YouVersion Logo
Search Icon

നെഹെമ്യാവ് 2

2
1അർത്ഥഹ്ശഷ്ടാരാജാവിന്റെ ഇരുപതാം ആണ്ടിൽ നീസാൻമാസത്തിൽ ഞാൻ ഒരിക്കൽ രാജാവിന്റെ മുമ്പാകെ ഇരുന്ന വീഞ്ഞ് എടുത്ത് അവനു കൊടുത്തു; ഞാൻ ഇതിനുമുമ്പ് ഒരിക്കലും അവന്റെ സന്നിധിയിൽ കുണ്ഠിതനായിരുന്നിട്ടില്ല. 2രാജാവ് എന്നോട്: നിന്റെ മുഖം വാടിയിരിക്കുന്നത് എന്ത്? നിനക്കു ദീനം ഒന്നും ഇല്ലല്ലോ; ഇതു മനോദുഃഖമല്ലാതെ മറ്റൊന്നുമല്ല എന്നു പറഞ്ഞു. 3അപ്പോൾ ഞാൻ ഏറ്റവും ഭയപ്പെട്ടു രാജാവിനോട്: രാജാവ് ദീർഘായുസ്സായിരിക്കട്ടെ; എന്റെ പിതാക്കന്മാരുടെ കല്ലറകൾ ഉള്ള പട്ടണം ശൂന്യമായും അതിന്റെ വാതിലുകൾ തീകൊണ്ടു വെന്തും കിടക്കെ എന്റെ മുഖം വാടാതെ ഇരിക്കുന്നത് എങ്ങനെ എന്നു പറഞ്ഞു. 4രാജാവ് എന്നോട്: നിന്റെ അപേക്ഷ എന്ത് എന്നു ചോദിച്ചു; ഉടനെ ഞാൻ സ്വർഗത്തിലെ ദൈവത്തോടു പ്രാർഥിച്ചിട്ട്, 5രാജാവിനോട്: രാജാവിന് തിരുവുള്ളമുണ്ടായി അടിയനു തിരുമുമ്പിൽ ദയ ലഭിച്ചു എങ്കിൽ അടിയനെ യെഹൂദായിൽ എന്റെ പിതാക്കന്മാരുടെ കല്ലറകളുള്ള പട്ടണത്തിലേക്ക് അതു പണിയേണ്ടതിന് ഒന്ന് അയയ്ക്കേണമേ എന്നുണർത്തിച്ചു. 6അതിന് രാജാവ്-രാജ്ഞിയും അരികെ ഇരുന്നിരുന്നു-: നിന്റെ യാത്രയ്ക്ക് എത്രനാൾ വേണം? നീ എപ്പോൾ മടങ്ങിവരും എന്ന് എന്നോടു ചോദിച്ചു. അങ്ങനെ എന്നെ അയയ്പാൻ രാജാവിനു സമ്മതമായി; ഞാൻ ഒരു അവധിയും പറഞ്ഞു. 7രാജാവിനു തിരുവുള്ളമുണ്ടായി ഞാൻ യെഹൂദായിൽ എത്തുംവരെ നദിക്ക് അക്കരെയുള്ള ദേശാധിപതിമാർ എന്നെ കടത്തിവിടേണ്ടതിന് 8അവർക്ക് എഴുത്തുകളും ആലയത്തോടു ചേർന്ന കോട്ടവാതിലുകൾക്കും പട്ടണത്തിന്റെ മതിലിനും ഞാൻ ചെന്നു പാർപ്പാനിരിക്കുന്ന വീട്ടിനും വേണ്ടി ഉത്തരം മുതലായവ ഉണ്ടാക്കുവാൻ രാജാവിന്റെ വനവിചാരകനായ ആസാഫ് എനിക്കു മരം തരേണ്ടതിന് അവന് ഒരു എഴുത്തും നല്കേണമേ എന്നും ഞാൻ രാജാവിനോട് അപേക്ഷിച്ചു. എന്റെ ദൈവത്തിന്റെ ദയയുള്ള കൈ എനിക്ക് അനുകൂലമായിരുന്നതുകൊണ്ട് രാജാവ് അത് എനിക്കു തന്നു. 9അങ്ങനെ ഞാൻ നദിക്ക് അക്കരെയുള്ള ദേശാധിപതിമാരുടെ അടുക്കൽ വന്നു രാജാവിന്റെ എഴുത്ത് അവർക്കു കൊടുത്തു. രാജാവ് പടനായകന്മാരെയും കുതിരച്ചേവകരെയും എന്നോടുകൂടെ അയച്ചിരുന്നു. 10ഹോരോന്യനായ സൻബല്ലത്തും അമ്മോന്യനായ ദാസൻ തോബീയാവും ഇതു കേട്ടപ്പോൾ യിസ്രായേൽ മക്കൾക്കു ഗുണം ചെയ്‍വാൻ ഒരു ആൾ വന്നത് അവർക്ക് ഏറ്റവും അനിഷ്ടമായി. 