YouVersion Logo
Search Icon

യോശുവ 24

24
1അനന്തരം യോശുവ യിസ്രായേൽ ഗോത്രങ്ങളെയെല്ലാം ശെഖേമിൽ കൂട്ടി; യിസ്രായേലിന്റെ മൂപ്പന്മാരെയും തലവന്മാരെയും ന്യായാധിപന്മാരെയും പ്രമാണികളെയും വിളിച്ചു; അവർ ദൈവത്തിന്റെ സന്നിധിയിൽ വന്നു നിന്നു. 2അപ്പോൾ യോശുവ സർവജനത്തോടും പറഞ്ഞതെന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിന്റെയും നാഹോരിന്റെയും പിതാവായ തേരഹ് പണ്ടു നദിക്കക്കരെ പാർത്ത് അന്യദൈവങ്ങളെ സേവിച്ചുപോന്നു. 3എന്നാൽ ഞാൻ നിങ്ങളുടെ പിതാവായ അബ്രാഹാമിനെ നദിക്കക്കരെനിന്നു കൊണ്ടുവന്ന് കനാൻദേശത്തൊക്കെയും സഞ്ചരിപ്പിച്ച് അവന്റെ സന്തതിയെ വർധിപ്പിക്കയും അവന് യിസ്ഹാക്കിനെ കൊടുക്കയും ചെയ്തു. 4യിസ്ഹാക്കിന് ഞാൻ യാക്കോബിനെയും ഏശാവിനെയും കൊടുത്തു; ഏശാവിനു ഞാൻ സേയീർപർവതം അവകാശമായി കൊടുത്തു; എന്നാൽ യാക്കോബും അവന്റെ മക്കളും മിസ്രയീമിലേക്കു പോയി. 5പിന്നെ ഞാൻ മോശെയെയും അഹരോനെയും അയച്ചു; ഞാൻ മിസ്രയീമിൽ പ്രവർത്തിച്ച പ്രവൃത്തികളാൽ അതിനെ ബാധിച്ചു; അതിന്റെ ശേഷം നിങ്ങളെ പുറപ്പെടുവിച്ചു. 6അങ്ങനെ ഞാൻ നിങ്ങളുടെ പിതാക്കന്മാരെ മിസ്രയീമിൽനിന്ന് പുറപ്പെടുവിച്ചു; നിങ്ങൾ കടലിനരികെ എത്തി; മിസ്രയീമ്യർ രഥങ്ങളോടും കുതിരകളോടുംകൂടെ ചെങ്കടൽവരെ നിങ്ങളുടെ പിതാക്കന്മാരെ പിന്തുടർന്നു; 7അവർ യഹോവയോടു നിലവിളിച്ചപ്പോൾ അവൻ നിങ്ങൾക്കും മിസ്രയീമ്യർക്കും മധ്യേ അന്ധകാരം വച്ചു കടൽ അവരുടെമേൽ വരുത്തി അവരെ മുക്കിക്കളഞ്ഞു; ഇങ്ങനെ ഞാൻ മിസ്രയീമ്യരോടു ചെയ്തത് നിങ്ങൾ കണ്ണാലെ കണ്ടു; നിങ്ങൾ ഏറിയകാലം മരുഭൂമിയിൽ കഴിച്ചു. 8പിന്നെ ഞാൻ നിങ്ങളെ യോർദ്ദാനക്കരെ പാർത്തിരുന്ന അമോര്യരുടെ ദേശത്തേക്കു കൊണ്ടുവന്നു; അവർ നിങ്ങളോടു യുദ്ധം ചെയ്തു; നിങ്ങൾ അവരുടെ ദേശം കൈവശമാക്കേണ്ടതിന് ഞാൻ അവരെ നിങ്ങളുടെ കൈയിൽ ഏല്പിച്ചു, നിങ്ങളുടെ മുമ്പിൽനിന്ന് നശിപ്പിച്ചുകളഞ്ഞു. 9അനന്തരം സിപ്പോരിന്റെ മകൻ മോവാബ്യരാജാവായ ബാലാക് പുറപ്പെട്ട് യിസ്രായേലിനോട് യുദ്ധം ചെയ്തു; നിങ്ങളെ ശപിപ്പാൻ ബെയോരിന്റെ മകനായ ബിലെയാമിനെ വിളിപ്പിച്ചു. 10എങ്കിലും എനിക്ക് ബിലെയാമിന്റെ അപേക്ഷ കേൾപ്പാൻ മനസ്സില്ലായ്കയാൽ അവൻ നിങ്ങളെ അനുഗ്രഹിച്ചു; ഇങ്ങനെ ഞാൻ നിങ്ങളെ അവന്റെ കൈയിൽനിന്നു വിടുവിച്ചു. 