നെഹെമ്യാവ് 13
13
1അന്നു ജനം കേൾക്കെ മോശെയുടെ പുസ്തകം വായിച്ചതിൽ അമ്മോന്യരും മോവാബ്യരും ദൈവത്തിന്റെ സഭയിൽ ഒരുനാളും പ്രവേശിക്കരുത്; 2അവർ അപ്പവും വെള്ളവുംകൊണ്ടു യിസ്രായേൽമക്കളെ എതിരേറ്റുവരാതെ അവരെ ശപിക്കേണ്ടതിന് അവർക്കു വിരോധമായി ബിലെയാമിനെ കൂലിക്കു വിളിച്ചു; എങ്കിലും നമ്മുടെ ദൈവം ആ ശാപത്തെ അനുഗ്രഹമാക്കി എന്ന് എഴുതിയിരിക്കുന്നതു കണ്ടു. 3ആ ന്യായപ്രമാണം കേട്ടപ്പോൾ അവർ സമ്മിശ്രജാതികളെയൊക്കെയും യിസ്രായേലിൽനിന്നു വേർപിരിച്ചു.
4അതിനു മുമ്പേതന്നെ നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ അറകൾക്കു മേൽവിചാരകനായി നിയമിക്കപ്പെട്ടിരുന്ന എല്യാശീബ് പുരോഹിതൻ തോബീയാവിന്റെ ബന്ധുവായിരുന്നതിനാൽ അവന് ഒരു വലിയ അറ ഒരുക്കിക്കൊടുത്തിരുന്നു. 5മുമ്പേ അവിടെ ഭോജനയാഗം, കുന്തുരുക്കം, ഉപകരണങ്ങൾ എന്നിവയും ലേവ്യർക്കും സംഗീതക്കാർക്കും വാതിൽക്കാവല്ക്കാർക്കുംവേണ്ടി നിയമിച്ച ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയുടെ ദശാംശവും പുരോഹിതന്മാർക്കുള്ള ഉദർച്ചാർപ്പണങ്ങളും വച്ചിരുന്നു. 6ഈ കാലത്തൊക്കെയും ഞാൻ യെരൂശലേമിൽ ഉണ്ടായിരുന്നില്ല; ബാബേൽരാജാവായ അർത്ഥഹ്ശഷ്ടാവിന്റെ മുപ്പത്തിരണ്ടാം ആണ്ടിൽ ഞാൻ രാജാവിന്റെ അടുക്കൽ പോയിരുന്നു; കുറെനാൾ കഴിഞ്ഞിട്ടു ഞാൻ രാജാവിനോട് അനുവാദം വാങ്ങി 7യെരൂശലേമിലേക്കു വന്നാറെ എല്യാശീബ് തോബീയാവിന് ദൈവാലയത്തിന്റെ പ്രാകാരങ്ങളിൽ ഒരു അറ ഒരുക്കിക്കൊടുത്തതിനാൽ ചെയ്തദോഷം ഞാൻ അറിഞ്ഞു. 8അത് എനിക്ക് അത്യന്തം വ്യസനമായതുകൊണ്ടു ഞാൻ തോബീയാവിന്റെ വീട്ടുസാമാനമൊക്കെയും അറയിൽനിന്നു പുറത്ത് എറിഞ്ഞുകളഞ്ഞു. 9പിന്നെ ഞാൻ കല്പിച്ചിട്ട് അവർ ആ അറകളെ ശുദ്ധീകരിച്ചു; ദൈവാലയത്തിലെ ഉപകരണങ്ങളും ഭോജനയാഗവും കുന്തുരുക്കവും ഞാൻ വീണ്ടും അവിടെ വരുത്തി. 10ലേവ്യർക്ക് ഉപജീവനം കൊടുക്കായ്കയാൽ വേല ചെയ്യുന്ന ലേവ്യരും സംഗീതക്കാരും ഓരോരുത്തൻ താന്താന്റെ നിലത്തിലേക്കു പൊയ്ക്കളഞ്ഞു എന്നു ഞാൻ അറിഞ്ഞു 11പ്രമാണികളെ ശാസിച്ചു: ദൈവാലയത്തെ ഉപേക്ഷിച്ചുകളഞ്ഞത് എന്ത് എന്നു ചോദിച്ച് അവരെ കൂട്ടിവരുത്തി അവരുടെ സ്ഥാനത്ത് നിർത്തി. 12പിന്നെ എല്ലാ യെഹൂദന്മാരും ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയുടെ ദശാംശം ഭണ്ഡാരഗൃഹങ്ങളിലേക്കു കൊണ്ടുവന്നു. 13ഞാൻ ശേലെമ്യാപുരോഹിതനെയും സാദോക്ശാസ്ത്രിയെയും ലേവ്യരിൽ പെദായാവെയും ഇവർക്കു സഹായിയായിട്ടു മത്ഥന്യാവിന്റെ മകനായ സക്കൂരിന്റെ മകൻ ഹാനാനെയും ഭണ്ഡാരഗൃഹങ്ങളുടെ മേൽവിചാരകന്മാരായി നിയമിച്ചു; അവരെ വിശ്വസ്തരെന്ന് എണ്ണിയിരുന്നു; തങ്ങളുടെ സഹോദരന്മാർക്കു പങ്കിട്ടുകൊടുക്കുന്നതായിരുന്നു അവരുടെ ഉദ്യോഗം. 14എന്റെ ദൈവമേ, ഇത് എനിക്കായി ഓർക്കേണമേ; ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിനും അതിലെ ശുശ്രൂഷയ്ക്കുംവേണ്ടി ചെയ്ത എന്റെ സൽപ്രവൃത്തികളെ മായിച്ചുകളയരുതേ.
