മർക്കൊസ് 5
5
1അവർ കടലിന്റെ അക്കരെ ഗദരദേശത്ത് എത്തി. 2പടകിൽനിന്ന് ഇറങ്ങിയ ഉടനെ അശുദ്ധാത്മാവുള്ള ഒരു മനുഷ്യൻ കല്ലറകളിൽ നിന്ന് വന്ന് അവനെ എതിരേറ്റു. 3അവന്റെ പാർപ്പ് കല്ലറകളിൽ ആയിരുന്നു; ആർക്കും അവനെ ചങ്ങലകൊണ്ടുപോലും ബന്ധിച്ചുകൂടാഞ്ഞു. 4പലപ്പോഴും അവനെ വിലങ്ങും ചങ്ങലയുംകൊണ്ടു ബന്ധിച്ചിട്ടും അവൻ ചങ്ങല വലിച്ചു പൊട്ടിച്ചും വിലങ്ങ് ഉരുമ്മി ഒടിച്ചുംകളഞ്ഞു; ആർക്കും അവനെ അടക്കുവാൻ കഴിഞ്ഞില്ല. 5അവൻ രാവും പകലും കല്ലറകളിലും മലകളിലും ഇടവിടാതെ നിലവിളിച്ചും തന്നെത്താൻ കല്ലുകൊണ്ടു ചതച്ചുംപോന്നു. 6അവൻ യേശുവിനെ ദൂരത്തുനിന്നു കണ്ടിട്ട് ഓടിച്ചെന്ന് അവനെ നമസ്കരിച്ചു. 7അവൻ ഉറക്കെ നിലവിളിച്ചു: യേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, എനിക്കും നിനക്കും തമ്മിൽ എന്ത്? ദൈവത്താണ, എന്നെ ദണ്ഡിപ്പിക്കരുതേ എന്ന് അപേക്ഷിക്കുന്നു എന്നു പറഞ്ഞു. 8അശുദ്ധാത്മാവേ, ഈ മനുഷ്യനെ വിട്ടു പുറപ്പെട്ടു പോക എന്ന് യേശു കല്പിച്ചിരുന്നു. 9നിന്റെ പേരെന്ത് എന്ന് അവനോടു ചോദിച്ചതിന്: എന്റെ പേർ ലെഗ്യോൻ; ഞങ്ങൾ പലർ ആകുന്നു എന്ന് അവൻ ഉത്തരം പറഞ്ഞു; 10നാട്ടിൽനിന്നു തങ്ങളെ അയച്ചുകളയാതിരിപ്പാൻ ഏറിയോന്ന് അപേക്ഷിച്ചു. 11അവിടെ മലയരികെ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. 12ആ പന്നികളിൽ കടക്കേണ്ടതിനു ഞങ്ങളെ അയയ്ക്കേണം എന്ന് അവർ അവനോട് അപേക്ഷിച്ചു; 13അവൻ അനുവാദം കൊടുത്തു; അശുദ്ധാത്മാക്കൾ പുറപ്പെട്ടു പന്നികളിൽ കടന്നിട്ടു കൂട്ടം കടുന്തൂക്കത്തൂടെ കടലിലേക്കു പാഞ്ഞു വീർപ്പുമുട്ടി ചത്തു. അവ ഏകദേശം രണ്ടായിരം ആയിരുന്നു. 14പന്നികളെ മേയ്ക്കുന്നവർ ഓടിച്ചെന്നു പട്ടണത്തിലും നാട്ടിലും അറിയിച്ചു: സംഭവിച്ചതു കാൺമാൻ പലരും പുറപ്പെട്ടു, 15യേശുവിന്റെ അടുക്കൽ വന്നു, ലെഗ്യോൻ ഉണ്ടായിരുന്ന ഭൂതഗ്രസ്തൻ വസ്ത്രം ധരിച്ചും സുബോധം പൂണ്ടും ഇരിക്കുന്നതു കണ്ടു ഭയപ്പെട്ടു. 16കണ്ടവർ ഭൂതഗ്രസ്തനു സംഭവിച്ചതും പന്നികളുടെ കാര്യവും അവരോട് അറിയിച്ചു. 17അപ്പോൾ അവർ അവനോടു തങ്ങളുടെ അതിർ വിട്ടുപോകുവാൻ അപേക്ഷിച്ചുതുടങ്ങി. 18അവൻ പടക് ഏറുമ്പോൾ ഭൂതഗ്രസ്തനായിരുന്നവൻ താനുംകൂടെ പോരട്ടെ” എന്ന് അവനോട് അപേക്ഷിച്ചു. 19യേശു അവനെ അനുവദിക്കാതെ: നിന്റെ വീട്ടിൽ നിനക്കുള്ളവരുടെ അടുക്കൽ ചെന്ന്, കർത്താവ് നിനക്കു ചെയ്തത് ഒക്കെയും നിന്നോടു കരുണ കാണിച്ചതും പ്രസ്താവിക്ക എന്ന് അവനോടു പറഞ്ഞു. 20അവൻ പോയി യേശു തനിക്കു ചെയ്തതൊക്കെയും ദെക്കപ്പൊലിനാട്ടിൽ ഘോഷിച്ചുതുടങ്ങി; എല്ലാവരും ആശ്ചര്യപ്പെടുകയും ചെയ്തു.
