YouVersion Logo
Search Icon

ലൂക്കൊസ് 6

6
1ഒരു ശബ്ബത്തിൽ അവൻ വിളഭൂമിയിൽകൂടി കടന്നുപോകുമ്പോൾ അവന്റെ ശിഷ്യന്മാർ കതിർ പറിച്ചു കൈകൊണ്ടു തിരുമ്മിത്തിന്നു. 2പരീശന്മാരിൽ ചിലർ ശബ്ബത്തിൽ വിഹിതമല്ലാത്തതു നിങ്ങൾ ചെയ്യുന്നത് എന്ത് എന്നുപറഞ്ഞു. 3യേശു അവരോട്: ദാവീദ് തനിക്കും കൂടെയുള്ളവർക്കും വിശന്നപ്പോൾ ചെയ്തത് എന്ത്? അവൻ ദൈവാലയത്തിൽ ചെന്നു 4പുരോഹിതന്മാർ മാത്രമല്ലാതെ ആരും തിന്നരുതാത്ത കാഴ്ചയപ്പം വാങ്ങി തിന്നുകയും കൂടെയുള്ളവർക്കു കൊടുക്കയും ചെയ്തു എന്നുള്ളതു നിങ്ങൾ വായിച്ചിട്ടില്ലയോ എന്ന് ഉത്തരം പറഞ്ഞു. 5മനുഷ്യപുത്രൻ ശബ്ബത്തിനും കർത്താവ് ആകുന്നു എന്നും അവരോട് പറഞ്ഞു.
6മറ്റൊരു ശബ്ബത്തിൽ അവൻ പള്ളിയിൽ ചെന്ന് ഉപദേശിക്കുമ്പോൾ വലംകൈ വരണ്ടുള്ളോരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു. 7ശാസ്ത്രിമാരും പരീശന്മാരും അവനെ കുറ്റം ചുമത്തുവാൻ സംഗതി കിട്ടേണ്ടതിന് അവൻ ശബ്ബത്തിൽ സൗഖ്യമാക്കുമോ എന്നു നോക്കിക്കൊണ്ടിരുന്നു. 8അവരുടെ വിചാരം അറിഞ്ഞിട്ട് അവൻ വരണ്ടകൈയുള്ള മനുഷ്യനോട്: എഴുന്നേറ്റ് നടുവിൽ നില്ക്ക എന്നു പറഞ്ഞു; അവൻ എഴുന്നേറ്റു നിന്നു. 9യേശു അവരോട്: ഞാൻ നിങ്ങളോട് ഒന്ന് ചോദിക്കട്ടെ, ശബ്ബത്തിൽ നന്മ ചെയ്കയോ തിന്മ ചെയ്കയോ, ജീവനെ രക്ഷിക്കയോ നശിപ്പിക്കയോ ഏത് വിഹിതം എന്നു പറഞ്ഞു. 10അവരെ എല്ലാം ചുറ്റും നോക്കിയിട്ട് ആ മനുഷ്യനോട്: കൈനീട്ടുക എന്നു പറഞ്ഞു. അവൻ അങ്ങനെ ചെയ്തു, അവന്റെ കൈക്കു സൗഖ്യം വന്നു. 11അവരോ ഭ്രാന്ത് നിറഞ്ഞവരായി യേശുവിനെ എന്ത് ചെയ്യേണ്ടൂ എന്നു തമ്മിൽ ആലോചന കഴിച്ചു.
