YouVersion Logo
Search Icon

മത്തായി 8:1-17

മത്തായി 8:1-17 MALOVBSI

അവൻ മലയിൽനിന്ന് ഇറങ്ങിവന്നാറെ വളരെ പുരുഷാരം അവനെ പിന്തുടർന്നു. അപ്പോൾ ഒരു കുഷ്ഠരോഗി വന്ന് അവനെ നമസ്കരിച്ച് കർത്താവേ, നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്നു പറഞ്ഞു. അവൻ കൈ നീട്ടി അവനെ തൊട്ടു: എനിക്കു മനസ്സുണ്ട്; നീ ശുദ്ധമാക എന്നു പറഞ്ഞു; ഉടനെ കുഷ്ഠം മാറി അവൻ ശുദ്ധമായി. യേശു അവനോട്: നോക്കൂ, ആരോടും പറയരുത്; അവർക്കു സാക്ഷ്യത്തിനായി നീ ചെന്നു നിന്നെത്തന്നെ പുരോഹിതനു കാണിച്ച്, മോശെ കല്പിച്ച വഴിപാടു കഴിക്ക എന്നു പറഞ്ഞു. അവൻ കഫർന്നഹൂമിൽ എത്തിയപ്പോൾ ഒരു ശതാധിപൻ വന്ന് അവനോട്: കർത്താവേ, എന്റെ ബാല്യക്കാരൻ പക്ഷവാതം പിടിച്ചു കഠിനമായി വേദനപ്പെട്ടു വീട്ടിൽ കിടക്കുന്നു എന്ന് അപേക്ഷിച്ചു പറഞ്ഞു. അവൻ അവനോട്: ഞാൻ വന്ന് അവനെ സൗഖ്യമാക്കും എന്നു പറഞ്ഞു. അതിനു ശതാധിപൻ: കർത്താവേ, നീ എന്റെ പുരയ്ക്കകത്തു വരുവാൻ ഞാൻ യോഗ്യനല്ല; ഒരു വാക്കു മാത്രം കല്പിച്ചാൽ എന്റെ ബാല്യക്കാരനു സൗഖ്യം വരും. ഞാനും അധികാരത്തിൻകീഴുള്ള മനുഷ്യൻ ആകുന്നു. എന്റെ കീഴിൽ പടയാളികൾ ഉണ്ട്; ഞാൻ ഒരുവനോട്: പോക എന്നു പറഞ്ഞാൽ പോകുന്നു; മറ്റൊരുത്തനോട്: വരിക എന്നു പറഞ്ഞാൽ വരുന്നു; എന്റെ ദാസനോട്: ഇതു ചെയ്ക എന്നു പറഞ്ഞാൽ അവൻ ചെയ്യുന്നു എന്ന് ഉത്തരം പറഞ്ഞു. അതു കേട്ടിട്ട് യേശു അതിശയിച്ചു, പിൻചെല്ലുന്നവരോടു പറഞ്ഞത്: യിസ്രായേലിൽക്കൂടെ ഇത്ര വലിയ വിശ്വാസം കണ്ടിട്ടില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. കിഴക്കുനിന്നും പടിഞ്ഞാറുനിന്നും അനേകർ വന്ന് അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും കൂടെ സ്വർഗരാജ്യത്തിൽ പന്തിക്കിരിക്കും. രാജ്യത്തിന്റെ പുത്രന്മാരെയോ ഏറ്റവും പുറത്തുള്ള ഇരുളിലേക്കു തള്ളിക്കളയും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. പിന്നെ യേശു ശതാധിപനോട്: പോക, നീ വിശ്വസിച്ചതുപോലെ നിനക്കു ഭവിക്കട്ടെ എന്നു പറഞ്ഞു. ആ നാഴികയിൽതന്നെ അവന്റെ ബാല്യക്കാരനു സൗഖ്യം വന്നു. യേശു പത്രൊസിന്റെ വീട്ടിൽ വന്നാറെ അവന്റെ അമ്മാവിയമ്മ പനിപിടിച്ചു കിടക്കുന്നതു കണ്ടു. അവൻ അവളുടെ കൈ തൊട്ടു പനി അവളെ വിട്ടു; അവൾ എഴുന്നേറ്റ് അവർക്ക് ശുശ്രൂഷ ചെയ്തു. വൈകുന്നേരം ആയപ്പോൾ പല ഭൂതഗ്രസ്തരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ വാക്കുകൊണ്ടു ദുരാത്മാക്കളെ പുറത്താക്കി സകല ദീനക്കാർക്കും സൗഖ്യം വരുത്തി. അവൻ നമ്മുടെ ബലഹീനതകളെ എടുത്തു, വ്യാധികളെ ചുമന്നു എന്നു യെശയ്യാപ്രവാചകൻ പറഞ്ഞതു നിവൃത്തിയാകുവാൻ തന്നെ.