YouVersion Logo
Search Icon

ലേവ്യാപുസ്തകം 14

14
1യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: 2കുഷ്ഠരോഗിയുടെ ശുദ്ധീകരണദിവസത്തിൽ അവനെ സംബന്ധിച്ചുള്ള പ്രമാണമാവിത്: അവനെ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരേണം. 3പുരോഹിതൻ പാളയത്തിനു പുറത്ത് ചെല്ലേണം; കുഷ്ഠരോഗിയുടെ കുഷ്ഠം സുഖമായെന്നു 4പുരോഹിതൻ കണ്ടാൽ ശുദ്ധീകരണം കഴിയുവാനുള്ളവനുവേണ്ടി ജീവനും ശുദ്ധിയുമുള്ള രണ്ടു പക്ഷി, ദേവദാരു, ചുവപ്പുനൂൽ, ഈസോപ്പ് എന്നിവയെ കൊണ്ടുവരുവാൻ കല്പിക്കേണം. 5പുരോഹിതൻ ഒരു പക്ഷിയെ ഒരു മൺപാത്രത്തിലെ ഉറവുവെള്ളത്തിന്മീതെ അറുപ്പാൻ കല്പിക്കേണം. 6ജീവനുള്ള പക്ഷി, ദേവദാരു, ചുവപ്പുനൂൽ, ഈസോപ്പ് എന്നിവയെ അവൻ എടുത്ത് ഇവയെയും ജീവനുള്ള പക്ഷിയെയും ഉറവുവെള്ളത്തിന്മീതെ അറുത്ത പക്ഷിയുടെ രക്തത്തിൽ മുക്കി 7കുഷ്ഠശുദ്ധീകരണം കഴിവാനുള്ളവന്റെമേൽ ഏഴു പ്രാവശ്യം തളിച്ച് അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കയും ജീവനുള്ള പക്ഷിയെ വെളിയിൽ വിടുകയും വേണം. 8ശുദ്ധീകരണം കഴിയുന്നവൻ വസ്ത്രം അലക്കി രോമമൊക്കെയും ക്ഷൗരം ചെയ്യിച്ചു വെള്ളത്തിൽ കുളിക്കേണം; എന്നാൽ അവൻ ശുദ്ധിയുള്ളവനാകും; അതിനുശേഷം അവൻ പാളയത്തിൽ ചെന്നു തന്റെ കൂടാരത്തിനു പുറമേ ഏഴു ദിവസം പാർക്കേണം. 9ഏഴാം ദിവസം അവൻ തലയും താടിയും പുരികവും എല്ലാം വെടിപ്പാക്കേണം; ഇങ്ങനെ അവൻ സകല രോമവും ക്ഷൗരം ചെയ്യിച്ച് വസ്ത്രം അലക്കുകയും ദേഹം വെള്ളത്തിൽ കഴുകുകയും വേണം; എന്നാൽ അവൻ ശുദ്ധിയുള്ളവനാകും. 10എട്ടാം ദിവസം അവൻ ഊനമില്ലാത്ത രണ്ട് ആൺകുഞ്ഞാടിനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു പെൺകുഞ്ഞാടിനെയും ഭോജനയാഗമായിട്ട് എണ്ണ ചേർത്ത മൂന്നിടങ്ങഴി നേരിയ മാവും ഒരു കുറ്റി എണ്ണയും കൊണ്ടുവരേണം. 11ശുദ്ധീകരണം കഴിക്കുന്ന പുരോഹിതൻ ശുദ്ധീകരണം കഴിയുന്നവനെ അവയുമായി യഹോവയുടെ സന്നിധിയിൽ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ നിർത്തേണം. 12പുരോഹിതൻ ആൺകുഞ്ഞാടുകളിൽ ഒന്നിനെയും എണ്ണയും എടുത്ത് അകൃത്യയാഗമായി അർപ്പിച്ച് യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യേണം. 