ലൂക്കൊസ് 2
2
1ആ കാലത്തു ലോകമൊക്കെയും പേർവഴി ചാർത്തേണം എന്ന് ഔഗുസ്തൊസ് കൈസരുടെ ഒരു ആജ്ഞ പുറപ്പെട്ടു. 2കുറേന്യൊസ് സുറിയനാടു വാഴുമ്പോൾ ഈ ഒന്നാമത്തെ ചാർത്തൽ ഉണ്ടായി. 3എല്ലാവരും ചാർത്തപ്പെടേണ്ടതിനു താന്താന്റെ പട്ടണത്തിലേക്കു യാത്രയായി. 4അങ്ങനെ യോസേഫും ദാവീദിന്റെ ഗൃഹത്തിലും കുലത്തിലും ഉള്ളവൻ ആകകൊണ്ട് തനിക്കു വിവാഹം നിശ്ചയിച്ചിരുന്ന മറിയ എന്ന ഗർഭിണിയായ ഭാര്യയോടുംകൂടെ ചാർത്തപ്പെടേണ്ടതിനു ഗലീലയിലെ നസറെത്ത് പട്ടണം വിട്ടു, 5യെഹൂദ്യയിൽ ബേത്ലഹേം എന്ന ദാവീദിൻപട്ടണത്തിലേക്കു പോയി. 6അവർ അവിടെ ഇരിക്കുമ്പോൾ അവൾക്കു പ്രസവത്തിനുള്ള കാലംതികഞ്ഞു. 7അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു, ശീലകൾ ചുറ്റി വഴിയമ്പലത്തിൽ അവർക്ക് സ്ഥലം ഇല്ലായ്കയാൽ പശുത്തൊട്ടിയിൽ കിടത്തി.
8അന്ന് ആ പ്രദേശത്ത് ഇടയന്മാർ രാത്രിയിൽ ആട്ടിൻകൂട്ടത്തെ കാവൽകാത്തു വെളിയിൽ പാർത്തിരുന്നു. 9അപ്പോൾ കർത്താവിന്റെ ഒരു ദൂതൻ അവരുടെ അരികെ നിന്നു, കർത്താവിന്റെ തേജസ്സ് അവരെ ചുറ്റിമിന്നി, അവർ ഭയപരവശരായിത്തീർന്നു. 10ദൂതൻ അവരോട്: ഭയപ്പെടേണ്ടാ; സർവജനത്തിനും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു. 11കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു. 12നിങ്ങൾക്ക് അടയാളമോ: ശീലകൾചുറ്റി പശുത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും എന്നു പറഞ്ഞു. 13പെട്ടെന്നു സ്വർഗീയസൈന്യത്തിന്റെ ഒരു സംഘം ദൂതനോടു ചേർന്ന് ദൈവത്തെ പുകഴ്ത്തി.
14“അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്ത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം” എന്നു പറഞ്ഞു.
15ദൂതന്മാർ അവരെ വിട്ടു സ്വർഗത്തിൽ പോയശേഷം ഇടയന്മാർ: നാം ബേത്ലഹേമോളം ചെന്ന് കർത്താവ് നമ്മോട് അറിയിച്ച ഈ സംഭവം കാണേണം എന്നു തമ്മിൽ പറഞ്ഞു. 16അവർ ബദ്ധപ്പെട്ടു ചെന്ന്, മറിയയെയും യോസേഫിനെയും പശുത്തൊട്ടിയിൽ കിടക്കുന്ന ശിശുവിനെയും കണ്ടു. 17കണ്ടശേഷം ഈ പൈതലിനെക്കുറിച്ചു തങ്ങളോടു പറഞ്ഞ വാക്ക് അറിയിച്ചു. 18കേട്ടവർ എല്ലാവരും ഇടയന്മാർ പറഞ്ഞതിനെക്കുറിച്ച് ആശ്ചര്യപ്പെട്ടു. 19മറിയ ഈ വാർത്തയൊക്കെയും ഹൃദയത്തിൽ സംഗ്രഹിച്ചു ധ്യാനിച്ചുകൊണ്ടിരുന്നു. 20തങ്ങളോട് അറിയിച്ചതുപോലെ ഇടയന്മാർ കേട്ടതും കണ്ടതുമായ എല്ലാറ്റിനെയുംകുറിച്ചു ദൈവത്തെ മഹത്ത്വപ്പെടുത്തിയും പുകഴ്ത്തിയുംകൊണ്ടു മടങ്ങിപ്പോയി.