15ആ കാലത്ത് യെഹൂദായിൽ ചിലർ ശബ്ബത്തിൽ മുന്തിരിച്ചക്കു ചവിട്ടുന്നതും കറ്റ കൊണ്ടുവരുന്നതും കഴുതപ്പുറത്തു ചുമടു കയറ്റുന്നതും ശബ്ബത്തിൽ വീഞ്ഞ്, മുന്തിരിപ്പഴം, അത്തിപ്പഴം മുതലായ ചുമടെല്ലാം യെരൂശലേമിലേക്കു ചുമന്നുകൊണ്ടു വരുന്നതും കണ്ടു; അവർ ഭക്ഷണസാധനം വില്ക്കുന്ന ദിവസത്തിൽ ഞാൻ അവരെ പ്രബോധിപ്പിച്ചു. 16സോര്യരും അവിടെ പാർത്തു മത്സ്യവും പലചരക്കും കൊണ്ടുവന്നു ശബ്ബത്തിൽ യെഹൂദ്യർക്കും യെരൂശലേമിലും വിറ്റുപോന്നു. 17അതുകൊണ്ടു ഞാൻ യെഹൂദാശ്രേഷ്ഠന്മാരെ ശാസിച്ചു; നിങ്ങൾ ശബ്ബത്തുനാൾ അശുദ്ധമാക്കി ഇങ്ങനെ ദോഷം ചെയ്യുന്നതെന്ത്? 18നിങ്ങളുടെ പിതാക്കന്മാർ ഇങ്ങനെ ചെയ്തതിനാലല്ലയോ നമ്മുടെ ദൈവം നമ്മുടെമേലും ഈ നഗരത്തിന്മേലും ഈ അനർഥമൊക്കെയും വരുത്തിയിരിക്കുന്നത്? എന്നാൽ നിങ്ങൾ ശബ്ബത്തിനെ അശുദ്ധമാക്കുന്നതിനാൽ യിസ്രായേലിന്മേൽ ഉള്ള ക്രോധം വർധിപ്പിക്കുന്നു എന്ന് അവരോടു പറഞ്ഞു. 19പിന്നെ ശബ്ബത്തിന് മുമ്പേ യെരൂശലേം നഗരവാതിലുകളിൽ ഇരുട്ടായിത്തുടങ്ങുമ്പോൾ വാതിലുകൾ അടപ്പാനും ശബ്ബത്ത് കഴിയുംവരെ അവ തുറക്കാതിരിപ്പാനും ഞാൻ കല്പിച്ചു; ശബ്ബത്തുനാളിൽ ഒരു ചുമടും അകത്തു കടത്താതിരിക്കേണ്ടതിനു വാതിലുകൾക്കരികെ എന്റെ ആളുകളിൽ ചിലരെ നിർത്തി. 20അതുകൊണ്ടു കച്ചവടക്കാരും പലചരക്കു വില്ക്കുന്നവരും ഒന്നു രണ്ടു പ്രാവശ്യം യെരൂശലേമിനു പുറത്തു രാപാർത്തു. 21ആകയാൽ ഞാൻ അവരെ പ്രബോധിപ്പിച്ചു: നിങ്ങൾ മതിലിനരികെ രാപാർക്കുന്നതെന്ത്? നിങ്ങൾ ഇനിയും അങ്ങനെ ചെയ്താൽ ഞാൻ നിങ്ങളെ പിടിക്കും എന്ന് അവരോടു പറഞ്ഞു. ആ കാലംമുതൽ അവർ ശബ്ബത്തിൽ വരാതെയിരുന്നു. 22ലേവ്യരോടു ഞാൻ ശബ്ബത്തുനാളിനെ വിശുദ്ധീകരിക്കേണ്ടതിന് തങ്ങളെത്തന്നെ വിശുദ്ധീകരിക്കയും വന്നു വാതിലുകളെ കാക്കുകയും ചെയ്‍വാൻ കല്പിച്ചു. എന്റെ ദൈവമേ, ഇതും എനിക്കായി ഓർത്തു നിന്റെ മഹാദയപ്രകാരം എന്നോടു കനിവു തോന്നേണമേ.