12ആ കാലത്ത് അവൻ പ്രാർഥിക്കേണ്ടതിന് ഒരു മലയിൽ ചെന്നു ദൈവത്തോടുള്ള പ്രാർഥനയിൽ രാത്രി കഴിച്ചു. 13നേരം വെളുത്തപ്പോൾ അവൻ ശിഷ്യന്മാരെ അടുക്കെ വിളിച്ചു, അവരിൽ പന്ത്രണ്ടു പേരെ തിരഞ്ഞെടുത്തു, അവർക്ക് അപ്പൊസ്തലന്മാർ എന്നും പേർ വിളിച്ചു. 14അവർ ആരെന്നാൽ: പത്രൊസ് എന്ന് അവൻ പേർ വിളിച്ച ശിമോൻ, അവന്റെ സഹോദരനായ അന്ത്രെയാസ്, യാക്കോബ്, യോഹന്നാൻ, ഫീലിപ്പൊസ്, ബർത്തൊലോമായി, 15മത്തായി, തോമാസ്, അല്ഫായിയുടെ മകനായ യാക്കോബ്, എരിവുകാരനായ ശിമോൻ, 16യാക്കോബിന്റെ സഹോദരനായ യൂദാ, ദ്രോഹിയായിത്തീർന്ന ഈസ്കര്യോത്ത് യൂദാ എന്നിവർതന്നെ. 17അവൻ അവരോടുകൂടെ ഇറങ്ങി സമഭൂമിയിൽ നിന്നു; അവന്റെ ശിഷ്യന്മാരുടെ കൂട്ടവും യെഹൂദ്യയിൽ എല്ലാടത്തുനിന്നും യെരൂശലേമിൽനിന്നും സോർ, സീദോൻ എന്ന സമുദ്രതീരങ്ങളിൽനിന്നും അവന്റെ വചനം കേൾപ്പാനും രോഗശാന്തി കിട്ടുവാനും വന്ന ബഹുപുരുഷാരവും ഉണ്ടായിരുന്നു. 18അശുദ്ധാത്മാക്കൾ ബാധിച്ചവരും സൗഖ്യം പ്രാപിച്ചു. 19ശക്തി അവനിൽനിന്നു പുറപ്പെട്ട് എല്ലാവരെയും സൗഖ്യമാക്കുകകൊണ്ടു പുരുഷാരമൊക്കെയും അവനെ തൊടുവാൻ ശ്രമിച്ചു.
20അനന്തരം അവൻ ശിഷ്യന്മാരെ നോക്കി പറഞ്ഞത്: ദരിദ്രന്മാരായ നിങ്ങൾ ഭാഗ്യവാന്മാർ; ദൈവരാജ്യം നിങ്ങൾക്കുള്ളത്. 21ഇപ്പോൾ വിശക്കുന്നവരായ നിങ്ങൾ ഭാഗ്യവാന്മാർ; നിങ്ങൾക്കു തൃപ്തിവരും; ഇപ്പോൾ കരയുന്നവരായ നിങ്ങൾ ഭാഗ്യവാന്മാർ; നിങ്ങൾ ചിരിക്കും. 22മനുഷ്യപുത്രൻ നിമിത്തം മനുഷ്യർ നിങ്ങളെ ദ്വേഷിച്ചു ഭ്രഷ്ടരാക്കി നിന്ദിച്ചു നിങ്ങളുടെ പേർ വിടക്ക് എന്നു തള്ളുമ്പോൾ, നിങ്ങൾ ഭാഗ്യവാന്മാർ. 23ആ നാളിൽ സന്തോഷിച്ചുതുള്ളുവിൻ; നിങ്ങളുടെ പ്രതിഫലം സ്വർഗത്തിൽ വലിയത്; അവരുടെ പിതാക്കന്മാർ പ്രവാചകന്മാരോട് അങ്ങനെതന്നെ ചെയ്തുവല്ലോ. 24എന്നാൽ സമ്പന്നന്മാരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങളുടെ ആശ്വാസം നിങ്ങൾക്കു ലഭിച്ചുപോയല്ലോ. 25ഇപ്പോൾ തൃപ്തന്മാരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾക്കു വിശക്കും. ഇപ്പോൾ ചിരിക്കുന്നവരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾ ദുഃഖിച്ചു കരയും. 26സകല മനുഷ്യരും നിങ്ങളെ പുകഴ്ത്തിപ്പറയുമ്പോൾ നിങ്ങൾക്ക് അയ്യോ കഷ്ടം; അവരുടെ പിതാക്കന്മാർ കളളപ്രവാചകന്മാരെ അങ്ങനെ ചെയ്തുവല്ലോ.
