YouVersion Logo
Search Icon

മത്തായി 9:1-8, 10-17

മത്തായി 9:1-8 MALOVBSI

അവൻ പടകിൽ കയറി ഇക്കരയ്ക്കു കടന്നു സ്വന്തപട്ടണത്തിൽ എത്തി. അവിടെ ചിലർ കിടക്കമേൽ കിടക്കുന്ന ഒരു പക്ഷവാതക്കാരനെ അവന്റെ അടുക്കൽ കൊണ്ടുവന്നു; യേശു അവരുടെ വിശ്വാസം കണ്ടു പക്ഷവാതക്കാരനോട്: മകനേ, ധൈര്യമായിരിക്ക; നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു. എന്നാൽ ശാസ്ത്രിമാരിൽ ചിലർ: ഇവൻ ദൈവദൂഷണം പറയുന്നു എന്ന് ഉള്ളംകൊണ്ടു പറഞ്ഞു. യേശുവോ അവരുടെ നിരൂപണം ഗ്രഹിച്ച്: നിങ്ങൾ ഹൃദയത്തിൽ ദോഷം നിരൂപിക്കുന്നത് എന്ത്? നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു എന്നു പറയുന്നതോ, എഴുന്നേറ്റു നടക്ക എന്നു പറയുന്നതോ, ഏതാകുന്നു എളുപ്പം എന്നു ചോദിച്ചു. എങ്കിലും ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന് അധികാരം ഉണ്ട് എന്നു നിങ്ങൾ അറിയേണ്ടതിന്- അവൻ പക്ഷവാതക്കാരനോട്: എഴുന്നേറ്റ്, കിടക്ക എടുത്തു വീട്ടിൽ പോക എന്നു പറഞ്ഞു. അവൻ എഴുന്നേറ്റ് വീട്ടിൽ പോയി. പുരുഷാരം അതു കണ്ടു ഭയപ്പെട്ടു മനുഷ്യർക്ക് ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്ത്വപ്പെടുത്തി.

മത്തായി 9:10-17 MALOVBSI

അവൻ വീട്ടിൽ ഭക്ഷണത്തിന് ഇരിക്കുമ്പോൾ വളരെ ചുങ്കക്കാരും പാപികളും വന്നു യേശുവിനോടും അവന്റെ ശിഷ്യന്മാരോടുംകൂടെ പന്തിയിൽ ഇരുന്നു. പരീശന്മാർ അതു കണ്ട് അവന്റെ ശിഷ്യന്മാരോട്: നിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടുംകൂടെ ഭക്ഷിക്കുന്നത് എന്ത് എന്നു ചോദിച്ചു. യേശു അതു കേട്ടാറെ: ദീനക്കാർക്കല്ലാതെ സൗഖ്യമുള്ളവർക്കു വൈദ്യനെക്കൊണ്ട് ആവശ്യമില്ല. യാഗത്തിലല്ല കരുണയിൽ അത്രേ ഞാൻ പ്രസാദിക്കുന്നു എന്നുള്ളത് എന്ത് എന്നു പോയി പഠിപ്പിൻ. ഞാൻ നീതിമാന്മാരെ അല്ല പാപികളെ അത്രേ വിളിപ്പാൻ വന്നത് എന്നു പറഞ്ഞു. യോഹന്നാന്റെ ശിഷ്യന്മാർ അവന്റെ അടുക്കൽ വന്നു: ഞങ്ങളും പരീശന്മാരും വളരെ ഉപവസിക്കുന്നു; നിന്റെ ശിഷ്യന്മാർ ഉപവസിക്കാത്തത് എന്ത് എന്നു ചോദിച്ചു. യേശു അവരോടു പറഞ്ഞത്: മണവാളൻ കൂടെയുള്ളപ്പോൾ തോഴ്മക്കാർക്ക് ദുഃഖിപ്പാൻ കഴികയില്ല; മണവാളൻ പിരിഞ്ഞുപോകേണ്ടുന്ന നാൾ വരും; അന്ന് അവർ ഉപവസിക്കും. കോടിത്തുണിക്കണ്ടം ആരും പഴയവസ്ത്രത്തിൽ ചേർത്തു തുന്നുമാറില്ല; തുന്നിച്ചേർത്താൽ അതുകൊണ്ട് വസ്ത്രം കീറും; ചീന്തൽ ഏറ്റവും വല്ലാതെയായിത്തീരും. പുതുവീഞ്ഞ് പഴയതുരുത്തിയിൽ പകരുമാറുമില്ല; പകർന്നാൽ തുരുത്തി പൊളിഞ്ഞ് വീഞ്ഞ് ഒഴുകിപ്പോകും; തുരുത്തിയും നശിച്ചുപോകും. പുതുവീഞ്ഞ് പുതിയതുരുത്തിയിലേ പകർന്നു വയ്ക്കയുള്ളൂ; അങ്ങനെ രണ്ടും ഭദ്രമായിരിക്കും.

Video for മത്തായി 9:1-8,10-17