21പരിച്ഛേദന കഴിപ്പാനുള്ള എട്ടു ദിവസം തികഞ്ഞപ്പോൾ അവൻ ഗർഭത്തിൽ ഉല്പാദിക്കും മുമ്പേ ദൂതൻ പറഞ്ഞതുപോലെ അവനു യേശു എന്നു പേർ വിളിച്ചു.
22മോശെയുടെ ന്യായപ്രമാണപ്രകാരം അവളുടെ ശുദ്ധീകരണകാലം തികഞ്ഞപ്പോൾ 23കടിഞ്ഞൂലായ ആണൊക്കെയും കർത്താവിനു വിശുദ്ധം ആയിരിക്കേണം എന്നു കർത്താവിന്റെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ 24അവനെ കർത്താവിന് അർപ്പിപ്പാനും ഒരു ഇണകുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ കർത്താവിന്റെ ന്യായപ്രമാണത്തിൽ കല്പിച്ചതുപോലെ യാഗം കഴിപ്പാനും അവർ അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി. 25യെരൂശലേമിൽ ശിമ്യോൻ എന്നു പേരുള്ളൊരു മനുഷ്യൻ ഉണ്ടായിരുന്നു; ഈ മനുഷ്യൻ നീതിമാനും യിസ്രായേലിന്റെ ആശ്വാസത്തിനായി കാത്തിരിക്കുന്നവനും ആയിരുന്നു; പരിശുദ്ധാത്മാവും അവന്റെമേൽ ഉണ്ടായിരുന്നു. 26കർത്താവിന്റെ ക്രിസ്തുവിനെ കാണും മുമ്പേ മരണം കാൺകയില്ല എന്നു പരിശുദ്ധാത്മാവിനാൽ അവന് അരുളപ്പാട് ഉണ്ടായിരുന്നു. 27അവൻ ആത്മനിയോഗത്താൽ ദൈവാലയത്തിൽ ചെന്ന്; യേശു എന്ന പൈതലിനുവേണ്ടി ന്യായപ്രമാണത്തിന്റെ ചട്ടപ്രകാരം ചെയ്വാൻ അമ്മയപ്പന്മാർ അവനെ അകത്തു കൊണ്ടുചെന്നപ്പോൾ 28അവൻ അവനെ കൈയിൽ ഏന്തി ദൈവത്തെ പുകഴ്ത്തി: 29“ഇപ്പോൾ നാഥാ തിരുവചനംപോലെ നീ അടിയനെ സമാധാനത്തോടെ വിട്ടയയ്ക്കുന്നു. 30ജാതികൾക്കു വെളിപ്പെടുവാനുള്ള പ്രകാശവും നിന്റെ ജനമായ യിസ്രായേലിന്റെ മഹത്ത്വവുമായി 31നീ സകല ജാതികളുടെയും മുമ്പിൽ ഒരുക്കിയിരിക്കുന്ന നിന്റെ രക്ഷയെ 32എന്റെ കണ്ണു കണ്ടുവല്ലോ” എന്നു പറഞ്ഞു. 33ഇങ്ങനെ അവനെക്കുറിച്ചു പറഞ്ഞതിൽ അവന്റെ അപ്പനും അമ്മയും ആശ്ചര്യപ്പെട്ടു. 34പിന്നെ ശിമ്യോൻ അവരെ അനുഗ്രഹിച്ച് അവന്റെ അമ്മയായ മറിയയോട്: അനേക ഹൃദയങ്ങളിലെ വിചാരം വെളിപ്പെടേണ്ടതിന് ഇവനെ യിസ്രായേലിൽ പലരുടെയും വീഴ്ചയ്ക്കും എഴുന്നേല്പിനും മറുത്തുപറയുന്ന അടയാളത്തിനുമായി വച്ചിരിക്കുന്നു. 35നിന്റെ സ്വന്ത പ്രാണനിൽക്കൂടിയും ഒരു വാൾ കടക്കും എന്നു പറഞ്ഞു. 36ആശേർഗോത്രത്തിൽ ഫനൂവേലിന്റെ മകളായ ഹന്നാ എന്നൊരു പ്രവാചകി ഉണ്ടായിരുന്നു; അവൾ കന്യാകാലത്തിൽ പിന്നെ ഭർത്താവിനോടുകൂടെ ഏഴു സംവത്സരം കഴിച്ച് എൺപത്തിനാല് സംവത്സരം വിധവയും വളരെ വയസ്സു ചെന്നവളുമായി 37ദൈവാലയം വിട്ടുപിരിയാതെ ഉപവാസത്തോടും പ്രാർഥനയോടുംകൂടെ രാവും പകലും ആരാധന ചെയ്തുപോന്നു. 38ആ നാഴികയിൽ അവളും അടുത്തുനിന്നു ദൈവത്തെ സ്തുതിച്ചു, യെരൂശലേമിന്റെ വീണ്ടെടുപ്പിനെ കാത്തിരുന്ന എല്ലാവരോടും അവനെക്കുറിച്ചു പ്രസ്താവിച്ചു. 39കർത്താവിന്റെ ന്യായപ്രമാണത്തിൽ കല്പിച്ചിരിക്കുന്നതൊക്കെയും നിവർത്തിച്ചശേഷം അവർ ഗലീലയിൽ തങ്ങളുടെ പട്ടണമായ നസറെത്തിലേക്കു മടങ്ങിപ്പോയി.