23ആ കാലത്തു ഞാൻ അസ്തോദ്യരും അമ്മോന്യരും മോവാബ്യരും ആയ സ്ത്രീകളെ വിവാഹം കഴിച്ച യെഹൂദന്മാരെ കണ്ടു. 24അവരുടെ മക്കൾ പാതി അസ്തോദ്യഭാഷ സംസാരിച്ചു; അവർ അതതു ജാതിയുടെ ഭാഷയല്ലാതെ യെഹൂദ്യഭാഷ സംസാരിപ്പാൻ അറിഞ്ഞില്ല. 25അവരെ ഞാൻ ശാസിച്ചു ശപിച്ച് അവരിൽ ചിലരെ അടിച്ച് അവരുടെ തലമുടി പറിച്ചു; നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാർക്കു കൊടുക്കരുത്; അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്മാർക്കോ നിങ്ങൾക്കോ എടുക്കയുമരുത് എന്ന് ആജ്ഞാപിച്ച് അവരെക്കൊണ്ടു ദൈവനാമത്തിൽ സത്യം ചെയ്യിച്ചു. 26യിസ്രായേൽരാജാവായ ശലോമോൻ ഇതിനാൽ പാപം ചെയ്തില്ലയോ? അവനെപ്പോലെ ഒരു രാജാവ് അനേകം ജാതികളുടെ ഇടയിൽ ഉണ്ടായിരുന്നില്ല; അവൻ തന്റെ ദൈവത്തിനു പ്രിയനായിരുന്നതിനാൽ ദൈവം അവനെ എല്ലാ യിസ്രായേലിനും രാജാവാക്കി; എങ്കിലും അവനെയും അന്യജാതിക്കാരത്തികളായ ഭാര്യമാർ വശീകരിച്ചു പാപം ചെയ്യിച്ചുവല്ലോ. 27നിങ്ങൾ അന്യജാതിക്കാരത്തികളെ വിവാഹം കഴിക്കുന്നതിനാൽ നമ്മുടെ ദൈവത്തോടു ദ്രോഹിക്കേണ്ടതിന് ഈ വലിയ ദോഷമൊക്കെയും ചെയ്‍വാൻ തക്കവണ്ണം ഞങ്ങൾ നിങ്ങളെ സമ്മതിക്കുമോ എന്നു പറഞ്ഞു. 28യോയാദയുടെ പുത്രന്മാരിൽ മഹാപുരോഹിതനായ എല്യാശീബിന്റെ മകൻ ഹോരോന്യനായ സൻബല്ലത്തിന്റെ മരുമകൻ ആയിരുന്നു; അതുകൊണ്ടു ഞാൻ അവനെ എന്റെ അടുക്കൽനിന്ന് ഓടിച്ചുകളഞ്ഞു. 29എന്റെ ദൈവമേ, അവർ പൗരോഹിത്യത്തെയും പൗരോഹിത്യത്തിന്റെയും ലേവ്യരുടെയും നിയമത്തെയും മലിനമാക്കിയിരിക്കുന്നത് അവർക്കു കണക്കിടേണമേ. 30ഇങ്ങനെ ഞാൻ അന്യമായതൊക്കെയും നീക്കി അവരെ ശുദ്ധീകരിക്കയും പുരോഹിതന്മാർക്കും ലേവ്യർക്കും ഓരോരുത്തനു താന്താന്റെ വേലയിൽ ശുശ്രൂഷക്രമവും 31നിശ്ചിതസമയങ്ങൾക്കു വിറകുവഴിപാടും ആദ്യഫലവും നിയമിക്കയും ചെയ്തു. എന്റെ ദൈവമേ, ഇത് എനിക്കു നന്മയ്ക്കായിട്ട് ഓർക്കേണമേ.
Currently Selected:
നെഹെമ്യാവ് 13: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.