മർക്കൊസ് 14:54-72
മർക്കൊസ് 14:54-72 MALOVBSI
പത്രൊസ് മഹാപുരോഹിതന്റെ അരമനയ്ക്കകത്തോളവും അവനെ ദൂരവേ അനുഗമിച്ചു, ഭൃത്യന്മാരോടു ചേർന്നു തീ കാഞ്ഞുകൊണ്ടിരുന്നു. മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും യേശുവിനെ കൊല്ലേണ്ടതിന് അവന്റെ നേരേ സാക്ഷ്യം അന്വേഷിച്ചു കണ്ടില്ലതാനും. അനേകർ അവന്റെ നേരേ കള്ളസ്സാക്ഷ്യം പറഞ്ഞിട്ടും സാക്ഷ്യം ഒത്തുവന്നില്ല. ചിലർ എഴുന്നേറ്റ് അവന്റെ നേരേ: ഞാൻ കൈപ്പണിയായ ഈ മന്ദിരം പൊളിച്ചു മൂന്നു ദിവസംകൊണ്ടു കൈപ്പണിയല്ലാത്ത മറ്റൊന്നു പണിയും എന്ന് ഇവൻ പറഞ്ഞത് ഞങ്ങൾ കേട്ടു എന്നു കള്ളസ്സാക്ഷ്യം പറഞ്ഞു. എന്നിട്ടും അവരുടെ സാക്ഷ്യം ഒത്തുവന്നില്ല. മഹാപുരോഹിതൻ നടുവിൽ നിന്നുകൊണ്ടു യേശുവിനോട്: നീ ഒന്നും ഉത്തരം പറയുന്നില്ലയോ? ഇവർ നിന്റെ നേരേ സാക്ഷ്യം പറയുന്നത് എന്ത് എന്ന് ചോദിച്ചു. അവനോ മിണ്ടാതെയും ഉത്തരം പറയാതെയും ഇരുന്നു. മഹാപുരോഹിതൻ പിന്നെയും അവനോട്: നീ വന്ദ്യനായവന്റെ പുത്രനായ ക്രിസ്തുവോ എന്നു ചോദിച്ചു. ഞാൻ ആകുന്നു; മനുഷ്യപുത്രൻ സർവശക്തന്റെ വലത്തുഭാഗത്ത് ഇരിക്കുന്നതും ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും എന്നു യേശു പറഞ്ഞു. അപ്പോൾ മഹാപുരോഹിതൻ വസ്ത്രം കീറി: ഇനി സാക്ഷികളെക്കൊണ്ടു നമുക്ക് എന്ത് ആവശ്യം? ദൈവദൂഷണം നിങ്ങൾ കേട്ടുവല്ലോ; നിങ്ങൾക്ക് എന്തു തോന്നുന്നു എന്നു ചോദിച്ചു. അവൻ മരണയോഗ്യൻ എന്ന് എല്ലാവരും വിധിച്ചു. ചിലർ അവനെ തുപ്പുകയും അവന്റെ മുഖം മൂടി അവനെ മുഷ്ടി ചുരുട്ടി കുത്തുകയും പ്രവചിക്ക എന്ന് അവനോടു പറകയും ചെയ്തുതുടങ്ങി; ചേവകർ അവനെ അടിച്ചുംകൊണ്ടു കൈയേറ്റു. പത്രൊസ് താഴെ നടുമുറ്റത്ത് ഇരിക്കുമ്പോൾ മഹാപുരോഹിതന്റെ ബാല്യക്കാരത്തികളിൽ ഒരുത്തി വന്നു, പത്രൊസ് തീ കായുന്നതു കണ്ട് അവനെ നോക്കി: നീയും ആ നസറായനായ യേശുവിനോടുകൂടെ ആയിരുന്നു എന്നു പറഞ്ഞു. നീ പറയുന്നതു തിരിയുന്നില്ല, ബോധ്യമാകുന്നതുമില്ല എന്നിങ്ങനെ അവൻ തള്ളിപ്പറഞ്ഞു; പടിപ്പുരയിലേക്കു പുറപ്പെട്ടപ്പോൾ കോഴി കൂകി. ആ ബാല്യക്കാരത്തി അവനെ പിന്നെയും കണ്ടു സമീപത്തു നില്ക്കുന്നവരോട്: ഇവൻ ആ കൂട്ടരിൽ ഉള്ളവൻ തന്നെ എന്നു പറഞ്ഞുതുടങ്ങി. അവൻ പിന്നെയും തള്ളിപ്പറഞ്ഞു. കുറയനേരം കഴിഞ്ഞിട്ട് അരികെ നിന്നവർ പത്രൊസിനോട്: നീ ആ കൂട്ടരിൽ ഉള്ളവൻ സത്യം; ഗലീലക്കാരനല്ലോ എന്നു പറഞ്ഞു. നിങ്ങൾ പറയുന്ന മനുഷ്യനെ ഞാൻ അറിയുന്നില്ല എന്ന് അവൻ പ്രാകുവാനും ആണയിടുവാനും തുടങ്ങി. ഉടനെ കോഴി രണ്ടാമതും കൂകി. കോഴി രണ്ടു വട്ടം കൂകുംമുമ്പേ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു യേശു തന്നോടു പറഞ്ഞ വാക്ക് പത്രൊസ് ഓർത്ത് അതിനെക്കുറിച്ചു വിചാരിച്ചു കരഞ്ഞു.