യോശുവ 8
8
1അനന്തരം യഹോവ യോശുവയോട് അരുളിച്ചെയ്തത്: ഭയപ്പെടരുത്, വിഷാദിക്കയും അരുത്; പടജ്ജനത്തെയൊക്കെയും കൂട്ടി പുറപ്പെട്ട് ഹായിയിലേക്കു ചെല്ലുക; ഞാൻ ഹായിരാജാവിനെയും അവന്റെ ജനത്തെയും പട്ടണത്തെയും ദേശത്തെയും നിന്റെ കൈയിൽ തന്നിരിക്കുന്നു. 2യെരീഹോവിനോടും അതിന്റെ രാജാവിനോടും ചെയ്തതുപോലെ നീ ഹായിയോടും അതിന്റെ രാജാവിനോടും ചെയ്യേണം എന്നാൽ അതിലെ കൊള്ളയെയും കന്നുകാലികളെയും നിങ്ങൾക്ക് എടുത്തുകൊള്ളാം. പട്ടണത്തിന്റെ പിൻഭാഗത്ത് പതിയിരിപ്പ് ആക്കേണം. 3അങ്ങനെ യോശുവയും പടജ്ജനമൊക്കെയും ഹായിയിലേക്കു പോകുവാൻ പുറപ്പെട്ടു: പരാക്രമശാലികളായ മുപ്പതിനായിരം പേരെ യോശുവ തിരഞ്ഞെടുത്ത് രാത്രിയിൽ അയച്ചു, 4അവരോടു കല്പിച്ചത് എന്തെന്നാൽ: നിങ്ങൾ പട്ടണത്തിന്റെ പിൻഭാഗത്തു പതിയിരിക്കേണം; പട്ടണത്തോട് ഏറെ അകലാതെ എല്ലാവരും ഒരുങ്ങിയിരിപ്പിൻ. 5ഞാനും എന്നോടുകൂടെയുള്ള സകല ജനവും പട്ടണത്തോട് അടുക്കും; അവർ മുമ്പിലത്തെപ്പോലെ ഞങ്ങളുടെ നേരേ പുറപ്പെട്ടുവരുമ്പോൾ ഞങ്ങൾ അവരുടെ മുമ്പിൽനിന്ന് ഓടും. 6അവർ ഞങ്ങളെ പിന്തുടർന്ന് പട്ടണം വിട്ടു പുറത്താകും. അവർ മുമ്പേപ്പോലെ നമ്മുടെ മുമ്പിൽനിന്ന് ഓടിപ്പോകുന്നു എന്ന് അവർ പറയും; അങ്ങനെ ഞങ്ങൾ അവരുടെ മുമ്പിൽനിന്ന് ഓടും. 7ഉടനെ നിങ്ങൾ പതിയിരിപ്പിൽനിന്ന് എഴുന്നേറ്റു പട്ടണം പിടിക്കേണം; നിങ്ങളുടെ ദൈവമായ യഹോവ അതു നിങ്ങളുടെ കൈയിൽ ഏല്പിക്കും. 8പട്ടണം പിടിച്ചശേഷം നിങ്ങൾ അതിനു തീ വയ്ക്കേണം; യഹോവയുടെ കല്പനപ്രകാരം നിങ്ങൾ ചെയ്യേണം; സൂക്ഷിച്ചുകൊൾവിൻ; ഞാൻ നിങ്ങളോടു കല്പിച്ചിരിക്കുന്നു. 9അങ്ങനെ യോശുവ അവരെ അയച്ച് അവർ പതിയിരിപ്പിനു ചെന്നു ബേഥേലിനും ഹായിക്കും മധ്യേ ഹായിക്കു പടിഞ്ഞാറ് അമർന്നു, യോശുവയോ ആ രാത്രി ജനത്തിന്റെ ഇടയിൽ താമസിച്ചു.
