യോശുവ 21
21
1അനന്തരം ലേവ്യരുടെ കുടുംബത്തലവന്മാർ പുരോഹിതനായ എലെയാസാരിന്റെയും നൂന്റെ മകനായ യോശുവയുടെയും യിസ്രായേൽഗോത്രങ്ങളിലെ കുടുംബത്തലവന്മാരുടെയും അടുക്കൽ വന്നു. 2കനാൻദേശത്തു ശീലോവിൽവച്ച് അവരോട്: യഹോവ ഞങ്ങൾക്കു പാർപ്പാൻ പട്ടണങ്ങളും ഞങ്ങളുടെ കന്നുകാലികൾക്ക് പുല്പുറങ്ങളും തരുവാൻ മോശെ മുഖാന്തരം കല്പിച്ചിട്ടുണ്ടല്ലോ എന്നു പറഞ്ഞു. 3എന്നാറെ യിസ്രായേൽമക്കൾ തങ്ങളുടെ അവകാശത്തിൽനിന്നു യഹോവയുടെ കല്പനപ്രകാരം ഈ പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും ലേവ്യർക്കു കൊടുത്തു.
4കെഹാത്യരുടെ കുടുംബങ്ങൾക്കു വന്ന നറുക്കുപ്രകാരം ലേവ്യരിൽ പുരോഹിതനായ അഹരോന്റെ മക്കൾക്കു യെഹൂദാഗോത്രത്തിലും ശിമെയോൻഗോത്രത്തിലും ബെന്യാമീൻഗോത്രത്തിലും കൂടെ പതിമ്മൂന്നു പട്ടണം കിട്ടി.
5കെഹാത്തിന്റെ ശേഷം മക്കൾക്ക് എഫ്രയീംഗോത്രത്തിലും ദാൻഗോത്രത്തിലും മനശ്ശെയുടെ പാതിഗോത്രത്തിലും നറുക്കുപ്രകാരം പത്തു പട്ടണം കിട്ടി.
6ഗേർശോന്റെ മക്കൾക്കു യിസ്സാഖാർഗോത്രത്തിലും ആശേർഗോത്രത്തിലും നഫ്താലിഗോത്രത്തിലും ബാശാനിലെ മനശ്ശെയുടെ പാതി ഗോത്രത്തിലും നറുക്കുപ്രകാരം പതിമ്മൂന്നു പട്ടണം കിട്ടി.
7മെരാരിയുടെ മക്കൾക്കു കുടുംബംകുടുംബമായി രൂബേൻഗോത്രത്തിലും ഗാദ്ഗോത്രത്തിലും സെബൂലൂൻഗോത്രത്തിലും കൂടെ പന്ത്രണ്ടു പട്ടണം കിട്ടി.
8യഹോവ മോശെ മുഖാന്തരം കല്പിച്ചതുപോലെ യിസ്രായേൽമക്കൾ ലേവ്യർക്ക് ഈ പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും നറുക്കുപ്രകാരം കൊടുത്തു. 9അവർ യെഹൂദാമക്കളുടെ ഗോത്രത്തിലും ശിമെയോൻമക്കളുടെ ഗോത്രത്തിലും താഴെ പേർ പറയുന്ന പട്ടണങ്ങളെ കൊടുത്തു. 10അവ ലേവിമക്കളിൽ കെഹാത്യരുടെ കുടുംബങ്ങളിൽ അഹരോന്റെ മക്കൾക്കു കിട്ടി. അവർക്കായിരുന്നു ഒന്നാമത്തെ നറുക്കു വന്നത്. 11യെഹൂദാമലനാട്ടിൽ അവർ അനാക്കിന്റെ അപ്പനായ അർബ്ബയുടെ പട്ടണമായ ഹെബ്രോനും അതിനു ചുറ്റുമുള്ള പുല്പുറങ്ങളും അവർക്കു കൊടുത്തു. 12എന്നാൽ പട്ടണത്തോടു ചേർന്ന നിലങ്ങളും ഗ്രാമങ്ങളും അവർ യെഫുന്നെയുടെ മകനായ കാലേബിന് അവകാശമായി കൊടുത്തു.
