YouVersion Logo
Search Icon

സംഖ്യാപുസ്തകം 22:21-31

സംഖ്യാപുസ്തകം 22:21-31 MALOVBSI

ബിലെയാം രാവിലെ എഴുന്നേറ്റു കഴുതയ്ക്കു കോപ്പിട്ടു മോവാബ്യപ്രഭുക്കന്മാരോടുകൂടെ പോയി. അവൻ പോകുന്നതുകൊണ്ടു ദൈവത്തിന്റെ കോപം ജ്വലിച്ചു; യഹോവയുടെ ദൂതൻ വഴിയിൽ അവനു പ്രതിയോഗിയായി നിന്നു; അവനോ കഴുതപ്പുറത്തു കയറി യാത്ര ചെയ്കയായിരുന്നു; അവന്റെ രണ്ടു ബാല്യക്കാരും കൂടെ ഉണ്ടായിരുന്നു. യഹോവയുടെ ദൂതൻ വാൾ ഊരിപ്പിടിച്ചുകൊണ്ടു വഴിയിൽ നില്ക്കുന്നതു കഴുത കണ്ടു; കഴുത വഴിയിൽനിന്നു മാറി വയലിലേക്കു പോയി; കഴുതയെ വഴിയിലേക്കു തിരിക്കേണ്ടതിന് ബിലെയാം അതിനെ അടിച്ചു. പിന്നെ യഹോവയുടെ ദൂതൻ ഇരുപുറവും മതിലുള്ള മുന്തിരിത്തോട്ടങ്ങളുടെ ഇടുക്കുവഴിയിൽ നിന്നു. കഴുത യഹോവയുടെ ദൂതനെ കണ്ടപ്പോൾ മതിലരികെ ഒതുങ്ങി ബിലെയാമിന്റെ കാൽ മതിലോടു ചേർത്തു ഞെക്കി; അവൻ അതിനെ വീണ്ടും അടിച്ചു. പിന്നെ യഹോവയുടെ ദൂതൻ മുമ്പോട്ടുചെന്ന് ഇടത്തോട്ടും വലത്തോട്ടും മാറുവാൻ വഴിയില്ലാത്ത ഒരു ഇടുക്കിടയിൽ നിന്നു. യഹോവയുടെ ദൂതനെ കണ്ടപ്പോൾ കഴുത ബിലെയാമിന്റെ കീഴെ കിടന്നുകളഞ്ഞു; ബിലെയാമിന്റെ കോപം ജ്വലിച്ച് അവൻ കഴുതയെ വടികൊണ്ട് അടിച്ചു. അപ്പോൾ യഹോവ കഴുതയുടെ വായ്തുറന്നു; അതു ബിലെയാമിനോട്: നീ എന്നെ ഈ മൂന്നു പ്രാവശ്യം അടിപ്പാൻ ഞാൻ നിന്നോട് എന്തു ചെയ്തു എന്നു ചോദിച്ചു. ബിലെയാം കഴുതയോട്: നീ എന്നെ കളിയാക്കിയതുകൊണ്ടത്രേ. എന്റെ കൈയിൽ ഒരു വാൾ ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇപ്പോൾതന്നെ നിന്നെ കൊന്നുകളയുമായിരുന്നു എന്നു പറഞ്ഞു. കഴുത ബിലെയാമിനോട്: ഞാൻ നിന്റെ കഴുതയല്ലയോ? ഇക്കാലമൊക്കെയും എന്റെ പുറത്തല്ലയോ നീ കയറി നടന്നത്? ഞാൻ എപ്പോഴെങ്കിലും ഇങ്ങനെ നിന്നോടു കാണിച്ചിട്ടുണ്ടോ എന്നു ചോദിച്ചു. ഇല്ല എന്ന് അവൻ പറഞ്ഞു. അപ്പോൾ യഹോവ ബിലെയാമിന്റെ കണ്ണ് തുറന്നു, യഹോവയുടെ ദൂതൻ വാളൂരിപ്പിടിച്ചുകൊണ്ടു നില്ക്കുന്നത് അവൻ കണ്ടു സാഷ്ടാംഗം വീണു നമസ്കരിച്ചു.

Video for സംഖ്യാപുസ്തകം 22:21-31