YouVersion Logo
Search Icon

ലേവ്യാപുസ്തകം 6

6
1യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ: 2ആരെങ്കിലും പിഴച്ച് യഹോവയോട് അതിക്രമം ചെയ്തു തന്റെ പക്കൽ ഏല്പിച്ച വസ്തുവിനെയോ പണയം വച്ചതിനെയോ മോഷണകാര്യത്തെയോ സംബന്ധിച്ച് കൂട്ടുകാരനോടു ഭോഷ്കു പറക എങ്കിലും കൂട്ടുകാരനോടു വഞ്ചന ചെയ്ക എങ്കിലും 3കാണാതെപോയ വസ്തു കണ്ടിട്ട് അതിനെക്കുറിച്ചു ഭോഷ്കു പറഞ്ഞു മനുഷ്യൻ പിഴയ്ക്കുന്ന ഈവക വല്ല കാര്യത്തിലും കള്ളസ്സത്യം ചെയ്ക എങ്കിലും ചെയ്തിട്ട് 4അവൻ പിഴച്ചു കുറ്റക്കാരനായാൽ താൻ മോഷ്‍ടിച്ചതോ വഞ്ചിച്ചെടുത്തതോ തന്റെ പക്കൽ ഏല്പിച്ചതോ കാണാതെപോയിട്ടു താൻ കണ്ടതോ 5താൻ കള്ളസ്സത്യം ചെയ്ത് എടുത്തതോ ആയതൊക്കെയും മുതലോട് അഞ്ചിലൊന്നു കൂട്ടി പകരം കൊടുക്കേണം; അകൃത്യയാഗം കഴിക്കുന്ന നാളിൽ അവൻ അത് ഉടമസ്ഥനു കൊടുക്കേണം. 6അകൃത്യയാഗത്തിനായിട്ട് അവൻ നിന്റെ മതിപ്പുപോലെ ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെ യഹോവയ്ക്ക് അകൃത്യയാഗമായി പുരോഹിതന്റെ അടുക്കൽ കൊണ്ടുവരേണം. 7പുരോഹിതൻ യഹോവയുടെ സന്നിധിയിൽ അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അവൻ അകൃത്യമായി ചെയ്തതൊക്കെയും അവനോടു ക്ഷമിക്കും.
8യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: 9നീ അഹരോനോടും പുത്രന്മാരോടും കല്പിക്കേണ്ടത് എന്തെന്നാൽ: ഹോമയാഗത്തിന്റെ പ്രമാണമാവിത്: ഹോമയാഗം രാത്രി മുഴുവനും ഉഷസ്സുവരെ യാഗപീഠത്തിന്മേലുള്ള വിറകിന്മേൽ ഇരിക്കയും യാഗപീഠത്തിലെ തീ അതിനാൽ കത്തിക്കൊണ്ടിരിക്കയും വേണം. 10പുരോഹിതൻ പഞ്ഞിനൂൽകൊണ്ടുള്ള അങ്കി ധരിച്ച് പഞ്ഞിനൂൽകൊണ്ടുള്ള കാൽച്ചട്ടയാൽ തന്റെ നഗ്നത മറച്ചുകൊണ്ട് യാഗപീഠത്തിന്മേൽ ഹോമയാഗം ദഹിച്ചുണ്ടായ വെണ്ണീർ എടുത്ത് യാഗപീഠത്തിന്റെ ഒരു വശത്ത് ഇടേണം. 11അവൻ വസ്ത്രം മാറി വേറേ വസ്ത്രം ധരിച്ചു പാളയത്തിനു പുറത്തു വെടിപ്പുള്ള ഒരു സ്ഥലത്തു വെണ്ണീർ കൊണ്ടുപോകേണം. 12യാഗപീഠത്തിൽ തീ കെട്ടുപോകാതെ കത്തിക്കൊണ്ടിരിക്കേണം; പുരോഹിതൻ ഉഷസ്സുതോറും അതിന്മേൽ വിറകു കത്തിച്ച് ഹോമയാഗം അടുക്കിവച്ച് അതിന്മീതെ സമാധാനയാഗങ്ങളുടെ മേദസ്സ് ദഹിപ്പിക്കേണം. 13യാഗപീഠത്തിന്മേൽ തീ കെട്ടുപോകാതെ എപ്പോഴും കത്തിക്കൊണ്ടിരിക്കേണം.