13ഇങ്ങനെ അവർ പുരോഹിതനായ അഹരോന്റെ മക്കൾക്ക്, കൊലചെയ്തവന് സങ്കേതനഗരമായ ഹെബ്രോനും അതിന്റെ പുല്പുറങ്ങളും ലിബ്നയും അതിന്റെ പുല്പുറങ്ങളും 14യത്ഥീരും അതിന്റെ പുല്പുറങ്ങളും എസ്തെമോവയും അതിന്റെ പുല്പുറങ്ങളും 15ഹോലോനും അതിന്റെ പുല്പുറങ്ങളും ദെബീരും അതിന്റെ പുല്പുറങ്ങളും 16അയീനും അതിന്റെ പുല്പുറങ്ങളും യുത്തയും അതിന്റെ പുല്പുറങ്ങളും ബേത്ത്-ശേമെശും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ ആ രണ്ടു ഗോത്രങ്ങളിൽ ഒമ്പതു പട്ടണവും, 17ബെന്യാമീൻഗോത്രത്തിൽ ഗിബെയോനും അതിന്റെ പുല്പുറങ്ങളും ഗേബയും അതിന്റെ പുല്പുറങ്ങളും 18അനാഥോത്തും അതിന്റെ പുല്പുറങ്ങളും അൽമോനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും കൊടുത്തു. 19അഹരോന്റെ മക്കളായ പുരോഹിതന്മാർക്ക് എല്ലാംകൂടി പതിമ്മൂന്നു പട്ടണവും അവയുടെ പുല്പുറങ്ങളും കിട്ടി.
20കെഹാത്തിന്റെ ശേഷം മക്കളായ ലേവ്യർക്ക്, കെഹാത്യകുടുംബങ്ങൾക്കു തന്നെ, നറുക്കുപ്രകാരം കിട്ടിയ പട്ടണങ്ങൾ എഫ്രയീംഗോത്രത്തിൽ ആയിരുന്നു. 21എഫ്രയീംനാട്ടിൽ, കൊലചെയ്തവനു സങ്കേതനഗരമായ ശെഖേമും അതിന്റെ പുല്പുറങ്ങളും ഗേസെരും അതിന്റെ പുല്പുറങ്ങളും 22കിബ്സയീമും അതിന്റെ പുല്പുറങ്ങളും ബേത്ത്-ഹോരോനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും, 23ദാൻഗോത്രത്തിൽ എൽതെക്കേയും അതിന്റെ പുല്പുറങ്ങളും ഗിബ്ബെഥോനും അതിന്റെ പുല്പുറങ്ങളും 24അയ്യാലോനും അതിന്റെ പുല്പുറങ്ങളും ഗത്ത്-രിമ്മോനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും, 25മനശ്ശെയുടെ പാതിഗോത്രത്തിൽ താനാക്കും അതിന്റെ പുല്പുറങ്ങളും ഗത്ത്-രിമ്മോനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ രണ്ടു പട്ടണവും അവർക്കു കൊടുത്തു. 26ഇങ്ങനെ കെഹാത്തിന്റെ ശേഷം മക്കളുടെ കുടുംബങ്ങൾക്ക് എല്ലാംകൂടി പത്തു പട്ടണവും അവയുടെ പുല്പുറങ്ങളും കിട്ടി.
27ലേവ്യരുടെ കുടുംബങ്ങളിൽ ഗേർശോന്റെ മക്കൾക്കു മനശ്ശെയുടെ പാതിഗോത്രത്തിൽ, കൊലചെയ്തവനു സങ്കേതനഗരമായ ബാശാനിലെ ഗോലാനും അതിന്റെ പുല്പുറങ്ങളും ബെയെസ്തെരയും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ രണ്ടു പട്ടണവും 28യിസ്സാഖാർഗോത്രത്തിൽ കിശ്യോനും അതിന്റെ പുല്പുറങ്ങളും ദാബെരത്തും അതിന്റെ പുല്പുറങ്ങളും 29യർമ്മൂത്തും അതിന്റെ പുല്പുറങ്ങളും ഏൻ-ഗന്നീമും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും, 30ആശേർഗോത്രത്തിൽ മിശാലും അതിന്റെ പുല്പുറങ്ങളും അബ്‍ദോനും അതിന്റെ പുല്പുറങ്ങളും 31ഹെൽക്കത്തും അതിന്റെ പുല്പുറങ്ങളും രെഹോബും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും, 32നഫ്താലിഗോത്രത്തിൽ, കൊല ചെയ്തവനു സങ്കേതനഗരമായ ഗലീലയിലെ കേദെശും അതിന്റെ പുല്പുറങ്ങളും ഹമ്മോത്ത്- ദോരും അതിന്റെ പുല്പുറങ്ങളും കർത്ഥാനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ മൂന്നു പട്ടണവും കൊടുത്തു. 33ഗേർശോന്യർക്കു കുടുംബംകുടുംബമായി എല്ലാംകൂടി പതിമ്മൂന്നു പട്ടണവും അവയുടെ പുല്പുറങ്ങളും കിട്ടി.
