടെയുള്ള ഈ മനുഷ്യർ ആരെന്നു ചോദിച്ചു. 10ബിലെയാം ദൈവത്തോട്: ഒരു ജനം മിസ്രയീമിൽനിന്നു പുറപ്പെട്ടുവന്നു ഭൂതലത്തെ മൂടിയിരിക്കുന്നു; നീ വന്ന് എനിക്കുവേണ്ടി അവരെ ശപിക്കേണം; 11പക്ഷേ അവരോടു യുദ്ധം ചെയ്ത് അവരെ ഓടിച്ചുകളവാൻ എനിക്കു കഴിയും എന്നിങ്ങനെ മോവാബ്‍രാജാവായി സിപ്പോരിന്റെ മകനായ ബാലാക് എന്റെ അടുക്കൽ പറഞ്ഞയച്ചിരിക്കുന്നു എന്നു പറഞ്ഞു. 12ദൈവം ബിലെയാമിനോട്: നീ അവരോടുകൂടെ പോകരുത്; ആ ജനത്തെ ശപിക്കയും അരുത്; അവർ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു എന്നു കല്പിച്ചു. 13ബിലെയാം രാവിലെ എഴുന്നേറ്റ് ബാലാക്കിന്റെ പ്രഭുക്കന്മാരോട്: നിങ്ങളുടെ ദേശത്തേക്കു പോകുവിൻ; നിങ്ങളോടുകൂടെ പോരുവാൻ യഹോവ എനിക്ക് അനുവാദം തരുന്നില്ല എന്നു പറഞ്ഞു. 14മോവാബ്യപ്രഭുക്കന്മാർ പുറപ്പെട്ടു ബാലാക്കിന്റെ അടുക്കൽ ചെന്നു: ബിലെയാമിനു ഞങ്ങളോടുകൂടെ വരുവാൻ മനസ്സില്ല എന്നു പറഞ്ഞു. 15ബാലാക് വീണ്ടും അവരെക്കാൾ മാന്യരായ അധികം പ്രഭുക്കന്മാരെ അയച്ചു. 16അവർ ബിലെയാമിന്റെ അടുക്കൽ വന്ന് അവനോട്: എന്റെ അടുക്കൽ വരുന്നതിന് മുടക്കം ഒന്നും പറയരുതേ. 17ഞാൻ നിന്നെ ഏറ്റവും ബഹുമാനിക്കും; നീ എന്നോടു പറയുന്നതൊക്കെയും ഞാൻ ചെയ്യാം; വന്ന് എനിക്കുവേണ്ടി ഈ ജനത്തെ ശപിക്കേണമേ എന്നു സിപ്പോരിന്റെ മകനായ ബാലാക് പറയുന്നു എന്നു പറഞ്ഞു. 18ബിലെയാം ബാലാക്കിന്റെ ഭൃത്യന്മാരോട്: ബാലാക് തന്റെ ഗൃഹം നിറച്ചു വെള്ളിയും പൊന്നും എനിക്കു തന്നാലും എന്റെ ദൈവമായ യഹോവയുടെ കല്പന ലംഘിച്ച് ഏറെയോ കുറെയോ ചെയ്‍വാൻ എനിക്കു കഴിയുന്നതല്ല. 19ആകയാൽ യഹോവ ഇനിയും എന്നോട് എന്ത് അരുളിച്ചെയ്യും എന്നു ഞാൻ അറിയട്ടെ; നിങ്ങളും ഈ രാത്രി ഇവിടെ പാർപ്പിൻ എന്ന് ഉത്തരം പറഞ്ഞു. 20രാത്രിയിൽ ദൈവം ബിലെയാമിന്റെ അടുക്കൽ വന്നു: ഇവർ നിന്നെ വിളിപ്പാൻ വന്നിരിക്കുന്നു എങ്കിൽ പുറപ്പെട്ട് അവരോടുകൂടെ പോക; എന്നാൽ ഞാൻ നിന്നോടു കല്പിക്കുന്ന കാര്യം മാത്രമേ ചെയ്യാവൂ എന്നു കല്പിച്ചു. 