10യോശുവ അതികാലത്ത് എഴുന്നേറ്റ് ജനത്തെ പരിശോധിച്ചു. അവനും യിസ്രായേൽമൂപ്പന്മാരും ജനത്തിനു മുമ്പായി ഹായിക്കു ചെന്നു. 11അവനോടുകൂടെ ഉണ്ടായിരുന്ന പടജ്ജനമൊക്കെയും പുറപ്പെട്ട് അടുത്തുചെന്ന് പട്ടണത്തിനു മുമ്പിൽ എത്തി ഹായിക്കു വടക്ക് പാളയമിറങ്ങി; അവർക്കും ഹായിക്കും മധ്യേ ഒരു താഴ്വര ഉണ്ടായിരുന്നു. 12അവൻ ഏകദേശം അയ്യായിരം പേരെ തിരഞ്ഞെടുത്ത് ബേഥേലിനും ഹായിക്കും മധ്യേ പട്ടണത്തിനു പടിഞ്ഞാറ് പതിയിരുത്തി. 13അവർ പട്ടണത്തിനു വടക്ക് പടജ്ജനമായ സൈന്യത്തെ ഒക്കെയും പട്ടണത്തിനു പടിഞ്ഞാറു പതിയിരിപ്പുകാരെയും നിറുത്തി; യോശുവ ആ രാത്രി താഴ്വരയുടെ നടുവിലേക്കു പോയി. 14ഹായിരാജാവ് അതു കണ്ടപ്പോൾ അവനും നഗരവാസികളായ അവന്റെ ജനമൊക്കെയും ബദ്ധപ്പെട്ട് എഴുന്നേറ്റ് നിശ്ചയിച്ചിരുന്ന സമയത്ത് സമഭൂമിക്കു മുമ്പിൽ യിസ്രായേലിന്റെ നേരേ പടയ്ക്ക് പുറപ്പെട്ടു. പട്ടണത്തിന്റെ പിൻവശത്തു തനിക്കു വിരോധമായി പതിയിരിപ്പ് ഉണ്ട് എന്ന് അവൻ അറിഞ്ഞില്ല. 15യോശുവയും എല്ലാ യിസ്രായേലും അവരോടു തോറ്റ ഭാവത്തിൽ മരുഭൂമിവഴിയായി ഓടി. 16അവരെ പിന്തുടരേണ്ടതിനു പട്ടണത്തിലെ ജനത്തെയൊക്കെയും വിളിച്ചുകൂട്ടി അവർ യോശുവയെ പിന്തുടർന്ന് പട്ടണം വിട്ടു പുറത്തായി. 17ഹായിയിലും ബേഥേലിലും യിസ്രായേലിന്റെ പിന്നാലെ പുറപ്പെടാതെ ഒരുത്തനും ശേഷിച്ചില്ല; അവർ പട്ടണം തുറന്നിട്ടേച്ചു യിസ്രായേലിനെ പിന്തുടർന്നു. 18അപ്പോൾ യഹോവ യോശുവയോട്: നിന്റെ കൈയിലുള്ള കുന്തം ഹായിക്കു നേരേ ഏന്തുക; ഞാൻ അതു നിന്റെ കൈയിൽ ഏല്പിക്കും എന്ന് അരുളിച്ചെയ്തു. അങ്ങനെ യോശുവ തന്റെ കൈയിലുള്ള കുന്തം ഹായിക്കു നേരേ ഏന്തി. 19അവൻ കൈ നീട്ടിയ ഉടനെ പതിയിരിപ്പുകാർ തങ്ങളുടെ സ്ഥലത്തുനിന്ന് എഴുന്നേറ്റ് ഓടി പട്ടണത്തിൽ കയറി അതു പിടിച്ച് ക്ഷണത്തിൽ പട്ടണത്തിനു തീവച്ചു. 20ഹായിപട്ടണക്കാർ പുറകോട്ടു നോക്കിയപ്പോൾ പട്ടണത്തിലെ പുക ആകാശത്തേക്കു പൊങ്ങുന്നതു കണ്ടു; അവർക്ക് ഇങ്ങോട്ടോ അങ്ങോട്ടോ ഓടുവാൻ കഴിവില്ലാതെയായി; മരുഭൂമിവഴിയായി ഓടിയ ജനവും തങ്ങളെ പിന്തുടരുന്നവരുടെ നേരേ തിരിഞ്ഞു. 21പതിയിരിപ്പുകാർ പട്ടണം പിടിച്ചു. പട്ടണത്തിലെ പുക മേലോട്ടു പൊങ്ങുന്നു എന്നു യോശുവയും എല്ലാ യിസ്രായേലും കണ്ടപ്പോൾ മടങ്ങിവന്നു പട്ടണക്കാരെ വെട്ടി. 22മറ്റവരും പട്ടണത്തിൽനിന്ന് അവരുടെ നേരേ പുറപ്പെട്ടു; ഇങ്ങനെ യിസ്രായേൽ ഇപ്പുറത്തും അപ്പുറത്തും അവർ നടുവിലും ആയി; ഒരുത്തനും ശേഷിക്കയോ വഴുതിപ്പോകയോ ചെയ്യാതവണ്ണം അവരെ വെട്ടിക്കളഞ്ഞു. 23ഹായിരാജാവിനെ അവർ ജീവനോടെ പിടിച്ച് യോശുവയുടെ അടുക്കൽ കൊണ്ടുവന്നു. 