മർക്കൊസ് 14
14
1രണ്ടു ദിവസം കഴിഞ്ഞിട്ടു പെസഹയുടെയും പുളിപ്പില്ലാത്ത അപ്പത്തിന്റെയും ഉത്സവം ആയിരുന്നു. അപ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ ഉപായത്താൽ പിടിച്ചു കൊല്ലേണ്ടത് എങ്ങനെ എന്ന് അന്വേഷിച്ചു: 2ജനത്തിൽ കലഹം ഉണ്ടാകാതിരിപ്പാൻ ഉത്സവത്തിൽ അരുത് എന്ന് അവർ പറഞ്ഞു.
3അവൻ ബേഥാന്യയിൽ കുഷ്ഠരോഗിയായ ശിമോന്റെ വീട്ടിൽ പന്തിയിൽ ഇരിക്കുമ്പോൾ ഒരു സ്ത്രീ ഒരു വെൺകൽഭരണി വിലയേറിയ സ്വച്ഛജടാമാംസി തൈലവുമായി വന്നു ഭരണി പൊട്ടിച്ച് അവന്റെ തലയിൽ ഒഴിച്ചു. 4അവിടെ ചിലർ: തൈലത്തിന്റെ ഈ വെറും ചെലവ് എന്തിന്? 5ഇതു മുന്നൂറിൽ അധികം വെള്ളിക്കാശിനു വിറ്റു ദരിദ്രർക്കു കൊടുപ്പാൻ കഴിയുമായിരുന്നുവല്ലോ എന്നിങ്ങനെ ഉള്ളിൽ നീരസപ്പെട്ട് അവളെ ഭർത്സിച്ചു. 6എന്നാൽ യേശു: അവളെ വിടുവിൻ; അവളെ അസഹ്യപ്പെടുത്തുന്നത് എന്ത്? അവൾ എങ്കൽ നല്ല പ്രവൃത്തിയല്ലോ ചെയ്തത്. 7ദരിദ്രർ നിങ്ങൾക്ക് എല്ലായ്പോഴും അടുക്കെ ഉണ്ടല്ലോ; ഇച്ഛിക്കുമ്പോൾ അവർക്കു നന്മ ചെയ്‍വാൻ നിങ്ങൾക്കു കഴിയും; ഞാനോ എല്ലായ്പോഴും നിങ്ങളോടുകൂടെ ഇരിക്കയില്ല . 8അവൾ തന്നാൽ ആവതു ചെയ്തു; കല്ലറയിലെ അടക്കത്തിനായി എന്റെ ദേഹത്തിനു മുമ്പുകൂട്ടി തൈലം തേച്ചു. 9സുവിശേഷം ലോകത്തിൽ ഒക്കെയും പ്രസംഗിക്കുന്നേടത്തെല്ലാം അവൾ ചെയ്തതും അവളുടെ ഓർമയ്ക്കായി പ്രസ്താവിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
10പിന്നെ പന്തിരുവരിൽ ഒരുത്തനായി ഈസ്കര്യോത്താവായ യൂദാ അവനെ മഹാപുരോഹിതന്മാർക്കു കാണിച്ചുകൊടുക്കേണ്ടതിന് അവരുടെ അടുക്കൽ ചെന്നു. 11അവർ അതു കേട്ടു സന്തോഷിച്ച് അവനു പണം കൊടുക്കാം എന്നു വാഗ്ദത്തം ചെയ്തു; അവനും അവനെ എങ്ങനെ കാണിച്ചുകൊടുക്കാം എന്നു തക്കം അന്വേഷിച്ചുപോന്നു.