21ബിലെയാം രാവിലെ എഴുന്നേറ്റു കഴുതയ്ക്കു കോപ്പിട്ടു മോവാബ്യപ്രഭുക്കന്മാരോടുകൂടെ പോയി. 22അവൻ പോകുന്നതുകൊണ്ടു ദൈവത്തിന്റെ കോപം ജ്വലിച്ചു; യഹോവയുടെ ദൂതൻ വഴിയിൽ അവനു പ്രതിയോഗിയായി നിന്നു; അവനോ കഴുതപ്പുറത്തു കയറി യാത്ര ചെയ്കയായിരുന്നു; അവന്റെ രണ്ടു ബാല്യക്കാരും കൂടെ ഉണ്ടായിരുന്നു. 23യഹോവയുടെ ദൂതൻ വാൾ ഊരിപ്പിടിച്ചുകൊണ്ടു വഴിയിൽ നില്ക്കുന്നതു കഴുത കണ്ടു; കഴുത വഴിയിൽനിന്നു മാറി വയലിലേക്കു പോയി; കഴുതയെ വഴിയിലേക്കു തിരിക്കേണ്ടതിന് ബിലെയാം അതിനെ അടിച്ചു. 24പിന്നെ യഹോവയുടെ ദൂതൻ ഇരുപുറവും മതിലുള്ള മുന്തിരിത്തോട്ടങ്ങളുടെ ഇടുക്കുവഴിയിൽ നിന്നു. 25കഴുത യഹോവയുടെ ദൂതനെ കണ്ടപ്പോൾ മതിലരികെ ഒതുങ്ങി ബിലെയാമിന്റെ കാൽ മതിലോടു ചേർത്തു ഞെക്കി; അവൻ അതിനെ വീണ്ടും അടിച്ചു. 26പിന്നെ യഹോവയുടെ ദൂതൻ മുമ്പോട്ടുചെന്ന് ഇടത്തോട്ടും വലത്തോട്ടും മാറുവാൻ വഴിയില്ലാത്ത ഒരു ഇടുക്കിടയിൽ നിന്നു. 27യഹോവയുടെ ദൂതനെ കണ്ടപ്പോൾ കഴുത ബിലെയാമിന്റെ കീഴെ കിടന്നുകളഞ്ഞു; ബിലെയാമിന്റെ കോപം ജ്വലിച്ച് അവൻ കഴുതയെ വടികൊണ്ട് അടിച്ചു. 28അപ്പോൾ യഹോവ കഴുതയുടെ വായ്തുറന്നു; അതു ബിലെയാമിനോട്: നീ എന്നെ ഈ മൂന്നു പ്രാവശ്യം അടിപ്പാൻ ഞാൻ നിന്നോട് എന്തു ചെയ്തു എന്നു ചോദിച്ചു. 29ബിലെയാം കഴുതയോട്: നീ എന്നെ കളിയാക്കിയതുകൊണ്ടത്രേ. എന്റെ കൈയിൽ ഒരു വാൾ ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇപ്പോൾതന്നെ നിന്നെ കൊന്നുകളയുമായിരുന്നു എന്നു പറഞ്ഞു. 30കഴുത ബിലെയാമിനോട്: ഞാൻ നിന്റെ കഴുതയല്ലയോ? ഇക്കാലമൊക്കെയും എന്റെ പുറത്തല്ലയോ നീ കയറി നടന്നത്? ഞാൻ എപ്പോഴെങ്കിലും ഇങ്ങനെ നിന്നോടു കാണിച്ചിട്ടുണ്ടോ എന്നു ചോദിച്ചു. ഇല്ല എന്ന് അവൻ പറഞ്ഞു. 31അപ്പോൾ യഹോവ ബിലെയാമിന്റെ കണ്ണ് തുറന്നു, യഹോവയുടെ ദൂതൻ വാളൂരിപ്പിടിച്ചുകൊണ്ടു നില്ക്കുന്നത് അവൻ കണ്ടു സാഷ്ടാംഗം വീണു നമസ്കരിച്ചു. 