YouVersion Logo
Search Icon

മത്തായി 3:7-17

മത്തായി 3:7-17 MALOVBSI

തന്റെ സ്നാനത്തിനായി പരീശരിലും സദൂക്യരിലും പലർ വരുന്നതു കണ്ടാറെ അവൻ അവരോടു പറഞ്ഞത്: സർപ്പസന്തതികളേ, വരുവാനുള്ള കോപത്തെ ഒഴിഞ്ഞ് ഓടിപ്പോകുവാൻ നിങ്ങൾക്ക് ഉപദേശിച്ചുതന്നത് ആർ? മാനസാന്തരത്തിനു യോഗ്യമായ ഫലം കായ്പിൻ. അബ്രാഹാം ഞങ്ങൾക്കു പിതാവായിട്ട് ഉണ്ട് എന്നു ഉള്ളംകൊണ്ടു പറവാൻ തുനിയരുത്; ഈ കല്ലുകളിൽനിന്ന് അബ്രാഹാമിനു മക്കളെ ഉളവാക്കുവാൻ ദൈവത്തിനു കഴിയും എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഇപ്പോൾ തന്നെ വൃക്ഷങ്ങളുടെ ചുവട്ടിനു കോടാലി വച്ചിരിക്കുന്നു; നല്ല ഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ ഇട്ടുകളയുന്നു. ഞാൻ നിങ്ങളെ മാനസാന്തരത്തിനായി വെള്ളത്തിൽ സ്നാനം ഏല്പിക്കുന്നതേയുള്ളൂ; എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാൾ ബലവാൻ ആകുന്നു; അവന്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവിലും തീയിലും സ്നാനം ഏല്പിക്കും. വീശുമുറം അവന്റെ കൈയിൽ ഉണ്ട്; അവൻ കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പു കളപ്പുരയിൽ കൂട്ടിവയ്ക്കയും പതിർ കെടാത്ത തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യും. അനന്തരം യേശു യോഹന്നാനാൽ സ്നാനം ഏല്ക്കുവാൻ ഗലീലയിൽനിന്നു യോർദ്ദാൻകരെ അവന്റെ അടുക്കൽ വന്നു. യോഹന്നാനോ അവനെ വിലക്കി: നിന്നാൽ സ്നാനം ഏല്ക്കുവാൻ എനിക്ക് ആവശ്യം; പിന്നെ നീ എന്റെ അടുക്കൽ വരുന്നുവോ എന്നു പറഞ്ഞു. യേശു അവനോട്: ഇപ്പോൾ സമ്മതിക്ക; ഇങ്ങനെ സകല നീതിയും നിവർത്തിക്കുന്നതു നമുക്ക് ഉചിതം എന്ന് ഉത്തരം പറഞ്ഞു; എന്നാറെ അവൻ അവനെ സമ്മതിച്ചു. യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി; അപ്പോൾ സ്വർഗംതുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെമേൽ വരുന്നത് അവൻ കണ്ടു; ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗത്തിൽനിന്ന് ഒരു ശബ്ദവും ഉണ്ടായി.