YouVersion Logo
Search Icon

മർക്കൊസ് 7:1-6, 8-23

മർക്കൊസ് 7:1-6 MALOVBSI

യെരൂശലേമിൽനിന്നു പരീശന്മാരും ചില ശാസ്ത്രിമാരും അവന്റെ അടുക്കൽ വന്നു കൂടി. അവന്റെ ശിഷ്യന്മാരിൽ ചിലർ ശുദ്ധിയില്ലാത്ത എന്നുവച്ചാൽ, കഴുകാത്ത, കൈകൊണ്ടു ഭക്ഷണം കഴിക്കുന്നത് അവർ കണ്ടു. പരീശന്മാരും യെഹൂദന്മാർ ഒക്കെയും പൂർവന്മാരുടെ സമ്പ്രദായം പ്രമാണിച്ചു കൈ നന്നായി കഴുകീട്ടല്ലാതെ ഭക്ഷണം കഴിക്കയില്ല. ചന്തയിൽനിന്നു വരുമ്പോഴും കുളിച്ചിട്ടല്ലാതെ ഭക്ഷണം കഴിക്കയില്ല. പാനപാത്രം, ഭരണി, ചെമ്പ് എന്നിവ കഴുകുക മുതലായി പലതും പ്രമാണിക്കുന്നത് അവർക്കു ചട്ടമായിരിക്കുന്നു. അങ്ങനെ പരീശന്മാരും ശാസ്ത്രിമാരും: നിന്റെ ശിഷ്യന്മാർ പൂർവന്മാരുടെ സമ്പ്രദായം അനുസരിച്ചു നടക്കാതെ ശുദ്ധിയില്ലാത്ത കൈകൊണ്ടു ഭക്ഷണം കഴിക്കുന്നത് എന്ത് എന്ന് അവനോടു ചോദിച്ചു. അവൻ അവരോട് ഉത്തരം പറഞ്ഞത്: കപടഭക്തിക്കാരായ നിങ്ങളെക്കുറിച്ചു യെശയ്യാവ് പ്രവചിച്ചതു ശരി: “ഈ ജനം അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു ; എങ്കിലും അവരുടെ ഹൃദയം എങ്കൽനിന്നു ദൂരത്ത് അകന്നിരിക്കുന്നു.

മർക്കൊസ് 7:8-23 MALOVBSI

നിങ്ങൾ ദൈവകല്പന വിട്ടുംകളഞ്ഞു മനുഷ്യരുടെ സമ്പ്രദായം പ്രമാണിക്കുന്നു; പിന്നെ അവരോടു പറഞ്ഞത്: നിങ്ങളുടെ സമ്പ്രദായം പ്രമാണിപ്പാൻവേണ്ടി നിങ്ങൾ ദൈവകല്പന തള്ളിക്കളയുന്നതു നന്നായി. നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നും അപ്പനെയോ അമ്മയെയോ പ്രാകുന്നവൻ മരിക്കേണം എന്നും മോശെ പറഞ്ഞുവല്ലോ. നിങ്ങളോ ഒരു മനുഷ്യൻ അപ്പനോടോ അമ്മയോടോ: നിനക്ക് എന്നാൽ ഉപകാരമായി വരേണ്ടതു വഴിപാട് എന്നർഥമുള്ള കൊർബ്ബാൻ എന്നു പറഞ്ഞാൽ മതി എന്നു പറയുന്നു; തന്റെ അപ്പനോ അമ്മയ്ക്കോ മേലാൽ ഒന്നും ചെയ്‍വാൻ അവനെ സമ്മതിക്കുന്നതുമില്ല. ഇങ്ങനെ നിങ്ങൾ ഉപദേശിക്കുന്ന സമ്പ്രദായത്താൽ ദൈവകല്പന ദുർബലമാക്കുന്നു; ഈ വക പലതും നിങ്ങൾ ചെയ്യുന്നു. പിന്നെ അവൻ പുരുഷാരത്തെ അരികെ വിളിച്ച് അവരോട്: എല്ലാവരും കേട്ടു ഗ്രഹിച്ചുകൊൾവിൻ. പുറത്തുനിന്നു മനുഷ്യന്റെ അകത്തു ചെല്ലുന്ന യാതൊന്നിനും അവനെ അശുദ്ധമാക്കുവാൻ കഴികയില്ല; അവനിൽനിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധമാക്കുന്നത് [കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ] എന്നു പറഞ്ഞു. അവൻ പുരുഷാരത്തെ വിട്ടു വീട്ടിൽ ചെന്നശേഷം ശിഷ്യന്മാർ ആ ഉപമയെക്കുറിച്ച് അവനോടു ചോദിച്ചു. അവൻ അവരോടു: ഇങ്ങനെ നിങ്ങളും ബോധമില്ലാത്തവരോ? പുറത്തുനിന്നു മനുഷ്യന്റെ അകത്തു ചെല്ലുന്ന യാതൊന്നിനും അവനെ അശുദ്ധമാക്കുവാൻ കഴികയില്ല എന്നു തിരിച്ചറിയുന്നില്ലയോ? അത് അവന്റെ ഹൃദയത്തിൽ അല്ല വയറ്റിലത്രേ ചെല്ലുന്നത്; പിന്നെ മറപ്പുരയിലേക്കു പോകുന്നു; ഇങ്ങനെ സകല ഭോജ്യങ്ങൾക്കും ശുദ്ധിവരുത്തുന്നു എന്നു പറഞ്ഞു. മനുഷ്യനിൽനിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധനാക്കുന്നത്; അകത്തുനിന്ന്, മനുഷ്യരുടെ ഹൃദയത്തിൽനിന്നു തന്നെ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം, കൊലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കർമം, വിടക്കുകണ്ണ് , ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നു. ഈ ദോഷങ്ങൾ എല്ലാം അകത്തുനിന്നു പുറപ്പെട്ടു മനുഷ്യനെ അശുദ്ധനാക്കുന്നു എന്നും അവൻ പറഞ്ഞു.

Free Reading Plans and Devotionals related to മർക്കൊസ് 7:1-6, 8-23