11പിന്നെ നിങ്ങൾ യോർദ്ദാൻ കടന്ന് യെരീഹോവിലേക്കു വന്നു; യെരീഹോനിവാസികൾ, അമോര്യർ, പെരിസ്യർ, കനാന്യർ, ഹിത്യർ, ഗിർഗ്ഗസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവർ നിങ്ങളോടു യുദ്ധംചെയ്തു; ഞാൻ അവരെ നിങ്ങളുടെ കൈയിൽ ഏല്പിച്ചു. 12ഞാൻ നിങ്ങളുടെ മുമ്പിൽ കടന്നലിനെ അയച്ചു; അത് നിങ്ങളുടെ മുമ്പിൽനിന്ന് അമോര്യരുടെ ആ രണ്ടു രാജാക്കന്മാരെ ഓടിച്ചുകളഞ്ഞു; നിന്റെ വാളുകൊണ്ടല്ല, നിന്റെ വില്ലുകൊണ്ടും അല്ല. 13നിങ്ങൾ പ്രയത്നം ചെയ്യാത്ത ദേശവും നിങ്ങൾ പണിയാത്ത പട്ടണങ്ങളും ഞാൻ നിങ്ങൾക്കു തന്നു; നിങ്ങൾ അവയിൽ പാർക്കുന്നു; നിങ്ങൾ നട്ടിട്ടില്ലാത്ത മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും നിങ്ങൾക്ക് അനുഭവമായിരിക്കുന്നു. 14ആകയാൽ നിങ്ങൾ യഹോവയെ ഭയപ്പെട്ട് അവനെ പരമാർഥതയോടും വിശ്വസ്തതയോടുംകൂടെ സേവിപ്പിൻ. നിങ്ങളുടെ പിതാക്കന്മാർ നദിക്കക്കരെയും മിസ്രയീമിലുംവച്ച് സേവിച്ച ദേവന്മാരെ ഉപേക്ഷിക്കയും യഹോവയെത്തന്നേ സേവിക്കയും ചെയ്‍വിൻ. 15യഹോവയെ സേവിക്കുന്നത് നന്നല്ലെന്ന് നിങ്ങൾക്കു തോന്നുന്നെങ്കിൽ നദിക്കക്കരെവച്ച് നിങ്ങളുടെ പിതാക്കന്മാർ സേവിച്ച ദേവന്മാരെയോ നിങ്ങൾ പാർത്തുവരുന്ന ദേശത്തിലെ അമോര്യരുടെ ദേവന്മാരെയോ ആരെ സേവിക്കും എന്ന് ഇന്നു തിരഞ്ഞെടുത്തുകൊൾവിൻ. ഞാനും എന്റെ കുടുംബവുമോ, ഞങ്ങൾ യഹോവയെ സേവിക്കും. 16അതിന് ജനം ഉത്തരം പറഞ്ഞത്: യഹോവയെ ഉപേക്ഷിച്ച് അന്യദൈവങ്ങളെ സേവിപ്പാൻ ഞങ്ങൾക്കു സംഗതി വരരുതേ. 17ഞങ്ങളെയും ഞങ്ങളുടെ പിതാക്കന്മാരെയും അടിമവീടായ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ച് ഞങ്ങൾ കാൺകെ ആ വലിയ അടയാളങ്ങൾ പ്രവർത്തിക്കയും ഞങ്ങൾ നടന്ന എല്ലാ വഴിയിലും ഞങ്ങൾ കടന്നുപോന്ന സകല ജാതികളുടെ ഇടയിലും ഞങ്ങളെ രക്ഷിക്കയും ചെയ്തവൻ ഞങ്ങളുടെ ദൈവമായ യഹോവ തന്നെയല്ലോ. 18ദേശത്തു പാർത്തിരുന്ന അമോര്യർ മുതലായ സകല ജാതികളെയും യഹോവ ഞങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞു; ആകയാൽ ഞങ്ങളും യഹോവയെ സേവിക്കും; അവനല്ലോ ഞങ്ങളുടെ ദൈവം. 19യോശുവ ജനത്തോടു പറഞ്ഞത്: നിങ്ങൾക്ക് യഹോവയെ സേവിപ്പാൻ കഴിയുന്നതല്ല; അവൻ പരിശുദ്ധദൈവം; അവൻ തീക്ഷ്ണതയുള്ള ദൈവം; അവൻ നിങ്ങളുടെ അതിക്രമങ്ങളെയും പാപങ്ങളെയും ക്ഷമിക്കയില്ല. 20നിങ്ങൾ യഹോവയെ ഉപേക്ഷിച്ച് അന്യദൈവങ്ങളെ സേവിച്ചാൽ മുമ്പേ നിങ്ങൾക്കു നന്മചെയ്തതുപോലെ അവൻ തിരിഞ്ഞ് നിങ്ങൾക്ക് തിന്മ ചെയ്ത് നിങ്ങളെ സംഹരിക്കും. 