27എന്നാൽ കേൾക്കുന്നവരായ നിങ്ങളോടു ഞാൻ പറയുന്നത്: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ പകയ്ക്കുന്നവർക്കു ഗുണം ചെയ്‍വിൻ. 28നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിപ്പിൻ; നിങ്ങളെ ദുഷിക്കുന്നവർക്കുവേണ്ടി പ്രാർഥിപ്പിൻ. 29നിന്നെ ഒരു ചെകിട്ടത്ത് അടിക്കുന്നവന് മറ്റേതും കാണിച്ചുകൊടുക്ക; നിന്റെ പുതപ്പ് എടുത്തുകളയുന്നവന് വസ്ത്രവും തടുക്കരുത്. 30നിന്നോടു ചോദിക്കുന്ന ഏവനും കൊടുക്ക; നിനക്കുള്ളത് എടുത്തുകളയുന്നവനോട് മടക്കി ചോദിക്കരുത്. 31മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതുപോലെതന്നെ അവർക്കും ചെയ്‍വിൻ. 32നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാൽ നിങ്ങൾക്ക് എന്ത് ഉപചാരം കിട്ടും? പാപികളും തങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നുവല്ലോ. 33നിങ്ങൾക്കു നന്മ ചെയ്യുന്നവർക്കു നന്മ ചെയ്താൽ നിങ്ങൾക്ക് എന്ത് ഉപചാരം കിട്ടും? പാപികളും അങ്ങനെതന്നെ ചെയ്യുന്നുവല്ലോ. 34മടക്കി വാങ്ങിക്കൊള്ളാം എന്നു നിങ്ങൾ ആശിക്കുന്നവർക്കു കടംകൊടുത്താൽ നിങ്ങൾക്ക് എന്ത് കിട്ടും? പാപികളും കുറയാതെ മടക്കിവാങ്ങേണ്ടതിനു പാപികൾക്കു കടം കൊടുക്കുന്നുവല്ലോ. 35നിങ്ങളോ ശത്രുക്കളെ സ്നേഹിപ്പിൻ; അവർക്കു നന്മ ചെയ്‍വിൻ; ഒന്നും പകരം ഇച്ഛിക്കാതെ കടം കൊടുപ്പിൻ; എന്നാൽ നിങ്ങളുടെ പ്രതിഫലം വളരെ ആകും; നിങ്ങൾ അത്യുന്നതന്റെ മക്കൾ ആകും; അവൻ നന്ദികെട്ടവരോടും ദുഷ്ടന്മാരോടും ദയാലുവല്ലോ. 36അങ്ങനെ നിങ്ങളുടെ പിതാവ് മനസ്സലിവുള്ളവൻ ആകുന്നതുപോലെ നിങ്ങളും മനസ്സലിവുള്ളവർ ആകുവിൻ. 37വിധിക്കരുത്; എന്നാൽ നിങ്ങളെയും വിധിക്കയില്ല; ശിക്ഷയ്ക്കു വിധിക്കരുത്; എന്നാൽ നിങ്ങൾക്കും ശിക്ഷാവിധി ഉണ്ടാകയില്ല ; വിടുവിൻ; എന്നാൽ നിങ്ങളെയും വിടുവിക്കും. 38കൊടുപ്പിൻ; എന്നാൽ നിങ്ങൾക്കു കിട്ടും; അമർത്തി കുലുക്കി കവിയുന്നൊരു നല്ല അളവ് നിങ്ങളുടെ മടിയിൽ തരും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നുകിട്ടും.
