YouVersion Logo
Search Icon

ലേവ്യാപുസ്തകം 23

23
1യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: 2നീ യിസ്രായേൽമക്കളോടു പറയേണ്ടത്: എന്റെ ഉത്സവങ്ങൾ, വിശുദ്ധസഭായോഗം വിളിച്ചുകൂട്ടേണ്ടുന്ന യഹോവയുടെ ഉത്സവങ്ങൾ ആവിത്: 3ആറു ദിവസം വേല ചെയ്യേണം; ഏഴാം ദിവസം വിശുദ്ധസഭായോഗം കൂടേണ്ടുന്ന സ്വസ്ഥതയ്ക്കുള്ള ശബ്ബത്ത്. അന്ന് ഒരു വേലയും ചെയ്യരുത്; നിങ്ങളുടെ സകല വാസസ്ഥലങ്ങളിലും അത് യഹോവയുടെ ശബ്ബത്ത് ആകുന്നു.
4അതതു കാലത്തു വിശുദ്ധസഭായോഗം വിളിച്ചുകൂട്ടേണ്ടുന്ന യഹോവയുടെ ഉത്സവങ്ങൾ ആവിത്: 5ഒന്നാം മാസം പതിന്നാലാം തീയതി സന്ധ്യാസമയത്ത് യഹോവയുടെ പെസഹ. 6ആ മാസം പതിനഞ്ചാം തീയതി യഹോവയ്ക്കു പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ; ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നേണം. 7ഒന്നാം ദിവസം നിങ്ങൾക്കു വിശുദ്ധസഭായോഗം ഉണ്ടാകേണം; സാമാന്യവേല യാതൊന്നും ചെയ്യരുത്. 8നിങ്ങൾ ഏഴു ദിവസം യഹോവയ്ക്കു ദഹനയാഗം അർപ്പിക്കേണം; ഏഴാം ദിവസം വിശുദ്ധസഭായോഗം; അന്നു സാമാന്യവേല യാതൊന്നും ചെയ്യരുത്.
9യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: 10നീ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: ഞാൻ നിങ്ങൾക്കു തരുന്ന ദേശത്തു നിങ്ങൾ എത്തിയശേഷം അതിലെ വിളവെടുക്കുമ്പോൾ നിങ്ങളുടെ കൊയ്ത്തിലെ ആദ്യത്തെ കറ്റ പുരോഹിതന്റെ അടുക്കൽ കൊണ്ടു വരേണം. 11നിങ്ങൾക്കു പ്രസാദം ലഭിക്കേണ്ടതിന് അവൻ ആ കറ്റ യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യേണം. ശബ്ബത്തിന്റെ പിറ്റന്നാൾ പുരോഹിതൻ അതു നീരാജനം ചെയ്യേണം. 12കറ്റ നീരാജനം ചെയ്യുന്ന ദിവസം നിങ്ങൾ യഹോവയ്ക്കു ഹോമയാഗമായി ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു ആണാട്ടിൻകുട്ടിയെ അർപ്പിക്കേണം. 13അതിന്റെ ഭോജനയാഗം എണ്ണ ചേർത്ത രണ്ടിടങ്ങഴി നേരിയ മാവ് ആയിരിക്കേണം; അതു യഹോവയ്ക്കു സൗരഭ്യവാസനയായുള്ള ദഹനയാഗം; അതിന്റെ പാനീയയാഗം ഒരു നാഴി വീഞ്ഞ് ആയിരിക്കേണം. 14നിങ്ങളുടെ ദൈവത്തിനു വഴിപാടു കൊണ്ടുവരുന്ന ദിവസംവരെ നിങ്ങൾ അപ്പമാകട്ടെ മലരാകട്ടെ കതിരാകട്ടെ തിന്നരുത്; നിങ്ങളുടെ സകല വാസസ്ഥലങ്ങളിലും ഇതു തലമുറതലമുറയായി നിങ്ങൾക്ക് എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.