32യഹോവയുടെ ദൂതൻ അവനോട്: ഈ മൂന്നു പ്രാവശ്യം നീ കഴുതയെ അടിച്ചത് എന്ത്? ഇതാ, ഞാൻ നിനക്കു പ്രതിയോഗിയായി പുറപ്പെട്ടിരിക്കുന്നു: നിന്റെ വഴി നാശകരം എന്നു ഞാൻ കാണുന്നു. 33കഴുത എന്നെ കണ്ട് ഈ മൂന്നു പ്രാവശ്യം എന്റെ മുമ്പിൽനിന്നു മാറിപ്പോയി; അതു മാറിപ്പോയിരുന്നില്ലെങ്കിൽ ഞാൻ ഇപ്പോൾതന്നെ നിന്നെ കൊന്നുകളകയും അതിനെ ജീവനോടെ രക്ഷിക്കയും ചെയ്യുമായിരുന്നു എന്നു പറഞ്ഞു. 34ബിലെയാം യഹോവയുടെ ദൂതനോട്: ഞാൻ പാപം ചെയ്തിരിക്കുന്നു: നീ എനിക്ക് എതിരായി വഴിയിൽ നിന്നിരുന്നു എന്നു ഞാൻ അറിഞ്ഞില്ല; ഇതു നിനക്ക് അനിഷ്ടമെന്നു വരികിൽ ഞാൻ മടങ്ങിപ്പൊയ്ക്കൊള്ളാം എന്നു പറഞ്ഞു. 35യഹോവയുടെ ദൂതൻ ബിലെയാമിനോട്: ഇവരോടുകൂടെ പോക; എങ്കിലും ഞാൻ നിന്നോടു കല്പിക്കുന്ന വചനം മാത്രമേ പറയാവൂ എന്നു പറഞ്ഞു; ബിലെയാം ബാലാക്കിന്റെ പ്രഭുക്കന്മാരോടുകൂടെ പോകയും ചെയ്തു. 36ബിലെയാം വരുന്നു എന്നു ബാലാക് കേട്ടപ്പോൾ അർന്നോൻതീരത്തു ദേശത്തിന്റെ അതിരിലുള്ള ഈർമോവാബ്‍വരെ അവനെ എതിരേറ്റു ചെന്നു. 37ബാലാക് ബിലെയാമിനോട്: ഞാൻ നിന്നെ വിളിപ്പാൻ ആളയച്ചില്ലയോ? നീ വരാതിരുന്നത് എന്ത്? നിന്നെ ബഹുമാനിപ്പാൻ എനിക്കു കഴികയില്ലയോ എന്നു പറഞ്ഞതിനു 38ബിലെയാം ബാലാക്കിനോട്: ഞാൻ വന്നിരിക്കുന്നുവല്ലോ; എന്നാൽ എന്തെങ്കിലും പറവാൻ എനിക്കു കഴിയുമോ? ദൈവം എന്റെ നാവിന്മേൽ ആക്കിത്തരുന്ന വചനമേ ഞാൻ പ്രസ്താവിക്കയുള്ളൂ എന്നു പറഞ്ഞു. 39അങ്ങനെ ബിലെയാം ബാലാക്കിനോടുകൂടെ പോയി; അവർ കിര്യത്ത്-ഹൂസോത്തിൽ എത്തി. 40ബാലാക് കാളകളെയും ആടുകളെയും അറുത്ത് ബിലെയാമിനും അവനോടുകൂടെയുള്ള പ്രഭുക്കന്മാർക്കും കൊടുത്തയച്ചു. 41പിറ്റന്നാൾ ബാലാക് ബിലെയാമിനെ ബാമോത്ത്-ബാലിലേക്കു കൂട്ടിക്കൊണ്ടു പോയി; അവിടെനിന്ന് അവൻ ജനത്തിന്റെ ഒരു അറ്റം കണ്ടു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Video for സംഖ്യാപുസ്തകം 22