39അവൻ ഒരു ഉപമയും അവരോടു പറഞ്ഞു: കുരുടനു കുരുടനെ വഴികാട്ടുവാൻ കഴിയുമോ? ഇരുവരും കുഴിയിൽ വീഴുകയില്ലയോ? 40ശിഷ്യൻ ഗുരുവിനു മീതെയല്ല, അഭ്യാസം തികഞ്ഞവൻ എല്ലാം ഗുരുവിനെപ്പോലെ ആകും. 41എന്നാൽ നീ സഹോദരന്റെ കണ്ണിലെ കരടു നോക്കുകയും സ്വന്തകണ്ണിലെ കോൽ വിചാരിക്കാതിരിക്കയും ചെയ്യുന്നത് എന്ത്? 42അല്ല, സ്വന്തകണ്ണിലെ കോൽ നോക്കാതെ: സഹോദരാ, നില്ല്; നിന്റെ കണ്ണിലെ കരട് എടുത്തുകളയട്ടെ” എന്നു സഹോദരനോട് പറവാൻ നിനക്ക് എങ്ങനെ കഴിയും? കപടഭക്തിക്കാരാ, മുമ്പേ സ്വന്തകണ്ണിലെ കോൽ എടുത്തുകളക; എന്നാൽ സഹോദരന്റെ കണ്ണിലെ കരട് എടുത്തുകളവാൻ വെടിപ്പായി കാണുമല്ലോ. 43ആകാത്തഫലം കായ്ക്കുന്ന നല്ല വൃക്ഷമില്ല; നല്ല ഫലം കായ്ക്കുന്ന ആകാത്ത വൃക്ഷവുമില്ല. 44ഏതു വൃക്ഷത്തെയും ഫലംകൊണ്ട് അറിയാം. മുള്ളിൽനിന്ന് അത്തിപ്പഴം ശേഖരിക്കയും ഞെരിഞ്ഞിലിൽനിന്നു മുന്തിരിങ്ങാ പറിക്കയും ചെയ്യുമാറില്ലല്ലോ. 45നല്ല മനുഷ്യൻ തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തിൽനിന്ന് നല്ലതു പുറപ്പെടുവിക്കുന്നു; ദുഷ്ടൻ ദോഷമായതിൽനിന്ന് ദോഷം പുറപ്പെടുവിക്കുന്നു. ഹൃദയത്തിൽ നിറഞ്ഞു കവിയുന്നതല്ലോ വായ് പ്രസ്താവിക്കുന്നത്.
46നിങ്ങൾ എന്നെ കർത്താവേ, കർത്താവേ എന്നു വിളിക്കയും ഞാൻ പറയുന്നത് ചെയ്യാതിരിക്കയും ചെയ്യുന്നത് എന്ത്? 47എന്റെ അടുക്കൽ വന്ന് എന്റെ വചനം കേട്ടു ചെയ്യുന്നവൻ എല്ലാം ഇന്നവനോടു തുല്യൻ എന്നു ഞാൻ കാണിച്ചുതരാം. 48ആഴെക്കുഴിച്ചു പാറമേൽ അടിസ്ഥാനം ഇട്ടു വീടു പണിയുന്ന മനുഷ്യനോട് അവൻ തുല്യൻ. വെള്ളപ്പൊക്കം ഉണ്ടായിട്ട് ഒഴുക്ക് വീട്ടിനോട് അടിച്ചു; എന്നാൽ അത് നല്ലവണ്ണം പണിതിരിക്കകൊണ്ട് അത് ഇളകിപ്പോയില്ല. 49കേട്ടിട്ടു ചെയ്യാത്തവനോ അടിസ്ഥാനം കൂടാതെ മണ്ണിന്മേൽ വീടുപണിത മനുഷ്യനോടു തുല്യൻ. ഒഴുക്ക് അടിച്ച ഉടനെ അത് വീണു; ആ വീട്ടിന്റെ വീഴ്ച വലിയതുമായിരുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in