13അവൻ വിശുദ്ധമന്ദിരത്തിൽ പാപയാഗത്തെയും ഹോമയാഗത്തെയും അറുക്കുന്ന ഇടത്തുവച്ച് കുഞ്ഞാടിനെ അറുക്കേണം; അകൃത്യയാഗം പാപയാഗംപോലെ പുരോഹിതനുള്ളത് ആകുന്നു; അത് അതിവിശുദ്ധം. 14പുരോഹിതൻ അകൃത്യയാഗത്തിന്റെ രക്തം കുറെ എടുത്തു ശുദ്ധീകരണം കഴിയുന്നവന്റെ വലത്തു കാതിന്മേലും വലത്തു കൈയുടെ പെരുവിരലിന്മേലും വലത്തു കാലിന്റെ പെരുവിരലിന്മേലും പുരട്ടേണം. 15പിന്നെ പുരോഹിതൻ ആ എണ്ണ കുറെ തന്റെ ഇടത്തെ ഉള്ളംകൈയിൽ ഒഴിക്കേണം. 16പുരോഹിതൻ ഇടംകൈയിൽ ഉള്ള എണ്ണയിൽ വലംകൈയുടെ വിരൽ മുക്കി വിരൽകൊണ്ട് ഏഴു പ്രാവശ്യം യഹോവയുടെ സന്നിധിയിൽ എണ്ണ തളിക്കേണം. 17ഉള്ളംകൈയിൽ ശേഷിച്ച എണ്ണ കുറെ പുരോഹിതൻ ശുദ്ധീകരണം കഴിയുന്നവന്റെ വലത്തു കാതിന്മേലും വലത്തു കൈയുടെ പെരുവിരലിന്മേലും വലത്തുകാലിന്റെ പെരുവിരലിന്മേലും അകൃത്യയാഗത്തിന്റെ രക്തത്തിന്മീതെ പുരട്ടേണം. 18പുരോഹിതന്റെ ഉള്ളംകൈയിൽ ശേഷിപ്പുള്ള എണ്ണ അവൻ ശുദ്ധീകരണം കഴിയുന്നവന്റെ തലയിൽ ഒഴിച്ച് യഹോവയുടെ സന്നിധിയിൽ അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം. 19പുരോഹിതൻ പാപയാഗം അർപ്പിച്ച് അശുദ്ധി പോക്കി ശുദ്ധീകരിക്കപ്പെടുന്നവനുവേണ്ടി പ്രായശ്ചിത്തം കഴിച്ചശേഷം ഹോമയാഗമൃഗത്തെ അറുക്കേണം. 20പുരോഹിതൻ ഹോമയാഗവും ഭോജനയാഗവും യാഗപീഠത്തിന്മേൽ അർപ്പിക്കേണം; അങ്ങനെ പുരോഹിതൻ അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അവൻ ശുദ്ധിയുള്ളവനാകും. 21അവൻ ദരിദ്രനും അത്രയ്ക്കു വകയില്ലാത്തവനും ആകുന്നുവെങ്കിൽ തനിക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിനു നീരാജനത്തിനായി അകൃത്യയാഗമായിട്ട് ഒരു കുഞ്ഞാടിനെയും ഭോജനയാഗമായിട്ട് എണ്ണ ചേർത്ത ഒരിടങ്ങഴി നേരിയ മാവും 22ഒരു കുറ്റി എണ്ണയും പ്രാപ്തിപോലെ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും എടുത്ത് 23തന്റെ ശുദ്ധീകരണത്തിനായി എട്ടാം ദിവസം സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ സന്നിധിയിൽ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരേണം. 24പുരോഹിതൻ അകൃത്യയാഗത്തിനുള്ള ആട്ടിൻകുട്ടിയെയും എണ്ണയും എടുത്ത് യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യേണം. 25അവൻ അകൃത്യയാഗത്തിനുള്ള ആട്ടിൻകുട്ടിയെ അറുക്കേണം; പുരോഹിതൻ അകൃത്യയാഗത്തിന്റെ രക്തം കുറെ എടുത്തു ശുദ്ധീകരണം കഴിയുന്നവന്റെ വലത്തു കാതിന്മേലും വലത്തു കൈയുടെ പെരുവിരലിന്മേലും വലത്തു കാലിന്റെ പെരുവിരലിന്മേലും പുരട്ടേണം. 