12പെസഹാകുഞ്ഞാടിനെ അറുക്കുന്നതായ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാളിൽ ശിഷ്യന്മാർ അവനോട്: നീ പെസഹ കഴിപ്പാൻ ഞങ്ങൾ എവിടെ ഒരുക്കേണം എന്നു ചോദിച്ചു. 13അവൻ ശിഷ്യന്മാരിൽ രണ്ടുപേരെ അയച്ചു: നഗരത്തിൽ ചെല്ലുവിൻ; അവിടെ ഒരു കുടം വെള്ളം ചുമന്നുകൊണ്ട് ഒരു മനുഷ്യൻ നിങ്ങളെ എതിർപെടും. 14അവന്റെ പിന്നാലെ ചെന്ന് അവൻ കടക്കുന്നേടത്ത് ആ വീട്ടുടയവനോട്: ഞാൻ എന്റെ ശിഷ്യന്മാരുമായി പെസഹ കഴിപ്പാനുള്ള ശാല എവിടെ എന്നു ഗുരു ചോദിക്കുന്നു എന്നു പറവിൻ. 15അവൻ വിരിച്ചൊരുക്കിയ ഒരു വന്മാളിക കാണിച്ചുതരും; അവിടെ നമുക്ക് ഒരുക്കുവിൻ എന്നു പറഞ്ഞു. 16ശിഷ്യന്മാർ പുറപ്പെട്ടു നഗരത്തിൽ ചെന്ന് അവൻ തങ്ങളോടു പറഞ്ഞതുപോലെ കണ്ടു പെസഹ ഒരുക്കി.
17സന്ധ്യയായപ്പോൾ അവൻ പന്തിരുവരോടുംകൂടെ വന്നു. 18അവർ ഇരുന്നു ഭക്ഷിക്കുമ്പോൾ യേശു: നിങ്ങളിൽ ഒരുവൻ, എന്നോടുകൂടെ ഭക്ഷിക്കുന്നവൻ തന്നെ, എന്നെ കാണിച്ചുകൊടുക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. 19അവർ ദുഃഖിച്ചു, ഓരോരുത്തൻ: ഞാനോ, ഞാനോ എന്ന് അവനോടു ചോദിച്ചുതുടങ്ങി. 20അവൻ അവരോട്: പന്തിരുവരിൽ ഒരുവൻ; എന്നോടു കൂടെ താലത്തിൽ കൈ മുക്കുന്നവൻ തന്നെ. 21മനുഷ്യപുത്രൻ പോകുന്നതു തന്നെക്കുറിച്ച് എഴുതിയിരിക്കുന്നതുപോലെ തന്നെ സത്യം; മനുഷ്യപുത്രനെ കാണിച്ചുകൊടുക്കുന്ന മനുഷ്യനോ അയ്യോ കഷ്ടം; ആ മനുഷ്യൻ ജനിക്കാതിരുന്നു എങ്കിൽ അവനു കൊള്ളായിരുന്നു എന്നു പറഞ്ഞു.
22അവർ ഭക്ഷിക്കുമ്പോൾ അവൻ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവർക്കു കൊടുത്തു: വാങ്ങുവിൻ; ഇത് എന്റെ ശരീരം എന്നു പറഞ്ഞു. 23പിന്നെ പാനപാത്രം എടുത്ത് സ്തോത്രം ചൊല്ലി അവർക്കു കൊടുത്തു; എല്ലാവരും അതിൽനിന്നു കുടിച്ചു. 24ഇത് അനേകർക്കുവേണ്ടി ചൊരിയുന്നതായി നിയമത്തിനുള്ള എന്റെ രക്തം. 25മുന്തിരിവള്ളിയുടെ അനുഭവം ദൈവരാജ്യത്തിൽ പുതുതായി അനുഭവിക്കുംനാൾവരെ ഞാൻ അത് ഇനി അനുഭവിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്ന് അവരോടു പറഞ്ഞു.
26പിന്നെ അവർ സ്തോത്രം പാടിയശേഷം ഒലിവ്മലയ്ക്കു പോയി.
