സംഖ്യാപുസ്തകം 19
19
1യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത്: 2യഹോവ കല്പിച്ച ന്യായപ്രമാണമെന്തെന്നാൽ: കളങ്കവും ഊനവുമില്ലാത്തതും നുകം വയ്ക്കാത്തതുമായ ഒരു ചുവന്ന പശുക്കിടാവിനെ നിന്റെ അടുക്കൽ കൊണ്ടുവരുവാൻ യിസ്രായേൽമക്കളോടു പറക. 3നിങ്ങൾ അതിനെ പുരോഹിതനായ എലെയാസാരിന്റെ പക്കൽ ഏല്പിക്കേണം; അവൻ അതിനെ പാളയത്തിനു പുറത്തു കൊണ്ടുപോകയും ഒരുവൻ അതിനെ അവന്റെ മുമ്പിൽവച്ച് അറുക്കയും വേണം. 4പുരോഹിതനായ എലെയാസാർ വിരൽകൊണ്ട് അതിന്റെ രക്തം കുറെ എടുത്തു സമാഗമനകൂടാരത്തിന്റെ മുൻഭാഗത്തിനു നേരേ ഏഴു പ്രാവശ്യം തളിക്കേണം. 5അതിന്റെശേഷം പശുക്കിടാവിനെ അവൻ കാൺകെ ചുട്ടു ഭസ്മീകരിക്കേണം; അതിന്റെ തോലും മാംസവും രക്തവും ചാണകവും കൂടെ ചുടേണം. 6പിന്നെ പുരോഹിതൻ ദേവദാരു, ഈസോപ്പ്, ചുവപ്പുനൂൽ എന്നിവ എടുത്ത് പശുക്കിടാവിനെ ചുടുന്ന തീയുടെ നടുവിൽ ഇടേണം. 7അനന്തരം പുരോഹിതൻ വസ്ത്രം അലക്കി ദേഹം വെള്ളത്തിൽ കഴുകിയശേഷം പാളയത്തിലേക്കു വരികയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം. 8അതിനെ ചുട്ടവനും വസ്ത്രം അലക്കി ദേഹം വെള്ളത്തിൽ കഴുകുകയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം. 9പിന്നെ ശുദ്ധിയുള്ള ഒരുത്തൻ പശുക്കിടാവിന്റെ ഭസ്മം വാരി പാളയത്തിനു പുറത്തു വെടിപ്പുള്ള ഒരു സ്ഥലത്തു വയ്ക്കേണം; അതു യിസ്രായേൽമക്കളുടെ സഭയ്ക്കുവേണ്ടി ശുദ്ധീകരണജലത്തിനായി സൂക്ഷിച്ചുവയ്ക്കേണം; അത് ഒരു പാപയാഗം. 10പശുക്കിടാവിന്റെ ഭസ്മം വാരിയവനും വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം; യിസ്രായേൽമക്കൾക്കും അവരുടെ ഇടയിൽ വന്നുപാർക്കുന്ന പരദേശിക്കും ഇത് എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം. 11യാതൊരു മനുഷ്യന്റെയും ശവം തൊടുന്നവൻ ഏഴു ദിവസം അശുദ്ധൻ ആയിരിക്കേണം. 