26പുരോഹിതൻ എണ്ണ കുറെ തന്റെ ഇടത്തെ ഉള്ളംകൈയിൽ ഒഴിക്കേണം. 27പുരോഹിതൻ ഇടത്തു കൈയിൽ ഉള്ള എണ്ണ കുറെ വലത്തു കൈയുടെ വിരൽകൊണ്ട് യഹോവയുടെ സന്നിധിയിൽ ഏഴു പ്രാവശ്യം തളിക്കേണം. 28പുരോഹിതൻ ഉള്ളംകൈയിലുള്ള എണ്ണ കുറെ ശുദ്ധീകരണം കഴിയുന്നവന്റെ വലത്തു കാതിന്മേലും വലത്തു കൈയുടെ പെരുവിരലിന്മേലും വലത്തു കാലിന്റെ പെരുവിരലിന്മേലും അകൃത്യയാഗത്തിന്റെ രക്തം ഉള്ളേടത്തു പുരട്ടേണം. 29പുരോഹിതൻ ഉള്ളംകൈയിൽ ശേഷിപ്പുള്ള എണ്ണ അവൻ ശുദ്ധീകരണം കഴിയുന്നവന്റെ തലയിൽ ഒഴിച്ച് അവനുവേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തം കഴിക്കേണം. 30അവൻ പ്രാപ്തിപോലെ കുറുപ്രാവുകളിലോ പ്രാവിൻ കുഞ്ഞുങ്ങളിലോ 31ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും ഭോജനയാഗത്തോടുകൂടെ അർപ്പിക്കേണം; ഇങ്ങനെ പുരോഹിതൻ ശുദ്ധീകരണം കഴിയുന്നവനുവേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തം കഴിക്കേണം. 32ഇതു ശുദ്ധീകരണത്തിനുവേണ്ടി വകയില്ലാത്ത കുഷ്ഠരോഗിക്കുള്ള പ്രമാണം.
33യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത് എന്തെന്നാൽ: 34ഞാൻ നിങ്ങൾക്ക് അവകാശമായി തരുന്ന കനാൻദേശത്തു നിങ്ങൾ എത്തിയശേഷം ഞാൻ നിങ്ങളുടെ അവകാശദേശത്ത് ഒരു വീട്ടിൽ കുഷ്ഠബാധ വരുത്തുമ്പോൾ 35വീട്ടുടമസ്ഥൻ വന്നു വീട്ടിൽ കുഷ്ഠലക്ഷണമുള്ള പ്രകാരം എനിക്കു തോന്നുന്നു എന്നു പുരോഹിതനെ അറിയിക്കേണം. 36അപ്പോൾ വീട്ടിലുള്ള സകലവും അശുദ്ധമാകാതിരിപ്പാൻ പുരോഹിതൻ വടു നോക്കേണ്ടതിനു ചെല്ലുംമുമ്പേ വീട് ഒഴിച്ചിടുവാൻ കല്പിക്കേണം; പിന്നെ പുരോഹിതൻ വീടു നോക്കുവാൻ അകത്തു ചെല്ലേണം. 37അവൻ വടു നോക്കേണം; വീട്ടിന്റെ ചുവരിൽ ഇളംപച്ചയും ഇളംചുവപ്പുമായ കുത്തുകൾ ഉണ്ടായിട്ട് അവ കാഴ്ചയ്ക്കു ചുവരിനെക്കാൾ കുഴിഞ്ഞതായി കണ്ടാൽ 38പുരോഹിതൻ വീടു വിട്ടു വാതിൽക്കൽ വന്നു വീട് ഏഴു ദിവസത്തേക്ക് അടച്ചിടേണം. 39ഏഴാം ദിവസം പുരോഹിതൻ വീണ്ടും ചെന്നു നോക്കേണം; വടു വീട്ടിന്റെ ചുവരിൽ പരന്നിട്ടുണ്ടെങ്കിൽ 40വടുവുള്ള കല്ലു നീക്കി പട്ടണത്തിനു പുറത്ത് ഒരു അശുദ്ധസ്ഥലത്ത് ഇടുവാൻ പുരോഹിതൻ കല്പിക്കേണം. 