27യേശു അവരോട്: നിങ്ങൾ എല്ലാവരും ഇടറിപ്പോകും; “ഞാൻ ഇടയനെ വെട്ടും, ആടുകൾ ചിതറിപ്പോകും” എന്ന് എഴുതിയിരിക്കുന്നുവല്ലോ. 28എന്നാൽ ഞാൻ ഉയിർത്തെഴുന്നേറ്റശേഷം നിങ്ങൾക്കു മുമ്പേ ഗലീലയ്ക്കു പോകും എന്നു പറഞ്ഞു. 29പത്രൊസ് അവനോട്: എല്ലാവരും ഇടറിയാലും ഞാൻ ഇടറുകയില്ല എന്നു പറഞ്ഞു. 30യേശു അവനോട്: ഇന്ന്, ഈ രാത്രിയിൽ തന്നെ, കോഴി രണ്ടു വട്ടം കൂകുംമുമ്പേ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു ഞാൻ സത്യമായിട്ടു നിന്നോടു പറയുന്നു എന്നു പറഞ്ഞു. 31അവനോ: നിന്നോടുകൂടെ മരിക്കേണ്ടിവന്നാലും ഞാൻ നിന്നെ തള്ളിപ്പറകയില്ല എന്ന് അധികമായി പറഞ്ഞു; അങ്ങനെ തന്നെ എല്ലാവരും പറഞ്ഞു.
32അവർ ഗെത്ത്ശെമന എന്നു പേരുള്ള തോട്ടത്തിൽ വന്നാറെ അവൻ ശിഷ്യന്മാരോട്: ഞാൻ പ്രാർഥിച്ചുതീരുവോളം ഇവിടെ ഇരിപ്പിൻ എന്നു പറഞ്ഞു. 33പിന്നെ അവൻ പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടിക്കൊണ്ടു ഭ്രമിപ്പാനും വ്യാകുലപ്പെടുവാനും തുടങ്ങി: 34എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ പാർത്ത് ഉണർന്നിരിപ്പിൻ എന്ന് അവരോടു പറഞ്ഞു. 35പിന്നെ അല്പം മുമ്പോട്ടു ചെന്നു നിലത്തു വീണു; കഴിയും എങ്കിൽ ആ നാഴിക നീങ്ങിപ്പോകേണം എന്നു പ്രാർഥിച്ചു: 36അബ്ബാ, പിതാവേ, നിനക്ക് എല്ലാം കഴിയും; ഈ പാനപാത്രം എങ്കൽനിന്നു നീക്കേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുന്നതല്ല നീ ഇച്ഛിക്കുന്നതത്രേ ആകട്ടെ എന്നു പറഞ്ഞു. 37പിന്നെ അവൻ വന്ന് അവർ ഉറങ്ങുന്നതു കണ്ടു പത്രൊസിനോട്: ശിമോനേ, നീ ഉറങ്ങുന്നുവോ? ഒരു നാഴിക ഉണർന്നിരിപ്പാൻ നിനക്കു കഴിഞ്ഞില്ലയോ? 38പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ ഉണർന്നിരുന്നു പ്രാർഥിപ്പിൻ; ആത്മാവ് ഒരുക്കമുള്ളത്, ജഡമോ ബലഹീനമത്രേ എന്നു പറഞ്ഞു. 39അവൻ പിന്നെയും പോയി ആ വചനം തന്നെ ചൊല്ലി പ്രാർഥിച്ചു. 40മടങ്ങി വന്നാറെ അവരുടെ കണ്ണുകൾക്ക് ഭാരമേറിയിരുന്നതുകൊണ്ട് അവർ ഉറങ്ങുന്നതു കണ്ടു; അവർ അവനോട് എന്ത് ഉത്തരം പറയേണം എന്ന് അറിഞ്ഞില്ല. 41അവൻ മൂന്നാമതു വന്ന് അവരോട്: ഇനി ഉറങ്ങി ആശ്വസിച്ചുകൊൾവിൻ; മതി, നാഴിക വന്നു; ഇതാ, മനുഷ്യപുത്രൻ പാപികളുടെ കൈയിൽ ഏല്പിക്കപ്പെടുന്നു. 42എഴുന്നേല്പിൻ; നാം പോക; ഇതാ, എന്നെ കാണിച്ചുകൊടുക്കുന്നവൻ അടുത്തിരിക്കുന്നു എന്നു പറഞ്ഞു.
