YouVersion Logo
Search Icon

നെഹെമ്യാവ് 4

4
1ഞങ്ങൾ മതിൽ പണിയുന്നു എന്നു സൻബല്ലത്ത് കേട്ടപ്പോൾ അവൻ കോപവും മഹാരോഷവും പൂണ്ടു യെഹൂദന്മാരെ നിന്ദിച്ചു. 2ഈ ദുർബലന്മാരായ യെഹൂദന്മാർ എന്തു ചെയ്‍വാൻ പോകുന്നു? അവരെ സമ്മതിക്കുമോ അവർ യാഗം കഴിക്കുമോ? ഒരു ദിവസംകൊണ്ടു പണി തീർത്തുകളയുമോ? വെന്തുകിടക്കുന്ന ചണ്ടിക്കൂമ്പാരങ്ങളിൽനിന്ന് അവർ കല്ലു ജീവിപ്പിക്കുമോ എന്നിങ്ങനെ തന്റെ സഹോദരന്മാരും ശമര്യാസൈന്യവും കേൾക്കെ പറഞ്ഞു. 3അപ്പോൾ അവന്റെ അടുക്കൽ നിന്നിരുന്ന അമ്മോന്യനായ തോബീയാവ്: അവർ എങ്ങനെ പണിതാലും ഒരു കുറുക്കൻ കയറിയാൽ അവരുടെ കന്മതിൽ ഉരുണ്ടുവീഴും എന്നു പറഞ്ഞു. 4ഞങ്ങളുടെ ദൈവമേ, കേൾക്കേണമേ; ഞങ്ങൾ നിന്ദിതന്മാർ ആയിരിക്കുന്നു; അവരുടെ നിന്ദയെ അവരുടെ സ്വന്തതലയിലേക്കു തിരിച്ചു പ്രവാസദേശത്തിൽ അവരെ കവർച്ചയ്ക്ക് ഏല്പിക്കേണമേ. 5പണിയുന്നവർ കേൾക്കെ അവർ നിന്നെ കോപിപ്പിച്ചിരിക്കയാൽ അവരുടെ അകൃത്യം മറയ്ക്കരുതേ; അവരുടെ പാപം നിന്റെ മുമ്പിൽനിന്നു മാഞ്ഞുപോകയും അരുതേ. 6അങ്ങനെ ഞങ്ങൾ മതിൽ പണിതു; വേല ചെയ്‍വാൻ ജനത്തിന് ഉത്സാഹം ഉണ്ടായിരുന്നതുകൊണ്ട് മതിൽ മുഴുവനും പാതിപൊക്കംവരെ തീർത്തു.
7യെരൂശലേമിന്റെ മതിലുകൾ അറ്റകുറ്റം തീർന്നുവരുന്നു എന്നും ഇടിവുകൾ അടഞ്ഞുതുടങ്ങി എന്നും സൻബല്ലത്തും തോബീയാവും അരാബ്യരും അമ്മോന്യരും അസ്തോദ്യരും കേട്ടപ്പോൾ അവർക്കു മഹാകോപം ജനിച്ചു. 8യെരൂശലേമിന്റെ നേരേ ചെന്നു യുദ്ധം ചെയ്യേണ്ടതിനും അവിടെ കലക്കം വരുത്തേണ്ടതിനും അവരൊക്കെയും ഒന്നിച്ചുകൂടി കൂട്ടുകെട്ടുണ്ടാക്കി. 9ഞങ്ങളോ ഞങ്ങളുടെ ദൈവത്തോടു പ്രാർഥിച്ചു; അവരുടെ നിമിത്തം രാവും പകലും കാവല്ക്കാരെ ആക്കേണ്ടിവന്നു. 10എന്നാൽ യെഹൂദ്യർ: ചുമട്ടുകാരുടെ ശക്തി ക്ഷയിച്ചുപോകുന്നു; കല്ലും മണ്ണും ഇനിയും വളരെ കിടക്കുന്നു; ആകയാൽ മതിൽ പണിവാൻ നമുക്കു കഴികയില്ല എന്നു പറഞ്ഞു. 11ഞങ്ങളുടെ ശത്രുക്കളോ: നാം അവരുടെ ഇടയിൽ ചെന്ന് അവരെ കൊന്നു പണിമുടക്കുന്നതുവരെ അവർ ഒന്നും അറികയും കാണുകയും അരുത് എന്നു പറഞ്ഞു. 12അവരുടെ സമീപം പാർത്ത യെഹൂദന്മാർ പല സ്ഥലങ്ങളിൽനിന്നും വന്നു; നിങ്ങൾ ഞങ്ങളുടെ അടുക്കൽ വരുവിൻ എന്നു പത്തു പ്രാവശ്യം ഞങ്ങളോട് അപേക്ഷിച്ചു. 