34ശേഷം ലേവ്യരിൽ മെരാര്യകുടുംബങ്ങൾക്ക് സെബൂലൂൻഗോത്രത്തിൽ യൊക്നെയാമും അതിന്റെ പുല്പുറങ്ങളും കർത്ഥയും അതിന്റെ പുല്പുറങ്ങളും 35ദിമ്നിയും അതിന്റെ പുല്പുറങ്ങളും നഹലാലും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും 36രൂബേൻഗോത്രത്തിൽ ബേസെരും അതിന്റെ പുല്പുറങ്ങളും യഹ്സയും അതിന്റെ പുല്പുറങ്ങളും 37കെദേമോത്തും അതിന്റെ പുല്പുറങ്ങളും മേഫാത്തും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും, 38ഗാദ്ഗോത്രത്തിൽ, കൊലചെയ്തവനു സങ്കേതനഗരമായ ഗിലെയാദിലെ രാമോത്തും അതിന്റെ പുല്പുറങ്ങളും മഹനയീമും അതിന്റെ പുല്പുറങ്ങളും 39ഹെശ്ബോനും അതിന്റെ പുല്പുറങ്ങളും യസേരും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ എല്ലാംകൂടി നാലു പട്ടണവും കൊടുത്തു. 40അങ്ങനെ ശേഷം ലേവ്യകുടുംബങ്ങളായ മെരാര്യർക്ക് നറുക്കുപ്രകാരം കുടുംബംകുടുംബമായി കിട്ടിയ പട്ടണങ്ങൾ എല്ലാംകൂടി പന്ത്രണ്ട് ആയിരുന്നു.
41യിസ്രായേൽമക്കളുടെ അവകാശത്തിൽ ലേവ്യർക്ക് എല്ലാം കൂടി നാല്പത്തിയെട്ടു പട്ടണവും അവയുടെ പുല്പുറങ്ങളും കിട്ടി. 42ഈ പട്ടണങ്ങളിൽ ഓരോന്നിനു ചുറ്റും പുല്പുറങ്ങൾ ഉണ്ടായിരുന്നു; ഈ പട്ടണങ്ങൾക്കൊക്കെയും അങ്ങനെ തന്നെ ഉണ്ടായിരുന്നു.
43യഹോവ യിസ്രായേലിനു താൻ അവരുടെ പിതാക്കന്മാർക്കു കൊടുക്കുമെന്നു സത്യം ചെയ്ത ദേശമെല്ലാം കൊടുത്തു; അവർ അതു കൈവശമാക്കി അവിടെ കുടിപാർത്തു. 44യഹോവ അവരുടെ പിതാക്കന്മാരോടു സത്യം ചെയ്തതുപോലെയൊക്കെയും ചുറ്റും അവർക്കു സ്വസ്ഥത നല്കി ശത്രുക്കളിൽ ഒരുത്തനും അവരുടെ മുമ്പിൽ നിന്നിട്ടില്ല; യഹോവ സകല ശത്രുക്കളെയും അവരുടെ കൈയിൽ ഏല്പിച്ചു. 45യഹോവ യിസ്രായേൽഗൃഹത്തോട് അരുളിച്ചെയ്ത വാഗ്ദാനങ്ങളിൽ ഒന്നും വൃഥാവാകാതെ സകലവും നിവൃത്തിയായി.
Currently Selected:
യോശുവ 21: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.