21ജനം യോശുവയോട്: അല്ല, ഞങ്ങൾ യഹോവയെത്തന്നെ സേവിക്കും എന്നു പറഞ്ഞു. 22യോശുവ ജനത്തോട്: യഹോവയെ സേവിക്കേണ്ടതിന് നിങ്ങൾ അവനെ തിരഞ്ഞെടുത്തിരിക്കുന്നു എന്നതിന് നിങ്ങൾ തന്നെ സാക്ഷികൾ എന്നു പറഞ്ഞു. അതേ, ഞങ്ങൾ തന്നെ സാക്ഷികൾ എന്ന് അവർ പറഞ്ഞു. 23ആകയാൽ ഇപ്പോൾ നിങ്ങളുടെ ഇടയിലുള്ള അന്യദൈവങ്ങളെ നീക്കിക്കളഞ്ഞ് യിസ്രായേലിന്റെ ദൈവമായ യഹോവയിങ്കലേക്ക് നിങ്ങളുടെ ഹൃദയം ചായിപ്പിൻ എന്ന് അവൻ പറഞ്ഞു. 24ജനം യോശുവയോട്: ഞങ്ങളുടെ ദൈവമായ യഹോവയെ ഞങ്ങൾ സേവിക്കും; അവന്റെ വാക്ക് ഞങ്ങൾ അനുസരിക്കും എന്നു പറഞ്ഞു. 25അങ്ങനെ യോശുവ അന്ന് ജനവുമായി ഒരു നിയമം ചെയ്തു; അവർക്കു ശെഖേമിൽവച്ച് ഒരു ചട്ടവും പ്രമാണവും നിശ്ചയിച്ചു.
26പിന്നെ യോശുവ ഈ വചനങ്ങൾ ദൈവത്തിന്റെ ന്യായപ്രമാണപുസ്തകത്തിൽ എഴുതി; ഒരു വലിയ കല്ലെടുത്ത് അവിടെ യഹോവയുടെ വിശുദ്ധമന്ദിരത്തിനരികേയുള്ള കരുവേലകത്തിൻ കീഴെ നാട്ടിയുംവച്ച് 27യോശുവ സകല ജനത്തോടും: ഇതാ, ഈ കല്ല് നമുക്ക് സാക്ഷിയായിരിക്കട്ടെ; അത് യഹോവ നമ്മോടു കല്പിച്ചിട്ടുള്ള വചനങ്ങളൊക്കെയും കേട്ടിരിക്കുന്നു; ആകയാൽ നിങ്ങളുടെ ദൈവത്തെ നിങ്ങൾ നിഷേധിക്കാതിരിക്കേണ്ടതിന് അതു നിങ്ങൾക്കു സാക്ഷിയായിരിക്കട്ടെ എന്നു പറഞ്ഞു. 28ഇങ്ങനെ യോശുവ ജനത്തെ താന്താങ്ങളുടെ അവകാശത്തിലേക്ക് പറഞ്ഞയച്ചു.
29അതിന്റെ ശേഷം യഹോവയുടെ ദാസനായി നൂന്റെ മകനായ യോശുവ നൂറ്റിപ്പത്തു വയസ്സുള്ളവനായി മരിച്ചു. 30അവനെ എഫ്രയീംപർവതത്തിലുള്ള തിമ്നാത്ത്-സേരഹിൽ ഗായശ്മലയുടെ വടക്കുവശത്ത് അവന്റെ അവകാശഭൂമിയിൽ അടക്കംചെയ്തു. 31യോശുവയുടെ കാലത്തൊക്കെയും യോശുവ കഴിഞ്ഞിട്ട് ജീവിച്ചിരുന്നവരായി യഹോവ യിസ്രായേലിനുവേണ്ടി ചെയ്തിട്ടുള്ള സകല പ്രവൃത്തികളും അറിഞ്ഞവരായ മൂപ്പന്മാരുടെ കാലത്തൊക്കെയും യിസ്രായേൽ യഹോവയെ സേവിച്ചു. 32യിസ്രായേൽമക്കൾ മിസ്രയീമിൽനിന്നു കൊണ്ടുപോന്ന യോസേഫിന്റെ അസ്ഥികളെ അവർ ശെഖേമിൽ, യാക്കോബ് ശെഖേമിന്റെ അപ്പനായ ഹാമോരിന്റെ മക്കളോടു നൂറു വെള്ളിക്കാശിനു വാങ്ങിയിരുന്ന നിലത്ത്, അടക്കംചെയ്തു; അതു യോസേഫിന്റെ മക്കൾക്ക് അവകാശമായിത്തീർന്നു. 33അഹരോന്റെ മകൻ എലെയാസാരും മരിച്ചു; അവനെ അവന്റെ മകനായ ഫീനെഹാസിന് എഫ്രയീംപർവതത്തിൽ കൊടുത്തിരുന്ന കുന്നിൽ അടക്കംചെയ്തു.

Currently Selected:

യോശുവ 24: MALOVBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in