24യിസ്രായേൽ തങ്ങളെ പിന്തുടർന്ന ഹായിപട്ടണക്കാരെ ഒക്കെയും വെളിമ്പ്രദേശത്തു മരുഭൂമിയിൽവച്ചു കൊന്നുതീർക്കയും അവർ ഒട്ടൊഴിയാതെ എല്ലാവരും വാളിന്റെ വായ്ത്തലയാൽ വീണൊടുങ്ങുകയും ചെയ്തശേഷം യിസ്രായേല്യർ ഒക്കെയും ഹായിയിലേക്കു മടങ്ങിച്ചെന്ന് വാളിന്റെ വായ്ത്തലയാൽ അതിനെ സംഹരിച്ചു. 25അന്ന് പുരുഷന്മാരും സ്ത്രീകളുമായി വീണൊടുങ്ങിയവർ ആകെ പന്തീരായിരം പേർ; ഹായിപട്ടണക്കാർ എല്ലാവരും തന്നെ. 26ഹായിപട്ടണക്കാരെ ഒക്കെയും നിർമ്മൂലമാക്കുംവരെ കുന്തം ഏന്തിയ കൈ യോശുവ പിൻവലിച്ചില്ല. 27യഹോവ യോശുവയോടു കല്പിച്ച വചനപ്രകാരം യിസ്രായേല്യർ പട്ടണത്തിലെ കന്നുകാലികളെയും കൊള്ളയെയും തങ്ങൾക്കായിട്ടു തന്നെ എടുത്തു. 28പിന്നെ യോശുവ ഹായിപട്ടണം ചുട്ട് സദാകാലത്തേക്കും ഒരു മൺകുന്നും ശൂന്യഭൂമിയുമാക്കിത്തീർത്തു; അത് ഇന്നുവരെയും അങ്ങനെ കിടക്കുന്നു. 29ഹായിരാജാവിനെ അവൻ സന്ധ്യവരെ ഒരു മരത്തിൽ തൂക്കി; സൂര്യൻ അസ്തമിച്ചപ്പോൾ യോശുവയുടെ കല്പനപ്രകാരം ശവം മരത്തിൽനിന്ന് ഇറക്കി പട്ടണവാതിൽക്കൽ ഇടുകയും അതിന്മേൽ ഇന്നുവരെ നില്ക്കുന്ന ഒരു വലിയ കൽക്കുന്നു കൂട്ടുകയും ചെയ്തു.
30അനന്തരം യോശുവ യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് ഏബാൽപർവതത്തിൽ ഒരു യാഗപീഠം പണിതു. 31യഹോവയുടെ ദാസനായ മോശെ യിസ്രായേൽമക്കളോടു കല്പിച്ചതുപോലെയും മോശെയുടെ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെയും ചെത്തുകയോ ഇരുമ്പു തൊടുവിക്കയോ ചെയ്യാത്ത കല്ലുകൊണ്ടുള്ള ഒരു യാഗപീഠം തന്നെ. അവർ അതിന്മേൽ യഹോവയ്ക്ക് ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു. 32മോശെ എഴുതിയിരുന്ന ന്യായപ്രമാണത്തിന്റെ ഒരു പകർപ്പ് അവൻ അവിടെ യിസ്രായേൽമക്കൾ കാൺകെ ആ കല്ലുകളിൽ എഴുതി. 33എല്ലാ യിസ്രായേലും അവരുടെ മൂപ്പന്മാരും പ്രമാണികളും ന്യായാധിപന്മാരും യഹോവയുടെ നിയമപെട്ടകം ചുമന്ന ലേവ്യരായ പുരോഹിതന്മാരുടെ മുമ്പാകെ സ്വദേശിയും പരദേശിയും ഒരുപോലെ പെട്ടകത്തിന് ഇപ്പുറത്തും അപ്പുറത്തും നിന്നു; അവരിൽ പാതിപ്പേർ ഗെരിസീംപർവതത്തിന്റെ വശത്തും പാതിപ്പേർ ഏബാൽപർവതത്തിന്റെ വശത്തും നിന്നു; അവർ യിസ്രായേൽജനത്തെ അനുഗ്രഹിക്കേണമെന്ന് യഹോവയുടെ ദാസനായ മോശെ മുമ്പേ കല്പിച്ചിരുന്നതുപോലെ തന്നെ. 34അതിന്റെ ശേഷം അവർ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും അനുഗ്രഹവും ശാപവുമായ ന്യായപ്രമാണവചനങ്ങളെല്ലാം വായിച്ചു. 35മോശെ കല്പിച്ച സകലത്തിലും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ യിസ്രായേൽസഭ മുഴുവനും അവരോടുകൂടെ വന്നിരുന്ന പരദേശികളും കേൾക്കെ യോശുവ മോശെ കല്പിച്ച സകലത്തിലും യാതൊന്നും വായിക്കാതെ വിട്ടുകളഞ്ഞില്ല.
Currently Selected:
യോശുവ 8: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.