YouVersion Logo
Search Icon

മർക്കൊസ് 3

3
1അവൻ പിന്നെയും പള്ളിയിൽ ചെന്നു: അവിടെ വരണ്ട കൈയുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു. 2അവർ അവനെ കുറ്റം ചുമത്തേണ്ടതിനു ശബ്ബത്തിൽ അവനെ സൗഖ്യമാക്കുമോ എന്നു നോക്കിക്കൊണ്ടിരുന്നു. 3വരണ്ട കൈയുള്ള മനുഷ്യനോട് അവൻ: നടുവിൽ എഴുന്നേറ്റുനില്ക്ക എന്നു പറഞ്ഞു. 4പിന്നെ അവരോട്: ശബ്ബത്തിൽ നന്മ ചെയ്കയോ, തിന്മ ചെയ്കയോ, ജീവനെ രക്ഷിക്കയോ, കൊല്ലുകയോ, ഏതു വിഹിതം എന്നു ചോദിച്ചു. അവരോ മിണ്ടാതിരുന്നു. 5അവരുടെ ഹൃദയകാഠിന്യം നിമിത്തം അവൻ ദുഃഖിച്ചുകൊണ്ടു കോപത്തോടെ അവരെ ചുറ്റും നോക്കി, ആ മനുഷ്യനോട്: കൈ നീട്ടുക എന്നു പറഞ്ഞു; അവൻ നീട്ടി, അവന്റെ കൈ സൗഖ്യമായി. 6ഉടനെ പരീശന്മാർ പുറപ്പെട്ട്, അവനെ നശിപ്പിക്കേണ്ടതിനു ഹെരോദ്യരുമായി ആലോചന കഴിച്ചു.
7യേശു ശിഷ്യന്മാരുമായി കടല്ക്കരയ്ക്കു വാങ്ങിപ്പോയി; ഗലീലയിൽനിന്നു വലിയൊരു പുരുഷാരം അവനെ അനുഗമിച്ചു; 8യെഹൂദ്യയിൽനിന്നും യെരൂശലേമിൽനിന്നും എദോമിൽനിന്നും യോർദ്ദാനക്കരെനിന്നും സോരിന്റെയും സീദോന്റെയും ചുറ്റുപാടിൽനിന്നും വലിയൊരു കൂട്ടം അവൻ ചെയ്തത് ഒക്കെയും കേട്ടിട്ട് അവന്റെ അടുക്കൽ വന്നു. 9പുരുഷാരം തന്നെ ഞെരുക്കാതിരിക്കേണ്ടതിന് അവരുടെ നിമിത്തം ഒരു ചെറുപടകു തനിക്ക് ഒരുക്കി നിറുത്തുവാൻ അവൻ ശിഷ്യന്മാരോടു പറഞ്ഞു. 10അവൻ അനേകരെ സൗഖ്യമാക്കുകയാൽ ബാധകൾ ഉള്ളവർ ഒക്കെയും അവനെ തൊടേണ്ടതിനു തിക്കിത്തിരക്കി വന്നു. 11അശുദ്ധാത്മാക്കളും അവനെ കാണുമ്പോൾ ഒക്കെയും അവന്റെ മുമ്പിൽ വീണു: നീ ദൈവപുത്രൻ എന്നു നിലവിളിച്ചു പറയും. 12തന്നെ പ്രസിദ്ധമാക്കാതിരിക്കേണ്ടതിന് അവൻ അവരെ വളരെ ശാസിച്ചുപോന്നു.
13പിന്നെ അവൻ മലയിൽ കയറി തനിക്കു ബോധിച്ചവരെ അടുക്കൽ വിളിച്ചു; അവർ അവന്റെ അരികെ വന്നു. 14അവൻ തന്നോടുകൂടെ ഇരിപ്പാനും പ്രസംഗിക്കേണ്ടതിന് അയപ്പാനും 15ഭൂതങ്ങളെ പുറത്താക്കേണ്ടതിന് അധികാരം ഉണ്ടാകുവാനും പന്തിരുവരെ നിയമിച്ചു: 16ശിമോനു പത്രൊസ് എന്നു പേരിട്ടു; 17സെബെദിയുടെ മകനായ യാക്കോബ്, യാക്കോബിന്റെ സഹോദരനായ യോഹന്നാൻ: ഇവർക്ക് ഇടിമക്കൾ എന്നർഥമുള്ള ബൊവനേർഗ്ഗെരുസ് എന്നു പേരിട്ടു- 18അന്ത്രെയാസ്, ഫീലിപ്പൊസ്, ബർത്തൊലോമായി, മത്തായി, തോമാസ്, അല്ഫായിയുടെ മകനായ യാക്കോബ്, തദ്ദായി, കനാന്യനായ ശിമോൻ, 19തന്നെ കാണിച്ചു കൊടുത്ത ഈസ്കര്യോത്ത് യൂദാ എന്നിവരെ തന്നേ.