14ഭോജനയാഗത്തിന്റെ പ്രമാണമാവിത്: അഹരോന്റെ പുത്രന്മാർ യഹോവയുടെ സന്നിധിയിൽ യാഗപീഠത്തിന്റെ മുമ്പിൽ അത് അർപ്പിക്കേണം. 15ഭോജനയാഗത്തിന്റെ നേരിയ മാവിൽനിന്നും എണ്ണയിൽനിന്നും കൈ നിറച്ചും ഭോജനയാഗത്തിന്മേലുള്ള കുന്തുരുക്കം മുഴുവനും എടുത്ത് നിവേദ്യമായി യാഗപീഠത്തിന്മേൽ യഹോവയ്ക്കു സൗരഭ്യവാസനയായി ദഹിപ്പിക്കേണം. 16അതിന്റെ ശേഷിപ്പ് അഹരോനും പുത്രന്മാരും തിന്നേണം; ഒരു വിശുദ്ധസ്ഥലത്തുവച്ച് അതു പുളിപ്പില്ലാത്തതായി തിന്നേണം; സമാഗമനകൂടാരത്തിന്റെ പ്രാകാരത്തിൽവച്ച് അതു തിന്നേണം. 17അതു പുളിച്ച മാവു കൂട്ടി ചുടരുത്; എന്റെ ദഹനയാഗങ്ങളിൽനിന്ന് അതു ഞാൻ അവരുടെ ഓഹരിയായി കൊടുത്തിരിക്കുന്നു; അത് പാപയാഗംപോലെയും അകൃത്യയാഗംപോലെയും അതിവിശുദ്ധം. 18അഹരോന്റെ മക്കളിൽ ആണുങ്ങൾക്കൊക്കെയും അതു തിന്നാം; യഹോവയുടെ ദഹനയാഗങ്ങളിൽ അതു നിങ്ങൾക്കു തലമുറതലമുറയായി ശാശ്വതാവകാശം ആകുന്നു; അതിനെ തൊടുന്നവൻ എല്ലാം വിശുദ്ധനായിരിക്കേണം.
19യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ: 20അഹരോന് അഭിഷേകം കഴിയുന്ന ദിവസം അവനും പുത്രന്മാരും യഹോവയ്ക്കു കഴിക്കേണ്ടുന്ന വഴിപാടാവിത്: ഒരു ഇടങ്ങഴി നേരിയ മാവിൽ പാതി രാവിലെയും പാതി വൈകുന്നേരവും നിരന്തരഭോജനയാഗമായി അർപ്പിക്കേണം. 21അത് എണ്ണ ചേർത്ത് ചട്ടിയിൽ ചുടേണം; അതു കുതിർത്തു കൊണ്ടുവരേണം; ചുട്ട കഷണങ്ങൾ ഭോജനയാഗമായി യഹോവയ്ക്കു സൗരഭ്യവാസനയായി അർപ്പിക്കേണം. 22അവന്റെ പുത്രന്മാരിൽ അവനു പകരം അഭിഷേകം പ്രാപിക്കുന്ന പുരോഹിതനും അത് അർപ്പിക്കേണം; എന്നേക്കുമുള്ള ചട്ടമായി അതു മുഴുവനും യഹോവയ്ക്കു ദഹിപ്പിക്കേണം; 23പുരോഹിതന്റെ ഭോജനയാഗം മുഴുവനും ദഹിപ്പിക്കേണം; അതു തിന്നരുത്.
24യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: 25നീ അഹരോനോടും പുത്രന്മാരോടും പറയേണ്ടത് എന്തെന്നാൽ: പാപയാഗത്തിന്റെ പ്രമാണമാവിത്: ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവച്ചു പാപയാഗമൃഗത്തെയും യഹോവയുടെ സന്നിധിയിൽ അറുക്കേണം; അത് അതിവിശുദ്ധം. 26പാപത്തിനുവേണ്ടി അത് അർപ്പിക്കുന്ന പുരോഹിതൻ അതു തിന്നേണം; സമാഗമനകൂടാരത്തിന്റെ പ്രാകാരത്തിൽ ഒരു വിശുദ്ധസ്ഥലത്തുവച്ച് അത് തിന്നേണം. 27അതിന്റെ മാംസം തൊടുന്നവൻ എല്ലാം വിശുദ്ധനായിരിക്കേണം; അതിന്റെ രക്തം ഒരു വസ്ത്രത്തിൽ തെറിച്ചാൽ അതു വീണത് ഒരു വിശുദ്ധസ്ഥലത്തുവച്ചു കഴുകേണം. 28അതു വേവിച്ച മൺപാത്രം ഉടച്ചുകളയേണം; ചെമ്പുകലത്തിൽ വേവിച്ചു എങ്കിൽ അതു തേച്ചുമഴക്കി വെള്ളംകൊണ്ടു കഴുകേണം. 29പുരോഹിതകുലത്തിലെ ആണുങ്ങളൊക്കെയും അതു തിന്നേണം; അത് അതിവിശുദ്ധം. 30എന്നാൽ വിശുദ്ധമന്ദിരത്തിൽ പ്രായശ്ചിത്തം കഴിപ്പാൻ സമാഗമനകൂടാരത്തിനകത്തു രക്തം കൊണ്ടുവരുന്ന പാപയാഗത്തെ തിന്നരുത്; അതു തീയിൽ ഇട്ടു ചുട്ടുകളയേണം.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Videos for ലേവ്യാപുസ്തകം 6