43ഉടനെ, അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾതന്നെ, പന്തിരുവരിൽ ഒരുത്തനായ യൂദായും അവനോടുകൂടെ മഹാപുരോഹിതന്മാർ, ശാസ്ത്രിമാർ, മൂപ്പന്മാർ എന്നിവർ അയച്ച ഒരു പുരുഷാരവും വാളും വടിയുമായി വന്നു. 44അവനെ കാണിച്ചുകൊടുക്കുന്നവൻ: ഞാൻ ഏവനെ ചുംബിക്കുമോ അവൻതന്നെ ആകുന്നു; അവനെ പിടിച്ചു സൂക്ഷ്മതയോടെ കൊണ്ടുപോകുവിൻ എന്ന് അവർക്ക് ഒരു അടയാളം പറഞ്ഞുകൊടുത്തിരുന്നു. 45അവൻ വന്ന് ഉടനെ അടുത്തു ചെന്നു: റബ്ബീ, എന്നു പറഞ്ഞ് അവനെ ചുംബിച്ചു. 46അവർ അവന്റെമേൽ കൈവച്ച് അവനെ പിടിച്ചു. 47അരികെ നില്ക്കുന്നവരിൽ ഒരുവൻ വാൾ ഊരി മഹാപുരോഹിതന്റെ ദാസനെ വെട്ടി കാത് അറുത്തു. 48യേശു അവരോട്: ഒരു കള്ളന്റെ നേരേ എന്നപോലെ നിങ്ങൾ എന്നെ പിടിപ്പാൻ വാളും വടിയുമായി പുറപ്പെട്ടുവന്നുവോ? 49ഞാൻ ദിവസേന ദൈവാലയത്തിൽ ഉപദേശിച്ചുകൊണ്ടു നിങ്ങളോടുകൂടെ ഇരുന്നു; നിങ്ങൾ എന്നെ പിടിച്ചില്ല; എങ്കിലും തിരുവെഴുത്തുകൾക്ക് നിവൃത്തിവരേണ്ടതിന് ഇങ്ങനെ സംഭവിക്കുന്നു എന്നു പറഞ്ഞു. 50ശിഷ്യന്മാർ എല്ലാവരും അവനെ വിട്ട് ഓടിപ്പോയി.
51ഒരു ബാല്യക്കാരൻ വെറും ശരീരത്തിന്മേൽ പുതപ്പു പുതച്ചുംകൊണ്ട് അവനെ അനുഗമിച്ചു; അവർ അവനെ പിടിച്ചു. 52അവനോ പുതപ്പ് വിട്ട് നഗ്നനായി ഓടിപ്പോയി.
53അവർ യേശുവിനെ മഹാപുരോഹിതന്റെ അടുക്കൽ കൊണ്ടുപോയി. അവന്റെ അടുക്കൽ മഹാപുരോഹിതന്മാരും മൂപ്പന്മാരും ശാസ്ത്രിമാരും എല്ലാം വന്നുകൂടിയിരുന്നു. 54പത്രൊസ് മഹാപുരോഹിതന്റെ അരമനയ്ക്കകത്തോളവും അവനെ ദൂരവേ അനുഗമിച്ചു, ഭൃത്യന്മാരോടു ചേർന്നു തീ കാഞ്ഞുകൊണ്ടിരുന്നു. 55മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും യേശുവിനെ കൊല്ലേണ്ടതിന് അവന്റെ നേരേ സാക്ഷ്യം അന്വേഷിച്ചു കണ്ടില്ലതാനും. 56അനേകർ അവന്റെ നേരേ കള്ളസ്സാക്ഷ്യം പറഞ്ഞിട്ടും സാക്ഷ്യം ഒത്തുവന്നില്ല. 57ചിലർ എഴുന്നേറ്റ് അവന്റെ നേരേ: 58ഞാൻ കൈപ്പണിയായ ഈ മന്ദിരം പൊളിച്ചു മൂന്നു ദിവസംകൊണ്ടു കൈപ്പണിയല്ലാത്ത മറ്റൊന്നു പണിയും എന്ന് ഇവൻ പറഞ്ഞത് ഞങ്ങൾ കേട്ടു എന്നു കള്ളസ്സാക്ഷ്യം പറഞ്ഞു. 