20അവൻ വീട്ടിൽ വന്നു; അവർക്കു ഭക്ഷണം കഴിപ്പാൻപോലും വഹിയാതവണ്ണം പുരുഷാരം പിന്നെയും തിങ്ങിക്കൂടിവന്നു. 21അവന്റെ ചാർച്ചക്കാർ അതു കേട്ട്, അവനു ബുദ്ധിഭ്രമം ഉണ്ട് എന്നു പറഞ്ഞ് അവനെ പിടിപ്പാൻ വന്നു. 22യെരൂശലേമിൽനിന്നു വന്ന ശാസ്ത്രിമാരും: അവനു ബെയെത്സെബൂൽ ഉണ്ട്, ഭൂതങ്ങളുടെ തലവനെക്കൊണ്ട് അവൻ ഭൂതങ്ങളെ പുറത്താക്കുന്നു എന്നു പറഞ്ഞു. 23അവൻ അവരെ അടുക്കെ വിളിച്ച് ഉപമകളാൽ അവരോടു പറഞ്ഞത്: സാത്താനു സാത്താനെ എങ്ങനെ പുറത്താക്കുവാൻ കഴിയും? 24ഒരു രാജ്യം തന്നിൽത്തന്നെ ഛിദ്രിച്ചു എങ്കിൽ ആ രാജ്യത്തിനു നിലനില്പാൻ കഴികയില്ല. 25ഒരു വീടു തന്നിൽത്തന്നെ ഛിദ്രിച്ചു എങ്കിൽ ആ വീട്ടിനു നിലനില്പാൻ കഴികയില്ല. 26സാത്താൻ തന്നോടുതന്നെ എതിർത്തു ഛിദ്രിച്ചു എങ്കിൽ അവനു നിലനില്പാൻ കഴിവില്ല; അവന്റെ അവസാനം വന്നു. 27ബലവാനെ പിടിച്ചു കെട്ടീട്ടല്ലാതെ അവന്റെ വീട്ടിൽ കടന്ന് അവന്റെ കോപ്പു കവർന്നുകളവാൻ ആർക്കും കഴികയില്ല; പിടിച്ചു കെട്ടിയാൽ പിന്നെ അവന്റെ വീടു കവർച്ച ചെയ്യാം. 28മനുഷ്യരോടു സകല പാപങ്ങളും അവർ ദുഷിച്ചുപറയുന്ന സകല ദൂഷണങ്ങളും ക്ഷമിക്കും; 29പരിശുദ്ധാത്മാവിന്റെ നേരേ ദൂഷണം പറയുന്നവനോ ഒരുനാളും ക്ഷമ കിട്ടാതെ നിത്യശിക്ഷയ്ക്കു യോഗ്യനാകും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. 30അവന് ഒരു അശുദ്ധാത്മാവ് ഉണ്ട് എന്ന് അവർ പറഞ്ഞിരുന്നു.
31അനന്തരം അവന്റെ അമ്മയും സഹോദരന്മാരും വന്നു പുറത്തു നിന്ന് അവനെ വിളിപ്പാൻ ആളയച്ചു. 32പുരുഷാരം അവന്റെ ചുറ്റും ഇരുന്നിരുന്നു; അവർ അവനോട്: നിന്റെ അമ്മയും സഹോദരന്മാരും പുറത്തുനിന്നു നിന്നെ അന്വേഷിക്കുന്നു എന്നു പറഞ്ഞു. 33അവൻ അവരോട്: എന്റെ അമ്മയും സഹോദരന്മാരും ആർ എന്നു പറഞ്ഞിട്ടു 34ചുറ്റിലും ഇരിക്കുന്നവരെ നോക്കിക്കൊണ്ട്: എന്റെ അമ്മയും സഹോദരന്മാരും ഇതാ. 35ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവൻ തന്നെ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു എന്നു പറഞ്ഞു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in