12അവൻ മൂന്നാം ദിവസവും ഏഴാം ദിവസവും ആ വെള്ളംകൊണ്ടു തന്നെത്താൻ ശുദ്ധീകരിക്കേണം; അങ്ങനെ അവൻ ശുദ്ധിയുള്ളവനാകും; എന്നാൽ മൂന്നാം ദിവസംതന്നെ ശുദ്ധീകരിക്കാഞ്ഞാൽ ഏഴാം ദിവസം അവൻ ശുദ്ധിയുള്ളവനാകയില്ല. 13മരിച്ചുപോയ ഒരു മനുഷ്യന്റെ ശവം ആരെങ്കിലും തൊട്ടിട്ടു തന്നെത്താൻ ശുദ്ധീകരിക്കാഞ്ഞാൽ അവൻ യഹോവയുടെ തിരുനിവാസത്തെ അശുദ്ധമാക്കുന്നു; അവനെ യിസ്രായേലിൽനിന്നു ഛേദിച്ചുകളയേണം; ശുദ്ധീകരണജലംകൊണ്ട് അവനെ തളിച്ചില്ല; അവൻ അശുദ്ധൻ. അവന്റെ അശുദ്ധി അവന്റെമേൽ നില്ക്കുന്നു. 14കൂടാരത്തിൽവച്ച് ഒരുത്തൻ മരിച്ചാലുള്ള ന്യായപ്രമാണം ആവിത്: ആ കൂടാരത്തിൽ കടക്കുന്ന ഏവനും കൂടാരത്തിൽ ഇരിക്കുന്ന ഏവനും ഏഴു ദിവസം അശുദ്ധൻ ആയിരിക്കേണം. 15മൂടിക്കെട്ടാതെ തുറന്നിരിക്കുന്ന പാത്രമെല്ലാം അശുദ്ധമാകും. 16വെളിയിൽ വച്ചു വാളാൽ കൊല്ലപ്പെട്ട ഒരുത്തനെയോ മരിച്ചുപോയ ഒരുത്തനെയോ മനുഷ്യന്റെ അസ്ഥിയെയോ ഒരു ശവക്കുഴിയെയോ തൊടുന്നവൻ എല്ലാം ഏഴു ദിവസം അശുദ്ധനായിരിക്കേണം. 17അശുദ്ധനായിത്തീരുന്നവനുവേണ്ടി പാപയാഗം ചുട്ട ഭസ്മം എടുത്ത് ഒരു പാത്രത്തിൽ ഇട്ട് അതിൽ ഉറവുവെള്ളം ഒഴിക്കേണം. 18പിന്നെ ശുദ്ധിയുള്ള ഒരുത്തൻ ഈസോപ്പ് എടുത്തു വെള്ളത്തിൽ മുക്കി കൂടാരത്തെയും സകല പാത്രങ്ങളെയും അവിടെ ഉണ്ടായിരുന്ന ആളുകളെയും അസ്ഥിയെയോ കൊല്ലപ്പെട്ട ഒരുത്തനെയോ മരിച്ചുപോയ ഒരുത്തനെയോ ഒരു ശവക്കുഴിയെയോ തൊട്ടവനെയും തളിക്കേണം. 19ശുദ്ധിയുള്ളവൻ അശുദ്ധനായിത്തീർന്നവനെ മൂന്നാം ദിവസവും ഏഴാം ദിവസവും തളിക്കേണം; ഏഴാം ദിവസം അവൻ തന്നെ ശുദ്ധീകരിച്ചു വസ്ത്രം അലക്കി വെള്ളത്തിൽ തന്നെത്താൻ കഴുകേണം; സന്ധ്യക്ക് അവൻ ശുദ്ധിയുള്ളവനാകും. 20എന്നാൽ ആരെങ്കിലും അശുദ്ധനായിത്തീർന്നിട്ടു തന്നെത്താൻ ശുദ്ധീകരിക്കാഞ്ഞാൽ അവനെ സഭയിൽനിന്നു ഛേദിച്ചുകളയേണം; അവൻ യഹോവയുടെ വിശുദ്ധമന്ദിരം അശുദ്ധമാക്കി; ശുദ്ധീകരണജലംകൊണ്ട് അവനെ തളിച്ചില്ല; അവൻ അശുദ്ധൻ. 21ഇത് അവർക്ക് എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം; ശുദ്ധീകരണജലം തളിക്കുന്നവൻ വസ്ത്രം അലക്കേണം; ശുദ്ധീകരണജലം തൊടുന്നവനും സന്ധ്യവരെ അശുദ്ധനായിരിക്കേണം. 22അശുദ്ധൻ തൊടുന്നത് എല്ലാം അശുദ്ധമാകും; അതു തൊടുന്നവനും സന്ധ്യവരെ അശുദ്ധനായിരിക്കേണം.
Currently Selected:
സംഖ്യാപുസ്തകം 19: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.