11ഞാൻ യെരൂശലേമിൽ എത്തി അവിടെ മൂന്നു ദിവസം താമസിച്ചശേഷം 12ഞാനും എന്നോടുകൂടെ ചില പുരുഷന്മാരും രാത്രിയിൽ എഴുന്നേറ്റു; എന്നാൽ യെരൂശലേമിൽ ചെയ്‍വാൻ എന്റെ ദൈവം എന്റെ മനസ്സിൽ തോന്നിച്ചിരുന്നതു ഞാൻ ആരോടും പറഞ്ഞിട്ടില്ലായിരുന്നു; ഞാൻ കയറിയിരുന്ന മൃഗമല്ലാതെ മറ്റൊരു മൃഗവും എന്നോടുകൂടെ ഉണ്ടായിരുന്നില്ല. 13ഞാൻ രാത്രിയിൽ താഴ്‌വരവാതിൽ വഴിയായി പെരുമ്പാമ്പുറവിങ്കലും കുപ്പവാതിൽക്കലും ചെന്നു യെരൂശലേമിന്റെ മതിൽ ഇടിഞ്ഞുകിടക്കുന്നതും വാതിലുകൾ തീവച്ചു ചുട്ടിരിക്കുന്നതും കണ്ടു. 14പിന്നെ ഞാൻ ഉറവു വാതിൽക്കലേക്കും രാജാവിന്റെ കുളത്തിങ്കലേക്കും ചെന്നു; എന്നാൽ ഞാൻ കയറിയിരുന്ന മൃഗത്തിനു കടന്നുപോകുവാൻ സ്ഥലം പോരാതിരുന്നു. 15രാത്രിയിൽതന്നെ ഞാൻ തോട്ടിന്റെ അരികത്തുകൂടി ചെന്നു മതിൽ നോക്കികണ്ടു താഴ്‌വരവാതിലിൻ വഴിയായി മടങ്ങിപ്പോന്നു. 16ഞാൻ എവിടെപ്പോയി എന്നും എന്തു ചെയ്തു എന്നും പ്രമാണികളാരും അറിഞ്ഞില്ല; അന്നുവരെ ഞാൻ യെഹൂദന്മാരോടോ പുരോഹിതന്മാരോടോ പ്രഭുക്കന്മാരോടോ പ്രമാണികളോടോ വേലയെടുക്കുന്ന ശേഷം പേരോടോ യാതൊന്നും അറിയിച്ചിരുന്നില്ല. 17അനന്തരം ഞാൻ അവരോട്: യെരൂശലേം ശൂന്യമായും അതിന്റെ വാതിലുകൾ തീകൊണ്ടു വെന്തും കിടക്കുന്നതായി നാം അകപ്പെട്ടിരിക്കുന്ന ഈ അനർഥം നിങ്ങൾ കാണുന്നുവല്ലോ; വരുവിൻ; നാം ഇനിയും നിന്ദാപാത്രമായിരിക്കാതവണ്ണം യെരൂശലേമിന്റെ മതിൽ പണിയുക എന്നു പറഞ്ഞു. 18എന്റെ ദൈവത്തിന്റെ കൈ എനിക്ക് അനുകൂലമായിരുന്നതും രാജാവ് എന്നോടു കല്പിച്ച വാക്കുകളും ഞാൻ അറിയിച്ചപ്പോൾ അവർ: നാം എഴുന്നേറ്റു പണിയുക എന്നു പറഞ്ഞു. അങ്ങനെ അവർ ആ നല്ല പ്രവൃത്തിക്കായി അന്യോന്യം ധൈര്യപ്പെടുത്തി. 19എന്നാൽ ഹോരോന്യനായ സൻബല്ലത്തും അമ്മോന്യനായ ദാസൻ തോബീയാവും അരാബ്യനായ ഗേശെമും ഇതു കേട്ടിട്ടു ഞങ്ങളെ പരിഹസിച്ചു നിന്ദിച്ചു; നിങ്ങൾ ചെയ്യുന്ന ഈ കാര്യം എന്ത്? നിങ്ങൾ രാജാവിനോടു മത്സരിപ്പാൻ ഭാവിക്കുന്നുവോ എന്നു ചോദിച്ചു. 20അതിനു ഞാൻ അവരോട്: സ്വർഗത്തിലെ ദൈവം ഞങ്ങൾക്കു കാര്യം സാധിപ്പിക്കും; ആകയാൽ അവന്റെ ദാസന്മാരായ ഞങ്ങൾ എഴുന്നേറ്റു പണിയും; നിങ്ങൾക്കോ യെരൂശലേമിൽ ഒരു ഓഹരിയും അവകാശവും ജ്ഞാപകവുമില്ല എന്നുത്തരം പറഞ്ഞു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in