21യേശു വീണ്ടും പടകിൽ കയറി ഇക്കരെ കടന്നു കടലരികെ ഇരിക്കുമ്പോൾ വലിയ പുരുഷാരം അവന്റെ അടുക്കൽ വന്നുകൂടി. 22പള്ളിപ്രമാണികളിൽ യായീറൊസ് എന്നു പേരുള്ള ഒരുത്തൻ വന്ന്, അവനെ കണ്ടു കാല്ക്കൽ വീണ്: 23എന്റെ കുഞ്ഞുമകൾ അത്യാസനത്തിൽ ഇരിക്കുന്നു; അവൾ രക്ഷപെട്ടു ജീവിക്കേണ്ടതിനു നീ വന്ന് അവളുടെമേൽ കൈ വയ്ക്കേണമേ എന്നു വളരെ അപേക്ഷിച്ചു. 24അവൻ അവനോടുകൂടെ പോയി, വലിയ പുരുഷാരവും പിൻചെന്ന് അവനെ തിക്കിക്കൊണ്ടിരുന്നു.
25പന്ത്രണ്ടു സംവത്സരമായിട്ടു രക്തസ്രവമുള്ളവളായി 26പല വൈദ്യന്മാരാലും ഏറിയോന്നു സഹിച്ചു തനിക്കുള്ളതൊക്കെയും ചെലവഴിച്ചിട്ടും ഒട്ടും ഭേദം വരാതെ ഏറ്റവും പരവശയായി തീർന്നിരുന്ന 27ഒരു സ്ത്രീ യേശുവിന്റെ വർത്തമാനം കേട്ടു: 28അവന്റെ വസ്ത്രം എങ്കിലും തൊട്ടാൽ ഞാൻ രക്ഷപെടും എന്നു പറഞ്ഞു പുരുഷാരത്തിൽകൂടി പുറകിൽ വന്ന് അവന്റെ വസ്ത്രം തൊട്ടു. 29ക്ഷണത്തിൽ അവളുടെ രക്തസ്രവം നിന്നു; ബാധ മാറി താൻ സ്വസ്ഥയായി എന്ന് അവൾ ശരീരത്തിൽ അറിഞ്ഞു. 30ഉടനെ യേശു തങ്കൽനിന്നു ശക്തി പുറപ്പെട്ടു എന്ന് ഉള്ളിൽ അറിഞ്ഞിട്ടു പുരുഷാരത്തിൽ തിരിഞ്ഞു: എന്റെ വസ്ത്രം തൊട്ടത് ആർ എന്നു ചോദിച്ചു. 31ശിഷ്യന്മാർ അവനോടു പുരുഷാരം നിന്നെ തിക്കുന്നതു കണ്ടിട്ടും എന്നെ തൊട്ടത് ആർ എന്നു ചോദിക്കുന്നുവോ എന്നു പറഞ്ഞു. 32അവനോ അതു ചെയ്തവളെ കാൺമാൻ ചുറ്റും നോക്കി. 33സ്ത്രീ തനിക്കു സംഭവിച്ചത് അറിഞ്ഞിട്ടു ഭയപ്പെട്ടും വിറച്ചുംകൊണ്ടു വന്ന് അവന്റെ മുമ്പിൽ വീണു വസ്തുത ഒക്കെയും അവനോടു പറഞ്ഞു. 34അവൻ അവളോടു: മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോയി ബാധ ഒഴിഞ്ഞു സ്വസ്ഥയായിരിക്ക എന്നു പറഞ്ഞു.
35ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നെ പള്ളിപ്രമാണിയുടെ വീട്ടിൽനിന്ന് ആൾ വന്നു: നിന്റെ മകൾ മരിച്ചുപോയി; ഗുരുവിനെ ഇനി അസഹ്യപ്പെടുത്തുന്നത് എന്തിന് എന്നു പറഞ്ഞു. 36യേശു ആ വാക്ക് കാര്യമാക്കാതെ പള്ളിപ്രമാണിയോട്: ഭയപ്പെടേണ്ടാ, വിശ്വസിക്ക മാത്രം ചെയ്ക എന്നു പറഞ്ഞു. 37പത്രൊസും യാക്കോബും യാക്കോബിന്റെ സഹോദരനായ യോഹന്നാനും അല്ലാതെ മറ്റാരും തന്നോടുകൂടെ ചെല്ലുവാൻ സമ്മതിച്ചില്ല. 38പള്ളിപ്രമാണിയുടെ വീട്ടിൽ വന്നാറെ ആരവാരത്തെയും വളരെ കരഞ്ഞു വിലപിക്കുന്നവരെയും കണ്ടു; 39അകത്തു കടന്നു: നിങ്ങളുടെ ആരവാരവും കരച്ചലും എന്തിന്? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുന്നത്രേ എന്ന് അവരോടു പറഞ്ഞു; അവരോ അവനെ പരിഹസിച്ചു. 40അവൻ എല്ലാവരെയും പുറത്താക്കി കുട്ടിയുടെ അപ്പനെയും അമ്മയെയും തന്നോടുകൂടെയുള്ളവരെയും കൂട്ടിക്കൊണ്ടു കുട്ടി കിടക്കുന്ന ഇടത്തു ചെന്നു 41കുട്ടിയുടെ കൈക്കു പിടിച്ചു: ബാലേ, എഴുന്നേല്ക്ക എന്നു നിന്നോടു കല്പിക്കുന്നു എന്ന അർഥത്തോടെ തലീഥാ കൂമി എന്ന് അവളോടു പറഞ്ഞു. 42ബാല ഉടനെ എഴുന്നേറ്റു നടന്നു; അവൾക്കു പന്ത്രണ്ടു വയസ്സായിരുന്നു; അവർ അത്യന്തം വിസ്മയിച്ചു. 43ഇത് ആരും അറിയരുത് എന്ന് അവൻ അവരോട് കർശനമായി കല്പിച്ചു. അവൾക്കു ഭക്ഷിപ്പാൻ കൊടുക്കേണം എന്നും പറഞ്ഞു.
Currently Selected:
മർക്കൊസ് 5: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.