15ശബ്ബത്തിന്റെ പിറ്റന്നാൾമുതൽ, നിങ്ങൾ നീരാജനത്തിന്റെ കറ്റ കൊണ്ടുവന്ന ദിവസംമുതൽതന്നെ, എണ്ണി ഏഴു ശബ്ബത്ത് തികയേണം. 16ഏഴാമത്തെ ശബ്ബത്തിന്റെ പിറ്റന്നാൾവരെ അമ്പതു ദിവസം എണ്ണി യഹോവയ്ക്കു പുതിയ ധാന്യംകൊണ്ട് ഒരു ഭോജനയാഗം അർപ്പിക്കേണം. 17നീരാജനത്തിന് രണ്ടിടങ്ങഴി മാവുകൊണ്ട് രണ്ടപ്പം നിങ്ങളുടെ വാസസ്ഥലങ്ങളിൽനിന്നു കൊണ്ടുവരേണം; അതു നേരിയ മാവുകൊണ്ടുള്ളതും പുളിപ്പിച്ചു ചുട്ടതും ആയിരിക്കേണം; അത് യഹോവയ്ക്ക് ആദ്യവിളവ്. 18അപ്പത്തോടുകൂടെ ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഏഴു ചെമ്മരിയാട്ടിൻകുട്ടിയെയും ഒരു കാളക്കുട്ടിയെയും രണ്ടു മുട്ടാടിനെയും അർപ്പിക്കേണം; അവയും അവയുടെ ഭോജനയാഗവും പാനീയയാഗവും യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗമായി യഹോവയ്ക്കു ഹോമയാഗമായിരിക്കേണം. 19ഒരു കോലാട്ടുകൊറ്റനെ പാപയാഗമായും ഒരു വയസ്സു പ്രായമുള്ള രണ്ട് ആട്ടിൻകുട്ടിയെ സമാധാനയാഗമായും അർപ്പിക്കേണം. 20പുരോഹിതൻ അവയെ ആദ്യവിളവിന്റെ അപ്പത്തോടും രണ്ട് ആട്ടിൻകുട്ടിയോടുംകൂടെ യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യേണം; അവ പുരോഹിതനുവേണ്ടി യഹോവയ്ക്കു വിശുദ്ധമായിരിക്കേണം. 21അന്നുതന്നെ നിങ്ങൾ വിശുദ്ധസഭായോഗം വിളിച്ചുകൂട്ടേണം; അന്നു സാമാന്യവേല യാതൊന്നും ചെയ്യരുത്; ഇതു നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും തലമുറതലമുറയായി നിങ്ങൾക്ക് എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.
22നിങ്ങളുടെ നിലത്തിലെ വിളവ് എടുക്കുമ്പോൾ വയലിന്റെ അരികു തീർത്തു കൊയ്യരുത്; കാലാ പെറുക്കുകയുമരുത്; അതു ദരിദ്രനും പരദേശിക്കും വിട്ടേക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
23യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: 24നീ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: ഏഴാം മാസം ഒന്നാം തീയതി നിങ്ങൾക്കു കാഹളധ്വനിയുടെ ജ്ഞാപകവും വിശുദ്ധസഭായോഗമുള്ള സ്വസ്ഥദിവസവുമായിരിക്കേണം. 25അന്നു സാമാന്യവേല യാതൊന്നും ചെയ്യാതെ യഹോവയ്ക്കു ദഹനയാഗം അർപ്പിക്കേണം.
26യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: 27ഏഴാം മാസം പത്താം തീയതി പാപപരിഹാരദിവസം ആകുന്നു. അന്നു നിങ്ങൾക്കു വിശുദ്ധസഭായോഗം ഉണ്ടാകേണം; നിങ്ങൾ ആത്മതപനം ചെയ്കയും യഹോവയ്ക്കു ദഹനയാഗം അർപ്പിക്കയും വേണം. 28അന്നു നിങ്ങൾ യാതൊരു വേലയും ചെയ്യരുത്; അതു നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിനുള്ള പാപപരിഹാര ദിവസം. 29അന്ന് ആത്മതപനം ചെയ്യാത്ത ഏവനെയും അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം. 30അന്ന് ആരെങ്കിലും വല്ല വേലയും ചെയ്താൽ അവനെ ഞാൻ അവന്റെ ജനത്തിന്റെ ഇടയിൽനിന്നു നശിപ്പിക്കും. 31യാതൊരു വേലയും ചെയ്യരുത്; ഇതു നിങ്ങൾക്കു തലമുറതലമുറയായി നിങ്ങളുടെ സകല വാസസ്ഥലങ്ങളിലും എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം. 32അതു നിങ്ങൾക്കു സ്വസ്ഥതയ്ക്കുള്ള ശബ്ബത്ത്; അന്നു നിങ്ങൾ ആത്മതപനം ചെയ്യേണം. ആ മാസം ഒമ്പതാം തീയതി വൈകുന്നേരംമുതൽ പിറ്റന്നാൾ വൈകുന്നേരംവരെ നിങ്ങൾ ശബ്ബത്ത് ആചരിക്കേണം.
33യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: 34നീ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: ഏഴാം മാസം പതിനഞ്ചാം തീയതിമുതൽ ഏഴു ദിവസം യഹോവയ്ക്ക് കൂടാരപ്പെരുന്നാൾ ആകുന്നു. 35ഒന്നാം ദിവസത്തിൽ വിശുദ്ധസഭായോഗം ഉണ്ടാകേണം; അന്നു സാമാന്യവേല യാതൊന്നും ചെയ്യരുത്. 36ഏഴു ദിവസം യഹോവയ്ക്ക് ദഹനയാഗം അർപ്പിക്കേണം; എട്ടാം ദിവസം നിങ്ങൾക്ക് വിശുദ്ധസഭായോഗമുണ്ടാകേണം; യഹോവയ്ക്കു ദഹനയാഗവും അർപ്പിക്കേണം; അന്ന് അന്ത്യസഭായോഗം; സാമാന്യവേല യാതൊന്നും ചെയ്യരുത്.
37യഹോവയുടെ ശബ്ബത്തുകളും നിങ്ങളുടെ വഴിപാടുകളും നിങ്ങളുടെ എല്ലാ നേർച്ചകളും നിങ്ങൾ യഹോവയ്ക്കു കൊടുക്കുന്ന സകല സ്വമേധാദാനങ്ങളും കൂടാതെ, 38അതതു ദിവസത്തിൽ യഹോവയ്ക്കു ദഹനയാഗവും ഹോമയാഗവും ഭോജനയാഗവും പാനീയയാഗവും അർപ്പിക്കേണ്ടതിന് വിശുദ്ധസഭായോഗങ്ങൾ വിളിച്ചുകൂട്ടേണ്ടുന്ന യഹോവയുടെ ഉത്സവങ്ങൾ ഇവതന്നെ.
39ഭൂമിയുടെ ഫലം ശേഖരിച്ചശേഷം ഏഴാം മാസം പതിനഞ്ചാം തീയതി യഹോവയ്ക്ക് ഏഴു ദിവസം ഉത്സവം ആചരിക്കേണം; ആദ്യ ദിവസം വിശുദ്ധസ്വസ്ഥത; എട്ടാം ദിവസവും വിശുദ്ധസ്വസ്ഥത. 40ആദ്യദിവസം ഭംഗിയുള്ള വൃക്ഷങ്ങളുടെ ഫലവും ഈത്തപ്പനയുടെ കുരുത്തോലയും തഴച്ചിരിക്കുന്ന വൃക്ഷങ്ങളുടെ കൊമ്പും ആറ്റലരിയും എടുത്തുകൊണ്ടു നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ ഏഴു ദിവസം സന്തോഷിക്കേണം. 41സംവത്സരംതോറും ഏഴു ദിവസം യഹോവയ്ക്ക് ഈ ഉത്സവം ആചരിക്കേണം; ഇതു തലമുറതലമുറയായി നിങ്ങൾക്ക് എന്നേക്കുമുള്ള ചട്ടം; ഏഴാം മാസത്തിൽ അത് ആചരിക്കേണം. 42ഞാൻ യിസ്രായേൽമക്കളെ മിസ്രയീം ദേശത്തുനിന്നു കൊണ്ടുവന്നപ്പോൾ 43അവരെ കൂടാരങ്ങളിൽ പാർപ്പിച്ചു എന്നു നിങ്ങളുടെ സന്തതികൾ അറിവാൻ നിങ്ങൾ ഏഴു ദിവസം കൂടാരങ്ങളിൽ പാർക്കേണം; യിസ്രായേലിലെ സ്വദേശികളൊക്കെയും കൂടാരങ്ങളിൽ പാർക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. 44അങ്ങനെ മോശെ യഹോവയുടെ ഉത്സവങ്ങളെ യിസ്രായേൽമക്കളോട് അറിയിച്ചു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Videos for ലേവ്യാപുസ്തകം 23