ലൂക്കൊസ് 6:37-49
ലൂക്കൊസ് 6:37-49 MALOVBSI
വിധിക്കരുത്; എന്നാൽ നിങ്ങളെയും വിധിക്കയില്ല; ശിക്ഷയ്ക്കു വിധിക്കരുത്; എന്നാൽ നിങ്ങൾക്കും ശിക്ഷാവിധി ഉണ്ടാകയില്ല ; വിടുവിൻ; എന്നാൽ നിങ്ങളെയും വിടുവിക്കും. കൊടുപ്പിൻ; എന്നാൽ നിങ്ങൾക്കു കിട്ടും; അമർത്തി കുലുക്കി കവിയുന്നൊരു നല്ല അളവ് നിങ്ങളുടെ മടിയിൽ തരും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നുകിട്ടും. അവൻ ഒരു ഉപമയും അവരോടു പറഞ്ഞു: കുരുടനു കുരുടനെ വഴികാട്ടുവാൻ കഴിയുമോ? ഇരുവരും കുഴിയിൽ വീഴുകയില്ലയോ? ശിഷ്യൻ ഗുരുവിനു മീതെയല്ല, അഭ്യാസം തികഞ്ഞവൻ എല്ലാം ഗുരുവിനെപ്പോലെ ആകും. എന്നാൽ നീ സഹോദരന്റെ കണ്ണിലെ കരടു നോക്കുകയും സ്വന്തകണ്ണിലെ കോൽ വിചാരിക്കാതിരിക്കയും ചെയ്യുന്നത് എന്ത്? അല്ല, സ്വന്തകണ്ണിലെ കോൽ നോക്കാതെ: സഹോദരാ, നില്ല്; നിന്റെ കണ്ണിലെ കരട് എടുത്തുകളയട്ടെ” എന്നു സഹോദരനോട് പറവാൻ നിനക്ക് എങ്ങനെ കഴിയും? കപടഭക്തിക്കാരാ, മുമ്പേ സ്വന്തകണ്ണിലെ കോൽ എടുത്തുകളക; എന്നാൽ സഹോദരന്റെ കണ്ണിലെ കരട് എടുത്തുകളവാൻ വെടിപ്പായി കാണുമല്ലോ. ആകാത്തഫലം കായ്ക്കുന്ന നല്ല വൃക്ഷമില്ല; നല്ല ഫലം കായ്ക്കുന്ന ആകാത്ത വൃക്ഷവുമില്ല. ഏതു വൃക്ഷത്തെയും ഫലംകൊണ്ട് അറിയാം. മുള്ളിൽനിന്ന് അത്തിപ്പഴം ശേഖരിക്കയും ഞെരിഞ്ഞിലിൽനിന്നു മുന്തിരിങ്ങാ പറിക്കയും ചെയ്യുമാറില്ലല്ലോ. നല്ല മനുഷ്യൻ തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തിൽനിന്ന് നല്ലതു പുറപ്പെടുവിക്കുന്നു; ദുഷ്ടൻ ദോഷമായതിൽനിന്ന് ദോഷം പുറപ്പെടുവിക്കുന്നു. ഹൃദയത്തിൽ നിറഞ്ഞു കവിയുന്നതല്ലോ വായ് പ്രസ്താവിക്കുന്നത്. നിങ്ങൾ എന്നെ കർത്താവേ, കർത്താവേ എന്നു വിളിക്കയും ഞാൻ പറയുന്നത് ചെയ്യാതിരിക്കയും ചെയ്യുന്നത് എന്ത്? എന്റെ അടുക്കൽ വന്ന് എന്റെ വചനം കേട്ടു ചെയ്യുന്നവൻ എല്ലാം ഇന്നവനോടു തുല്യൻ എന്നു ഞാൻ കാണിച്ചുതരാം. ആഴെക്കുഴിച്ചു പാറമേൽ അടിസ്ഥാനം ഇട്ടു വീടു പണിയുന്ന മനുഷ്യനോട് അവൻ തുല്യൻ. വെള്ളപ്പൊക്കം ഉണ്ടായിട്ട് ഒഴുക്ക് വീട്ടിനോട് അടിച്ചു; എന്നാൽ അത് നല്ലവണ്ണം പണിതിരിക്കകൊണ്ട് അത് ഇളകിപ്പോയില്ല. കേട്ടിട്ടു ചെയ്യാത്തവനോ അടിസ്ഥാനം കൂടാതെ മണ്ണിന്മേൽ വീടുപണിത മനുഷ്യനോടു തുല്യൻ. ഒഴുക്ക് അടിച്ച ഉടനെ അത് വീണു; ആ വീട്ടിന്റെ വീഴ്ച വലിയതുമായിരുന്നു.