13അതുകൊണ്ടു ഞാൻ മതിലിന്റെ പിമ്പുറത്തു പൊക്കം കുറഞ്ഞ സ്ഥലങ്ങളിലും തുറന്നുകിടക്കുന്ന സ്ഥലങ്ങളിലും ആളുകളെ ആക്കി ജനത്തെ കുടുംബംകുടുംബമായി വാളുകളോടും കുന്തങ്ങളോടും വില്ലുകളോടുംകൂടെ നിർത്തി. 14ഞാൻ നോക്കി എഴുന്നേറ്റു നിന്നു പ്രഭുക്കന്മാരോടും പ്രമാണികളോടും ശേഷം ജനത്തോടും: നിങ്ങൾ അവരെ പേടിക്കേണ്ടാ; വലിയവനും ഭയങ്കരനുമായ കർത്താവിനെ ഓർത്തു നിങ്ങളുടെ സഹോദരന്മാർക്കും പുത്രന്മാർക്കും പുത്രിമാർക്കും ഭാര്യമാർക്കും വീടുകൾക്കുംവേണ്ടി പൊരുതുവിൻ എന്നു പറഞ്ഞു. 15ഞങ്ങൾക്ക് അറിവു കിട്ടിപ്പോയെന്നും ദൈവം അവരുടെ ആലോചനയെ നിഷ്ഫലമാക്കിയെന്നും ഞങ്ങളുടെ ശത്രുക്കൾ കേട്ടശേഷം ഞങ്ങൾ എല്ലാവരും മതിലിങ്കൽ താന്താന്റെ വേലയ്ക്കു മടങ്ങിച്ചെല്ലുവാനിടയായി. 16അന്നു മുതൽക്ക് എന്റെ ഭൃത്യന്മാരിൽ പാതിപ്പേർ വേലയ്ക്ക് നിന്നു പാതിപ്പേർ കുന്തവും പരിചയും വില്ലും കവചവും ധരിച്ചു നിന്നു; മതിൽ പണിയുന്ന എല്ലാ യെഹൂദന്മാരുടെയും പുറകിൽ പ്രഭുക്കന്മാർ നിന്നു; 17ചുമടെടുക്കുന്ന ചുമട്ടുകാർ ഒരു കൈകൊണ്ടു വേലചെയ്കയും മറ്റേ കൈകൊണ്ട് ആയുധം പിടിക്കയും ചെയ്തു. 18പണിയുന്നവർ അരയ്ക്കു വാൾ കെട്ടിയും കൊണ്ടു പണിതു. എന്നാൽ കാഹളം ഊതുന്നവൻ എന്റെ അടുക്കൽതന്നെ ആയിരുന്നു. 19ഞാൻ പ്രഭുക്കന്മാരോടും പ്രമാണികളോടും ശേഷം ജനത്തോടും: വേല വലിയതും വിശാലമായതും ആകുന്നു; നാം മതിലിന്മേൽ ചിതറി തമ്മിൽ തമ്മിൽ അകന്നിരിക്കുന്നു. 20നിങ്ങൾ കാഹളനാദം കേൾക്കുന്നേടത്തു ഞങ്ങളുടെ അടുക്കൽ കൂടിക്കൊൾവിൻ; നമ്മുടെ ദൈവം നമുക്കുവേണ്ടി യുദ്ധം ചെയ്യും എന്നു പറഞ്ഞു. 21അങ്ങനെ ഞങ്ങൾ പണിനടത്തി; പാതിപ്പേർ നേരം വെളുക്കുമ്പോൾ തുടങ്ങി നക്ഷത്രം പ്രകാശിക്കുന്നതുവരെ കുന്തം പിടിച്ചുനിന്നു. 22ആ കാലത്തു ഞാൻ ജനത്തോട്: രാത്രിയിൽ നമുക്കു കാവലിനും പകൽ വേല ചെയ്യുന്നതിനും ഉതകത്തക്കവണ്ണം ഓരോരുത്തൻ താന്താന്റെ വേലക്കാരനുമായി യെരൂശലേമിനകത്തു പാർക്കേണം എന്നു പറഞ്ഞു. 23ഞാനോ എന്റെ സഹോദരന്മാരോ എന്റെ ബാല്യക്കാരോ എന്റെ കീഴിലുള്ള കാവല്ക്കാരോ ആരും ഉടുപ്പു മാറിയില്ല; കുളിക്കുന്ന സമയത്തുകൂടെയും ആയുധം ധരിച്ചിരുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Videos for നെഹെമ്യാവ് 4