59എന്നിട്ടും അവരുടെ സാക്ഷ്യം ഒത്തുവന്നില്ല. 60മഹാപുരോഹിതൻ നടുവിൽ നിന്നുകൊണ്ടു യേശുവിനോട്: നീ ഒന്നും ഉത്തരം പറയുന്നില്ലയോ? ഇവർ നിന്റെ നേരേ സാക്ഷ്യം പറയുന്നത് എന്ത് എന്ന് ചോദിച്ചു. 61അവനോ മിണ്ടാതെയും ഉത്തരം പറയാതെയും ഇരുന്നു. മഹാപുരോഹിതൻ പിന്നെയും അവനോട്: നീ വന്ദ്യനായവന്റെ പുത്രനായ ക്രിസ്തുവോ എന്നു ചോദിച്ചു. 62ഞാൻ ആകുന്നു; മനുഷ്യപുത്രൻ സർവശക്തന്റെ വലത്തുഭാഗത്ത് ഇരിക്കുന്നതും ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും എന്നു യേശു പറഞ്ഞു. 63അപ്പോൾ മഹാപുരോഹിതൻ വസ്ത്രം കീറി: 64ഇനി സാക്ഷികളെക്കൊണ്ടു നമുക്ക് എന്ത് ആവശ്യം? ദൈവദൂഷണം നിങ്ങൾ കേട്ടുവല്ലോ; നിങ്ങൾക്ക് എന്തു തോന്നുന്നു എന്നു ചോദിച്ചു. അവൻ മരണയോഗ്യൻ എന്ന് എല്ലാവരും വിധിച്ചു. 65ചിലർ അവനെ തുപ്പുകയും അവന്റെ മുഖം മൂടി അവനെ മുഷ്ടി ചുരുട്ടി കുത്തുകയും പ്രവചിക്ക എന്ന് അവനോടു പറകയും ചെയ്തുതുടങ്ങി; ചേവകർ അവനെ അടിച്ചുംകൊണ്ടു കൈയേറ്റു.
66പത്രൊസ് താഴെ നടുമുറ്റത്ത് ഇരിക്കുമ്പോൾ മഹാപുരോഹിതന്റെ ബാല്യക്കാരത്തികളിൽ ഒരുത്തി വന്നു, 67പത്രൊസ് തീ കായുന്നതു കണ്ട് അവനെ നോക്കി: നീയും ആ നസറായനായ യേശുവിനോടുകൂടെ ആയിരുന്നു എന്നു പറഞ്ഞു. 68നീ പറയുന്നതു തിരിയുന്നില്ല, ബോധ്യമാകുന്നതുമില്ല എന്നിങ്ങനെ അവൻ തള്ളിപ്പറഞ്ഞു; പടിപ്പുരയിലേക്കു പുറപ്പെട്ടപ്പോൾ കോഴി കൂകി. 69ആ ബാല്യക്കാരത്തി അവനെ പിന്നെയും കണ്ടു സമീപത്തു നില്ക്കുന്നവരോട്: ഇവൻ ആ കൂട്ടരിൽ ഉള്ളവൻ തന്നെ എന്നു പറഞ്ഞുതുടങ്ങി. അവൻ പിന്നെയും തള്ളിപ്പറഞ്ഞു. 70കുറയനേരം കഴിഞ്ഞിട്ട് അരികെ നിന്നവർ പത്രൊസിനോട്: നീ ആ കൂട്ടരിൽ ഉള്ളവൻ സത്യം; ഗലീലക്കാരനല്ലോ എന്നു പറഞ്ഞു. 71നിങ്ങൾ പറയുന്ന മനുഷ്യനെ ഞാൻ അറിയുന്നില്ല എന്ന് അവൻ പ്രാകുവാനും ആണയിടുവാനും തുടങ്ങി. 72ഉടനെ കോഴി രണ്ടാമതും കൂകി. കോഴി രണ്ടു വട്ടം കൂകുംമുമ്പേ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു യേശു തന്നോടു പറഞ്ഞ വാക്ക് പത്രൊസ് ഓർത്ത് അതിനെക്കുറിച്ചു വിചാരിച്ചു കരഞ്ഞു.
Currently Selected:
മർക്കൊസ് 14: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.