41പിന്നെ വീട്ടിന്റെ അകമൊക്കെയും ചുരണ്ടിക്കേണം; ചുരണ്ടിയ മണ്ണ് പട്ടണത്തിനു പുറത്ത് ഒരു അശുദ്ധസ്ഥലത്തു കളയേണം. 42പിന്നെ വേറേ കല്ലെടുത്ത് ആ കല്ലിനു പകരം വയ്ക്കേണം; വേറേ കുമ്മായം വീട്ടിനു തേക്കയും വേണം. 43അങ്ങനെ കല്ലു നീക്കുകയും വീട് ചുരണ്ടുകയും കുമ്മായം തേക്കയും ചെയ്തശേഷം വടു പിന്നെയും വീട്ടിൽ ഉണ്ടായിവന്നാൽ 44പുരോഹിതൻ ചെന്നു നോക്കേണം; വടു വീട്ടിൽ പരന്നിരുന്നാൽ അതു വീട്ടിൽ തിന്നെടുക്കുന്ന കുഷ്ഠം തന്നെ; അത് അശുദ്ധം ആകുന്നു. 45വീട്ടിന്റെ കല്ലും മരവും കുമ്മായവും ഇടിച്ചുപൊളിച്ച് പട്ടണത്തിനു പുറത്ത് ഒരു അശുദ്ധസ്ഥലത്തു കൊണ്ടുപോയി കളയേണം. 46വീട് അടച്ചിരുന്ന കാലത്ത് എപ്പോഴെങ്കിലും അതിനകത്തു കടക്കുന്നവൻ സന്ധ്യവരെ അശുദ്ധിയുള്ളവനായിരിക്കേണം. 47വീട്ടിൽ കിടക്കുന്നവൻ വസ്ത്രം അലക്കേണം; ആ വീട്ടിൽവച്ചു ഭക്ഷണം കഴിക്കുന്നവനും വസ്ത്രം അലക്കേണം. 48വീട്ടിനു കുമ്മായം തേച്ചശേഷം പുരോഹിതൻ അകത്തുചെന്നു നോക്കി വീട്ടിൽ വടു പരന്നിട്ടില്ല എന്നു കണ്ടാൽ വടു മാറിപ്പോയതുകൊണ്ട് പുരോഹിതൻ ആ വീടു ശുദ്ധിയുള്ളത് എന്നു വിധിക്കേണം. 49അപ്പോൾ അവൻ വീടു ശുദ്ധീകരിക്കേണ്ടതിനു രണ്ടു പക്ഷി, ദേവദാരു, ചുവപ്പുനൂൽ, ഈസോപ്പ് എന്നിവയെ എടുത്ത് 50ഒരു പക്ഷിയെ മൺപാത്രത്തിലുള്ള ഉറവുവെള്ളത്തിന്മീതെ അറുക്കേണം. 51പിന്നെ ദേവദാരു, ഈസോപ്പ്, ചുവപ്പുനൂൽ, ജീവനുള്ള പക്ഷി എന്നിവയെ എടുത്ത് അറുത്ത പക്ഷിയുടെ രക്തത്തിലും ഉറവുവെള്ളത്തിലും മുക്കി വീട്ടിന്മേൽ ഏഴു പ്രാവശ്യം തളിക്കേണം. 52പക്ഷിയുടെ രക്തം, ഉറവുവെള്ളം, ജീവനുള്ള പക്ഷി, ദേവദാരു, ഈസോപ്പ്, ചുവപ്പുനൂൽ എന്നിവയെക്കൊണ്ടു വീടു ശുദ്ധീകരിക്കേണം. 53ജീവനുള്ള പക്ഷിയെ പട്ടണത്തിനു പുറത്ത് വെളിയിൽ വിടേണം; അങ്ങനെ വീട്ടിനുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അതു ശുദ്ധമാകും. 54ഇതു സകല കുഷ്ഠത്തിനും വടുവിനും പുറ്റിനും 55വസ്ത്രത്തിന്റെയും വീട്ടിന്റെയും കുഷ്ഠത്തിനും 56തിണർപ്പിനും ചുണങ്ങിനും ചിരങ്ങിനും വെളുത്ത പുള്ളിക്കും ഉള്ള പ്രമാണം. 57എപ്പോൾ അശുദ്ധമെന്നും എപ്പോൾ ശുദ്ധമെന്നും അറിയേണ്ടതിന് ഇതു കുഷ്ഠത്തെക്കുറിച്ചുള്ള പ്രമാണം.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Videos for ലേവ്യാപുസ്തകം 14