മർക്കൊസ് 14:1-26
മർക്കൊസ് 14:1-26 MALOVBSI
രണ്ടു ദിവസം കഴിഞ്ഞിട്ടു പെസഹയുടെയും പുളിപ്പില്ലാത്ത അപ്പത്തിന്റെയും ഉത്സവം ആയിരുന്നു. അപ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ ഉപായത്താൽ പിടിച്ചു കൊല്ലേണ്ടത് എങ്ങനെ എന്ന് അന്വേഷിച്ചു: ജനത്തിൽ കലഹം ഉണ്ടാകാതിരിപ്പാൻ ഉത്സവത്തിൽ അരുത് എന്ന് അവർ പറഞ്ഞു. അവൻ ബേഥാന്യയിൽ കുഷ്ഠരോഗിയായ ശിമോന്റെ വീട്ടിൽ പന്തിയിൽ ഇരിക്കുമ്പോൾ ഒരു സ്ത്രീ ഒരു വെൺകൽഭരണി വിലയേറിയ സ്വച്ഛജടാമാംസി തൈലവുമായി വന്നു ഭരണി പൊട്ടിച്ച് അവന്റെ തലയിൽ ഒഴിച്ചു. അവിടെ ചിലർ: തൈലത്തിന്റെ ഈ വെറും ചെലവ് എന്തിന്? ഇതു മുന്നൂറിൽ അധികം വെള്ളിക്കാശിനു വിറ്റു ദരിദ്രർക്കു കൊടുപ്പാൻ കഴിയുമായിരുന്നുവല്ലോ എന്നിങ്ങനെ ഉള്ളിൽ നീരസപ്പെട്ട് അവളെ ഭർത്സിച്ചു. എന്നാൽ യേശു: അവളെ വിടുവിൻ; അവളെ അസഹ്യപ്പെടുത്തുന്നത് എന്ത്? അവൾ എങ്കൽ നല്ല പ്രവൃത്തിയല്ലോ ചെയ്തത്. ദരിദ്രർ നിങ്ങൾക്ക് എല്ലായ്പോഴും അടുക്കെ ഉണ്ടല്ലോ; ഇച്ഛിക്കുമ്പോൾ അവർക്കു നന്മ ചെയ്‍വാൻ നിങ്ങൾക്കു കഴിയും; ഞാനോ എല്ലായ്പോഴും നിങ്ങളോടുകൂടെ ഇരിക്കയില്ല . അവൾ തന്നാൽ ആവതു ചെയ്തു; കല്ലറയിലെ അടക്കത്തിനായി എന്റെ ദേഹത്തിനു മുമ്പുകൂട്ടി തൈലം തേച്ചു. സുവിശേഷം ലോകത്തിൽ ഒക്കെയും പ്രസംഗിക്കുന്നേടത്തെല്ലാം അവൾ ചെയ്തതും അവളുടെ ഓർമയ്ക്കായി പ്രസ്താവിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. പിന്നെ പന്തിരുവരിൽ ഒരുത്തനായി ഈസ്കര്യോത്താവായ യൂദാ അവനെ മഹാപുരോഹിതന്മാർക്കു കാണിച്ചുകൊടുക്കേണ്ടതിന് അവരുടെ അടുക്കൽ ചെന്നു. അവർ അതു കേട്ടു സന്തോഷിച്ച് അവനു പണം കൊടുക്കാം എന്നു വാഗ്ദത്തം ചെയ്തു; അവനും അവനെ എങ്ങനെ കാണിച്ചുകൊടുക്കാം എന്നു തക്കം അന്വേഷിച്ചുപോന്നു. പെസഹാകുഞ്ഞാടിനെ അറുക്കുന്നതായ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാളിൽ ശിഷ്യന്മാർ അവനോട്: നീ പെസഹ കഴിപ്പാൻ ഞങ്ങൾ എവിടെ ഒരുക്കേണം എന്നു ചോദിച്ചു. അവൻ ശിഷ്യന്മാരിൽ രണ്ടുപേരെ അയച്ചു: നഗരത്തിൽ ചെല്ലുവിൻ; അവിടെ ഒരു കുടം വെള്ളം ചുമന്നുകൊണ്ട് ഒരു മനുഷ്യൻ നിങ്ങളെ എതിർപെടും. അവന്റെ പിന്നാലെ ചെന്ന് അവൻ കടക്കുന്നേടത്ത് ആ വീട്ടുടയവനോട്: ഞാൻ എന്റെ ശിഷ്യന്മാരുമായി പെസഹ കഴിപ്പാനുള്ള ശാല എവിടെ എന്നു ഗുരു ചോദിക്കുന്നു എന്നു പറവിൻ. അവൻ വിരിച്ചൊരുക്കിയ ഒരു വന്മാളിക കാണിച്ചുതരും; അവിടെ നമുക്ക് ഒരുക്കുവിൻ എന്നു പറഞ്ഞു. ശിഷ്യന്മാർ പുറപ്പെട്ടു നഗരത്തിൽ ചെന്ന് അവൻ തങ്ങളോടു പറഞ്ഞതുപോലെ കണ്ടു പെസഹ ഒരുക്കി. സന്ധ്യയായപ്പോൾ അവൻ പന്തിരുവരോടുംകൂടെ വന്നു. അവർ ഇരുന്നു ഭക്ഷിക്കുമ്പോൾ യേശു: നിങ്ങളിൽ ഒരുവൻ, എന്നോടുകൂടെ ഭക്ഷിക്കുന്നവൻ തന്നെ, എന്നെ കാണിച്ചുകൊടുക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. അവർ ദുഃഖിച്ചു, ഓരോരുത്തൻ: ഞാനോ, ഞാനോ എന്ന് അവനോടു ചോദിച്ചുതുടങ്ങി. അവൻ അവരോട്: പന്തിരുവരിൽ ഒരുവൻ; എന്നോടു കൂടെ താലത്തിൽ കൈ മുക്കുന്നവൻ തന്നെ. മനുഷ്യപുത്രൻ പോകുന്നതു തന്നെക്കുറിച്ച് എഴുതിയിരിക്കുന്നതുപോലെ തന്നെ സത്യം; മനുഷ്യപുത്രനെ കാണിച്ചുകൊടുക്കുന്ന മനുഷ്യനോ അയ്യോ കഷ്ടം; ആ മനുഷ്യൻ ജനിക്കാതിരുന്നു എങ്കിൽ അവനു കൊള്ളായിരുന്നു എന്നു പറഞ്ഞു. അവർ ഭക്ഷിക്കുമ്പോൾ അവൻ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവർക്കു കൊടുത്തു: വാങ്ങുവിൻ; ഇത് എന്റെ ശരീരം എന്നു പറഞ്ഞു. പിന്നെ പാനപാത്രം എടുത്ത് സ്തോത്രം ചൊല്ലി അവർക്കു കൊടുത്തു; എല്ലാവരും അതിൽനിന്നു കുടിച്ചു. ഇത് അനേകർക്കുവേണ്ടി ചൊരിയുന്നതായി നിയമത്തിനുള്ള എന്റെ രക്തം. മുന്തിരിവള്ളിയുടെ അനുഭവം ദൈവരാജ്യത്തിൽ പുതുതായി അനുഭവിക്കുംനാൾവരെ ഞാൻ അത് ഇനി അനുഭവിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്ന് അവരോടു പറഞ്ഞു. പിന്നെ അവർ സ്തോത്രം പാടിയശേഷം ഒലിവ്മലയ്ക്കു പോയി.