YouVersion Logo
Search Icon

ലേവ്യാപുസ്തകം 2

2
1ആരെങ്കിലും യഹോവയ്ക്കു ഭോജനയാഗമായ വഴിപാട് കഴിക്കുമ്പോൾ അവന്റെ വഴിപാടു നേരിയ മാവ് ആയിരിക്കേണം; അവൻ അതിന്മേൽ എണ്ണ ഒഴിച്ചു കുന്തുരുക്കവും ഇടേണം. 2അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരുടെ അടുക്കൽ അതു കൊണ്ടുവരേണം. അവൻ മാവും എണ്ണയും ഒരു കൈ നിറച്ചും കുന്തുരുക്കം മുഴുവനും എടുക്കേണം; പുരോഹിതൻ അതു നിവേദ്യമായി യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; അതു യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗം. 3എന്നാൽ ഭോജനയാഗത്തിന്റെ ശേഷിപ്പ് അഹരോനും പുത്രന്മാർക്കും ഇരിക്കേണം. യഹോവയ്ക്കുള്ള ദഹനയാഗങ്ങളിൽ ഇത് അതിവിശുദ്ധം.
4അടുപ്പത്തുവച്ചു ചുട്ടതു നീ ഭോജനയാഗമായി കഴിക്കുന്നു എങ്കിൽ അതു നേരിയ മാവു കൊണ്ടുണ്ടാക്കിയതായി എണ്ണ ചേർത്ത പുളിപ്പില്ലാത്ത ദോശകളോ എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത വടകളോ ആയിരിക്കേണം. 5നിന്റെ വഴിപാട് ചട്ടിയിൽ ചുട്ട ഭോജനയാഗം ആകുന്നുവെങ്കിൽ അത് എണ്ണ ചേർത്ത പുളിപ്പില്ലാത്ത നേരിയ മാവുകൊണ്ട് ആയിരിക്കേണം. 6അതു കഷണംകഷണമായി നുറുക്കി അതിന്മേൽ എണ്ണ ഒഴിക്കേണം; അതു ഭോജനയാഗം. 7നിന്റെ വഴിപാട് ഉരുളിയിൽ ചുട്ട ഭോജനയാഗം ആകുന്നുവെങ്കിൽ അത് എണ്ണ ചേർത്ത നേരിയ മാവുകൊണ്ട് ഉണ്ടാക്കേണം. 8ഇവകൊണ്ട് ഉണ്ടാക്കിയ ഭോജനയാഗം നീ യഹോവയ്ക്കു കൊണ്ടുവരേണം; അതു പുരോഹിതന്റെ അടുക്കൽ കൊണ്ടുചെല്ലുകയും അവൻ അതു യാഗപീഠത്തിങ്കൽ കൊണ്ടുപോകയും വേണം. 9പുരോഹിതൻ ഭോജനയാഗത്തിന്റെ നിവേദ്യം എടുത്തു യാഗപീഠത്തിന്മേൽ യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗമായി ദഹിപ്പിക്കേണം. 10ഭോജനയാഗത്തിന്റെ ശേഷിപ്പ് അഹരോനും പുത്രന്മാർക്കും ഇരിക്കേണം; അത് യഹോവയ്ക്കുള്ള ദഹനയാഗങ്ങളിൽ അതിവിശുദ്ധം. 11നിങ്ങൾ യഹോവയ്ക്കു കഴിക്കുന്ന യാതൊരു ഭോജനയാഗവും പുളിപ്പുള്ളതായി ഉണ്ടാക്കരുത്; പുളിച്ചത് ഒന്നും യാതൊരു വക തേനും യഹോവയ്ക്കു ദഹനയാഗമായി ദഹിപ്പിക്കരുത്. 12അവ ആദ്യഫലങ്ങളുടെ വഴിപാടായി യഹോവയ്ക്ക് അർപ്പിക്കാം. എങ്കിലും സൗരഭ്യവാസനയായി യാഗപീഠത്തിന്മേൽ അവ കയറരുത്. 13നിന്റെ ഭോജനയാഗത്തിനൊക്കെയും ഉപ്പു ചേർക്കേണം; നിന്റെ ദൈവത്തിന്റെ നിയമത്തിൻ ഉപ്പു ഭോജനയാഗത്തിന് ഇല്ലാതിരിക്കരുത്; എല്ലാ വഴിപാടിനും ഉപ്പു ചേർക്കേണം.
14നിന്റെ ആദ്യഫലങ്ങളുടെ ഭോജനയാഗം യഹോവയ്ക്കു കഴിക്കുന്നു എങ്കിൽ കതിർ ചുട്ട് ഉതിർത്ത മണികൾ ആദ്യഫലങ്ങളുടെ ഭോജനയാഗമായി അർപ്പിക്കേണം. 15അതിന്മേൽ എണ്ണ ഒഴിച്ച് അതിന്മീതെ കുന്തുരുക്കവും ഇടേണം; അത് ഒരു ഭോജനയാഗം. 16ഉതിർത്ത മണിയിലും എണ്ണയിലും കുറേശ്ശയും കുന്തുരുക്കം മുഴുവനും പുരോഹിതൻ നിവേദ്യമായി ദഹിപ്പിക്കേണം; അത് യഹോവയ്ക്ക് ഒരു ദഹനയാഗം.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Video for ലേവ്യാപുസ്തകം 2