40പൈതൽ വളർന്നു ജ്ഞാനം നിറഞ്ഞു, ആത്മാവിൽ ബലപ്പെട്ടുപോന്നു; ദൈവകൃപയും അവന്മേൽ ഉണ്ടായിരുന്നു.
41അവന്റെ അമ്മയപ്പന്മാർ ആണ്ടുതോറും പെസഹാപെരുന്നാളിനു യെരൂശലേമിലേക്കു പോകും. 42അവനു പന്ത്രണ്ട് വയസ്സായപ്പോൾ അവർ പതിവുപോലെ പെരുന്നാളിനു പോയി. 43പെരുന്നാൾ കഴിഞ്ഞു മടങ്ങിപ്പോരുമ്പോൾ ബാലനായ യേശു യെരൂശലേമിൽ താമസിച്ചു; അമ്മയപ്പന്മാരോ അറിഞ്ഞില്ല. 44സഹയാത്രക്കാരുടെ കൂട്ടത്തിൽ ഉണ്ടായിരിക്കും എന്ന് അവർ ഊഹിച്ചിട്ട് ഒരു ദിവസത്തെ വഴി പോന്നു; പിന്നെ അവനെ ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇടയിൽ തിരഞ്ഞു. 45കാണാഞ്ഞിട്ട് അവനെ അന്വേഷിച്ചുകൊണ്ടു യെരൂശലേമിലേക്കു മടങ്ങിപ്പോയി. 46മൂന്നു നാൾ കഴിഞ്ഞശേഷം അവൻ ദൈവാലയത്തിൽ ഉപദേഷ്ടാക്കന്മാരുടെ നടുവിൽ ഇരിക്കുന്നതും അവരുടെ ഉപദേശം കേൾക്കയും അവരോടു ചോദിക്കയും ചെയ്യുന്നതും കണ്ടു. 47അവന്റെ വാക്കു കേട്ടവർക്കെല്ലാവർക്കും അവന്റെ വിവേകത്തിലും ഉത്തരങ്ങളിലും വിസ്മയം തോന്നി. 48അവനെ കണ്ടിട്ട് അവർ അതിശയിച്ചു. അമ്മ അവനോട്: മകനേ, ഞങ്ങളോട് ഇങ്ങനെ ചെയ്തത് എന്ത്? നിന്റെ അപ്പനും ഞാനും വ്യസനിച്ചുകൊണ്ടു നിന്നെ തിരഞ്ഞു എന്ന് പറഞ്ഞു. 49അവൻ അവരോട്: എന്നെ തിരഞ്ഞത് എന്തിന്? എന്റെ പിതാവിനുള്ളതിൽ ഞാൻ ഇരിക്കേണ്ടത് എന്നു നിങ്ങൾ അറിയുന്നില്ലയോ എന്നു പറഞ്ഞു. 50അവൻ തങ്ങളോടു പറഞ്ഞ വാക്ക് അവർ ഗ്രഹിച്ചില്ല. 51പിന്നെ അവൻ അവരോടുകൂടെ ഇറങ്ങി, നസറെത്തിൽ വന്ന് അവർക്കു കീഴടങ്ങിയിരുന്നു. ഈ കാര്യങ്ങൾ എല്ലാം അവന്റെ അമ്മ ഹൃദയത്തിൽ സംഗ്രഹിച്ചു.
52യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നുവന്നു.
Currently Selected:
ലൂക്കൊസ് 2: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.